Nandakumar Edamana
Share on:
@ R t f
Section: infobits

ജാവയും ജാവാസ്ക്രിപ്റ്റും പി.എച്ച്.പി.യും


വെബ്ബുമായി ബന്ധപ്പെട്ട് എപ്പോഴും കേള്‍ക്കാറുള്ള പേരുകളാണ് ജാവ, ജാവാസ്ക്രിപ്റ്റ്, പി.എച്ച്.പി. എന്നിവ. ചിട്ടയായി വെബ് ഡിസൈനിങ് പഠിച്ചവര്‍ക്ക് ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍ വ്യക്തമായറിയാം. എന്നാല്‍ സ്വന്തമായി വെബ് ഡിസൈനിങ് പഠിക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും ഇവ മിക്കപ്പോഴും പിടികിട്ടാത്ത വാക്കുകളാണ്. ജാവാസ്ക്രിപ്റ്റ് പലപ്പോഴായി ഉപയോഗിച്ചിട്ടുള്ളവര്‍ക്കും ജാവയുമായി പേരിലുള്ള സാമ്യം തലവദന സൃഷ്ടിക്കും. എച്ച്.ടി.എം.എല്‍. എഴുതുന്നതുപോലെ പി.എച്ച്.പി. എഴുതാന്‍ നോക്കിയിട്ട് പ്രവര്‍ത്തിക്കുന്നില്ലെന്നുകണ്ട് മടുത്തവരുമുണ്ടാകും. അവര്‍ക്കുവേണ്ടിയാണ് ഈ ലക്കം ഇന്‍ഫോബിറ്റ്സ്.

ജാവയും ജാവാസ്ക്രിപ്റ്റും

പേരിലുള്ള സാമ്യം വച്ച് ഇവയെ വിലയിരുത്തരുത്. സി, സി++ എന്നിവയെപ്പോലെ (ഒരു പരിധിവരെ) സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കാനുള്ള ഒരു പ്രോഗ്രാമിങ് ഭാഷയാണ് ജാവ. ജെയിംസ് ഗോസ്‌ലിങ് (James Gosling) തുടക്കമിട്ട ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങുന്നത് 1996-ലാണ്.

വെബ് പേജുകളില്‍ പ്രോഗ്രാമിങ് സൗകര്യം കൊണ്ടുവരാനുള്ള സ്ക്രിപ്റ്റിങ് ഭാഷയാണ് ജാവാസ്ക്രിപ്റ്റ്. എച്ച്.ടി.എം.എല്‍. ഡോക്യുമെന്റിനുള്ളില്‍ (അല്ലെങ്കില്‍ അവിടെനിന്ന് ലിങ്ക് ചെയ്ത സ്ക്രിപ്റ്റിങ് ഫയലില്‍) കോഡെഴുതുന്ന രീതിയാണ് ഇതിന്റേത്. ജാവയെപ്പോലെ ഈ സോഴ്സ് കോഡിനെ പിന്നീട് ആപ്ലിക്കേഷനാക്കി മറ്റാറില്ല. കോഡ് വെബ് പേജിന്റെ ഭാഗമായി നിലനില്‍ക്കുന്നു, വെബ് ബ്രൗസറിനുള്ളില്‍ത്തന്നെ റണ്‍ ചെയ്യുന്നു. വെബ് പേജിനും ബ്രൗസറിനും പുറത്ത് സാധാരണഗതിയില്‍ ജാവാസ്ക്രിപ്റ്റ് ഉപയോഗിക്കാറില്ല. 1995-ല്‍ നെറ്റ്സ്കെയ്പ് ആണ് ജാവാസ്ക്രിപ്റ്റ് അവതരിപ്പിച്ചത്.

ജാവാസ്ക്രിപ്റ്റ് വെബ് പ്രോഗ്രാമിങ്ങിനും ജാവ സ്വതന്ത്ര ആപ്ലിക്കേഷനുകള്‍ക്കും ഉപയോഗിക്കുന്നു എന്നു പറഞ്ഞല്ലോ. എന്നാല്‍ ജാവയിലെഴുതിയ പ്രോഗ്രാമുകള്‍ വെബ് പേജുകളില്‍ ലിങ്ക് ചെയ്യാനാവും. ജാവാ അപ്പ്‌ലറ്റുകള്‍ എന്നാണ് ഇവയ്ക്ക് പേര്. വെബ്പേജില്‍നിന്നും സ്വതന്ത്ര ആപ്ലിക്കേഷനായി ജാവാ അപ്പ്‌ലറ്റുകളെ ലോഞ്ച് ചെയ്യാം. അതായത്, ജാവാസ്ക്രിപ്റ്റ് വെബ് ആപ്ലിക്കേഷനുകള്‍ വെബ് ബ്രൗസറിനുള്ളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജാവാ അപ്പ്‌ലറ്റുകള്‍ വെബ് ബ്രൗസറിനുപുറത്ത് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ റണ്‍ ചെയ്യുന്നു.

സെര്‍വര്‍ സൈഡ് സ്ക്രിപ്റ്റിങ്ങും പി.എച്ച്.പി.യും

ജാവാസ്ക്രിപ്റ്റ് പോലുള്ള ഭാഷകള്‍ ക്ലയന്റ് സൈഡ് ആണ്. ഇവിടെ കോഡ് ഉപയോക്താവിന്റെ കംപ്യൂട്ടറിലേക്ക് വരികയും തുടര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സെര്‍വര്‍ സൈഡ് സ്ക്രിപ്റ്റിങ്ങിലാകട്ടെ, സെര്‍വറില്‍ വച്ച് പ്രോഗ്രാം പ്രവര്‍ത്തിച്ച ശേഷം ഔട്ട്പുട്ട് മാത്രമേ ഉപയോക്താവിന്റെ കംപ്യൂട്ടറിലെത്തുന്നുള്ളൂ. അതായത്, സോഴ്സ് കോഡ് നമുക്ക് ലഭിക്കുന്നില്ല. ലോഗിന്‍ പോലുള്ള സംവിധാനങ്ങള്‍ക്കായി സെര്‍വര്‍ സൈഡ് സ്ക്രിപ്റ്റിങ് ആണ് ഉപയോഗപ്പെടുത്തുന്നത്. ഇങ്ങനെ ഉപയോക്താവിനും സാഹചര്യത്തിനുമനുസരിച്ച് തത്സമയം സെര്‍വറില്‍ നിര്‍മ്മിച്ച് അയച്ചുതരുന്ന പേജുകളാണ് ഡൈനാമിക് വെബ് പേജുകള്‍.

എ.എസ്.പി., പേള്‍, പൈത്തണ്‍ തുടങ്ങി മറ്റു പല ഭാഷകളുമുണ്ടെങ്കിലും ഈ മേഖലയില്‍ പി.എച്ച്.പി.യ്ക്കാണ് പ്രചാരം. 1995-ലാണ് പി.എച്ച്.പി.യും ഉടലെടുക്കുന്നത്. ഹൈപ്പര്‍ടെക്സ്റ്റ് പ്രീപ്രൊസസര്‍ എന്ന് പൂര്‍ണ്ണരൂപം. ഇന്ന് ദശലക്ഷക്കണക്കിന് വെബ്സൈറ്റുകള്‍ പി.എച്ച്.പി. ഉപയോഗപ്പെടുത്തുന്നു.

ജാവാസ്ക്രിപ്റ്റും മറ്റും എഴുതുന്നതുപോലെ ലളിതമായി പി.എച്ച്.പി. വെബ്സൈറ്റുകള്‍ നമ്മുടെ കംപ്യൂട്ടറില്‍ നിര്‍മ്മിക്കാനാവില്ല. വെബ് ബ്രൗസറിനുപുറമെ വെബ് സെര്‍വറും (ഉദാ: Apache) അനുബന്ധ പി.എച്ച്.പി. മൊഡ്യൂളുകളും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. താത്പര്യമുള്ളവര്‍ക്ക് തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിനനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ വെബ്ബില്‍ പരതാവുന്നതാണ്.


Click here to read more like this. Click here to send a comment or query.