Nandakumar Edamana
Share on:
@ R t f

ത്രീഡി വിസ്മയം


സ്ക്രീനിന് പുറത്തേയ്ക്കെത്തിനോക്കാന്‍ ഭാഗ്യം കിട്ടിയവരാണ് ത്രീഡി സിനിമയിലെ താരങ്ങള്‍. ആഴവും അടുപ്പവും അകലവുമെല്ലാം തോന്നിയ്ക്കുന്ന ആ മാന്ത്രികവിദ്യയ്ക്കുമുന്നില്‍ അതിശയിച്ചുപോവാത്തവരില്ല. ആ വിസ്മയം ഇപ്പോള്‍ കമ്പ്യൂട്ടറും ടി.വി.യും കടന്ന് മൊബൈല്‍ ഫോണുകളില്‍വരെ വ്യാപകമായിരിയ്ക്കുന്നു. ത്രീഡി ഉത്പന്നങ്ങള്‍ക്കാകട്ടെ, താങ്ങാവുന്ന വിലയും. ഈയവസരത്തില്‍ ത്രീഡി സാങ്കേതികവിദ്യയുടെ വകഭേദങ്ങള്‍ താരതമ്യപ്പെടുത്തുന്നത് നന്നായിരിയ്ക്കും. ഒരു സാധാരണ മോണിറ്ററില്‍ത്തന്നെ ത്രീഡി കാണുക കൂടി ചെയ്യാം നമുക്ക്. സ്വന്തമായി ത്രീഡി ചിത്രങ്ങള്‍ നിര്‍മ്മിയ്ക്കുന്നതെങ്ങനെ എന്നതും ചര്‍ച്ച ചെയ്യുന്നുണ്ട്.

എന്താണ് ത്രീഡി?

ത്രീ ഡയമെന്‍ഷന്‍ (Three Dimention -- ത്രിമാനം) എന്നതിന്റെ ചുരുക്കമാണ് 3D. പേരു സൂചിപ്പിയ്ക്കുന്നതുപോലെ മൂന്ന് മാനങ്ങള്‍/ദിശകള്‍ ഉള്ള ഒരു സംവിധാനം. പത്രത്താളിലെ ഒരു ചിത്രം റ്റുഡി (ദ്വിമാനം) ആ​ണ്. നീളവും (width -- X) ഉയരവും (height -- Y) മാത്രമുള്ള അതിലെ വരകള്‍ പൊന്തിയോ കുഴിഞ്ഞോ നില്‍ക്കുന്നില്ല. എന്നാല്‍ ഒരു ശില്‍പ്പം ത്രീഡി ആണ്. നീളത്തിനും ഉയരത്തിനും പുറമെ അകലം/ആഴം (depth -- Z) കൂടിയുണ്ടതിന്. അതുകൊണ്ടാണ് അതിന്റെ ഭാഗങ്ങള്‍ പൊന്തിനില്‍ക്കുന്നത്. നമ്മുടെ ചുറ്റുമുള്ള ലോകം ത്രീഡി ആണ്.

ത്രീഡി സിനിമയും ത്രീഡി ചിത്രകഥാപുസ്തകങ്ങളുമെല്ലാം റ്റുഡി പ്രതലത്തില്‍ തന്നെയാ​ണുള്ളത്. എന്നാല്‍ പ്രത്യേകസംവിധാനങ്ങളുപയോഗിച്ച് (ഇവിടെയാണ് കണ്ണടയുടെ പങ്ക്) ഈ റ്റുഡി ചിത്രത്തെ ത്രീഡി ആയി തോന്നിപ്പിയ്ക്കുന്നു. ഇതാണ് ‘ത്രീഡി’ എന്ന് ചുരുക്കത്തില്‍ അറിയപ്പെടുന്ന ‘സ്റ്റീരിയോസ്കോപ്പിക് ത്രീഡി’.

എല്ലാം ത്രീഡി

ത്രിഡി സിനിമ കണ്ടുവെന്ന് വീമ്പിളക്കുമ്പോള്‍ നാം ഒരുകാര്യം മറക്കുന്നു -- കണ്ണുതുറന്നിരിയ്ക്കുമ്പോഴെല്ലാം നാം ത്രീഡി തന്നെയാണ് കാണുന്നത്! കടലാസില്‍ അച്ചടിച്ച ചിത്രം പോലെയല്ലല്ലോ കണ്‍മുന്നിലിരിയ്ക്കുന്ന സാധനങ്ങള്‍ കാണുന്നത്. അവയ്ക്ക് നീളത്തിനും വീതിയ്ക്കും പുറമെ ആഴവുമുണ്ട്.

ആഴം/അകലം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. വസ്തുക്കളില്‍ച്ചെന്ന് തട്ടാതെ നടക്കാനും സാധനങ്ങള്‍ കൈനീട്ടി എടുക്കാനും സഹായിക്കുന്നത് അകലത്തെക്കുറിച്ചുള്ള ബോധമാണ്. നമുക്ക് രണ്ടു കണ്ണുകളുള്ളത് ഇതിനാണ്. രണ്ടു കണ്ണും നേരിയ വ്യത്യാസമുള്ള റ്റുഡി കാഴ്ചകളാണ് കാണുന്നത് (മൂക്കിനുനേരെ ഒരു വിരല്‍ ചൂണ്ടി രണ്ടു കണ്ണും മാറി മാറി അടച്ചു നോക്കിയാല്‍ ഇത് ബോദ്ധ്യപ്പെടും). തലച്ചോറില്‍ ഇവ കൂടിച്ചേരുമ്പോള്‍ ത്രീഡി ചിത്രം രൂപപ്പെടുന്നു. ‘ബൈനോക്കുലര്‍ വിഷന്‍’ എന്നാണ് ഇതറിയപ്പെടുന്നത്. രണ്ടു കണ്ണുണ്ടായാല്‍ മാത്രം പോരാ, അവ അത്യാവശ്യം അടുത്തടുത്തായിരിയ്ക്കുകയും വേണം. തലയുടെ രണ്ടു വശത്തായി കണ്ണുകളുള്ള ജിവികള്‍ക്ക് പിന്നിലേയ്ക്ക് കൂടി കാണാമെങ്കിലും ത്രീഡി ബൈനോക്കുലര്‍ വിഷന്‍ കുറയും.

ഒരു കണ്ണടച്ചുമാത്രം നടക്കാനോ വസ്തുക്കളെടുക്കാനോ ശ്രമിച്ചാല്‍ ത്രീഡി വിഷന്റെ പ്രാധാന്യം മനസ്സിലാവും.

എല്ലാം ത്രീഡിയാണെങ്കില്‍പ്പിന്നെ ത്രീഡി സിനിമയ്ക്ക് എന്താണിത്ര പ്രാധാന്യം? റ്റുഡി ആയ സ്ക്രീനില്‍ ത്രീഡി തോന്നിപ്പിയ്ക്കുന്നു എന്നതുതന്നെ. അതെങ്ങനെ എന്നു നോക്കാം.

കണ്ണടയുടെ പങ്ക്

രണ്ടു കണ്ണും വെവ്വേറെ റ്റുഡി കാഴ്ച കാണുമ്പോഴാണ് തലച്ചോറില്‍ ത്രീഡി ചിത്രം രൂപപ്പെടുന്നത്. ഇതുതന്നെയാണ് സിനിമയിലും മറ്റുമുപയോഗിയ്ക്കുന്ന സ്റ്റീരിയോസ്കോപ്പിക് ത്രീഡിയുടെ തത്വവും. രണ്ടു കണ്ണും നേരിയ വ്യത്യാസമുള്ള വെവ്വേറെ ചിത്രങ്ങള്‍ കാണണം. ബാക്കി പണി തലച്ചോര്‍ നോക്കിക്കൊള്ളും. തീയറ്ററിലുള്ളത് റ്റുഡി സ്ക്രീന്‍ ആണ്. രണ്ട് കണ്ണിനും വേണ്ട വ്യത്യസ്ത ചിത്രങ്ങള്‍ ഈ ഒരൊറ്റ സ്ക്രീനിലേയ്ക്കാണ് പ്രൊജക്റ്റ് ചെയ്യുന്നത് (പതിപ്പിയ്ക്കുന്നത്). ഇതില്‍നിന്ന് ഓരോ കണ്ണിനും ആവശ്യമുള്ള ചിത്രം മാത്രം വേര്‍തിരിച്ചെടുക്കുകയാണ് കണ്ണടയുടെ ജോലി. ഇതിന് വ്യത്യസ്ത പ്രൊജക്ഷന്‍ രീതികളും അവയ്ക്ക് യോജിച്ച കണ്ണടകളുമുണ്ട്. ചിലത് ഗുണമേറിയ ചിത്രം തരുമ്പോള്‍ മറ്റുചിലത് സാദാ കടലാസിലടക്കം ത്രീഡി കാണാന്‍ സൗകര്യമൊരുക്കുന്നു.

സിനിമ മാത്രമല്ല

സിനിമയില്‍ മാത്രമല്ല ത്രീഡി ഉപയോഗിയ്ക്കുന്നത്. അച്ചടിച്ച കഥാപുസ്തകങ്ങളും കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളുമെല്ലാം ത്രീഡി പിന്തുണയ്ക്കുന്നുണ്ട്. സൈനികപരിശീലനം, വിമാനം പറത്താന്‍ പരിശീലിപ്പിയ്ക്കല്‍ തുടങ്ങിയ മേഖലകളിലെല്ലാം ഉപയോഗപ്പെടുത്തുന്ന ‘വെര്‍ച്വല്‍ റിയാലിറ്റി’യുടെ ഒരു ഭാഗമാണ് ത്രീഡി.

കമ്പ്യൂട്ടറിന്റെ കാര്യമെടുത്താല്‍ സിമുലേഷനുകള്‍, റിയലിസ്റ്റിക് ഗെയിമുകള്‍ എന്നിവയ്ക്കാണ് പ്രാധാന്യം. ത്രീഡി വെബ്സൈറ്റുകളും പ്രോഗ്രാമുകളുമെല്ലാം അപൂര്‍വ്വമായെങ്കിലും പുറത്തിറങ്ങുന്നു.

സ്റ്റീരിയോസ്കോപ്പും സ്റ്റീരിയോഗ്രാമും

1800-കള്‍ മുതല്‍ക്കേ നിലവിലുള്ള ത്രീഡി ഉപകരണമാണ് സ്റ്റീരിയോസ്കോപ്പ്. ഇടതുകണ്ണിനും വലതുകണ്ണിനും വേണ്ട വ്യത്യസ്ത ചിത്രങ്ങള്‍ രേഖപ്പെടുത്തിയ ‘സ്റ്റീരിയോഗ്രാം’ (കാര്‍ഡ്) ഇതില്‍ വച്ച് നോക്കുന്നതോടെ ത്രിമാനപ്രതീതി ഉണ്ടാവുന്നു.

അനാഗ്ലിഫ് ത്രീഡി

വളരെ ലളിതമായ ഒരു രീതിയാണ് ‘അനാഗ്ലിഫ് ത്രീഡി’. കടലാസ്, സാധാരണ ടി.വി., സിനിമാസ്ക്രീന്‍ തുടങ്ങി എവിടെയും ഉപയോഗിയ്ക്കാം. ഇത് ആസ്വദിയ്ക്കാനാവശ്യമായ കണ്ണടകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയോ സ്വന്തമായി ഉണ്ടാക്കിയെടുക്കുകയോ ചെയ്യാം. കണ്ണടയില്‍ ഓരോ കണ്ണിനുമുള്ള വ്യത്യസ്ത കളര്‍ ഫില്‍റ്ററുകളാണ് (ഗ്ലാസ്‌പേപ്പറുകള്‍ മതി) ഇടതും വലതും കണ്ണിനാവശ്യമായ ചിത്രങ്ങള്‍ വേര്‍തിരിച്ചുതരുന്നത്.

1852-ല്‍ വില്യം റോള്‍മാനാണത്രേ ഈ രീതി ആദ്യമായി ഉപയോഗിച്ചത്. ഓരോ കണ്ണിനും വേണ്ട ദൃശ്യങ്ങള്‍ വ്യത്യസ്ത ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരിയ്ക്കുകയും ഒരേ സ്ക്രീനിലേയ്ക്ക് പ്രൊജക്റ്റ് ചെയ്യുകയും ചെയ്യുന്നു. ഒരു കണ്ണിനുവേണ്ട ചിത്രം ചുകപ്പ് ഫില്‍റ്റര്‍ വെച്ച് പ്രൊജക്റ്റ് ചെയ്യുമ്പോള്‍ മറ്റേ കണ്ണിനുവേണ്ട ചിത്രം നീല ഫില്‍റ്റര്‍ വെച്ച് പ്രൊജക്റ്റ് ചെയ്യുന്നു. കണ്ണടയും ഇത്തരത്തില്‍ നിര്‍മ്മിച്ചതുകൊണ്ട് ഒരേ സ്ക്രീനിലായാലും ഒരു കണ്ണിനുവേണ്ടി പ്രദര്‍ശിപ്പിച്ച ചിത്രം ആ കണ്ണ് മാത്രം കാണുന്നു. ഇവിടെ രണ്ട് പ്രൊജക്റ്റര്‍ വേണം.

കമ്പ്യൂട്ടറുപയോഗിച്ച് രണ്ട് കണ്ണിനും വേണ്ട വ്യത്യസ്ത ചിത്രങ്ങള്‍ ഒരൊറ്റ ചിത്രമാക്കി മാറ്റാം (അവസാനഭാഗത്ത് വിശദമാക്കുന്നുണ്ട്). ഇവ ഒരു കടലാസിലേയ്ക്ക് അച്ചടിയ്ക്കുകയോ സിനിമാശാലയില്‍ ഒരൊറ്റ പ്രൊജക്റ്റര്‍ വച്ച് പ്രദര്‍ശിപ്പിയ്ക്കുകയോ ചെയ്യാം. കണ്ണട ഊരി കണ്ടാല്‍ ഇതിലെ രൂപങ്ങളുടെ വക്കില്‍ ചുകപ്പും നീലയും പാടുകള്‍ കാണാം. ചുകപ്പിനും നീലയ്ക്കും പുറമെ മറ്റ് വര്‍ണജോടികളും ഉപയോഗത്തിലുണ്ട്. ചുകപ്പും സയനുമാണ് പ്രചാരക്കൂടുതലുള്ളത് (റെഡ്-സയന്‍ അനാഗ്ലിഫ് ത്രീഡി).

സാധാരണ അച്ചടിരീതിയും കടലാസും മതി അനാഗ്ലിഫ് രീതിയിലുള്ള ത്രീഡി പുസ്കകങ്ങളും മറ്റും തയ്യാറാക്കാന്‍‌. കമ്പ്യൂട്ടര്‍ ഡിസ്‌പ്ലേകളുടെ കാര്യത്തില്‍ ഒരു കളര്‍ സി.ആര്‍.ടി. മോണിറ്റര്‍ തന്നെ ധാരാളം. ഇടതുകണ്ണിനുമുന്നില്‍ ചുകപ്പു ഗ്ലാസ്‌പേപ്പറും വലതുകണ്ണിനുമുന്നില്‍ സയന്‍ (നീലയായാലും മതി) ഗ്ലാസ്‌പേപ്പറും വരുന്ന രീതിയില്‍ ഒരു കടലാസുകണ്ണട വെട്ടിയുണ്ടാക്കിയാല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ അനാഗ്ലിഫ് ദൃശ്യങ്ങള്‍ സാമാന്യം ഭംഗിയായി ആസ്വദിയ്ക്കാം.

പാസീവ് ത്രീഡി വിഭാഗത്തില്‍പ്പെട്ടതാണ് അനാഗ്ലിഫ്.

പോളറൈസ്ഡ് ത്രീഡി

അനാഗ്ലിഫ് ത്രീഡി പോലെയാണ് ഇതിന്റെയും പ്രവര്‍ത്തനം. എന്നാല്‍ കളര്‍ ഫില്‍റ്ററുകള്‍ക്കുപകരം ഉപയോഗിയ്ക്കുന്നത് ‘പോളറൈസിങ് ഫില്‍റ്ററുകള്‍’ ആണെന്നുമാത്രം. ആധുനികസിനിമാശാലകള്‍ ഈ രീതി ഉപയോഗപ്പെടുത്തുന്നു. അനാഗ്ലിഫ് ത്രീഡിയെ അപേക്ഷിച്ച് നിറങ്ങളുടെ മിഴിവ് നഷ്ടപ്പെടാതെ സൂക്ഷിയ്ക്കാന്‍ ഇവയ്ക്കാവുമെങ്കിലും അച്ചടിയിലും സാധാരണ സ്ക്രീനുകളിലും ഉപയോഗിയ്ക്കുക എളുപ്പമല്ല.

ഇടതുകണ്ണിനും വലതുകണ്ണിനും വേണ്ട ദൃശ്യങ്ങള്‍ വിപരീതദിശകളില്‍ പോളറൈസ് ചെയ്ത് പ്രൊജക്റ്റ് ചെയ്യുകയും കണ്ണടയില്‍ ഓരോ കണ്ണിനും അതാത് ദിശയില്‍ പോളറൈസ് ചെയ്യുന്ന ഫില്‍റ്ററുകള്‍ ഘടിപ്പിയ്ക്കുകയുമാണ് ചെയ്യുക. (പ്രകാശതരംഗത്തെ പിന്നീട് അരിച്ചെടുക്കാന്‍/തിരിച്ചറിയാനാവും വിധം പ്രത്യേകദിശയിലാക്കിമാറ്റലാണ് ഇവിടെ നടക്കുന്നത് എന്ന് ഓര്‍ത്താല്‍ മതിയാകും.)

പാസീവ് ത്രീഡി വിഭാഗത്തില്‍ത്തന്നെയാണ് പോളറെസൈഡ് ത്രീഡിയും പെടുക.

ആക്റ്റീവ് ഷട്ടര്‍ സിസ്റ്റം

അനാഗ്ലിഫോ പോളറൈസ്ഡോ പോലെയെല്ല ആക്റ്റീവ് ത്രീഡി പ്രവര്‍ത്തിയ്ക്കുന്നത്. ഒരു സെക്കന്‍ഡിന്റെ ചെറിയൊരിട കൊണ്ട് സ്ക്രീനില്‍ ഇടതും വലതും കണ്ണിനാവശ്യമായ വ്യത്യസ്തദൃശ്യങ്ങള്‍ മാറി മാറി പ്രദര്‍ശിപ്പിയ്ക്കുന്നു. കണ്ണടയിലാകട്ടെ, ഇതേ ഇടവേളയ്ക്കൊത്ത് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന ഒരു ഇലക്ട്രോണിക് ഷട്ടര്‍ സിസ്റ്റവുമുണ്ട് [ലിക്വിഡ് ക്രിസ്റ്റലുകളാണ് ഈ അടയ്ക്കലിനും തുറക്കലിനും പിന്നില്‍; പ്രകാശം കടത്തിവിടുകയും വിടാതിരിയ്ക്കുകയും ചെയ്യുക എന്ന അര്‍ത്ഥത്തില്‍ വേണം ഇത് മനസ്സിലാക്കാന്‍; യാന്ത്രികമായ (മെക്കാനിക്കല്‍) പ്രവൃത്തിയല്ല ഇത്]. ഇടത്തേ കണ്ണിനാവശ്യമായ ചിത്രം സ്ക്രീനില്‍ തെളിയുമ്പോള്‍ വലത്തേ ക​ണ്ണിന്റെ ഷട്ടര്‍ അടഞ്ഞിരിയ്ക്കും. തിരിച്ചും. അതായത്, ഇടതുകണ്ണിനാവശ്യമായ ചിത്രം വലതുകണ്ണും വലതിനാവശ്യമായ ചിത്രം ഇടതും കാണാതിരിയ്ക്കാന്‍ ഈ ഷട്ടര്‍ സിസ്റ്റം സഹായിയ്ക്കുന്നു. ബാക്കി പണി തലച്ചോറിന്റേത്.

ബ്ലൂടൂത്ത് പോലുള്ള വയര്‍ലെസ്സ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് കണ്ണടയുടെയും ചിത്രപ്രദര്‍ശനത്തിന്റെയും അടഞ്ഞുതുറക്കലുകള്‍ ഒത്തുകൊണ്ടുപോകുന്നത് (സിങ്‌ക്രണൈസിങ്).

അത്യാധുനികസിനിമാശാലകള്‍ ഈ രീതിയാണ് ഇപ്പോള്‍ ഉപയോഗിയ്ക്കുന്നത്. സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പഴഞ്ചന്‍ കമ്പ്യൂട്ടര്‍സ്ക്രീനിലും ആക്റ്റീവ് കണ്ണട വച്ച് ത്രീഡി കാണാം. സ്ക്രീനില്‍ പ്രത്യേകക്രമീകരണമൊന്നും നടത്തേണ്ടിവരുന്നില്ല എന്ന ഗുണമുണ്ടെങ്കിലും കണ്ണടയുടെ ചെലവും കൈകാര്യം ചെയ്യാനുള്ള മെനക്കേടുമെല്ലാം പോരായ്മയായി ചൂണ്ടിക്കാട്ടാം (അയ്യായിരം രൂപയാണ് ആക്റ്റീവ് ത്രീഡി കണ്ണടയുടെ ശരാശരി വില; പാസീവ് ത്രീഡി കണ്ണടകളെപ്പോലെ ‘ലൈറ്റ്‌വെയിറ്റ്’ അല്ല ഇവ). എങ്കിലും നിറങ്ങള്‍ കൃത്യമായിത്തന്നെ കാണാനാവുന്നു എന്നതും ഉയര്‍ന്ന ദൃശ്യചാരുത നല്‍കുന്നു എന്നതും ആക്റ്റീവ് ത്രീഡിയെ അനാഗ്ലിഫിനെക്കാള്‍ മെച്ചപ്പെട്ടതാക്കുന്നു.

കണ്ണടയില്ലാത്രീഡി

കണ്ണടയില്ലാതെ ത്രീഡി ആസ്വദിയ്ക്കാന്‍ പല സങ്കേതങ്ങളുമുണ്ട്. ‘ഓട്ടോസ്റ്റീരിയോസ്കോപ്പി’ എന്നാണ് ഈ വിദ്യയ്ക്ക് പേര്. പ്രത്യേക സ്ക്രീനും ലെന്‍സ് സംവിധാനവുമാണ് രണ്ടു കണ്ണിനും വ്യത്യസ്ത കാഴ്ചയൊരുക്കാന്‍ സഹായിയ്ക്കുന്നത്. മൊബൈല്‍ ഫോണ്‍ പോലെ ചെറിയ സ്ക്രീനുകളിലാണ് ഇതിന് പ്രചാരം. ലെന്റിക്കുലാര്‍ ലെന്‍സ്, പാരലാക്സ് ബാരിയര്‍, വോള്യുമെട്രിക് ഡിസ്‌പ്ലേ, ഹോളോഗ്രാഫി, ലൈറ്റ് ഫീല്‍ഡ് ഡിസ്‌പ്ലേ എന്നീ സാങ്കേതികവിദ്യകളാണ് ഓട്ടോസ്റ്റീരിയോസ്കോപ്പി സാദ്ധ്യമാക്കുന്നത്. ഇതില്‍ത്തന്നെ ലെന്റിക്കുലാര്‍ ലെന്‍സ്, പാരലാക്സ് ബാരിയര്‍ എന്നിവയാണ് ഫ്ലാറ്റ് പാനല്‍ ഡിസ്‌പ്ലേകളില്‍ കാര്യമായി ഉപയോഗിയ്ക്കുന്നത്. ഇടത്തേക്കണ്ണിനും വലത്തേക്കണ്ണിനും ഇടയ്ക്കുള്ള അകലം മൂലം ഓരോ കണ്ണും വ്യത്യസ്തകോണുകളിലാണ് സ്ക്രീനിനെ കാണുക. ഇടതുവലതുകണ്ണുകള്‍ കാണേണ്ട വ്യത്യസ്തചിത്രങ്ങള്‍ അതാത് കോണളവില്‍ കിട്ടുന്ന വിധം മുറിച്ചുപ്രദര്‍ശിപ്പിച്ചാണ് ഇവ കണ്ണടയില്ലാത്രീഡി നടപ്പിലാക്കുന്നത്. (ചിത്രം കണ്ടാല്‍ ഈ ആശയം വ്യക്തമാകും.) തല ഒരു പ്രത്യേക കോണളവില്‍ത്തന്നെയായിരിയ്ക്കണം എന്നതാണ് ഇത്തരം സങ്കേതങ്ങളുടെ പോരായ്മ.

ത്രീഡി ഡിസ്‌പ്ലേകള്‍

പ്രധാനമായും ആക്റ്റീവ്, പോളറൈസ്ഡ് എന്നീ വിദ്യകളാണ് ആധുനിക ത്രീഡി ടി.വി.കളും മോണിറ്ററുകളും ഉപയോഗിയ്ക്കുന്നത്. മൊബൈല്‍ ഫോണിലാകട്ടെ ഓട്ടോസ്റ്റീരിയോസ്കോപ്പിയും. ഇവിടെ സ്ക്രീനും കണ്ണടയും ഇതിനായി നിര്‍മ്മിച്ചവയാകണം. എന്നാല്‍ വില കുറഞ്ഞ ഒരു അനാഗ്ലിഫ് കണ്ണടയുണ്ടെങ്കില്‍ ഏത് സ്ക്രീനിലും ആനാഗ്ലിഫ് ത്രീഡി ആസ്വദിയ്ക്കാം. പ്രദര്‍ശിപ്പിയ്ക്കുന്ന ദൃശ്യം അതിനനുസരിച്ച് നിര്‍മ്മിച്ചതായിരിയ്ക്കണമെന്ന് മാത്രം. ഇന്റര്‍നെറ്റില്‍ നിന്ന് ഒരു അനാഗ്ലിഫ് വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ ടി.വി.യില്‍ പ്ലേ ചെയ്തുനോക്കൂ. ഒരു കണ്ണട ഉണ്ടാക്കിയെടുത്ത് വയ്ക്കുന്നതോടെ ലൊടുക്കു ടി.വി.യും ത്രീഡി ടി.വി.യായി!

ഏതൊരു മോണിറ്ററിനെയും ത്രീഡി ആക്കിയെടുക്കാന്‍ അനാഗ്ലിഫിനുപുറമെ ആക്റ്റീവ് ത്രീഡിയും ഉപയോഗിയ്ക്കാം. മുമ്പ് പറഞ്ഞപോലെ ത്രീഡി ദൃശ്യങ്ങളെ ഇടവിട്ട് പ്രദര്‍ശിപ്പിയ്ക്കുന്ന സോഫ്റ്റ്‌വെയറും അതിനനുസരിച്ച് ഷട്ടറുകള്‍ പ്രവര്‍ത്തിയ്ക്കുന്ന കണ്ണടയുമാണ് ആവശ്യം. എങ്കിലും വിറയലില്ലാത്ത (ഫ്ലിക്കര്‍-ഫ്രീ) ദൃശ്യാനുഭവത്തിന് പ്രത്യേകമായി നിര്‍മ്മിച്ച, റീഫ്രഷ് റെയ്റ്റ് കൂടിയ സ്ക്രീനുകളാണ് നല്ലത്. പ്രവര്‍ത്തനത്തില്‍ വേഗക്കൂടുതല്‍ ഉള്ളതുകൊണ്ട് പ്ലാസ്മ സ്ക്രീനുകള്‍ ആക്റ്റീവ് ത്രീഡിയ്ക്ക് അനുയോജ്യമാണ്. പഴയ എല്‍.സി.ഡി.കള്‍ വേഗക്കുറവ് മൂലം ആക്റ്റീവ് ത്രീഡിയ്ക്ക് അനുയോജ്യമായിരുന്നില്ല. എന്നാല്‍ ഇന്നുള്ള എല്‍.സി.ഡി. സ്ക്രീനുകള്‍ ആക്റ്റീവ് ത്രീഡി പിന്തുണയ്ക്കുംവിധം മെച്ചപ്പെട്ടിരിയ്ക്കുന്നു. പാസീവ് ത്രീഡി സങ്കേതങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട ദൃശ്യചാരുത തരുന്നവയാണ് ആക്റ്റീവ് ത്രീഡി ഡിസ്‌പ്ലേകള്‍. എന്നാല്‍ ഷട്ടര്‍ സംവിധാനം പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കിയേക്കാം.

സാംസങ്, സോണി, എയ്സര്‍, വ്യൂസോണിക് എന്നീ കമ്പനികളാണ് ത്രീഡി മോണിറ്റര്‍/ടി.വി. രംഗത്തെ പ്രമുഖര്‍. വ്യൂസോണിക്കിന്റെയും എല്‍.ജി.യുടെയും മറ്റും പാസീവ് ത്രീഡി എച്ച്.ഡി. ഡിസ്‌പ്ലേകള്‍ താങ്ങാവുന്ന വിലയ്ക്കുതന്നെ വരുന്നുണ്ട്.

എല്‍.ജി.യുടെ ഒപ്റ്റിമസ് സീരീസില്‍പ്പെട്ട ത്രീഡി ഫോണുകള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലോകത്തിലെ ആദ്യ പരിപൂര്‍ണ്ണ ത്രീഡി മൊബൈല്‍ ഫോണും ഇതാണ്. എച്ച്.ടി.സി.യും ഈവോ എന്ന മോഡലുമായി ഈ രംഗത്തുണ്ട്. പാരലാക്സ് ബാരിയറാണ് ഈ രണ്ടു ഫോണുകളിലും ഉപയോഗിയ്ക്കുന്നത്.

ചെയ്തുനോക്കാം

സ്വന്തമായി ത്രീഡി ചിത്രങ്ങള്‍ ഉണ്ടാക്കുന്നതും സ്വയം നിര്‍മ്മിച്ച കണ്ണട വച്ച് അതാസ്വദിയ്ക്കുന്നതും വ്യത്യസ്തമായ ഒരനുഭവമായിരിയ്ക്കും. അനാഗ്ലിഫ് രീതിയിലുള്ള ത്രീഡി ചിത്രങ്ങള്‍ നിര്‍മ്മിയ്ക്കാന്‍ ജിമ്പ്/ഫോട്ടോഷോപ്പ് പ്ലഗ്ഗിന്നുകള്‍, പ്രത്യേക പ്രോഗ്രാമുകള്‍, വെബ്സൈറ്റുകള്‍ എന്നിവ നിലവിലുണ്ട്. ഇടത്തേക്കണ്ണും വലത്തേക്കണ്ണും കാണേണ്ട വ്യത്യസ്ത ചിത്രങ്ങള്‍ സ്വീകരിച്ച് ഒരു ത്രീഡി ചിത്രം നിര്‍മ്മിച്ചുതരികയാണ് ഇവയുടെ രീതി. ക്യാമറ നമ്മുടെ ഇടത്തേക്കണ്ണിന്റെ മുന്നില്‍ വച്ചും വലത്തേക്ക​ണ്ണിന്റെ മുന്നില്‍ വച്ചും ഒരേ വസ്തുവിന്റെ വെവ്വേറെ ഫോട്ടോ എടുത്താല്‍ ഈ രണ്ടു ചിത്രങ്ങളായി.

മുമ്പു പറഞ്ഞപോലെ, ഇവയില്‍നിന്ന് ത്രീഡി ചിത്രമുണ്ടാക്കാന്‍ പ്ലഗ്ഗിന്നുകളോ പ്രോഗ്രാമുകളോ എല്ലാം ഉപയോഗിയ്ക്കാം. സൗകര്യത്തിനായി നാമൊരു വെബ്സൈറ്റാണ് പരിചയപ്പെടുന്നത്. http://instantsolve.net/anaglyph/ എന്ന വെബ്പേജില്‍ കയറുക. ഇവിടെ രണ്ടു ഫോട്ടോയും അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതു ചെയ്യുന്നതോടെ അവ രണ്ടും ചേര്‍ത്തുണ്ടാക്കിയ ത്രീഡി ദൃശ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു (ചിത്രം വ്യക്തമാവുന്നില്ലെങ്കില്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ Type: എന്നിടത്ത് Colour കൊടുത്താല്‍ മതി). ഇത് ഡൗണ്‍ലോഡ് ചെയ്യുകയുമാവാം.

ഈ ചിത്രം ആസ്വദിയ്ക്കാനുള്ള അനാഗ്ലിഫ് ത്രീഡി കണ്ണടകള്‍ കുറഞ്ഞ വിലയ്ക്കുതന്നെ കിട്ടും. സ്വന്തമായി ഒരെണ്ണം ഉണ്ടാക്കാന്‍ താത്പര്യമുണ്ടെങ്കില്‍ ഇടത്തേക്കണ്ണില്‍ ചുവപ്പ്, വലത്തേക്ക​ണ്ണില്‍ സയന്‍ എന്നിങ്ങനെ ഗ്ലാസ്‌പേപ്പറുകള്‍ വരുന്ന രൂപത്തില്‍ ഒരു പേപ്പര്‍ക്കണ്ണട നിര്‍മ്മിച്ചാല്‍ മതി.


Click here to read more like this. Click here to send a comment or query.