പരുക്കന്‍ ചുമരുള്ള സ്റ്റുഡിയോമുറിയില്‍ ഒരു കണ്ടന്‍സര്‍ മൈക്കിനുമുന്നില്‍നിന്ന് ചിത്രയോ യേശുദാസോ പാടുന്ന രംഗം നാം കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. ആ പാട്ടുകള്‍ തരുന്ന അനുഭൂതിക്ക് ഇന്നും കോട്ടമില്ല. പക്ഷേ സ്റ്റുഡിയോ ഒരത്ഭുതവസ്തുവല്ലാതായിക്കഴിഞ്ഞു. ഏതൊരു പേഴ്സണല്‍ കംപ്യൂട്ടറും ഇന്ന് പാട്ടുകളുണ്ടാക്കാന്‍ പ്രാപ്തമാണ്.
എന്നാല്‍ പരീക്ഷണങ്ങള്‍ക്ക് ഗൗരവമേറുമ്പോള്‍ ചെറിയൊരു മൈക്കിലും ഹെഡ്ഫോണിലും ഒതുങ്ങുന്നതല്ല ഇതൊന്നും എന്ന് മനസ്സിലാകും. ഒരല്പം 'പ്രൊഫഷണല്‍' ആയാലോ എന്നൊരു തോന്നല്‍. ഡിജിറ്റല്‍ റെക്കോഡിങ്ങിന്റെ ഇക്കാലത്ത് സ്വന്തം കംപ്യൂട്ടറിനെ ചുറ്റിപ്പറ്റി ഒരു പ്രൊഫഷണല്‍ അന്തരീക്ഷം ഒരുക്കിയെടുക്കുന്നത് വലിയ വിഷമമുള്ള കാര്യമല്ല. മാത്രമല്ല, ഹോം സ്റ്റുഡിയോ എന്നത് ഉപകരണനിര്‍മാതാക്കള്‍ ശ്രദ്ധയൂന്നുന്ന മേഖലയായി വളര്‍ന്നിട്ടുമുണ്ട്.
ഹോം റെക്കോഡിങ്ങുമായി ബന്ധപ്പെട്ട ഒരുപാട് സോഫ്റ്റ്‌വെയര്‍ ചര്‍ച്ചചെയ്യാറുണ്ട് നാം. എന്നാല്‍ ഏതെല്ലാം ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങള്‍ വാങ്ങണം, അവയ്ക്ക് എത്രത്തോളം ചെലവ് വരും, വാങ്ങിയാല്‍ത്തന്നെ അത് തന്റെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കാനാകുമോ തുടങ്ങിയ സംശയങ്ങള്‍ക്ക് പലപ്പോഴും ഉത്തരം കിട്ടാറില്ല. അതുകൊണ്ടുതന്നെ അത്തരം ചോദ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കിക്കൊണ്ട് ഒരു ഹോം സ്റ്റുഡിയോ ഒരുക്കാന്‍നോക്കാം.
ശബ്ദത്തിനുമുണ്ട് പ്രാധാന്യം
യൂട്യുബിലും മറ്റും പ്രേക്ഷകര്‍ കൂടുമ്പോള്‍ പുതിയ വീഡിയോകളുടെ നിലവാരം ഉയര്‍ത്താന്‍ ആരും ആഗ്രഹിക്കും. 'നിലവാരം' എന്നത് മിക്കവര്‍ക്കും വിലയേറിയ ക്യാമറകളാണ്. ചിലര്‍ക്ക് ഉള്ളടക്കവും. പക്ഷേ ഈ 'നിലവാര' ത്തിന്റെ ഭാഗമാക്കാന്‍ മിക്കവരും മറക്കുന്ന ഒന്നുണ്ട്: ശബ്ദം. അതാകട്ടെ, പലപ്പോഴും ദൃശ്യത്തെക്കാള്‍ പ്രാധാനവുമാണ്.
രണ്ടു കാരണങ്ങളാണ് ശബ്ദത്തിന്റെ പ്രാധാന്യത്തിന് പിന്നിലുള്ളത്. ഒന്ന്, വീഡിയോയുടെ അവ്യക്തതയേക്കാള്‍ പലരും ശ്രദ്ധിക്കുക ശബ്ദത്തിലെ പ്രശ്നങ്ങളാകും (പ്രത്യേകിച്ച് ഹെഡ്ഫോണുകളുടേയും ഉയര്‍ന്ന സ്പീക്കറുകളുടേയും ഉപയോഗം കൂടുതലായതിനാല്‍). റെസല്യുഷന്‍ കുറഞ്ഞ വീഡിയോ അകന്നിരുന്നോ മൊബൈലിലോ കാണാം. പക്ഷേ അപശബ്ദമുള്ള വീഡിയോ വെറുപ്പുളവാക്കും.
രണ്ട്, പലരും വീഡിയോ കേള്‍ക്കുകയാണ്, കാണുകയല്ല. നീണ്ട ഒരു പ്രഭാഷണമോ അനുഭവവിവരണമോ ഒന്നും ആരും മിഴിച്ചിരുന്ന് കണ്ടെന്ന് വരില്ല. കണ്ണടച്ചിരുന്ന് കേള്‍ക്കും, അല്ലെങ്കില്‍ മറ്റൊരു ജാലകം തുറന്ന് എന്തെങ്കിലും ജോലി ചെയ്യും.
ഇങ്ങനെയൊക്കെ വരുമ്പോള്‍ പതിനായിരങ്ങള്‍ വിലയുള്ള ക്യാമറകള്‍ അര്‍ത്ഥശൂന്യമാകുന്നു. റെക്കോഡിങ്ങിലെ പാളിച്ച വീഡിയോയുടെ വിജയത്തിന് തടസ്സമാകുന്നു. മൊബൈലില്‍ ക്യാമറയിലെടുത്ത ദൃശ്യവും പ്രൊഫഷണല്‍ മൈക്കിലെടുത്ത ശബ്ദവും കൂട്ടിച്ചേര്‍ത്താല്‍ അത്ഭുതകരമായ സൃഷ്ടികളുണ്ടാക്കാം എന്നല്ല പറഞ്ഞതിനര്‍ത്ഥം. സാങ്കേതികതയേക്കാള്‍ പ്രാധാന്യം നിങ്ങളുടെ കഴിവിനുതനെയാണ്. പക്ഷേ സാങ്കേതികതയ്ക്കും ഒരല്‍പ്പം ശ്രദ്ധയാകാം. അപ്പോള്‍ ശബ്ദത്തെിനും പ്രാധാന്യം നല്കണം.
ഏതെല്ലാം ഘടകങ്ങള്‍
ഒരു ഹോം സ്റ്റുഡിയോ ഒരുക്കിയെടുക്കാന്‍ അവശ്യം വേണ്ട ചില ഘടകങ്ങള്‍ ഇതാ:
- കംപ്യൂട്ടര്‍
- മൈക്രോഫോണ്‍
- സ്പീക്കറുകളും ഹെഡ്ഫോണും
- ഇന്റര്‍ഫെയ്സ്, മിക്സര്‍
- അനുബന്ധ ഉപകരണങ്ങള്‍
ഏതൊരു പേഴ്സണല്‍ കംപ്യൂട്ടറും ഇന്ന് ഒരു ഹോം സ്റ്റുഡിയോ പ്രവര്‍ത്തിപ്പിക്കാന്‍ കഴിവുള്ളതാണ്. മാത്രമല്ല, കംപ്യൂട്ടര്‍ എത്ര ശേഷിയുള്ളതായാലും അധിക ഉപകരണങ്ങള്‍ പലതും വാങ്ങേണ്ടതുമുണ്ട്. അതുകൊണ്ട് കയ്യില്‍ ഒരു കംപ്യൂട്ടറുണ്ടെങ്കില്‍ അതുതന്നെ ഹോം സ്റ്റുഡിയോയ്ക്കു് ഉപയോഗിക്കാം. സോഫ്റ്റ്‌വെയറിന്റെ കാര്യമോ? ഡിജിറ്റല്‍ ഓഡിയോ സ്റ്റുഡിയോ (DAW) എന്നയിനം സോഫ്റ്റ്‌വെയറുകളാണ് നമുക്കാവശ്യം. FL Studio, Cubase തുടങ്ങി ഒരുപാട് സോഫ്റ്റ്‌വെയര്‍ വിലയ്ക്കുവാങ്ങാമെങ്കിലും നമ്മുടെ ആവശ്യങ്ങള്‍ക്ക് ഒഡാസിറ്റി പോലുള്ള സ്വതന്ത്രസോഫ്റ്റ്‌വെയര്‍ തന്നെ മതിയാകും. Ardour, Qtractor എന്നിവ മറ്റുചില ഡോകളാണ്. Rosegarden, LMMS എന്നിവയാകട്ടെ മിഡി സാങ്കേതികവിദ്യയുടെ സഹായത്തോടെ നല്ല സംഗീതമുണ്ടാക്കാന്‍ അവസരമൊരുക്കുന്നു. സോഫ്റ്റ്‌വെയറിന്റെ നിലവാരത്തോളം പ്രധാനമാണ് നമ്മുടെ അറിവും എന്നത് മറക്കരുത്. ഒരു സംഗീതസൃഷ്ടി മിക്സ് ചെയ്ത് എക്സ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശരിയായ ക്രമീകരണങ്ങള്‍ കൊടുക്കാനായില്ലെങ്കില്‍ ഗുണനിലവാരം തീരെ താഴ്ന്നുപോകും.
മൈക്രോഫോണ്‍ തെരഞ്ഞെടുക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഡൈനാമിക്, കണ്ടന്‍സര്‍ തുടങ്ങി ഇത് പല തരമുണ്ട്. ഒരു മൈക്കിന്റെ തന്നെ ഗുണം വിശദമാക്കുന്ന സ്പെസിഫിക്കേഷനുകളും ഏറെയാണ്. അതുകൊണ്ടുതന്നെ മികച്ചയിനം മൈക്ക് ഏതാണ്, ഫ്രീക്വന്‍സി റെസ്പോണ്‍സ് പോലുള്ള കാര്യങ്ങള്‍ ഒരു മൈക്കിന് എത്രത്തോളം വേണം തുടങ്ങിയ സംശയങ്ങള്‍ സ്വാഭാവികം.
ഇതിന് ഒറ്റവാചകത്തില്‍ ഉത്തരം പറയുക സാദ്ധ്യമല്ല. നിങ്ങളുടെ ആവശ്യമെന്താണ്, എത്ര തുക മുടക്കാം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഉപകാരപ്രദമായ ചില വസ്തുതകള്‍ താഴെ കൊടുക്കുന്നു.
- ബ്രാന്‍ഡഡ് മൈക്കുകള്‍ തെരഞ്ഞെടുക്കുക. Shure, Rode, Sennheiser, Behringer, Audio Technica എന്നിവ വിശ്വാസമര്‍പ്പിക്കപ്പെട്ടിട്ടുള്ള കമ്പനികളാണ്. നമ്മുടെ അഹൂജയും കൊള്ളാം. ഇവരുടെയൊന്നും മൈക്കുകള്‍ ആയിരം രൂപയ്ക്ക് താഴെ ലഭ്യമല്ല. ഏറെ ആരാധകരുള്ള Shure Beta 58 മൈക്കിന് ഓണ്‍ലൈനില്‍ പതിനായിരം രൂപവരെ വിലയുണ്ട്. ഇതേ പേരില്‍ പല പ്രാദേശികകമ്പനികളും അഞ്ഞൂറുരൂപയ്ക്ക് മൈക്കിറക്കുന്നു. വ്യത്യാസം തിരിച്ചറിയുക. ഏറെ പണം മുടക്കാന്‍ തയ്യാറല്ലെങ്കില്‍ Shure SV100-ഓ Shure SV200-ഓ വാങ്ങാം (സാങ്കേതികമായി ഇവ കരയോക്കെ മൈക്കുകള്‍ മാത്രമാണ്). ആയിരത്തഞ്ഞൂറുരൂപയില്‍ താഴെ മാത്രം വിലയുള്ള ഇവ പക്ഷേ നിലവാരം പുലര്‍ത്തുന്നു എന്നാണ് പറയപ്പെടുന്നത്.
- പ്രൊഫഷണല്‍ മൈക്കുകള്‍ പലപ്പോഴും കംപ്യൂട്ടറുമായി നേരിട്ട് ബന്ധിപ്പിക്കാവുന്നവയല്ല. ചുരുങ്ങിയത് രണ്ടായിരം രൂപയെങ്കിലും വിലയുള്ള ഉപകരണങ്ങളുപയോഗിച്ചേ ഇവ കംപ്യൂട്ടറിന് യോജിച്ച രൂപത്തിലാക്കാനാകൂ (ഇനി വരുന്ന ഒരു ഭാഗത്ത് ഇത് വിശദമാക്കുന്നുണ്ട്). ഭാഗ്യമുണ്ടെങ്കില്‍ ഇരുപതോ മുപ്പതോ രൂപ വിലയുള്ള കണ്‍വേര്‍ട്ടര്‍ പിന്നില്‍ പ്രശ്നം തീരാം. പക്ഷേ സാദ്ധ്യത കുറവാണ്.
- XLR പിന്നുള്ള മൈക്കുകളാണ് നല്ലത്. എന്നാല്‍ ഇവയ്ക്ക് മേല്‍പ്പറഞ്ഞ കണക്ഷന്റെ പ്രശ്നമുണ്ടായിരിക്കും.
- ഡൈനാമിക്, കണ്ടന്‍സര്‍ (അഥവാ കപ്പാസിറ്റര്‍) എന്നിങ്ങനെ രണ്ടുതരം മൈക്കുകള്‍ക്കാണ് ഈ രംഗത്ത് പ്രചാരമേറെ. മനുഷ്യശബ്ദം റെക്കോഡ് ചെയ്യാന്‍ പ്രൊഫഷണലുകള്‍ അധികവും ആശ്രയിക്കുന്നത് കണ്ടന്‍സര്‍ മൈക്കുകളാണ്. എന്നാല്‍ ചെലവും ഫാന്റം പവര്‍ (പ്രത്യേക വൈദ്യുതി) ആവശ്യമാണെന്നതും പരിഗണിക്കുമ്പോള്‍ ഡൈനാമിക് മൈക്കില്‍ തുടങ്ങുന്നതാവും നല്ലത് (വില കുറഞ്ഞ ഒരുപാട് അണ്‍ബ്രാന്‍ഡഡ് കണ്ടന്‍സര്‍ മൈക്കുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്, അവ വാങ്ങാതിരിക്കുക).
- മൈക്ക് എവിടെനിന്നെല്ലാം ശബ്ദം സ്വീകരിക്കുന്നു എന്നതാണ് ഡയറക്റ്റിവിറ്റി പാറ്റേണ്‍ കൊണ്ടുദ്ദേശിക്കുന്നത്. വോക്കല്‍ റെക്കോഡിങ്ങിന് നല്ലത് കാര്‍ഡിയോയിഡ് പാറ്റേണ്‍ ആണ്.
- എത്ര ഫ്രീക്വന്‍സി മുതല്‍ എത്ര ഫ്രീക്വന്‍സി വരെയുള്ള ശബ്ദം പിടിച്ചെടുക്കുന്നു എന്നതാണ് ഫ്രീക്വന്‍സി റെസ്പോണ്‍സ് കൊണ്ടുദ്ദേശിക്കുന്നത്. വോക്കല്‍ റെക്കോഡിങ്ങിന് 80Hz മുതല്‍ 1൦kHz വരെ കിട്ടിയാല്‍ത്തന്നെ മതിയാകും.
ഇനി സ്പീക്കറുകളുടെ കാര്യം. സ്റ്റുഡിയോകളില്‍ ഉപയോഗിക്കുന്നത് 'സ്റ്റുഡിയോ മോണിറ്ററുകള്‍' എന്നറിയപ്പെടുന്നയിനം സ്പീക്കറുകളാണ്. 'കളറേഷന്‍' ഉണ്ടായിരിക്കില്ല എന്നതാണ് ഇവയുടെ പ്രത്യേകത. എന്താണ് കളറേഷന്‍? സാധാരണ കണ്‍സ്യൂമര്‍ സ്പീക്കറുകള്‍ പലപ്പോഴും ശ്രവണസുഖത്തിനായി ബേസ്സോ ട്രെബിളോ കൂട്ടിയും കുറച്ചും വച്ചവയാണ്. അതായത് ഇവയില്‍നിന്നുവരുന്ന ശബ്ദം 'ശുദ്ധമല്ല'. ഒരു സ്പീക്കറില്‍ കേട്ടതാവില്ല അടുത്തത്തില്‍ കേള്‍ക്കുക. സ്റ്റുഡിയോ മോണിറ്ററുകളാകട്ടെ പരമാവധി സത്യസന്ധമായ ശബ്ദം തരുന്നു.
സാധാരണക്കാര്‍ ഉപയോഗിക്കുന്നത് സ്റ്റുഡിയോ മോണിറ്ററുകളല്ലെന്നിരിക്കെ അതില്‍ മിക്സ് ചെയ്തിട്ടെന്തുകാര്യം എന്ന് ചോദിക്കുന്നവരുമുണ്ട്. എങ്കിലും കളറേഷന്‍ ഉള്ള ഏതെങ്കിലുമൊരു സ്പീക്കര്‍ വച്ച് മിക്സ് ചെയ്താല്‍ കിട്ടുന്നതിനേക്കാള്‍ നല്ല ശബ്ദം മോണിറ്ററുകള്‍ വച്ചാലാണ് കിട്ടുകയെന്ന് പലരും പറയുന്നു.
പക്ഷേ നല്ല മോണിറ്ററുകള്‍ക്ക് പതിനായിരം രൂപയെങ്കിലും വിലയുണ്ട്. അതുകൊണ്ട് മിക്സിങ്ങിന് യോജിച്ച ഒരു ബ്രാന്‍ഡഡ് ഹെഡ്ഫോണ്‍ വാങ്ങുന്നതായിരിക്കും നല്ലത്. ഇതിനൊപ്പം കളറേഷന്‍ പരമാവധി കുറഞ്ഞ ഒരു കണ്‍സ്യൂമര്‍ സ്പീക്കറും ഉപയോഗിക്കാം.
മൈക്കുകളും സംഗീതോപകരണങ്ങളുമടക്കം വിവിധ ശബ്ദസ്രോതസ്സുകളെ കൂട്ടിയോജിപ്പിക്കാനുള്ളതാണ് മിക്സറുകള്‍. XLR മൈക്കുകകളില്‍നിന്നും മറ്റും വരുന്ന ശബ്ദത്തെ കംപ്യൂട്ടറിന് യോജിച്ചതാക്കി മാറ്റുന്നവയാണ് യു.എസ്.ബി. ഓഡിയോ ഇന്റര്‍ഫെയ്സുകള്‍ (ഇവയുടെ യഥാര്‍ത്ഥ ഉപയോഗം അടുത്ത ഭാഗം വായിക്കുമ്പോള്‍ വ്യക്തമാകും). മൂവായിരത്തിനുമേലാണ് ഇവയുടെ വില.
മൈക്ക് സ്റ്റാന്‍ഡ്, പോപ്പ് ഫില്‍റ്റര്‍, കണക്റ്ററുകള്‍ തുടങ്ങിയ കാര്യങ്ങളാണ് അനുബന്ധ ഉപകരണങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത്. കയറ്റിറക്കങ്ങള്‍ കുറഞ്ഞ റെക്കോഡിങ്ങിന് മൈക്ക് സ്റ്റാന്‍ഡ് വളരെ നല്ലതാണ്. 'പ' പോലുള്ള അക്ഷരങ്ങള്‍ ഉച്ചരിക്കുമ്പോളുണ്ടാകുന്ന കയറ്റങ്ങളും മറ്റും തടയാനാണ് പോപ്പ് ഫില്‍റ്റര്‍. ഉമിനീര് മൈക്കിലെത്താതെ തടയാനും ഇതിനാകും. കാറ്റ് പ്രശ്നമുണ്ടാക്കാതിരിക്കാനാണ് (പ്രത്യേകിച്ച് വാതില്‍പ്പുറ റെക്കോഡിങ്ങില്‍) വിന്‍ഡ്സ്ക്രീനുകളും ഡെഡ് ക്യാറ്റുകളും.
കംപ്യൂട്ടറുമായി ബന്ധിപ്പിക്കാം
മൗസും കീബോഡും മുതല്‍ മൈക്കുവരെ യു.എസ്.ബി. പോര്‍ട്ടില്‍ കുത്തിശ്ശീലിച്ച ഒരാള്‍ പ്രൊഫഷണല്‍ ഓഡിയോ ഉപകരണങ്ങള്‍ കയ്യില്‍ക്കിട്ടുമ്പോള്‍ പരുങ്ങുന്നത് സ്വാഭാവികം. അവ പലതും കംപ്യൂട്ടറുമായി ഘടിപ്പിക്കുന്നത് അത്ര എളുപ്പമായിരിക്കില്ല. ഓഡിയോ കണക്റ്ററുകള്‍ ഒരുപാടുതരമുണ്ട്. നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ 3.5mm മിനിപ്ലഗ് മുതല്‍ അത്യപൂര്‍വമായ കുത്തക കണക്റ്ററുകള്‍ വരെ. ഒരേ കണക്റ്റര്‍ തന്നെ പല കമ്പനികള്‍ പല രീതിയില്‍ ഉപയോഗിക്കുകകൂടി ചെയ്യുമ്പോള്‍ ഒരു സാധാരണ സ്പീക്കറിനോ ഹെഡ്‍ഫോണിനോ അപ്പുറമുള്ള ഉപകരണങ്ങള്‍ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നത് സങ്കീര്‍ണ്ണമായിത്തീരുന്നു. ചിലപ്പോള്‍ ലളിതമായ ഒരു കണ്‍വേര്‍ട്ടര്‍ പിന്നില്‍ കാര്യം ശരിയാകാം. അത് മതിയായില്ലെന്നും വരാം. തെറ്റായ കണക്ഷന്‍ മദര്‍ബോഡിനുതന്നെ ഭീഷണിയാകാമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ട് പ്രചാരത്തിലുള്ള ചില കണക്റ്ററുകളും അവ കംപ്യൂട്ടറുമായി ബന്ധിപ്പിക്കാനുള്ള രീതികളും മനസ്സിലാക്കാം.
കണക്റ്ററുകള്‍ പലതരം
ഒരു ഹോം സ്റ്റുഡിയോ തയ്യാറാക്കുമ്പോള്‍ നാം കണ്ടുമുട്ടാനിടയുള്ള കണക്റ്ററുകള്‍ ഇവയാണ്:
- 3.5mm (1/8in) ഫോണ്‍ കണക്റ്റര്‍
- 6.35mm (1/4in) ഫോണ്‍ കണക്റ്റര്‍
- RCA
- XLR
ഇതില്‍ ആദ്യത്തേത് ഓഡിയോ ജാക്ക്, ഹെഡ്ഫോണ്‍ ജാക്ക് തുടങ്ങിയ പേരുകളില്‍ നമുക്ക് സുപരിചിതമാണ്. കംപ്യൂട്ടറുമായും പുതിയ ഫോണുമായും ബന്ധിപ്പിക്കാനുള്ള സ്പീക്കറുകള്‍, ഹെഡ് ഫോണുകള്‍, ചാറ്റിങ് മൈക്രോഫോണുകള്‍ എന്നിവ വരുന്നത് ഈ കണക്റ്ററുമായാണ്. എവിടെയും കാണാം എന്നുകരുതി എല്ലായിടത്തും ഇതിന്റെ സ്വഭാവം ഒരുപോലെയാകണമെന്നില്ല. 3.5mm ജാക്ക് തന്നെ TS, TRS,....തുടങ്ങി പലതരത്തിലുണ്ട്.TRS-നാണ് പ്രചാരം. മൈക്കുകള്‍ 3.5mm കണക്റ്ററിനെ ഉപയോഗപ്പെടുത്തുന്നത് പല രീതിയിലാണ് എന്നതാണ് അടുത്ത പ്രശ്നം.
6.35mm അഥവാ കാല്‍ ഇഞ്ച് ജാക്ക് കണ്ടുവരുന്നത് ആംപ്ലിഫയറുകളും മിക്സറുകളും പോലുള്ള ഉയര്‍ന്ന ഉപകരണങ്ങളിലാണ്. സി.ഡി.പ്ലേയറുകളിലും മറ്റും കാണാറുള്ള ഒറ്റച്ചാനല്‍ (മോണോ) പിന്നുകളാണ് RCA.
ഇവയില്‍നിന്നെല്ലാം വ്യത്യസ്തമാണ് XLR. പ്രൊഫഷണല്‍ മൈക്രോഫോണുകളില്‍ ഉപയോഗിക്കുന്ന ഇതിന് കണ്ടന്‍സര്‍ മൈക്കുകളിലേക്ക് ആവശ്യമായ വൈദ്യുതി (ഫാന്റം പവര്‍) എത്തിക്കാന്‍ കഴിയും. 'ബാലന്‍സ്ഡ്' ആയതുകൊണ്ട് ഏറെ ദൂരത്തേക്ക് നീണ്ടാലും നോയിസ് ഒരുപരിധിവരെ തടയുകയും ചെയ്യും (ബാലന്‍സ്ഡ് കേബിളുകള്‍ അണ്‍ബാലന്‍സ്ഡ് കേബിളുകളെ അപേക്ഷിച്ച് നോയിസ് തടയുന്നവയാണ്; സാങ്കേതികവിശദാംശം ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല). XLR-ഉമായി താരതമ്യപ്പെടുത്തുമ്പോള്‍ RCA, കാലിഞ്ച്, അരയിഞ്ച് കണക്റ്ററുകള്‍ (സാധാരണഗതിയില്‍) ഈ കഴിവുകളുള്ളവയല്ല.
ഇത്രയും പറഞ്ഞതില്‍ 3.5mm ആണല്ലോ കംപ്യൂട്ടറില്‍ ലഭ്യമായത്. അതുകൊണ്ടുതന്നെ മറ്റ് കണക്റ്ററുകള്‍ കൊണ്ടുവരുന്ന ഉപകരണങ്ങളെ ഒന്നുകില്‍ 3.5mm-ലേക്കോ USB-യിലേക്കോ മാറ്റിയെടുക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യം.
കണക്ഷന്‍ എങ്ങനെ
വ്യത്യസ്ത കണക്റ്ററുകള്‍ കൊണ്ടുവരുന്ന സിഗ്നലിനെ കംപ്യൂട്ടറിന് യോജിച്ചതാക്കിമാറ്റാന്‍ പ്രധാനമായും ഈ രീതികളെല്ലാമാണ് നമുക്കുമുന്നിലുള്ളത്:
- കണ്‍വേര്‍ട്ടര്‍ പിന്നുകള്‍
- കണ്‍വേര്‍ട്ടര്‍ പിന്‍ + യു. എസ്. ബി. സൗണ്ട് കാര്‍ഡ്
- XLR to USB കേബിള്‍
- ഓഡിയോ ഇന്റര്‍ഫെയ്സുകള്‍
- യു.എസ്.ബി. മിക്സറുകള്‍
മറ്റ് കണക്റ്ററുകളെ കംപ്യൂട്ടറിന് യോജിച്ച 3.5mm പ്ലഗ്ഗോ യു.എസ്.ബി.യോ ആക്കി മാറ്റുന്നതാണ് കണ്‍വേര്‍ട്ടറുകള്‍. യു.എസ്.ബി. തത്കാലം അവിടെ നില്ക്കട്ടെ. ഇപ്പോള്‍ കേബിളിന്റെ അറ്റത്ത് കാലിഞ്ച് (6.35mm) കണക്റ്റര്‍ ഉള്ള മൈക്ക് പരിഗണിക്കുക. ഇതിനെ 3.5mm ആക്കിമാറ്റാന്‍ ഒരു 6.35mm Female to 3.5mm Male കണ്‍വേര്‍ട്ടര്‍ ഉപയോഗിക്കാം. മൈക്ക് കേബിളിന്റെ 6.35mm കണക്റ്ററിനെ (Male) ഈ കണ്‍വര്‍ട്ടറിലെ 6.35mm ഫീമെയിലുമായി ബന്ധിപ്പിക്കുന്നു. കണ്‍വേര്‍ട്ടര്‍ പിന്നിന്റെ മറുവശത്ത് 3.5mm മെയില്‍ ആയതിനാല്‍ ആ ഭാഗം നേരിട്ട് കംപ്യൂട്ടറുമായി ബന്ധിപ്പിക്കാം. 6.35mm Female to 3.5mm Male കണ്‍വേര്‍ട്ടറുകള്‍ പ്രാദേശിക ഇലക്ട്രോണിക് കടകളില്‍ സുലഭമാണ്. വില ഏകദേശം മുപ്പതുരൂപ.
RCA കണ്‍വേര്‍ട്ടറുകളും ഇതുപോലെ ലഭ്യമാണ്. RCA മോണോ (ഒറ്റച്ചാനല്‍) ആയതിനാല്‍ രണ്ട് RCA ചേര്‍ന്ന് ഒരു ഫോണ്‍ ജാക്ക് ആകുന്ന കണ്‍വേര്‍ട്ടയാരിക്കും ലഭ്യമാവുക.
കണ്‍വേര്‍ട്ട് ചെയ്തെടുത്താലും നേരിട്ടുകൊടുത്താലും കംപ്യൂട്ടറിനുള്ളിലുള്ള ബില്‍റ്റ്-ഇന്‍ സൗണ്ട് കാര്‍ഡിന് വേണ്ടത്ര ഗുണനിലവാരം നല്കാനാകില്ല. ഇതുവച്ച് റെക്കോഡ് ചെയ്ത ശബ്ദത്തില്‍ വലിയ തോതില്‍ നോയിസ് ഉണ്ടാകാനും സാദ്ധ്യതയുണ്ട്. ഇതു പരിഹരിക്കാനുള്ള ലളിതമായ മാര്‍ഗമാണ് യു.എസ്.ബി. സൗണ്ട് കാര്‍ഡ്. എക്സ്റ്റേണല്‍ ആയതുകൊണ്ട് സിസ്റ്റം യൂണിറ്റിനുള്ളിലെ മറ്റ് ഘടകങ്ങളില്‍നിന്നുള്ള സ്വാധീനമേല്‍ക്കാത്തതാണ് നോയിസ് കുറയ്ക്കാന്‍ ഇതിന് സഹായകമാകുന്നത്.
എന്നാല്‍ പല XLR മൈക്കുകളും കണ്‍വേര്‍ട്ട് ചെയ്തെടുക്കുമ്പോള്‍ നിലവാരം കുറഞ്ഞേക്കാം. പ്രൊഫഷണല്‍ മൈക്കുകള്‍ക്ക് ഔട്ട്പുട്ട് കുറവായതിനാല്‍ പല സൗണ്ട് കാര്‍ഡുകളും അവയെ പരിഗണിച്ചെന്നും വരില്ല. ഇവിടെ 3.5mm കണ്‍വേര്‍ട്ടര്‍ പിന്നുകള്‍ ഒഴിവാക്കുകയും സൗണ്ട് കാര്‍ഡിനെ മറികടക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അതിനുള്ളതാണ് XLR to USB കേബിള്‍/അഡാപ്റ്റര്‍. XLR പിന്നില്‍നിന്നുവരുന്ന അനലോഡ് സിഗ്നലിനെ ആംപ്ലിഫൈ ചെയ്യുകയും ഡിജിറ്റല്‍ ആക്കിമാറ്റുകയും ചെയ്യുന്നുണ്ടിവ. അതായത് ഒരു പ്രീആംപ് (Pre-amplifier) ചെയ്യുന്ന ജോലിയും സൗണ്ട് കാര്‍ഡ്/അനലോഗ്-റ്റു-ഡിജിറ്റല്‍ കണ്‍വേര്‍ട്ടര്‍ ചെയ്യുന്ന ജോലിയും ഒരുമിച്ച് നടക്കുന്നു. ഈ ഡിജിറ്റല്‍ സിഗ്നല്‍ യു.എസ്.ബി. പോര്‍ട്ട് വഴി നേരിട്ട് ലഭ്യമാവുന്നു (സൗണ്ട് കാര്‍ഡ് ഉപയോഗപ്പെടുത്തുന്നില്ല).
XLR മൈക്കുകള്‍ കംപ്യൂട്ടറുമായി ബന്ധിപ്പിക്കാനുള്ള പ്രൊഫഷണല്‍ മാര്‍ഗങ്ങളില്‍ ഏറ്റവും ലളിതവും ചെലവ് കുറഞ്ഞതും ഇത്തരം യു.എസ്.ബി. കേബിളുകളാണെന്ന് പറയാം (ചെലവ് താരതമ്യേന കുറവാണെന്നേയുള്ളൂ; പലപ്പോഴും ആയിരത്തിലേറെ രൂപ വിലവരുന്നതാണിവ). ഡൈനാമിക് മൈക്കാണ് നിങ്ങളുടെ കയ്യിലുള്ളതെങ്കില്‍ മൈക്കും കംപ്യൂട്ടറുമായുള്ള തമ്മിലുള്ള ബന്ധം ഇത്തരമൊരു കേബിളില്‍ ശരിയാകും.
എന്നാല്‍ കണ്ടന്‍സര്‍ മൈക്കുകള്‍ക്കാവശ്യമായ ഫാന്റം പവര്‍ കൊടുക്കാന്‍ ഈ കേബിളുകള്‍ക്ക് പൂര്‍ണമായും കഴിഞ്ഞെന്നുവരില്ല. അവിടെ നമുക്ക് ഒരു യു.എസ്.ബി. ഓഡിയോ ഇന്റര്‍ഫെയ്സോ മിക്സറോ ഉപയോഗിക്കേണ്ടിവരും. XLR to USB കേബിളുകള്‍ തരുന്ന സാംപ്ലിങ് റെയ്റ്റും ഡെപ്തുമൊന്നും പോരെന്ന് നോന്നുമ്പോഴും (അതിന് സാദ്ധ്യത കുറവാണ്) ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാം.
ഡിജിറ്റല്‍ റെക്കോഡിങ്ങില്‍ ഏറെ പ്രാധാന്യമുള്ള ഉപകരണങ്ങളാണ് ഇന്റര്‍ഫെയ്സുകളും മിക്സറുകളും. സാധാരണ സൗണ്ട്കാര്‍ഡിന്റെ പരിമിതികളെ മറികടക്കാനാണ് നാം ഇന്റര്‍ഫെയ്സുകള്‍ ഉപയോഗിക്കുന്നത്. മൈക്കില്‍നിന്നുള്ള ശബ്ദത്തെ ആംപ്ലിഫൈ ചെയ്യുന്നതും ഡിജിറ്റലാക്കിമാറ്റുന്നതുമെല്ലാം ഇത് നോക്കിക്കൊള്ളും. മിക്സറുകളാകട്ടെ ഒരുപാട് ശബ്ദസ്രോതസ്സുകളെ കൂട്ടിയോജിപ്പിക്കാനും സഹായിക്കുന്നു (മിക്സറും ഇന്റര്‍ഫെയ്സും ഒരുമിച്ച് വരുന്ന മാതൃകകളുമുണ്ട്; ഇത്തരത്തിലൊന്നാണ് Behringer 302USB). പ്രൊഫഷണല്‍ മൈക്കുകളെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാനവാക്കായി ഇവയെ കാണാം.
പോര്‍ട്ടബിള്‍ റെക്കോഡറുകള്‍: ഓള്‍-ഇന്‍-വണ്‍?
മൈക്കും റിക്കോഡിങ് യൂണിറ്റും ഒരുമിച്ചുവരുന്ന ചെറുഉപകരണങ്ങളാണ് പോർട്ടബിൾ റിക്കോഡറുകൾ അഥവാ ഹാൻഡ്‌ഹെൽഡ് റിക്കോഡറുകൾ. കൊണ്ടുനടക്കാനുള്ള എളുപ്പവും ശബ്ദലേഖനത്തിന് കംപ്യൂട്ടറിന്റെ ആവശ്യമില്ല എന്നതും ഇവയെ പത്രപ്രവർത്തകർക്കും ചലച്ചിത്രപ്രവത്തകർക്കും പ്രിയപ്പെട്ടതാക്കി മാറ്റുന്നു. ഡി.എസ്.എല്‍.ആര്‍. ക്യാമറകളിലെ ബില്‍റ്റ്-ഇന്‍ മൈക്കിന്റെ പരിമിതികള്‍ മറികടക്കാനുള്ള ഒരു സംവിധാനം കൂടിയാണിത്. മൊബൈൽ ഫോണിന്റെ സൗകര്യവും കംപ്യൂട്ടർ റിക്കോഡിങ്ങിന്‍റെ നിലവാരവും ഒരുമിച്ചുകിട്ടാനാഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കിൽ നിങ്ങൾക്കും പോർട്ടബിൾ റിക്കോഡറുകൾ പരീക്ഷിക്കാം.
എന്നാൽ ഇവ വാങ്ങുംമുമ്പ് ഒരല്പം കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. കാരണം, പത്രപ്രവർത്തനത്തിനു വേണ്ട റിക്കോഡറല്ല ഷോർട്ട്‌ഫിലിം നിർമിക്കാൻ വേണ്ടത്. അഭിമുഖങ്ങള്‍ രേഖപ്പെടുത്താന്‍ വേണ്ട റിക്കോഡറിന്റെ സ്പെസിഫിക്കേഷനല്ല സൗണ്ട് ഡിസൈനിങ്ങിനാവശ്യം. അതുപോലെ, ഹോം സ്റ്റുഡിയോ എന്ന ആശയം ഒരു പോർട്ടബിൾ റിക്കോഡർ കൊണ്ട് 'അഡ്ജസ്റ്റ്' ചെയ്യാനാണ് പദ്ധതിയെങ്കിൽ അതും മാറ്റിച്ചിന്തിക്കേണ്ടിയിരിക്കുന്നു.
മൈക്കിന്റെ സ്പെസിഫിക്കേഷനുകളും ഫയല്‍ ഫോര്‍മാറ്റിന്റെ ഗുണനിലവാരവുമാണ് പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍. വോക്കല്‍ റിക്കോഡിങ്ങിന് യോജിച്ച ഡയറക്റ്റിവിറ്റി (എവിടെനിന്നെല്ലാം ശബ്ദം പിടിച്ചെടുക്കുന്നു എന്നത്) അല്ല പല പോര്‍ട്ടബിള്‍ റിക്കോഡറുകള്‍ക്കുമുള്ളത്. ഫ്രീക്വന്‍സി റെസ്പോണ്‍സ് പോലുള്ള മറ്റ് സ്പെസിഫിക്കേഷനുകള്‍ക്കും ഇത് ബാധകമാണ്. വോക്കലിന്, ഗിത്താറിന്, ഡ്രമ്മിന് എന്നിങ്ങനെ പറഞ്ഞുവാങ്ങുന്ന മൈക്കുകള്‍ അതാത് സേവനം കൃത്യമായി ചെയ്യുമ്പോള്‍ പോര്‍ട്ടബിള്‍ റിക്കോഡറുകള്‍ ഒരു പൊതുമാര്‍ഗ്ഗമാവും സ്വീകരിക്കുക. പത്രപ്രവര്‍ത്തകരെസ്സംബന്ധിച്ച് ഇതൊരു വിഷയമേ ആകുന്നില്ല. എന്നാല്‍ സൗണ്ട് ഡിസൈനര്‍മാര്‍ക്ക് ഈ പ്രശ്നം മറികടക്കണമെങ്കില്‍ റിക്കോഡറില്‍ മറ്റു മൈക്കുകള്‍ ഘടിപ്പിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കണം.
അടുത്തതായി ഡിജിറ്റല്‍ ഗുണനിലവാരത്തിന്റെ കാര്യം. മൈക്ക് പിടിച്ചെടുത്ത അനലോഗ് ശബ്ദതരംഗത്തെ ഡിജിറ്റലാക്കി മാറ്റി ഒരു കാർഡിലോ മറ്റോ സേവ് ചെയ്യുകയാണല്ലോ പോർട്ടബിൾ റിക്കോഡറുകൾ ചെയ്യുന്നത്. അതുകൊണ്ടു തന്നെ മൈക്കിനും മറ്റു നോയിസ് ക്യാൻസലിങ് സംവിധാനങ്ങൾക്കുമുള്ള അതേ പ്രാധാന്യം സേവ് ചെയ്യുന്ന ഫയല്‍ഫോര്‍മാറ്റിനുമുണ്ട്. അതിനും അനുബന്ധ സ്പെസിഫിക്കേഷനുകൾക്കും അനുസരിച്ചിരിക്കും കിട്ടുന്ന ഫയലിന്റെ ഗുണാലിവാരവും ഉപയോഗസാദ്ധ്യതകളും.
പല വിലകുറഞ്ഞ റിക്കോഡറുകളും എം.പി.ത്രീ ഫോർമാറ്റ് മാത്രം പിന്തുണയ്ക്കുന്നവയാണ് (ഉദാ: Sony ICD-X140). ഫയൽ സൈസ് കുറയ്ക്കാൻ വേണ്ടി വിശദാംശങ്ങൾ അരിച്ചുകളയുകയാണ് എം.പി.ത്രീ. ചെയ്യുന്നത്. നേരിട്ട് കേൾക്കാനുപയോഗിക്കുമ്പോൾ ഇതു പ്രശ്നമല്ല. ഒരു അഭിമുഖമോ പാട്ടുക്ലാസ്സോ റിക്കോഡ് ചെയ്തെടുക്കാൻ എം.പി.ത്രീ. മതി. വിലക്കുറവ്, കുറഞ്ഞ മെമ്മറി ഉപഭോഗം എന്നീ ഗുണങ്ങളുമുണ്ട്. എന്നാൽ എഡിറ്റിംഗിനും മിക്സിങ്ങിനും ഈ നിലവാരം അപര്യാപ്തമാണ്. അതുകൊണ്ട് ഓഡിയോ രംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്ക് ഇത് ഗുണം ചെയ്യില്ല.
വിശദാംശങ്ങൾ പരമാവധി സംരക്ഷിച്ചുകിട്ടുകയാണ് ഓഡിയോ പ്രൊഫഷണലുകളുടെ ആവശ്യം. കംപ്രഷൻ ഒട്ടുമില്ലാത്ത റോ (Raw) ഫോർമാറ്റുകളും ഉണ്ടെങ്കിൽ ലോസ്സ്‌ലെസ്സ് (Lossless Compression) ആയ ഫോർമാറ്റുകളും ആണ് ഇതിനനുയോജ്യം. ഗുണനിലവാരം ഒട്ടും നഷ്ടപ്പെടുത്താതെ മെമ്മറി ലാഭിക്കുന്നതാണ് ലോസ്സ്‌ലെസ്സ് കംപ്രഷൻ. എന്നാൽ റിക്കോഡിങ്ങിലും മിക്സിങ്ങിലും സ്ഥലം ലാഭിക്കുന്നതിനേക്കാൾ പ്രാധാന്യം പ്രവർത്തനവേഗത്തിനാണ്. അതുകൊണ്ട് കംപ്രഷൻ ഒട്ടുമില്ലാത്ത റോ ഫോർമാറ്റുകൾക്കാണ് പ്രാമുഖ്യം (റോ വേണോ ലോസ്സ്‌ലെസ്സ് കംപ്രഷൻ വേണോ എന്നതൊന്നും വലിയ വിഷയമല്ല; ലോസ്സി കംപ്രഷൻ ആവരുതെന്നേയുള്ളു.)
ഇത്തരത്തിൽ നിലവാരമേറിയ ചില ഫോർമാറ്റുകളിതാ:
- Uncompressed WAV
- Uncompressed AIFF
- FLAC (Lossless Codec)
- WMA Lossless
(ചില സ്പെസിഫിക്കേഷനുകളിൽ Uncompressed PCM എന്ന് കാണാം. ഗുണനിലവാരമുള്ള WAV-ലും AIFF-ലുമെല്ലാം ഉപയോഗപ്പെടുത്തുന്ന സാങ്കേതികവിദ്യയാണിത്.)
എന്നാൽ ഫോർമാറ്റുകൊണ്ട് തീരുന്നില്ല ഗുണനിലവാരത്തിന്റെ പ്രശ്നം. സാംപിൾ റെയ്റ്റ്, ബിറ്റ് റെയ്റ്റ് എന്നീ കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. പ്രൊഫഷണൽ ആവശ്യങ്ങൾക്ക് കുറഞ്ഞത് 48kHz എങ്കിലും സാംപിൾ റെയ്റ്റ് ആവശ്യമുണ്ട്. ബിറ്റ് ഡെപ്ത് 24 കിട്ടിയാൽ നല്ലത്. (ഇതിന്റെയെല്ലാം വിശദാംശങ്ങൾക്കായി ഈ ലക്കം ഇൻഫോബിറ്റ്സ് വായിക്കുക.)
പതിനായിരത്തിൽ താഴെ മാത്രം വിലയുള്ള Zoom H1 റിക്കോഡർ 24bit/96kHz WAV ഫയലുകളെ പിന്തുണക്കുന്നുണ്ട്. ഫയൽ ഫോർമാറ്റിന്റെ കാര്യം മാത്രം പരിശോദിക്കുമ്പോൾ ഇത് ഏറെ തൃപ്തികരമാണ്. (ശബ്ദത്തിന്റെ നിലവാരം തീരുമാനിക്കുന്നത് ഫോർമാറ്റ് മാത്രമല്ലല്ലോ.) ഇത്രയേറെ നിലവാരത്തിലും ഒരു നാല് ജി.ബി. കാർഡിൽ രണ്ടു മണിക്കൂർ വരെ റിക്കോഡ് ചെയ്യാം. (ആവശ്യമെങ്കിൽ നിലവാരം കുറയ്ക്കുകയുമാവാം).
ഉപകരണങ്ങളിലല്ല കാര്യം
റെക്കോഡിങ്ങിന്റെ നിലവാരമുയര്‍ത്താന്‍ ഉയര്‍ന്ന ഉപകരണങ്ങള്‍ പരിചയപ്പെടുകയായിരുന്നു ഇതുവരെ നാം. എന്നാല്‍ റെക്കോഡിങ്ങിനും മിക്സിങ്ങുമെല്ലാം എങ്ങനെ ചെയ്യുന്നു എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. നന്നായി റെക്കോഡിങ്ങും മിക്സിങ്ങും ചെയ്യുന്നതെങ്ങനെ എന്നത് പഠിച്ചുകൊണ്ടേ പോകാവുന്ന ഒരു കാര്യമാണ്. തുടക്കമെന്ന നിലയില്‍ ചില സൂത്രങ്ങളിതാ:
- ഫയലുകള്‍ സൂക്ഷിക്കാന്‍ അണ്‍കംപ്രസ്ഡ് വേവ് ഫോര്‍മാറ്റ് (.WAV) ഉപയോഗിക്കുക. 48kHz-ഓ 96kHz-ഓ സാംപ്ലിങ് റെയ്റ്റ് ഉണ്ടെങ്കിലേ എഡിറ്റ് ചെയ്യുമ്പോള്‍ നിലവാരം കിട്ടൂ (സിഡിയുടേത് 44.1kHz ആണ്). പക്ഷേ അതിലും കൂടിയാല്‍ ആഡംബരമാകാം. ബിറ്റ് ഡെപ്ത് 24 ഉണ്ടെങ്കില്‍ നല്ലതാണ്. ഇതെല്ലാം എന്താണെന്ന് മനസ്സിലാക്കാന്‍ ഈലക്കം ഇന്‍ഫോബിറ്റ്സ് വായിക്കാം.
- റെക്കോഡ് ചെയ്യുമ്പോള്‍ത്തന്നെ മികച്ച സൗണ്ട്പ്രൂഫിങ് വഴി നോയിസ് ഒഴിവാക്കുക. റെക്കോഡ് ചെയ്ത ശബ്ദത്തിലെ നോയിസ് ഒഴിവാക്കുന്നത് കൃത്രിമത്വത്തില്‍ കലാശിക്കും.
- ഓട്ടോറ്റ്യൂണ്‍ വെറുക്കപ്പെട്ടുകഴിഞ്ഞു എന്ന് മനസ്സിലാക്കുക. എത്ര ശ്രുതിതെറ്റിപ്പാടിയാലും യന്ത്രത്തിന്റെ ശബ്ദത്തേക്കാള്‍ മധുരം മനുഷ്യശബ്ദത്തിനുണ്ടായിരിക്കും.