ഗൂഗിളില്‍ സ്വന്തം പേര് തിരയുന്നത് പലരും ഒരു പതിവാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് ആരുടെ പേരും തിരഞ്ഞാല്‍ക്കിട്ടുക സ്വാഭാവികം. അതു കാണുമ്പോഴോ, ചെറിയൊരു 'സെലിബ്രിറ്റി' സുഖം കിട്ടുകയും ചെയ്യും. 'ഈഗോസര്‍ഫിങ്' (Egosurfing) എന്നാണ് ഈ സ്വയംതിരച്ചിലിന് പേര്. എന്നാല്‍ ഇത് വെറുമൊരു തമാശയല്ല, വെബ്ബിലെ ആക്രമണങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരു മാര്‍ഗം കൂടിയാണ്.
നമുക്കു നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍, ആള്‍മാറാട്ടം തുടങ്ങിയവയെല്ലാം കണ്ടെത്താന്‍ ഈഗോസര്‍ഫിങ് ഉപയോഗിക്കാം. ഒരിക്കല്‍ പോസ്റ്റ് ചെയ്തശേഷം നീക്കം ചെയ്ത ചിത്രങ്ങളുടെ പകര്‍പ്പുകള്‍ കണ്ടെത്താനും ഇതുപകരിക്കും. നാം നീക്കം ചെയ്യുന്നതിനുമുമ്പുതന്നെ ആരെങ്കിലും ഷെയര്‍ ചെയ്തതുകൊണ്ട് വന്നതാവാം ഈ പകര്‍പ്പുകള്‍. എഡിറ്റുചെയ്ത് വികൃതമാക്കിയ ചിത്രങ്ങളും ഈഗോസര്‍ഫിങ്ങില്‍ കുടുങ്ങാം.
സ്വന്തം പേര് ഗൂഗിളില്‍ തിരയുന്നത് തന്നെയാണ് ഈഗോസര്‍ഫിങ്ങിന്റെ ആദ്യപടി. സാമ്യമുള്ള പേരുകള്‍ ഒഴിവാക്കാന്‍ നമ്മുടെ പേര് ഡബിള്‍ ക്വട്ടേഷനില്‍ കൊടുത്താല്‍ മതി. ഉദാഹരണത്തിന്, grihalakshmi എന്ന് തിരഞ്ഞാല്‍ gruhalakshmi എന്ന പേരും വരാം. എന്നാല്‍ "grihalakshmi" എന്ന് തിരഞ്ഞാല്‍ ആ പേര് മാത്രമേ വരൂ.
ഒരു വാക്ക് ഒഴിവാക്കാന്‍ അതിന് തൊട്ടുമുമ്പ് ഒരു ഹൈഫന്‍ ചേര്‍ത്താല്‍ മതി. ഉദാഹരണത്തിന് നിങ്ങളുടെ പേരില്‍ ഒരു നടനുമുണ്ടെങ്കില്‍ myname -actor എന്ന് തിരഞ്ഞ് അയാളെ ഒഴിവാക്കാം.
ഒരു പ്രത്യേകസൈറ്റില്‍ തിരയാന്‍ പേരിനുശേഷം site:സെറ്റിന്റെവിലാസം എന്ന രീതിയില്‍ തിരയാം (ഉദാ: myphoto site:facebook.com). ഏതെങ്കിലും ചിത്രമാണ് ലക്ഷ്യമെങ്കില്‍ ചിത്രത്തിന്റെ ഫയല്‍നെയിമോ (ഉദാ: birthday.jpg) ഷെയര്‍ ചെയ്തപ്പോള്‍ കൊടുത്ത ടാഗുകളോ എല്ലാം ചേര്‍ത്ത് തിരയാം. ഓരോ ഘട്ടത്തിലും ഗൂഗിളിലെ വെബ് എന്ന വിഭാഗവും ഇമേജസ് എന്ന വിഭാഗവും മാറിമാറി എടുക്കണം.
കുഴപ്പമുള്ള പേജുകള്‍ കണ്ടെത്തിയാല്‍ ആ പേജിന്റെ വിലാസം കോപ്പി ചെയ്ത് സൂക്ഷിക്കണം. സോഷ്യല്‍ സൈറ്റാണെങ്കില്‍ പങ്കുവെച്ചയാളുടെ യൂസര്‍നെയിമും കുറിച്ചെടുക്കാം. പറ്റുമെങ്കില്‍ സ്ക്രീന്‍ഷോട്ടും എടുക്കാം. തുടര്‍ന്ന് അതേ സൈറ്റില്‍ 'റിപ്പോര്‍ട്ട് അബ്യൂസ്' സൗകര്യമുണ്ടെങ്കില്‍ അത് ഉപയോഗിക്കുക (ചിലപ്പോള്‍ ഒരു കൊടിയടയാളമാകും, ആക്ഷന്‍സ് മെനുവിലുമുണ്ടാകാം). അതുകൊണ്ട് രക്ഷയില്ലെങ്കില്‍ കുറിച്ചെടുത്ത വിവരങ്ങളുമായി സൈബര്‍ സെല്ലിനെ സമീപിക്കാം (keralapolice.org).
എന്നാല്‍ ഈഗോസര്‍ഫിങ്ങില്‍ എല്ലാം പൊന്തിവരില്ല. സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ 'പബ്ലിക്' അല്ലെങ്കില്‍ 'സേര്‍ച്ചബിള്‍' മോഡിലിട്ട വിവരങ്ങളേ ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടൂ. അല്ലാത്ത വിവരങ്ങള്‍ക്ക് അതാത് സൈറ്റുകളില്‍ തിരയണം. പ്രശ്നം കണ്ടാല്‍ അവയിലെ റിപ്പോര്‍ട്ട് അബ്യൂസ് സംവിധാനം ഉപയോഗിക്കാം.
എന്തൊക്കെയായാലും കൈവിട്ട പലതും തിരിച്ചെടുക്കാനായില്ലെന്നുവരാം. സൈബര്‍നിയമങ്ങള്‍ ശക്തമല്ലാത്ത രാജ്യങ്ങളിലെ വെബ്സൈറ്റുകളാണ് നമ്മുടെ രഹസ്യവിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതെങ്കില്‍ നമ്മുടെ നിയമവ്യവസ്ഥയ്ക്കുപോലും വളരെയൊന്നും ചെയ്യാനില്ല. അതുകൊണ്ട് ഓണ്‍ലൈനില്‍ എന്ത് പങ്കുവയ്ക്കുമ്പോഴും അല്പം ആലോചിക്കുക. രേഖകള്‍ കൈമാറാന്‍ വാട്സാപ്പിനും മറ്റും പകരം ഇ-മെയില്‍ തന്നെ ഉപയോഗിക്കുക.