വെര്‍ച്വല്‍ റിയാലിറ്റിയുടെ അതേ പ്രാധാന്യത്തോടെ കേള്‍ക്കാറുള്ള വാക്കാണ് ഓഗ്മെന്റഡ് റിയാലിറ്റി (Augmented Reality). നീണ്ട ചരിത്രമാണുള്ളതെങ്കിലും അടുത്ത കാലത്ത് ഗൂഗിള്‍ ഗ്ലാസ് വന്നപ്പോഴായിരിക്കണം ഈ സാങ്കേതികവിദ്യ പൊതുജനത്തിന് പരിചിതമായത്. എന്താണ് ഓഗ്മെന്റഡ് റിയാലിറ്റി? വെര്‍ച്വല്‍ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയും തമ്മില്‍ എന്താണ് വ്യത്യാസം?
വെര്‍ച്വല്‍ റിയാലിറ്റി എന്താണെന്നറിയാമെങ്കില്‍ രണ്ടിന്റെയും പേരില്‍നിന്നുതന്നെ നമുക്ക് ഒരേകദേശധാരണ ഉണ്ടാക്കാം. 'വെര്‍ച്വല്‍' എന്നാല്‍ പ്രതീതിയാണ്. പൂര്‍ണമായും അയഥാര്‍ത്ഥം, അനുകരിച്ചുണ്ടാക്കിയത്. ഇതാണ് വി.ആര്‍. ഹെഡ്സെറ്റുകളും മറ്റും ചെയ്യുന്നത്. അവ കൃത്രിമമായുണ്ടാക്കിയ മറ്റൊരു ലോകത്തിന്റെ പ്രതീതി നമുക്കുചുറ്റും അവതരിപ്പിക്കുന്നു. 'ഓഗ്മെന്റഡ്' എന്നാല്‍ കൂട്ടിച്ചേര്‍ത്തത്. അതായത്, ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനങ്ങള്‍ പുതിയൊരു ലോകം അവതരിപ്പിക്കുന്നതിനുപകരം നിലവിലുള്ള കാഴ്ചയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുന്നു. ഉദാഹരണത്തിന്, ഒരു ഇലക്ട്രോണിക് കണ്ണടവച്ച് നിങ്ങള്‍ ഒരു കാറിനെ നോക്കുമ്പോള്‍ കാറിനൊപ്പം അതേത് മോഡലാണെന്ന വിവരവും കണ്ണിനുമുന്നില്‍ തെളിയുന്നുണ്ടെങ്കില്‍ അത് ഓഗ്മെന്റഡ് റിയാലിറ്റിയാണ്.
അവതരണത്തിലെ വ്യത്യാസം
സാധാരണഗതിയില്‍ ഹെഡ്സെറ്റുകള്‍ മാത്രമുപയോഗിച്ചാണ് വെര്‍ച്വല്‍ റിയാലിറ്റി അവതരിപ്പിക്കുന്നത്. വി.ആര്‍. ഹെഡ്സെറ്റ് ധരിക്കുന്നതോടെ അതിലെ ഡിസ്പ്ലേയും സ്പീക്കര്‍ സംവിധാനവും നമ്മുടെ കണ്ണുകളെയും കാതുകളെയും പൂര്‍ണമായും ഏറ്റെടുക്കുന്നു. യഥാര്‍ത്ഥലോകത്തിലെ കാഴ്ചയും കേള്‍വിയും തടഞ്ഞ് പുതിയ ദൃശ്യവും ശബ്ദവും അവതരിപ്പിക്കുന്നു. ഇത്തരത്തില്‍ പുറംലോകത്തെ മറച്ചുവയ്ക്കുന്ന ഒരു സംവിധാനമില്ലാതെ വെര്‍ച്വല്‍ റിയാലിറ്റി സാദ്ധ്യമല്ല. എന്നാല്‍ ഓഗ്മെന്റഡ് റിയാലിറ്റിയ്ക്ക് മറകള്‍ വേണമെന്നില്ല.
നമ്മുടെ സുതാര്യമായ കണ്ണടയിലോ മൊബൈല്‍ ക്യാമറയുടെ പ്രിവ്യൂവിലോ ഒക്കെ തത്സമയം കൃത്രിമദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതാണ് ഓഗ്മെന്റഡ് റിയാലിറ്റി. ഓഗ്മെന്റഡ് റിയാലിറ്റി മാപ്പുകള്‍ ഇതിന് നല്ലൊരുദാഹരണമാണ്. ക്യാമറയില്‍പ്പതിയുന്ന ചുറ്റുപാടിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം ഓരോ കെട്ടിടത്തിന്റെയും വിശദാംശങ്ങളും യാത്ര ചെയ്യേണ്ട ദിശയുമെല്ലാം 'ഓവര്‍ലേ' ആയി പ്രദര്‍ശിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്.
ഉപയോഗം
വെര്‍ച്വല്‍ റിയാലിറ്റിയ്ക്കും ഓഗ്മെന്റഡ് റിയാലിറ്റിയ്ക്കും വ്യത്യസ്തസാദ്ധ്യതകളാണുള്ളത്. പരിപൂര്‍ണമായും പ്രതീതിലോകം സൃഷ്ടിക്കാനാണ് വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗിക്കുന്നത് എന്നുപറഞ്ഞല്ലോ. അത്തരത്തിലുള്ള ചില ഉദാഹരണങ്ങളിതാ:
- സൈനികപരിശീലനം
- ഫ്ലൈറ്റ് സിമുലേഷന്‍ (വിമാനം പറത്തുന്നത് പരിശീലിപ്പിക്കാന്‍)
- ടെലിമെഡിസിന്‍, സര്‍ജറി സിമുലേഷന്‍
- വിനോദം -- 360 ഡിഗ്രീ ചലച്ചിത്രങ്ങള്‍
ഇനി ഓഗ്മെന്റഡ് റിയാലിറ്റിയുടെ ചില സാദ്ധ്യതകള്‍:
- നാവിഗേഷന്‍ (മൊബൈല്‍ ഡിവൈസുകളിലെയും അത്യാധുനിക വാഹനങ്ങളിലെ ഡിസ്പ്ലേകളിലെയും ത്രീഡി മാപ്പുകള്‍)
- പട്ടാളക്കാരുടെ ഡിജിറ്റല്‍ കണ്ണടകളില്‍ വിവരങ്ങള്‍ അവതരിപ്പിക്കാന്‍ -- ഉപഗ്രഹങ്ങളില്‍നിന്നും മറ്റു നിരീക്ഷണസംവിധാനങ്ങളില്‍നിന്നുമെല്ലാം ലഭിക്കുന്ന വിവരങ്ങള്‍ യഥാര്‍ത്ഥദൃശ്യങ്ങളെ വിശദീകരിക്കാന്‍ ഉപയോഗപ്പെടുത്താം.
- നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുമുന്നോടിയായി എലിവേഷന്‍ വിഭാവനം ചെയ്യാന്‍
ചില എ.ആര്‍. ഉപകരണങ്ങള്‍
പുറത്തിറങ്ങിയതോ വരാനിരിക്കുന്നതോ ആയ ചില ഓഗ്മെന്റഡ് റിയാലിറ്റി ഉപകരണങ്ങളുടെ പേരുകളാണ് താഴെ. ഇവയെല്ലാം കണ്ണട/ഹെഡ്സെറ്റ് രൂപത്തിലുള്ളതാണ്.
- EPSON Moverio BT-200, BT-300
- Laster SeeThru
- Meta (metavision.com)