Nandakumar Edamana
Share on:
@ R t f

ഗെയിംകളിച്ചാല്‍ ഛര്‍ദ്ദിയോ?


ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്ററിലെ ഗെയിമുകളിലൂടെ കണ്ണോടിക്കുമ്പോഴാണ് ഫ്രീഡൂം (Freedoom) എന്ന പേര് ശ്രദ്ധയില്‍പ്പെട്ടത്. സ്ക്രീന്‍ഷോട്ട് കണ്ടിട്ട് ഗെയിം രസകരമാണെന്ന് തോന്നി. ത്രീഡി അനുഭൂതി നല്കുന്ന ഒരു ഫസ്റ്റ് പേഴ്സണ്‍ ഷൂട്ടര്‍ ആയിട്ടും വെറും പത്ത് എം.ബി. മാത്രമേ ഡൗണ്‍ലോഡ് ചെയ്യാനുള്ളൂ. കണ്ണുംപൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തു.

തൊണ്ണൂറുകളിലിറങ്ങിയ ഡൂം എന്ന ക്ലാസിക് ഡോസ് ഗെയിമിന്റെ ഒരു സ്വതന്ത്രപതിപ്പായിരുന്നു അത്. അടിസ്ഥാനപരമായ ഗ്രാഫിക്സ് മാത്രമുപയോഗിച്ചിട്ടും ഗെയിം അത്യാകര്‍ഷകമായിരുന്നു. ഹരം കൊള്ളിക്കുന്ന വെടിവെപ്പുകള്‍. സാഹസികമായി പൂര്‍ത്തിയാക്കേണ്ട ഘട്ടങ്ങള്‍. എല്ലാംകൊണ്ടും പിടിച്ചിരുത്തുന്ന ഒരു ഗെയിം. ഒരു പക്ഷേ നമ്മെ കീഴടക്കുന്നതില്‍ ജി.ടി.എ. വൈസ് സിറ്റി പോലുള്ള ആധുനികഗെയിമുകളെ വെല്ലുന്നത്.

ആവേശകരമായ 'ഡൂം' (DOOM) ഗെയിം കളിക്കുമ്പോള്‍ പലര്‍ക്കും മോഷന്‍ സിക്ക്നെസ് അനുഭവപ്പെടാറുണ്ട്
ആവേശകരമായ 'ഡൂം' (DOOM) ഗെയിം കളിക്കുമ്പോള്‍ പലര്‍ക്കും മോഷന്‍ സിക്ക്നെസ് അനുഭവപ്പെടാറുണ്ട്

പുതിയ ഗെയിമിന്റെ സാദ്ധ്യതകള്‍ അന്വേഷിക്കുന്നതായിരുന്നു അടുത്ത രണ്ടു നാളുകള്‍. അപ്പോഴാണ് ഒരുകാര്യം ശ്രദ്ധയില്‍പ്പെട്ടത്. അരമണിക്കൂര്‍ തുടര്‍ച്ചയായി കളിച്ചാല്‍ തന്നെ ശരീരത്തിന് ഒരസ്വസ്ഥത അനുഭവപ്പെടുന്നു. ഛര്‍ദിക്കാനൊരു തോന്നല്‍. ഗെയിം കളിക്കുമ്പോള്‍ മാത്രമേ ഈ പ്രശ്നമുള്ളൂ. ഗെയിം കളിച്ചാല്‍‌ കണ്ണോ കയ്യോ കേടാവുന്നത് മനസ്സിലാക്കാം. മനംപുരട്ടലും ഗെയിമിങ്ങും തമ്മിലെന്തുബന്ധം?

പിന്നീട് അതായി അന്വേഷണം. അങ്ങനെയാണ് മോഷന്‍ സിക്ക്നെസ്സുമായി ബന്ധപ്പെട്ട രസകരമായ ചില കാര്യങ്ങള്‍ പരിചയപ്പെട്ടത്. കാഴ്ചയിലെ ചലനവും യഥാര്‍ത്ഥചലനവും തമ്മില്‍ പൊരുത്തമില്ലാതെ വരുമ്പോള്‍ ശരീരത്തിനുണ്ടാവുന്ന അസ്വസ്ഥതയാണ് മോഷന്‍ സിക്ക്നെസ്സ് (Motion Sickness). മനംപുരട്ടല്‍, ക്ഷീണം, തലകറക്കം തുടങ്ങി പലതാവാം പ്രശ്നങ്ങള്‍. ഗെയിം കളിയ്ക്കിടെ പരിചയപ്പെടുന്ന ഒരസ്വസ്ഥതയാണ് ഇതെങ്കിലും വെര്‍ച്വല്‍ റിയാലിറ്റി രംഗത്തെ ഗൗരവമേറിയ ഒരു വെല്ലുവിളിയായാണ് ഗവേഷകര്‍ ഇതിനെ കാണുന്നത്.

വണ്ടിയില്‍ യാത്രചെയ്യുമ്പോള്‍ ഛര്‍ദിയ്ക്കാന്‍ തോന്നുന്നതാണ് മോഷന്‍ സിക്ക്നെസ്സ് എന്നാണ് പലയിടത്തും നിര്‍വചനം കാണുക. ആദ്യകാലത്ത് ഈ നിര്‍വചനം ധാരാളമായിരുന്നു. യാത്രയുടെ തരമനുസരിച്ച് സീസിക്ക്നെസ്സ് (Seasickness), കാര്‍ സിക്ക്നെസ്സ്, എയര്‍സിക്ക്നെസ്സ് എന്നിങ്ങനെ പല പേരുകളില്‍ ഇതറിയപ്പെട്ടു. എന്നാല്‍ സാങ്കേതികവിദ്യയുടെ വികാസത്തോടെ ചലച്ചിത്രം, വീഡിയോ ഗെയിമുകള്‍, സിമുലേറ്ററുകള്‍, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങി പലതുമായി ബന്ധപ്പെട്ടും മോഷന്‍ സിക്ക്നെസ്സ് ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. ഇവിടെയെല്ലാം പൊതുവായി ഉള്ളത് ഒരേയൊരു കാര്യമാണ്: കാഴ്ചയിലെ ചലനവും ശരീരത്തിന്റെ ചലനവും തമ്മിലുള്ള പൊരുത്തക്കേട്. ഇത് മനംപുരട്ടലുണ്ടാക്കുന്നു എന്നതില്‍ക്കവിഞ്ഞ് അതിനുപിന്നിലെ ജീവശാസ്ത്രമെന്തെന്ന് ഇനിയും തീര്‍ച്ചയായിട്ടില്ല. അതുകൊണ്ടുതന്നെ വ്യക്തമായ പ്രശ്നപരിഹാരവുമില്ല.

മോഷന്‍ സിക്ക്നെസ്സ് മൂന്നുതരമുണ്ട്:

  • ശരീരം അനുഭവിക്കുന്ന ചലനം കാഴ്ചയില്‍ പ്രതിഫലിക്കാത്തപ്പോള്‍ വരുന്നത്
  • കാഴ്ചയിലെ ചലനം ശരീരം അനുഭവിക്കാത്തപ്പോള്‍ വരുന്നത്
  • കാഴ്ചയിലെ ചലനവും ശരീരത്തിന്റെ ചലനവും ഒത്തുപോകാത്തപ്പോള്‍ വരുന്നത്

വണ്ടിയില്‍ യാത്ര ചെയ്യുമ്പോഴുള്ള കാര്യം തന്നെയെടുക്കുക. വണ്ടി കുലുങ്ങുന്നത് ശരീരമറിയുന്നുണ്ട് (ചെവിയും നാഡീവ്യവസ്ഥയും ചേര്‍ന്നാണല്ലോ ചലനം ഒപ്പിയെടുക്കുന്നതും ശരീരം സന്തുലിതമാക്കുന്നതും). എന്നാല്‍ പുറത്തേക്ക് ശ്രദ്ധിക്കാതെയാണ് യാത്രയെങ്കില്‍ ചലനം കണ്ണറിയില്ല. അതോടെ ആദ്യത്തെ തരത്തില്‍പ്പെട്ട മോഷന്‍ സിക്ക്നെസ്സുണ്ടാകുന്നു.

ഇതിന്റെ നേര്‍വിപരീതമാണ് സിമുലേറ്റര്‍ സിക്ക്നെസ്സ്. സൈനികരെ വിമാനം പറത്താനും മറ്റും പരിശീലിപ്പിക്കവെ തൊണ്ണൂറുകളിലാവണം ഇത് ശ്രദ്ധയില്‍പ്പെട്ടത്. ഇതുതന്നെയാണ് ഫസ്റ്റ് പേഴ്സണ്‍ ഷൂട്ടറുകളില്‍ സംഭവിക്കുന്നത്. സ്ക്രീനില്‍ മാത്രം ശ്രദ്ധിക്കുന്ന നിങ്ങളുടെ കണ്ണ് കാണുന്ന ചലനം ശരീരം അനുഭവിക്കുന്നതിന് വിപരീതമാണ്. ഇത് തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുന്നു.

എല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ലെങ്കിലും വലിയൊരു വിഭാഗം ആളുകള്‍ക്ക് മോഷന്‍ സിക്ക്നെസ്സിന്റെ പ്രശ്നമുണ്ട്. അതുകൊണ്ടുതന്നെ വെര്‍ച്വല്‍ റിയാലിറ്റി രംഗത്തെ ഗവേഷകര്‍ ഡിസൈനിങ് സമയത്ത് ഇതുകൂടി കണക്കിലെടുക്കുന്നുണ്ട്. ചില പരീക്ഷണങ്ങളൊക്കെ വിജയം കാണുന്നുമുണ്ട്.

ഗെയിമിങ്ങില്‍ മോഷന്‍ സിക്ക്നെസ്സ് തടയാന്‍ നമുക്ക് ചെയ്യാവുന്ന ചില പരീക്ഷണങ്ങളിതാ:

  • അതിവേഗചലനങ്ങളുള്ള ഗെയിമുകള്‍ ഒഴിവാക്കുക, പറ്റുമെങ്കില്‍ പതുക്കെക്കളിക്കുക.
  • ഒരുപാട് വസ്തക്കള്‍ സ്ക്രീനില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഗെയിമുകളും വേണ്ട.
  • കഴിയുമെങ്കില്‍ ഫുള്‍സ്ക്രീന്‍ മോഡ് ഓഫാക്കി നോക്കുക.
  • ഗെയിമിങ് സമയം കുറയ്ക്കുകയും ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുകയും ചെയ്യുക. ചിലപ്പോള്‍ നിശ്ചലമായിരുന്ന് നിശ്ചലമായ വല്ലതിലേക്കും ശ്രദ്ധിച്ചിരിക്കുന്നതാവും ഗുണം ചെയ്യുക.
  • ഇഞ്ചി കഴിക്കുന്നത് പലര്‍ക്കും ഗുണം ചെയ്തിട്ടുണ്ട്. പരീക്ഷിച്ചുനോക്കുക.

Click here to read more like this. Click here to send a comment or query.