Nandakumar Edamana
Share on:
@ R t f

വാദം ജയിച്ച് മിറര്‍ലെസ്?


ഒരു സാധാരണക്കാരന് ക്യാമറയെന്നത് ആഡംബരമോ പുരാവസ്തുവോ ആയിട്ട് കാലമേറെയായി. ഓര്‍മകള്‍ക്ക് മാത്രമായി ഫോട്ടോയെടുക്കുന്നവര്‍ക്കുള്ള വിലകുറഞ്ഞ പോയിന്റ്-ആന്‍ഡ്-ഷൂട്ട് ക്യാമറകള്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പൂര്‍ണ്ണമായും സ്മാര്‍ട്ട്ഫോണിന് വഴിമാറി. എന്നാല്‍ ഫോട്ടോഗ്രാഫിയെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ക്കിടയില്‍ ക്യാമറയ്ക്ക് ക്യാമറ തന്നെ വേണം. അവയ്ക്കിടയില്‍ത്തന്നെയുള്ള മാറ്റങ്ങളാണ് സംഭവിക്കുക. അത്തരത്തില്‍ വലിയൊരു മാറ്റമാണ് ഇപ്പോള്‍ നടക്കുന്നത്. ഡിഎസ്എല്‍ആറില്‍ നിന്ന് മിറര്‍ലെസ്സിലേക്കുള്ള മാറ്റം.

അമച്ചര്‍, പ്രൊഫഷണല്‍ രംഗത്തെ അവസാനവാക്കായ ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ക്ക് ബദലാവാന്‍ മിറര്‍ലെസ് അവതരിച്ചിട്ട് ഏതാനും വര്‍ഷങ്ങളായി. ഒതുക്കമടക്കം ചില ഗുണങ്ങളുണ്ടെങ്കിലും ഇവ പക്ഷേ നിലവാരത്തിന്റെ കാര്യത്തില്‍ ഡിഎസ്എല്‍ആറിനേക്കാള്‍ ഏറെ പിന്നിലാണെന്നായിരുന്നു വലിയൊരു വിഭാഗം ആളുകളും പരാതിപ്പെട്ടിരുന്നത്. എന്നാല്‍ അടുത്തകാലത്തായി ഈ അഭിപ്രായം വിപരീതമാകുന്ന കാഴചയാണ്. ഏറെക്കാലമായി ഡിഎസ്എല്‍ആര്‍ രംഗത്തുള്ള നിക്കോണും ക്യാനണും പോലും മിറര്‍ലെസ്സിന് കൂടുതല്‍ പ്രാധാന്യം കൊടുത്തുതുടങ്ങിയിരിക്കുന്നു. ഡിഎസ്എല്‍ആറിന്റെ അവസാനമായോ എന്നുവരെ സംശയം പ്രകടിപ്പിക്കുന്നവരുണ്ട്.

വിപ്ലവകരമാണെങ്കിലും ഫിലിമില്‍ നിന്നും ഡിജിറ്റലിലേയ്ക്കുള്ള മാറ്റം പോലെ മൗലികമായ ഒന്നല്ല ഡിഎസ്എല്‍ആറില്‍നിന്ന് മിറര്‍ലെസ്സിലേക്കുള്ള മാറ്റം. ഫോട്ടോ എടുക്കുന്ന വേളയില്‍ ഫോട്ടോഗ്രാഫര്‍ക്ക് കിട്ടുന്ന സൗകര്യങ്ങളില്‍ മാത്രമാണ് വ്യത്യാസം. സങ്കേതം ഡിജിറ്റല്‍ത്തന്നെ. എന്നാല്‍ ഫോട്ടോഗ്രഫി രംഗത്തെ ചൂടേറിയ ചര്‍ച്ചാവിഷയമാണ് ഈ മാറ്റം.

ഈ ലേഖനത്തിന്റെ ഉദ്ദേശ്യം വളരെ ലളിതമാണ്. മിറര്‍ലെസ്സിനെക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ലാത്തവര്‍ക്ക് അതേക്കുറിച്ച് ഒരു ധാരണ നല്‍കുക. ഡിഎസ്എല്‍ആറുമായുള്ള മത്സരത്തില്‍ അവ എത്രമാത്രം മുന്നേറി എന്ന് വ്യക്തമാക്കുക. ഡിഎസ്എല്‍ആര്‍ ആണോ മിറര്‍ലെസ് ആണോ ഭംഗിയുള്ള ചിത്രങ്ങള്‍ തരിക എന്ന ചോദ്യം നമ്മുടെ പരിഗണനയില്‍ ഇല്ലേയില്ല. ക്യാമറ ഒരുപകരണം മാത്രമാണെന്നിരിക്കേ അത്തരമൊരു ചോദ്യത്തിന് ഒരു പരിധിക്കപ്പുറം പ്രസക്തിയുമില്ല. എന്നാല്‍ ബാറ്ററി ദൈര്‍ഘ്യം പോലെ അളന്നു പറയാവുന്ന കാര്യങ്ങളും മിറര്‍ലെസ്സുമായി ബന്ധപ്പെട്ടു കേള്‍ക്കാനിടയുള്ള വാക്കുകളുടെ വിശദീകരണങ്ങളും പരിശോധിക്കാം.

എന്താണ് മിറര്‍ലെസ് ക്യാമറ?

ഡിഎസ്‌എല്‍ആര്‍ ക്യാമറ എന്താണെന്ന് അറിയാവുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഒറ്റയടിക്ക് ഉത്തരം തരാം. ഡിഎസ്‌എല്‍ആറിന്റെ അതെ സൗകര്യങ്ങളുള്ള, എന്നാല്‍ ഉള്ളിലെ ചില ചലിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി കുറേക്കൂടി ഒതുക്കം കൊണ്ടുവന്നിട്ടുള്ള ക്യാമറകളാണ് മിറര്‍ലെസ് ക്യാമറകള്‍. ഇനി കുറേക്കൂടി വിശദമാക്കാം. 'ഇന്റര്‍ചെയ്ഞ്ചബിള്‍ ലെന്‍സ് ക്യാമറ' എന്ന കുടുംബത്തിലെ ഒരംഗമാണ് ഡിഎസ്‌എല്‍ആറിനെപ്പോലെ മിറര്‍ലെസ്സും.

ആവശ്യാനുസാരം ലെന്‍സ് മാറ്റാവുന്ന ക്യാമറകള്‍ ആണ് ഇന്റര്‍ചെയ്ഞ്ചബിള്‍ ലെന്‍സ് ക്യാമറകള്‍. സ്വാഭാവികമായും അപര്‍ച്ചറും ഷട്ടര്‍സ്പീഡുമടക്കം മറ്റു ഘടകങ്ങളും നിയന്ത്രിക്കാന്‍ ഇവ അവസരമേകുന്നു.

റിഫ്ലക്സ്‌ മിറര്‍ ഉള്ള ഇന്റര്‍ചെയ്ഞ്ചബിള്‍ ലെന്‍സ് ക്യാമറകള്‍ ആണ് എസ്എല്‍ആര്‍ (Single Lens Reflex) ക്യാമറകള്‍. ലെന്‍സിലൂടെ എത്തുന്ന ദൃശ്യം അതേപടി വ്യൂഫൈന്‍ഡറില്‍ കാണിക്കുന്നതിനാണ് റിഫ്ളക്സ് മിറര്‍. പകര്‍ത്താന്‍ പോകുന്ന ചിത്രത്തോട് ഇത്രമാത്രം നീതി പുലര്‍ത്തുന്നതായിരുന്നില്ല ഇതിന്റെ വരവിനുമുമ്പ് ഫിലിം ക്യാമറകളിലെ വ്യൂഫൈന്‍ഡറില്‍ കാണുമായിരുന്ന ദൃശ്യം. എസ്എല്‍ആറിന്റെ ഡിജിറ്റല്‍ പതിപ്പാണ് ഡിഎസ്എല്‍ആര്‍. ചിത്രീകരണം ഡിജിറ്റല്‍ ആണെങ്കിലും ഇതിലെ വ്യൂഫൈന്‍ഡര്‍ സംവിധാനം ഫിലിം എസ്എല്‍ആറിലേതുപോലെത്തന്നെയാണ് (എന്നാല്‍ എല്‍സിഡി സ്‌ക്രീന്‍ വഴിയുള്ള പ്രിവ്യൂവും ലഭിക്കും).

ഡിഎസ്എല്‍ആറിലെ മിറര്‍ സംവിധാനത്തിനു പകരം പൂര്‍ണ്ണമായും ഇലക്ട്രോണിക് ആയ വ്യൂഫൈന്‍ഡര്‍ ഉപയോഗിക്കുന്നവയാണ് മിറര്‍ലെസ് ക്യാമറകള്‍. മിറര്‍ലെസ് ക്യാമറകളെയും പോയിന്റ്-ആന്‍ഡ്-ഷൂട്ട് ക്യാമറകളെയും വ്യത്യസ്തമാക്കുന്നത് എടുക്കുന്ന ചിത്രങ്ങളുടെ നിലവാരവും കിട്ടുന്ന സൗകര്യങ്ങളുമാണ്. ലെന്‍സ് മാറ്റുന്നതടക്കം ഡിഎസ്എല്‍ആറിലെ എല്ലാ സൗകര്യങ്ങളും മിറര്‍ലെസ് ക്യാമറയിലും കിട്ടും.

മിറര്‍ലെസ് ക്യാമറയ്ക്ക് എംഐഎല്‍സി (Mirrorless Interchangeable Lens Camera), ഡിഎസ്എല്‍എം (Digital Single-lens Mirrorless) എന്നീ ചുരുക്കപ്പേരുകളുണ്ട്.

പ്രധാനനേട്ടങ്ങള്‍

ഘടകഭാഗങ്ങള്‍ കുറവായതുകൊണ്ടുതന്നെ ഈ നേട്ടങ്ങളാണ് പൊതുവെ മിറര്‍ലെസ് ക്യാമറകള്‍ക്കുള്ളത്:

  • ഒതുക്കം
  • വേഗമേറിയ കണ്ടിന്യുവസ് ഷൂട്ടിങ് (ഒറ്റ ക്ലിക്കില്‍ തുടര്‍ച്ചയായി ഒരുപാട് ചിത്രങ്ങളെടുക്കല്‍)
  • ഷട്ടറിന്റെ ശബ്ദമില്ലാതെയുള്ള ചിത്രീകരണം
  • ഇലക്ട്രോണിക് വ്യൂഫൈന്‍ഡര്‍ (എല്ലായ്പോഴും നേട്ടമാവണമെന്നില്ല)

ഇലക്ട്രോണിക് വ്യൂഫൈന്‍ഡര്‍

ചിത്രം എങ്ങനെയിരിക്കുമെന്ന് മനസ്സിലാക്കാനും ഫോക്കസ് ക്രമീകരിക്കാനുമെല്ലാമായി കണ്ണ് നേരിട്ടു വച്ചു നോക്കാവുന്ന ഒരു ഭാഗം ക്യാമറകളില്‍ ഉണ്ടാവാറുണ്ടല്ലോ. ഇതാണ് 'വ്യൂഫൈന്‍ഡര്‍'. ഡിജിറ്റല്‍ ക്യാമറകളുടെ വരവോടെ വില കൂടിയ മോഡലുകളില്‍ മാത്രം ലഭ്യമായ ഒന്നായി ഇതുമാറി (അല്ലാത്തവയില്‍ എല്‍സി‍ഡി സ്ക്രീനില്‍ മാത്രമായി പ്രിവ്യൂ). വിലകൂടിയ ഡിഎസ്എല്‍ആറുകളിലാകട്ടെ എല്‍സിഡി സ്ക്രീനിനുപുറമെ വ്യൂഫൈന്‍ഡറുകള്‍ ഉണ്ടാവുകയും അവ ഫിലിം ക്യാമറകളിലേതുപോലെതന്നെ ആയിരിക്കുകയും ചെയ്തു. ഡിജിറ്റല്‍ അല്ലാതെ, കണ്ണാടിയും മറ്റും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇതാണ് 'ഒപ്റ്റിക്കല്‍ വ്യൂഫൈന്‍ഡര്‍'.

മിറര്‍ സംവിധാനം ഇല്ലാത്തതിനാല്‍ മിറര്‍ലെസ് ക്യാമറകളില്‍ ഒപ്റ്റിക്കല്‍ വ്യൂഫൈന്‍ഡര്‍ സാദ്ധ്യമല്ല. പകരം അതേസ്ഥാനത്ത് തീരെച്ചെറിയ, എന്നാല്‍ നല്ല റെസലൂഷനുള്ള ഒരു ഇലക്ട്രോണിക് ഡിസ്‌പ്ലേ ഒരുക്കിയിട്ടുള്ളതാണ് ഇലക്ട്രോണിക് വ്യൂഫൈന്‍ഡര്‍.

എടുത്തുകഴിഞ്ഞാല്‍ ചിത്രം കാണാന്‍ എങ്ങനെയിരിക്കും എന്നതിനെക്കുറിച്ച് കുറേക്കൂടി വ്യക്തമായ ധാരണ തരും എന്നതാണ് ഒപ്റ്റിക്കല്‍ വ്യൂഫൈന്‍ഡറിനെ അപേക്ഷിച്ച് ഇലക്ട്രോണിക് വ്യൂഫൈന്‍ഡറിനുള്ള മെച്ചം. ഐഎസ്ഒ, ഷട്ടര്‍സ്പീഡ് അടക്കമുള്ള പല ക്രമീകരണങ്ങളും സ്വാധീനിക്കാത്തതിനാല്‍ ഒപ്റ്റിക്കല്‍ വ്യൂഫൈന്‍ഡറില്‍ കാണുന്നത് എടുത്തുകഴിഞ്ഞ ചിത്രത്തിനുണ്ടാകുന്ന തെളിച്ചമായിരിക്കില്ല. കൂടിയോ കുറഞ്ഞോ ഇരിക്കാം. ഡിഎസ്എല്‍ആറില്‍ ഒപ്റ്റിക്കല്‍ വ്യൂഫൈന്‍ഡറിന് പകരം എല്‍സിഡി സ്‌ക്രീന്‍ (ലൈവ് വ്യൂ) കൂടി ഉള്ളതുകൊണ്ട് ഇത് വലിയൊരു പ്രശ്നമല്ലെങ്കിലും ചുറ്റും ഏറെ വെളിച്ചമുള്ളപ്പോള്‍ എല്‍സിഡി സ്ക്രീനിലെ കാഴ്ച സുഖകരമായിരിക്കില്ല. എന്നാല്‍ ഇലക്ട്രോണിക് വ്യൂഫൈന്‍ഡറിന് ഈ പ്രശ്‌നമില്ല. ഒപ്റ്റിക്കല്‍ വ്യൂഫൈന്‍ഡര്‍ പോലെതന്നെ ചുറ്റുമുള്ള പ്രകാശത്തിന്റെ ശല്യമില്ലാതെ ഉപയോഗിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ നല്ല വെയിലത്തും കാണാമെന്ന ഒപ്റ്റിക്കല്‍ വ്യൂഫൈന്‍ഡറിന്റെ ഗുണവും അവസാന ചിത്രത്തോട് കൂടുതല്‍ നീതി പുലര്‍ത്തുന്നു എന്ന എല്‍സിഡി സ്‌ക്രീനിന്റെ ഗുണവും ഒന്നിപ്പിക്കുകയാണ് ഇലക്ട്രോണിക് വ്യൂഫൈന്‍ഡര്‍.

അവസാനചിത്രം തന്നെയാണ് കാണുന്നത് എന്നതിനാല്‍ വ്യൂഫൈന്‍ഡറില്‍ നിന്ന് കണ്ണെടുത്ത് എല്‍സിഡി സ്‌ക്രീനില്‍ പ്ലേബാക്ക് ചെയ്ത് ചിത്രം പരിശോധിക്കേണ്ടതില്ല എന്നതാണ് ഡിഎസ്എല്‍ആറിനെ അപേക്ഷിച്ച് ഇലക്ട്രോണിക്ക് വ്യൂഫൈന്‍ഡര്‍ ഉള്ള ക്യാമറകളുടെ മറ്റൊരു മെച്ചം. അമിത പ്രകാശതീവ്രതയുള്ളപ്പോള്‍ ഒപ്റ്റിക്കല്‍ വ്യൂഫൈന്‍ഡറിനേക്കാള്‍ കണ്ണിന് സുഖം ഇലക്ട്രോണിക്ക് വ്യൂഫൈന്‍ഡര്‍ ആണെന്നും അഭിപ്രായമുണ്ട്.

വേഗക്കൂടുതല്‍

ഡിഎസ്എല്‍ആറിനാണോ മിറര്‍ലെസ്സിനാണോ വേഗക്കൂടുതല്‍? അതിനു മുമ്പ് വ്യക്തമാക്കേ​ണ്ടത് എന്താണ് ക്യാമറയുടെ വേഗം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നതാണ്. ക്യാമറയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പല ഘടകങ്ങളുടെയും ഘട്ടങ്ങളുടെയും വേഗം കടന്നുവരാറുണ്ട്. 'ഫാസ്റ്റ് ലെന്‍സ്' എന്നാല്‍ ഏറെ തുറന്ന അപര്‍ച്ചര്‍ ഉള്ള ലെന്‍സ് ആണ് (ഇവ ഉപയോഗിച്ച് ഉയര്‍ന്ന ഷട്ടര്‍സ്പീഡില്‍ ചിത്രമെടുക്കാം). ക്യാമറ ഡിഎസ്എല്‍ആര്‍ ആയാലും മിറര്‍ലെസ് ആയാലും ഫാസ്റ്റ് ലെന്‍സുകള്‍ ലഭിക്കും.

ചിത്രം പ്രോസസ് ചെയ്യാനും സേവ് ചെയ്യാനും എടുക്കുന്ന സമയമാണ് മറ്റൊന്ന്. മെമ്മറി കാര്‍ഡിന്റെ വേഗം മാറ്റി നിര്‍ത്തിയാല്‍ ക്യാമറയിലെ പ്രോസസറുകളെയും സോഫ്റ്റ്‌വെയറിനെയും ആശ്രയിച്ചിരിക്കും ഇത്. ഡിഎസ്എല്‍ആര്‍ ആയി എന്നതുകൊണ്ടു മാത്രം ഒരു ക്യാമറ ഇക്കാര്യത്തില്‍ പിന്നിലാവേണ്ട കാര്യമില്ലെങ്കിലും മിറര്‍ലെസ് ക്യാമറകള്‍ ആണ് ഇക്കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്. പ്രായം കുറവായതുകൊണ്ട് തന്നെ ഏറ്റവും പുതിയ, ഏറ്റവും ശക്തിയേറിയ പ്രോസസറുകള്‍ ഉള്‍ക്കൊള്ളാന്‍ മിറര്‍ലെസ് ക്യാമറകള്‍ക്ക് കഴിഞ്ഞു. ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ക്കും പുതിയതരം പ്രോസസറുകളോ സോഫ്റ്റ്‌വെയറോ ഉപയോഗിച്ചുകൂടാ എന്നില്ല. എന്നാല്‍ ഇന്ന് വിപണിയിലുള്ള ഡിഎസ്എല്‍ആറുകള്‍ എല്ലാം ഏറ്റവും പുതിയ മിറര്‍ലെസ് ക്യാമറകളെക്കാള്‍ പഴയതാണല്ലോ. മിറര്‍ലെസ് തെരഞ്ഞെടുക്കുന്നവരില്‍ വലിയൊരു വിഭാഗം ആളുകളും വീഡിയോ ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എന്നതും പ്രോസസിംഗ് ശേഷിയിലെ ഈ വര്‍ദ്ധനവിന് കാരണമാകുന്നുണ്ട്. ഉയര്‍ന്ന ഫ്രെയിം റേറ്റില്‍ 4K നിലവാരത്തിലുള്ള വീഡിയോകള്‍ വരെയെടുക്കാന്‍ വികസിപ്പിക്കുന്ന ചിപ്പുകള്‍ക്കും സോഫ്റ്റ്‌വെയറിനും സാധാരണ ഫോട്ടോയെടുപ്പും വേഗത്തിലാക്കാന്‍ കഴിയുമല്ലോ.

ഓട്ടോഫോക്കസിന്റെ വേഗമാണ് മറ്റൊരു ചര്‍ച്ചാവിഷയം. ഡിഎസ്എല്‍ആറുകളെ അപേക്ഷിച്ച് മിറര്‍ലെസ്സിന്റെ ഓട്ടോഫോക്കസ് പതുക്കെയാണ് എന്ന പരാതി വ്യാപകമായിരുന്നു. എന്നാല്‍ മിറര്‍ലെസ്സിന് പ്രചാരമേറിയതോടെ ഡിഎസ്എല്‍ആറിന്റേതിന് സമാനമായ ഓട്ടോഫോക്കസ് സെന്‍സറുകളും സങ്കേതങ്ങളും മിറര്‍ലെസ് ക്യാമറയില്‍ എത്തിയിട്ടുണ്ട്. എന്തെല്ലാം വികാസങ്ങള്‍ വന്നാലും ഡിഎസ്എല്‍ആറിന്റെയും മിറര്‍ലെസ്സിന്റെയും ഓട്ടോഫോക്കസ് രീതിയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉള്ളതുകൊണ്ടും ഓട്ടോഫോക്കസിന്റെ വേഗം അളക്കുക എളുപ്പമല്ലാത്തതുകൊണ്ടും ഇതൊരു തര്‍ക്കവിഷയമായിത്തന്നെ തുടരുന്നു. സ്വന്തം ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് പരീക്ഷിച്ചു തീരുമാനിക്കുന്നതുതന്നെയാണ് നല്ലത്. ഒന്നുറപ്പാണ്, ഹാര്‍ഡ്‌വെയര്‍ രംഗത്തെ മുന്നേറ്റങ്ങളുടെ പ്രയോജനം പൂര്‍ണ്ണമായും ലഭ്യമായതുകൊണ്ട് നിലവിലുള്ള ഡിഎസ്എല്‍ആറുകളെ വെല്ലുന്നതായിരിക്കും ഇനിയിറങ്ങുന്ന മിറര്‍ലെസ് ക്യാമറകളിലെ ഓട്ടോഫോക്കസ്.

ചലിക്കുന്ന ഭാഗങ്ങള്‍ കുറവായതുകൊണ്ടും മികച്ച പ്രോസസറുകളും മെമ്മറിയും ഉള്ളതുകൊണ്ടും മിറര്‍ലെസ് ക്യാമറകള്‍ ഏറെ മുന്നിട്ടു നില്‍ക്കുന്ന ഒരു മേഖലയാണ് കണ്ടിന്യുവസ് ഷൂട്ടിങ്ങ് അഥവാ ബഴ്സ്റ്റ് ക്യാപ്ച്ചര്‍ (Burst Capture). ഷട്ടര്‍ റിലീസ് ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുമ്പോള്‍ തുടര്‍ച്ചയായി ഒന്നിലേറെ ചിത്രങ്ങള്‍ പകര്‍ത്തുന്നതാണിത്. സുപ്രധാന മുഹൂര്‍ത്തങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ സ്പോര്‍ട്സ് ഫോട്ടോഗ്രാഫര്‍മാരും വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍മാരും ഏറെ ആശ്രയിക്കുന്ന സങ്കേതം. നിലവിലുള്ള ഡിഎസ്എല്‍ആറുകളില്‍ വില കൂടിയവയില്‍ പോലും സെക്കന്‍ഡില്‍ പത്തോ പന്ത്രണ്ടോ ചിത്രങ്ങള്‍ ആണ് ഇങ്ങനെ എടുക്കാനാവുക. എന്നാല്‍ മുപ്പത് ഫ്രെയിം പെര്‍ സെക്കന്‍ഡ് വരെ തരുന്ന മിറര്‍ലെസ് ക്യാമറകള്‍ ഉണ്ട്.

ലെന്‍സുകള്‍

മിക്ക പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ക്യാമറയെക്കാള്‍ പ്രധാനപ്പെട്ടതാണ് ലെന്‍സുകള്‍. ലക്ഷങ്ങള്‍ ചെലവഴിച്ചു വാങ്ങുന്നതുകൊണ്ടുതന്നെ ഇതൊരു 'നിക്ഷേപം' ആയാണ് കണക്കാക്കുന്നത്. ഉയര്‍ന്ന റെസലൂഷനോ മികച്ച ഓട്ടോഫോക്കസ്സോ കണക്കിലെടുത്ത് പുതിയ ക്യാമറാബോഡികള്‍ വാങ്ങുമ്പോഴും കയ്യിലുള്ള ലെന്‍സുകള്‍ തന്നെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നത് ഇതുകൊണ്ടാണ്. ലെന്‍സ് മൗണ്ട് (കംപ്യൂട്ടറിലെ പോര്‍ട്ട് പോലെ) ഒന്നുതന്നെ ആയാല്‍ ഒരു ഡിഎസ്എല്‍ആറിനു വേണ്ടി വാങ്ങിയ ലെന്‍സ് മറ്റൊന്നില്‍ ഉപയോഗിക്കാനാകും. ഏറിയാല്‍ ലഭ്യമായ സൗകര്യങ്ങളില്‍ (പ്രത്യേകിച്ച് ഓട്ടോഫോക്കസിന്റെ കാര്യത്തില്‍) കുറവുണ്ടാകും എന്ന് മാത്രം.

എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായതിനാല്‍ ഡിഎസ്എല്‍ആറിനു വേണ്ടി വാങ്ങിയ ലെന്‍സുകള്‍ പുനരുപയോഗിക്കാനാവില്ലല്ലോ എന്നതാണ് പലരെയും മിറര്‍ലെസ് വാങ്ങുന്നതില്‍നിന്നും പിന്തിരിപ്പിക്കുന്നത്. ഇതിനൊരു പരിഹാരമാണ് ലെന്‍സ് അഡാപ്റ്ററുകള്‍. നിക്കോണും ക്യാനണും അടക്കമുള്ള കമ്പനികള്‍ ഔദ്യോഗികമായിത്തന്നെ ഇവ വിപണിയിലിറക്കുന്നുണ്ട്. എന്നാല്‍ അഡാപ്റ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ ചില ലെന്‍സുകളില്‍ മുഴുവന്‍ സൗകര്യവും കിട്ടണമെന്നില്ല (ഉദാഹരണം ഓട്ടോഫോക്കസ്). ചിലത് പൂര്‍ണ്ണമായും പ്രവര്‍ത്തിച്ചെന്നുവരും. നിര്‍മാതാക്കളും വില്പനക്കാരും തരുന്ന ഡേറ്റാ ഷീറ്റുകളുടെ സഹായത്തോടെ ഇത് മുന്‍കൂട്ടി മനസ്സിലാക്കാനാകും.

ലെന്‍സുകളുടെ ലഭ്യതയുമായി ബന്ധുപ്പെട്ട് ഇപ്പറഞ്ഞതെല്ലാം പൂര്‍ണമായും സാങ്കേതികമാണെന്ന് ഓര്‍ക്കുമല്ലോ. ദൃശ്യഭംഗിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള അവകാശവാദങ്ങള്‍ ഈ ലേഖനം ഉന്നയിക്കുന്നില്ല.

സെന്‍സര്‍ വലിപ്പം

ആദ്യകാല മിറര്‍ലെസ് ക്യാമറകളില്‍ ഉപയോഗിച്ചിരുന്നത് വലിപ്പം കുറഞ്ഞ 'മൈക്രോ ഫോര്‍ തേഡ്സ്' സെന്‍സര്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡിഎസ്എല്‍ആറുകളെപ്പോലെ എപിഎസ്-സി, ഫുള്‍ഫ്രെയിം തുടങ്ങിയ വലിപ്പമേറിയ സെന്‍സറുകളുള്ള മിറര്‍ലെസ് ക്യാമറകള്‍ ലഭ്യമാണ്.

ബാറ്ററി ദൈര്‍ഘ്യം: ഡിഎസ്എല്‍ആറിന്റെ കച്ചിത്തുരുമ്പ്?

ബാറ്ററി എത്ര നേരം നീണ്ടുനില്‍ക്കുന്നു എന്നതിലാണ് ഡിഎസ്എല്‍ആറിന് ഇപ്പോഴും കൃത്യമായ മുന്‍‌തൂക്കം ഉള്ളത്. ഡിഎസ്എല്‍ആറുകള്‍ ഒറ്റച്ചാര്‍ജ്ജില്‍ ആയിരമോ രണ്ടായിരമോ ചിത്രങ്ങളെടുക്കുമ്പോള്‍ മിറര്‍ലെസ്സില്‍ അത് ശരാശരി അഞ്ഞൂറാണ് (ഏകദേശചിത്രം കിട്ടാനുള്ള കണക്കുമാത്രമാണിത്).

ചലിക്കുന്ന ഭാഗങ്ങള്‍ കൂടുതല്‍ ആയതിനാല്‍ ഡിഎസ്എല്‍ആറിന് കൂടുതല്‍ ചാര്‍ജ് വേണ്ടിവരുമെന്ന് തോന്നാം. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഒപ്റ്റിക്കല്‍ വ്യൂഫൈന്‍ഡര്‍ ഇല്ലാത്തതിനാല്‍ സദാസമയവും ഇലക്ട്രോണിക് ആയി ദൃശ്യങ്ങള്‍ അവതരിപ്പിക്കേണ്ടതുണ്ടല്ലോ. മിഴിവും വേഗവും സാധാരണയിലേറെ വേണം താനും. ഇതിന് ചാര്‍ജ് ഏറെ വേണം. ബാറ്ററി, ഡിസ്‌പ്ലേ സങ്കേതങ്ങള്‍ ഭാവിയില്‍ കൂടുതല്‍ കാര്യക്ഷമമാകുക തന്നെ ചെയ്യും. എന്നാല്‍ കംപ്യൂട്ടേഷണല്‍ ഫോട്ടോഗ്രാഫി പോലുള്ള കാര്യങ്ങള്‍ക്കായി സങ്കീര്‍ണ്ണവും കൂടുതല്‍ വൈദ്യുതി ആവശ്യപ്പെടുന്നതുമായ ചിപ്പുകള്‍ ക്യാമറയിലെത്തുന്നതോടെ ഇതൊരു വടംവലിയാകാനും സാധ്യതയുണ്ട്.

വിപണിയില്‍

2020-21 കാലത്തായി മിറര്‍ലെസ്സുകള്‍ ഡിഎസ്എല്‍ആറുകളെ മറികടന്നു എന്ന് ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട പല ഓണ്‍ലൈന്‍ സ്രോതസ്സുകളും അഭിപ്രായപ്പെടുന്നുണ്ട്. വിറ്റ ക്യാമറാബോഡികളുടെ എണ്ണം, പുതുതായി പുറത്തിറങ്ങിയ മോഡലുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഇങ്ങനെയൊരു അവകാശവാദം. നിക്കോണ്‍ ഡിഎക്സ് ലെന്‍സുകളുടെ ക്ഷാമത്തെത്തുടര്‍ന്ന് ശരാശരി നിലവാരമുള്ള ഡിഎസ്എല്‍ആറുകളുടെ അവസാനമായോ എന്നുവരെ ചര്‍ച്ചയുണ്ടായി. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ ക്ഷാമങ്ങള്‍ അടിസ്ഥാനമാക്കി ഇത്തരം തീരുമാനങ്ങളിലെത്താനാവില്ല. എന്നാല്‍ ഒന്നുറപ്പാണ് -- നിക്കോണും ക്യാനണുമടക്കമുള്ള ഡിഎസ്എല്‍ആര്‍ നിര്‍മാതാക്കള്‍ പോലും കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് മിറര്‍ലെസ്സിനുതന്നെയാണ്.

ഡിഎസ്എല്‍ആറിനെ മിറര്‍ലെസ് എല്ലാ അര്‍ത്ഥത്തിലും മറികടന്നാലേ ഡിഎസ്എല്‍ആര്‍ ഇല്ലാതെയാകൂ എന്നില്ല. ഫിലിം ക്യാമറകള്‍ അപ്രത്യക്ഷമായത് ഡിജിറ്റല്‍ സാങ്കേതികവിദ്യ നിലവാരത്തില്‍ അതിനെ മറികടന്നതുകൊണ്ടായിരുന്നില്ലല്ലോ. ഉപയോഗിക്കാനുള്ള എളുപ്പം മാത്രമായിരുന്നു ആ മാറ്റത്തിന് കാരണം. ഫിലിം ക്യാമറകള്‍ നിര്‍ത്തലായി ഏറെ കഴിഞ്ഞതിനു ശേഷമാണ് ഡിഎസ്എല്‍ആറുകള്‍ മിഴിവിന്റെയും വ്യക്തതയുടെയും കാര്യത്തില്‍ ഫിലിമിനൊപ്പം എത്തിയത്. മിറര്‍ലെസ് ക്യാമറകളാകട്ടെ ഡിഎസ്എല്‍ആര്‍ സജീവമായ കാലത്തുതന്നെ അതിനൊപ്പമോ അതിനേക്കാള്‍ മുന്നിലോ എത്തിക്കഴിഞ്ഞു. അതുകൊണ്ട് മുമ്പുണ്ടായിരുന്ന തോതില്‍ പുതിയ ഡിഎസ്എല്‍ആര്‍ മോഡലുകള്‍ ഇനി പുറത്തിറങ്ങാനിടയില്ല.


Click here to read more like this. Click here to send a comment or query.