Nandakumar Edamana
Share on:
@ R t f

ലോകം വെര്‍ച്വല്‍, സാദ്ധ്യതകള്‍ റിയല്‍


സാങ്കേതികവിദ്യയുടെ ഓരോ ചുവടും ഒറ്റയടിക്ക് പല മേഖലകളിലാണ് ചലനമുണ്ടാക്കുന്നത്. കേവലമൊരു വിനോദോപാധിയായിരുന്ന ത്രീഡി ഇന്ന് വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, സൈനികപരിശീലനം തുടങ്ങി വ്യത്യസ്തകാര്യങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നു. ഇതുപോലെയാണ് വെര്‍ച്വല്‍ റിയാലിറ്റിയും. ഏതെങ്കിലും ഒരു മേഖലയിലായി അതിന്റെ സാദ്ധ്യതകള്‍ ഒതുങ്ങിക്കൂടുന്നില്ല. വിനോദം മുതല്‍ ഗൗരവമേറിയ മേഖലകളില്‍വരെ വെര്‍ച്വല്‍ റിയാലിറ്റി വേരുറപ്പിക്കുകയാണ്.

ഇനിയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ഒരു സാങ്കേതികവിദ്യയാണ് വെര്‍ച്വല്‍ റിയാലിറ്റി. അത് അതിവേഗം വളരുകയുമാണ്. നാം ചിന്തിച്ചിട്ടില്ലാത്ത ഒട്ടേറെ സാദ്ധ്യതകള്‍ അതിന് ഇനിയുമുണ്ടാകാം. നിലവില്‍ വെര്‍ച്വല്‍ റിയാലിറ്റി ഫലപ്രദമായുപയോഗിക്കുന്ന മേഖലകളും ഉപയോഗങ്ങളും ഇതാ.

സൈനികം

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു മേഖലയാണല്ലോ സേന. യുദ്ധം ചെയ്യല്‍, വിമാനം പറത്തല്‍, അപകടകരമായ സന്ദര്‍ഭങ്ങള്‍ അഭിമുഖീകരിക്കല്‍ തുടങ്ങി ഒരുപാടുകാര്യങ്ങളില്‍ സൈനികര്‍ക്ക് പരിശീലനം ആവശ്യമുണ്ട്. പരിശീലനമില്ലാതെ വിമാനം പറത്താനും മറ്റും പോയാല്‍ അപകടമുറപ്പ്. യഥാര്‍ത്ഥമായ രീതിയില്‍ പരിശീലനം നേടുന്നതോ, അതും അപകടകരം. ഇവിടെയാണ് വെര്‍ച്വല്‍ റിയാലിറ്റി സഹായത്തിനെത്തുന്നത്. അപകടകരമായ അഥവാ സങ്കീര്‍ണമായ രംഗങ്ങള്‍ വെര്‍ച്വല്‍ റിയാലിറ്റിയുടെ സഹായത്തോടെ പുനഃസൃഷ്ടിക്കുമ്പോള്‍ സുരക്ഷിതമായ സൈനികപരീശീലനം സാദ്ധ്യമാവുന്നു.

ഫ്ലൈറ്റ് സിമുലേഷന്‍, ബാറ്റില്‍ഫീല്‍ഡ് സിമുലേഷന്‍ എന്നിവയാണ് ഈ രംഗത്തെ പ്രധാനപ്പെട്ട സിമുലേഷനുകള്‍. വിമാനം പറത്തുന്നതിന്റെ പ്രതീതി സൃഷ്ടിക്കുന്നതാണ് ഫ്ലൈറ്റ് സിമുലേഷന്‍. ഹൈഡ്രോളിക് സംവിധാനമുപയോഗിച്ച് തിരിയാനും ചെരിയാനുമെല്ലാം കഴിയുന്ന ഒരു പേടകമാണ് ഫ്ലൈറ്റ് സിമുലേറ്റര്‍. ഉള്ളിലിരിക്കുന്നയാളുടെ ജോയ്സ്റ്റിക് ചലനങ്ങള്‍ക്കനുസരിച്ച് ഇത് (നിന്നിടത്തുതന്നെ) ചലിക്കുന്നു. അതൊരു യഥാര്‍ത്ഥവിമാനമായിരുന്നെങ്കില്‍ ജാലകങ്ങളിലൂടെ എന്ത് കാണുമായിരുന്നോ, അതാണ് ഉള്ളിലെ മോണിറ്ററുകളില്‍ തെളിയുക. വിമാനം പറത്തല്‍, ഗ്രൗണ്ട് കണ്‍ട്രോളുമായി ആശയവിനിമയം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ പരിശീലിപ്പിക്കാന്‍ സുരക്ഷിതമായൊരു രീതിയാണിത്.

ബാറ്റില്‍ഫീല്‍ഡ് സിമുലേഷന്‍ അഥവാ കോംബാറ്റ് സിമുലേഷന്‍ (Combat Simulation) കുറേക്കൂടി 'വിശാലമായ' ഒന്നാണ്. ഇവിടെ പരിശീലനം ലഭിക്കുന്നത് ഒന്നിലേറെപ്പേര്‍ക്കാണ്. അവരാകട്ടെ ഹെഡ്മൗണ്ടുകള്‍ ധരിച്ച് സ്വതന്ത്രരായി നടക്കുകയുമാണ്. അവരുടെ ചലനവും ആയുധങ്ങളില്‍നിന്നുള്ള സന്ദേശങ്ങളും കണക്കിലെടുത്ത് ഒരു പ്രധാനകംപ്യൂട്ടര്‍ സിമുലേഷന്‍ മുന്നോട്ടുകൊണ്ടുപോകുന്നു.

ഈ രണ്ട് സിമുലേഷനുകള്‍ക്കും പുറമേ മറ്റനേകം പരിശീലനങ്ങള്‍ക്കും സൈനികമേഖലയില്‍ വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗിക്കുന്നുണ്ട്. വെര്‍ച്വല്‍ അന്തര്‍വാഹിനികളും കപ്പലുകളുമെല്ലാം അക്കൂട്ടത്തില്‍പ്പെടും.

യുദ്ധരംഗത്തെ ചികിത്സ അഥവാ 'ബാറ്റില്‍ഫീല്‍ഡ് മെഡിസിന്‍' ഒരു പ്രത്യേകശാഖതന്നെയാണ്. അതില്‍ ചികിത്സകരെ പരിശീലിപ്പിക്കാനും വിവിധതരം തെറാപ്പികള്‍ നടത്താനും വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ചുവരുന്നു. പോസ്റ്റ്-ട്രോമാറ്റിക് സ്ടെസ് ഡിസോഡര്‍ (Post Traumatic Stress Disorder - PTSD) ചികിത്സിക്കാന്‍ വെര്‍ച്വല്‍ റിയാലിറ്റി തെറാപ്പികള്‍ ഉപയോഗിക്കാനാവും. ഭയാനകമായ ഘട്ടങ്ങളിലൂടെ കടന്നുപോവുകവഴി ഉണ്ടാകുന്ന മാനസികാസ്വാസ്ഥ്യമാണ് പി.ടി.എസ്.ഡി. ഇതനുഭവിക്കുന്നവരെ സുരക്ഷിതമായ അന്തരീക്ഷത്തില്‍ വീണ്ടും 'ഭയപ്പെടുത്തി' മെല്ലെമെല്ലെ സുഖപ്പെടുത്തിയെടുക്കുന്ന 'എക്സ്പോഷര്‍ തെറാപ്പി' ആണ് വെര്‍ച്വല്‍ റിയാലിറ്റി തരുന്ന ചികിത്സ.

വൈദ്യശാസ്ത്രം

അഭിനേതാവിന്റെ ചലനങ്ങള്‍ കംപ്യൂട്ടറിലെ ത്രീഡി മോഡലും അനുകരിക്കുന്ന മോഷന്‍ ക്യാപ്ചര്‍ സാങ്കേതികവിദ്യ നമുക്ക് സുപരിചിതമാണ്. ചലച്ചിത്രരംഗത്തെ ഈ മായാജാലത്തിന് വൈദ്യശാസ്ത്രത്തില്‍ ഒരു പകര്‍പ്പുണ്ട് -- വെര്‍ച്വല്‍ റോബോട്ടിക് സര്‍ജറി. മോഷന്‍ ക്യാപ്ചറിന്റെ അതേ സാങ്കേതികവിദ്യയൊന്നുമല്ലെങ്കിലും പ്രത്യക്ഷത്തില്‍ ഈ ശസ്ത്രക്രിയ മോഷന്‍ ക്യാപ്ചര്‍ പോലെ തന്നെ. ഒരു വെര്‍ച്വല്‍ അന്തരീക്ഷത്തില്‍ ഡോക്റ്റര്‍ ശസ്ത്രക്രിയ നടത്തുന്നു, യഥാര്‍ത്ഥശരീരത്തില്‍ ഈ ചലനം ഒരു റോബോട്ട് അനുകരിക്കുന്നു -- ഇതാണ് വെര്‍ച്വല്‍ റോബോട്ടിക് സര്‍ജറി. ലോകത്തിന്റെ മറ്റേതോ കോണിലിരിക്കുന്ന ഒരു വിദഗ്ധന്റെ സേവനം ലഭ്യമാക്കാനും ശസ്ത്രക്രിയയില്‍ അമാനുഷികമായ കൃത്യത കൊണ്ടുവരാനുമെല്ലാം ഇത് സഹായിക്കും. ടെലിസര്‍ജറി, റിമോട്ട് സര്‍ജറി എന്നെല്ലാം ഇത് അറിയപ്പെടുന്നു.

എന്നാല്‍ വെര്‍ച്വല്‍ റോബോട്ടിക് സര്‍ജറിയില്‍ ഒതുങ്ങുന്നില്ല വൈദ്യശാസ്ത്രരംഗത്തെ വെര്‍ച്വല്‍ റിയാലിറ്റി. വിവിധതരത്തിലുള്ള പരിശീലനങ്ങള്‍ക്കും ഇത് ഉപയോഗിച്ചുവരുന്നുണ്ട്. വെര്‍ച്വല്‍ സര്‍ജറികള്‍ ശസ്ത്രക്രിയ നടത്തുന്നതില്‍ ഡോക്റ്റര്‍മാരെ പരിശീലിപ്പിക്കുന്നു.

രോഗനിര്‍ണയമാണ് (Diagnosis) മറ്റൊരു കാര്യം. വെര്‍ച്വല്‍ റിയാലിറ്റി അനുഭവിക്കുമ്പോള്‍ രോഗിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നത് തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങളുടെ വിശകലനത്തിനും ചികിത്സയ്ക്കും സഹായകമാവുമെന്ന് അടുത്തകാലത്ത് നിരീക്ഷിക്കപ്പെട്ടിരുന്നു.

ഉയരം, പറക്കല്‍ തുടങ്ങി പലതിനോടുമുള്ള ഭയമാണല്ലോ ഫോബിയകള്‍. ഇവ ചികിത്സിക്കാന്‍ എക്സ്പോഷര്‍ തെറാപ്പി ഉപയോഗിച്ചുവരുന്നുണ്ട്. എന്തിനോടാണോ ഭയം, ആ സാഹചര്യം പുനഃസൃഷ്ടിച്ച് രോഗിയെ അതുമായി പൊരുത്തപ്പെടുത്തുന്നതാണ് എക്സ്പോഷര്‍ തെറാപ്പി. ഇത് കുറേക്കൂടി സുരക്ഷിതമായി ചെയ്യാന്‍ വെര്‍ച്വല്‍ റിയാലിറ്റി സഹായിക്കും. ഇത്തരം തെറാപ്പികള്‍ വെര്‍ച്വല്‍ റിയാലിറ്റി എക്സ്പോഷര്‍ തെറാപ്പി (VRET) എന്നറിയപ്പെടുന്നു.

എന്നാല്‍ വെര്‍ച്വല്‍ റിയാലിറ്റി തെറാപ്പികള്‍ പലപ്പോഴും വിമര്‍ശനവും ഏറ്റുവാങ്ങാറുണ്ട്. മോഷന്‍ സിക്ക്നെസ് പോലുള്ള പാര്‍ശ്വഫലങ്ങളാണ് പ്രധാനകാരണം.

എഞ്ചിനീയറിംഗ്

രൂപരേഖകള്‍ എഞ്ചിനീയറിങ്ങില്‍ പ്രധാനപ്പെട്ടതാണല്ലോ. നിര്‍മ്മിതികളുടെ പ്രവര്‍ത്തനക്ഷമതയും ഈടുമെല്ലാം നല്ല രൂപരേഖകളെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഡിസൈനിംഗ് കുറ്റമറ്റതാകേണ്ടതുണ്ട്. ഇവിടെ വെര്‍ച്വല്‍ റിയാലിറ്റിയെ ആശ്രയിക്കാം. ത്രീഡി ഡിസൈനുകള്‍ വളരെ വേഗം തയ്യാറാക്കാനും പിശകുകള്‍ എളുപ്പത്തില്‍ കണ്ടെത്താനും അത് സഹായിക്കും.

ഒക്കുലസ് റിഫ്റ്റ് (Oculus Rift) ഉപയോഗിക്കുകവഴി ഫോര്‍ഡ് മോട്ടോര്‍സ് ഇപ്പോള്‍ത്തന്നെ അവരുടെ ഡിസൈനിംഗ് പ്രക്രിയ വെര്‍ച്വല്‍ ആക്കിയിട്ടുണ്ട്.

ടൂറിസം

ലോകരാജ്യങ്ങളിലെ കാഴ്ചകള്‍ നമ്മുടെ സ്വീകരണമുറിയിലെത്തിച്ച സഞ്ചാരപരിപാടികള്‍ ഏറെയുണ്ട്. അവ ചെയ്യുന്ന സേവനം ചെറുതല്ല. എങ്ങെല്ലാമോ ഉള്ള ദൃശ്യവും ശബ്ദവും ഒപ്പിയെടുത്ത് നമുക്കുമുന്നിലവതരിപ്പിക്കുമ്പോള്‍ പല പല സംസ്കാരവും ചരിത്രവും അറിവുമാണ് നമുക്ക് പകര്‍ന്നുകിട്ടുന്നത്.

എന്നാല്‍ ടെലിവിഷന്‍ പരിപാടികളില്‍ യാഥാര്‍ത്ഥ്യത്തിന്റെ വലിയൊരംശം ചോര്‍ന്നുപോകുന്നുണ്ട്. വെയിലോ മഴയോ നാം അനുഭവിക്കുന്നില്ല. ഏറ്റവും വലിയ പ്രശ്നം വീക്ഷണകോണാണ്. സഞ്ചാരിയുടെ കണ്ണുകളെ കടമെടുക്കാമെന്നല്ലാതെ അയാളുടെ കഴുത്തുതിരിക്കാന്‍ നമുക്ക് കഴിയില്ല. ഇനി നാളെ വരാനിരിക്കുന്ന വെര്‍ച്വല്‍ സഞ്ചാരപരിപാടികള്‍ സങ്കല്‍പ്പിക്കുക. അവിടെ സഞ്ചാരിയുടെ കഴുത്തും നമ്മുടെ നിയന്ത്രണത്തിലാണ് (അഥവാ നാം തന്നെയാണ് സഞ്ചാരി -- മറ്റൊരു സഞ്ചാരിയില്ല). ഓപ്പണ്‍ വേള്‍ഡ്, 360 ഡ്രിഗ്രി വീഡിയോ തുടങ്ങിയ സങ്കേതകങ്ങളുടെ സഹായത്തോടെ എവിടേക്ക് നടക്കാനും ഏതുദിശയില്‍ തിരിഞ്ഞുനോക്കാനും നമുക്കാകും! ഒപ്പം ചുറ്റുപാടിന്റെ യഥാര്‍ത്ഥ അനുഭൂതിയും ആസ്വദിക്കാം.

വിപ്ലവകരമായ ഈ ആശയം ടൂറിസം രംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ചുതുടങ്ങിയിരിക്കുന്നു. പല ടൂര്‍ കമ്പനികളും ഇപ്പോള്‍തന്നെ വെര്‍ച്വല്‍ ടൂറുകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

ഗെയിമിംഗ്

നിലവിലെ ത്രീഡി ഓപ്പണ്‍ വേള്‍ഡ് ഗെയിമുകളെല്ലാം തന്നെ ഒരുകണക്കിന് പറഞ്ഞാല്‍ വെര്‍ച്വല്‍ റിയാലിറ്റിയാണ്. കാരണം അവിടെ നമുക്ക് ഇഷ്ടമുള്ളിടത്തേക്ക് നടക്കാം, എങ്ങോട്ടുതിരിഞ്ഞും നോക്കാം. ഇതിനെ സ്റ്റീരിയോസ്കോപ്പിക് (ആഴവും അടുപ്പവും ഉള്ള) ത്രീഡി ആക്കുകയും ഹെഡ്സെറ്റ് വഴി 360 ഡിഗ്രി അനുഭൂതി നല്‍കുകയുമാണ് അധികമായി ചെയ്യുന്നത്. ജോയ്സ്റ്റിക്ക് പോലുള്ള ഉപകരണങ്ങള്‍ക്കപ്പുറം യഥാര്‍ത്ഥ ഉപകരണങ്ങളും നമ്മുടെ ചലനങ്ങളും ഗെയിമിലുപയോഗിക്കുന്നത് യാഥാര്‍ത്ഥ്യത്തിന്റെ മറ്റൊരുതലം സമ്മാനിക്കുന്നു. ഫ്ലൈറ്റ് സിമുലേറ്ററുകളും വെര്‍ച്വല്‍ റെയ്സിംഗ് ഗെയിമുകളും സത്യത്തില്‍ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. അതായത്, ഈ സാങ്കേതികവിദ്യ വിനോദത്തിനും പരിശീനത്തിനും ഒരുപോലെ ഉപയോഗിക്കാം.

വെര്‍ച്വല്‍ തീയറ്ററുകളും 360 ഡിഗ്രി വീഡിയോകളും

ഒറ്റയ്ക്കൊരു തീയറ്ററിലിരുന്ന് രാജകീയമായി പടം കാണുന്ന സുഖമാണ് വെര്‍ച്വല്‍ തീയറ്ററുകള്‍ അവതരിപ്പിക്കുന്നത്. ഏതു വീഡിയോയും 360 ഡിഗ്രി ആയി കാണിക്കുന്ന ഒരു സംവിധാനം യൂട്യൂബ് അവതരിപ്പിച്ചിരുന്നു. അവിടെ ചെയ്യുന്നതിതാണ്. വീഡിയോ റ്റുഡി തന്നെ. എന്നാല്‍ അതൊരു തീയറ്റര്‍ സ്ക്രീനിലെന്നപോലെ കാണിക്കുന്നു. തലതിരിച്ചാല്‍ നാം കാണുക തീയറ്ററിന്റെ മറ്റുഭാഗങ്ങളായിരിക്കും.

എന്നാല്‍ 360 ഡിഗ്രിയില്‍ത്തന്നെ ചിത്രീകരിച്ച വീഡിയോകള്‍ ത്രിമാനസ്വഭാവമുള്ള, ചുറ്റും നോക്കാവുന്ന വീഡിയോകളാണ്. അഥവാ നാം വീഡിയോയുടെ ഉള്ളലാണ്. ഇവിടെ ക്യാമറ ഒരു പ്രത്യേക ദിശയില്‍ നോക്കുന്നില്ല. മറിച്ച് എല്ലാ ദിശയിലെ കാഴ്ചകളും ഒപ്പിയെടുക്കുന്നു. പ്രേക്ഷകന് ഇഷ്ടമുള്ള ദിശയിലേക്ക് തലതിരിക്കാം.

വെര്‍ച്വല്‍ ടൂറുകള്‍ക്ക് ഏറെ സഹായകമായ ഈ സങ്കേതം പക്ഷേ ചലച്ചിത്രമേഖലയില്‍ വിജയമാവുമോ എന്നറിയില്ല. അവിടെ ക്യാമറാ ആംഗിളിന് ഏറെ പ്രാധാന്യമുണ്ടല്ലോ. ഒരുപക്ഷേ വെര്‍ച്വല്‍ റിയാലിറ്റിയ്ക്കുവേണ്ടി ചലച്ചിത്രത്തിന്റെ വ്യാകരണം മാറ്റിയെഴുതുന്ന സംവിധായകര്‍ വന്നേക്കാം. കളര്‍ സിനിമ വന്നപ്പോള്‍ ഏറെ പേര്‍ എതിര്‍ത്തെങ്കിലും പ്രതിഭാധനരായ പലരും നിറങ്ങളെ അര്‍ത്ഥപൂര്‍ണമായി ഉപയോഗിച്ചതുപോലെ.

വിനോദവും വിദ്യാഭ്യാസവും

വിനോദം, വിദ്യാഭ്യാസം എന്നിങ്ങനെ രണ്ടുതലക്കെട്ടുകള്‍ക്കുകീഴില്‍ പിരിച്ചെഴുതാനാവാത്തതാണ് പലതും. കാരണം രസകരമായ പ്രവര്‍ത്തനങ്ങളിലൂടെ അറിവുനേടുന്ന 'എജ്യൂടെയ്ന്‍മെന്റി'ന്റെ (Edutainment = Education + Entertainment) കാലമാണിത്. വെര്‍ച്വല്‍ റിയാലിറ്റിയാകട്ടെ, ഈ പ്രയോഗത്തെ കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കുന്നു.

വെര്‍ച്വല്‍ കാഴ്ചബംഗ്ലാവുകളുടെ കാലമാണ് വരാന്‍പോകുന്നത്. ഒരുനിമിഷം കൊണ്ട് പാരീസിലെ ലോവ്ര് മ്യൂസിയത്തിലെത്താനും ഡാ വിഞ്ചി അടക്കമുള്ളവരുടെ സൃഷ്ടികളാസ്വദിക്കാനും നാളെ കഴിഞ്ഞേക്കും. ഇതിനുള്ള സാങ്കേതികവിദ്യ ഇപ്പോള്‍ത്തന്നെ ലഭ്യമാണ്. ഒരു തുടക്കമെന്നോണം അടുത്തകാലത്ത് ബ്രിട്ടീഷ് മ്യൂസിയം, വെര്‍ച്വല്‍ റിയാലിറ്റി വാരമാഘോഷിച്ചിരുന്നു. അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയാകട്ടെ, അവരുടെ ചില പ്രദര്‍ശനവസ്തുക്കള്‍ ഗൂഗിള്‍ കാര്‍ഡ്ബോഡിന് യോജിച്ചവിധം വെര്‍ച്വല്‍ റിയാലിറ്റിയില്‍ പുറത്തിറക്കി.

ആര്‍ക്കും ലോകത്തെ ഏത് മ്യൂസിയവും ഞൊടിയിടയില്‍ സന്ദര്‍ശിച്ച് അറിവുനേടാനുള്ള അവസരമാവും ഇത്തരത്തിലുള്ള ഉദ്യമങ്ങള്‍ സമ്മാനിക്കുക. ഒപ്പം അമൂല്യവസ്തുക്കളുടെ പ്രദര്‍ശനം സുരക്ഷിതമാക്കാനും ഇത് സഹായിക്കും.

അപകടകരമായ പല വസ്തുക്കളും കണ്ടുപഠിക്കാനുള്ള തടസം വെര്‍ച്വല്‍ റിയാലിറ്റിയോടെ നീങ്ങും. പഠിതാക്കള്‍ യഥാര്‍ത്ഥവസ്തുക്കള്‍തന്നെ പരിചയപ്പെടേണ്ടേ എന്ന് ചോദിക്കാം. അത് ശരിവച്ചാല്‍ക്കൂടി ദുര്‍ലഭമായ വസ്തുക്കള്‍ അടുത്തെത്തിക്കാന്‍ വെര്‍ച്വല്‍ റിയാലിറ്റി ഉപകാരപ്രദമാണെന്ന് സമ്മതിച്ചേ തീരൂ. ഉദാഹരണത്തിന്, കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ബാബേജിന്റെ കംപ്യൂട്ടര്‍ അടുത്തറിയാനുള്ള സംവിധാനം വെര്‍ച്വല്‍ റിയാലിറ്റി വഴി ഉണ്ടാക്കിയെടുക്കാം.

തവളയെ കീറിമുറിക്കുന്നതുപോലുള്ള വിഷയങ്ങളിലെ ധാര്‍മികപ്രശ്നങ്ങള്‍ക്ക് പരിഹാരമാകാനും വെര്‍‌ച്വല്‍ റിയാലിറ്റിയ്ക്ക് കഴിയും. വൈദ്യശാസ്ത്രരംഗത്തെ പരിശീലനത്തിന് ഇപ്പോള്‍ത്തന്നെ വെര്‍ച്വല്‍ സര്‍ജറിയും വെര്‍ച്വല്‍ പേഷ്യന്റുമെല്ലാം ഉപയോഗിത്തിലുണ്ടെന്ന് പറഞ്ഞല്ലോ.

കായികം

കായികരംഗത്തെ വെര്‍ച്വല്‍ റിയാലിറ്റിയുടെ സാദ്ധ്യതകള്‍ മൂന്നായി തരംതിരിക്കാം:

  • കായികപരിശീലനത്തിന്
  • ഉപകരണങ്ങളുടെ ഡിസൈനിങ്ങിന്
  • കായികരംഗങ്ങള്‍ പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍.

മണ്ണിലിറങ്ങി കളിക്കേണ്ടതും പരിശീലിക്കേണ്ടതും വെര്‍ച്വലായി ചെയ്തിട്ടെന്തുകാരം എന്ന് സംശയമുയരാം. ശരിതന്നെ. എന്നാല്‍ ഏറെ അപകടസാദ്ധ്യതയുള്ള ഇനങ്ങള്‍ പരിശീലിക്കാന്‍ വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗിക്കാമല്ലോ. മാത്രമല്ല, ഏതിനമായാലും എവിടെയാണ് ഒരു കളിക്കാരന് പിഴവുപറ്റുന്നത് എന്നത് ആഴത്തില്‍ വിശകലനം ചെയ്യാന്‍ വെര്‍ച്വല്‍ റിയാലിറ്റി സഹായിക്കും. ഓരോ നിമിഷവും കളിക്കാരന്റെ ചലനങ്ങള്‍ കംപ്യൂട്ടറിന്റെ നിരീക്ഷണത്തിലാണ് എന്നതും യഥാര്‍ത്ഥലോകത്തില്‍നിന്നു വ്യത്യസ്തമായി ഭൗതികശാസ്ത്രനിയമങ്ങളില്‍ (ഗുരുത്വാകര്‍ഷണം, സമയം/വേഗം, ...) നമുക്ക് മാറ്റം വരുത്താമെന്നതുമാണ് കാരണം.

വിമാനങ്ങളുടെയും മറ്റും മാതൃകകള്‍ വിന്‍ഡ് ടണലില്‍വച്ച് പരീക്ഷിക്കുന്ന പരിപാടിയുണ്ടല്ലോ. ഡിസൈനിംഗ് കാര്യക്ഷമമാക്കാനും സമയവും പണവും അധ്വാനവും ലാഭിക്കാനും ഇത് സഹായിക്കും. എല്ലാറ്റിനുമുപരി ഏറെ കാര്യക്ഷമമായ ഒരു മാതൃക കിട്ടുകയും ചെയ്യും. ഇതുതന്നെയാണ് കായികോപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ കംപ്യൂട്ടര്‍ സിമുലേഷനും വെര്‍ച്വല്‍ റിയാലിറ്റിയും ഉള്‍പ്പെടുത്തിയാല്‍ സംഭവിക്കുക.

എങ്ങോ നടക്കുന്ന കായികമത്സരം ലോകമെമ്പാടുമുള്ളവര്‍ക്ക് ഇന്നുകാണാം. എന്നാല്‍ ചെറിയൊരു റ്റുഡി സ്ക്രീനിലും പ്രൊഡ്യൂസര്‍മാര്‍ തരുന്ന ക്യാമറാ ആംഗിളിലും തൃപ്തിപ്പെടേണ്ടിവരും. വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ചുള്ള കായികസംപ്രേഷണം പ്രാവര്‍ത്തികമായാല്‍ ഇതിന് മാറ്റമാവും. ശരിക്കും സ്റ്റേഡിയത്തിലിരിക്കുന്ന പ്രതീതിയോടെ ഇഷ്ടമുള്ള ആംഗിളില്‍ തലതിരിച്ച് മത്സരമാസ്വദിക്കാം. കായികരംഗത്തെ ഏറെ പ്രാധാന്യവും വാണിജ്യസാദ്ധ്യതയുമുള്ള ഒന്നായാണ് ഏറെ പേരും വെര്‍ച്വല്‍ സ്റ്റേഡിയത്തെ നോക്കിക്കാണുന്നത്.

കുറ്റാന്വേഷണം

ഒരു കുറ്റകൃത്യം നടന്നാല്‍ അത് നേരില്‍ക്കാണുന്നത് ആദ്യമിടപെടുന്ന ഉദ്യോഗസ്ഥര്‍ മാത്രമായിരിക്കും. രംഗം (crime scene) വൈകാതെതന്നെ വൃത്തിയാക്കുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിന് ഏതാനും ഫോട്ടോകള്‍ മാത്രമാണ് ആശ്രയം. ഇവിടെ വലിയൊരു കുഴപ്പമുണ്ട്. ആദ്യം വന്ന ഉദ്യോഗസ്ഥനുതന്നെയോ മാറിവന്ന ഒരന്വേഷകനോ ഒക്കെ സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇനി ലഭ്യമല്ല. എന്നാല്‍ വെര്‍ച്വല്‍ റിയാലിറ്റി ചിത്രീകരണം പ്രാവര്‍ത്തികമായാല്‍ ഇത്തരം രംഗങ്ങളുടെ വിശദമായ റെക്കോഡുകള്‍ സൂക്ഷിക്കാനും ആവശ്യമുള്ളപ്പോള്‍ വിശകലനം ചെയ്യാനും സാധിക്കും. കോടതിവാദങ്ങളില്‍ പ്രധാനപ്പെട്ട തെളിവാകാന്‍പോലും ഇത്തരം റെക്കോഡുകള്‍ക്കു കഴിഞ്ഞേക്കും.


Click here to read more like this. Click here to send a comment or query.