Nandakumar Edamana
Share on:

ആവിയായിപ്പോകുന്ന ജീബി


നാലു ജീബിയുടെ പെന്‍ഡ്രൈവ് വാങ്ങി കംപ്യൂട്ടറില്‍ ഘടിപ്പിക്കുമ്പോള്‍ 3.7 ജീബി എന്ന് കാണിച്ച അനുഭവം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? ആര് ആരെയാണ് പറ്റിച്ചത്? വീട്ടിലെത്തുമ്പോഴേക്കും മുന്നൂറ് എംബി ആവിയായിപ്പോകുന്നത് എന്ത് പ്രതിഭാസമാണ്? അതറിയണമെങ്കില്‍ കിബിബൈറ്റ് എന്താണെന്നറിയണം. മെബിബൈറ്റും ജിബി‌ബൈറ്റുമറിയണം. അതെ, കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞുതുടങ്ങിയ വിവരമളക്കലിനുള്ള സങ്കേതങ്ങള്‍ തന്നെ.

ഡിജിറ്റല്‍ ഉപകരണങ്ങളില്‍ വിവരമളക്കാനുള്ള ഏറ്റവും ചെറിയ ഏകകം (Unit) ആണ് ബിറ്റ് (Bit). 0, 1 എന്നീ സംഖ്യകള്‍ മാത്രമുള്ള ബൈനറി സംഖ്യാവ്യവസ്ഥ (Number System) ആണല്ലോ കംപ്യൂട്ടറില്‍ ഉപയോഗിക്കുന്നത്. ഇതിലെ ഒരക്കം എന്ന അര്‍ത്ഥത്തിലുള്ള 'ബൈനറി ഡിജിറ്റ്' എന്നതിന്റെ ചുരുക്കമാണ് 'ബിറ്റ്'. ഒരു ബിറ്റില്‍ പരമാവധി കൊള്ളുക ഒരു പൂജ്യമോ ഒരൊന്നോ ആണെന്നു ചുരുക്കം.

പൊതുവെ എട്ടു ബിറ്റാണ് ഒരു 'ബൈറ്റ്' (Byte). ബൈറ്റിന് മറ്റു വലിപ്പങ്ങളും ഉപയോഗത്തിലുണ്ടായിരുന്നു. ഈ തെറ്റിദ്ധാരണ ഒഴിവാക്കുന്ന യൂണിറ്റാണ് 'ഒക്റ്ററ്റ്' (Octet). ഇത് എപ്പോഴും എട്ടുബിറ്റ് ആണ്. നാലു ബിറ്റ് ആണ് 'നിബ്ബിള്‍' (Nibble). ബൈറ്റിന് B, ബിറ്റിന് b ഒക്റ്ററ്റിന് o (ചെറിയക്ഷരം) എന്നിങ്ങനെയാണ് എഴുതാറ്. ഒരു ഇംഗ്ലീഷ് അക്ഷരം രേഖപ്പെടുത്താന്‍ ഒരു ബൈറ്റ് ധാരാളം.

1024 ബൈറ്റാണ് ഒരു കിബിബൈറ്റ് (Kibibyte - KiB). ഇതിന്റെ 1024 മടങ്ങാണ് ഒരു മെബിബൈറ്റ് (Mebibyte - MiB). കിലോബൈറ്റ്, മെഗാബൈറ്റ് തുടങ്ങിയ പ്രയോഗങ്ങള്‍ മാത്രമായിരുന്നു ആദ്യകാലത്തുണ്ടായിരുന്നത്. എന്നാല്‍ ഇവ എപ്പോഴും ആശയക്കുഴപ്പത്തിനിടയാക്കും. കിലോ എന്നാല്‍ ഇംഗ്ലീഷില്‍ ആയിരമാണ്. എന്നാല്‍ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍ക്ക് പ്രിയം ബൈനറി വ്യവസ്ഥ ആയതിനാല്‍ 2 ഘാതം 10 ആയ 1024 ആണ് കിലോബൈറ്റിലെ കിലോ കൊണ്ട് അര്‍ത്ഥമാക്കാറുള്ളത്.

ഈ ആശയക്കുഴപ്പം പരിഹരിക്കാനുണ്ടായതാണ് കിബി, മെബി എന്നിങ്ങനെ തുടങ്ങുന്ന അളവുകള്‍. ഇവിടെ ഗുണിക്കുന്നത് 1024 മാത്രമുപയോഗിച്ചാണ്.

  • Kibibyte (kiB) - 1024 ബൈറ്റ്
  • Kilobyte (kB) - 1000 അല്ലെങ്കില്‍ 1024 ബൈറ്റ്
  • Mebibyte (MiB) - 1024 കിബിബൈറ്റ്
  • Megabyte (MB) - 1000 അല്ലെങ്കില്‍ 1024 കിലോബൈറ്റ്
  • Gibibyte (GiB) - 1024 മെബിബൈറ്റ്
  • Gigabyte (GB) - 1000 അല്ലെങ്കില്‍ 1024 മെഗാബൈറ്റ്
  • Tebibyte (TiB) - 1024 ജിബിബൈറ്റ്
  • Terabyte (GB) - 1000 അല്ലെങ്കില്‍ 1024 ജിഗാബൈറ്റ്

ഈ പട്ടിക ഇതേപോലെ ഇനിയും നീട്ടാം. Petabyte/Pebibyte, Exabyte/Exbibyte, Zettabyte/Zebibyte, Yottabyte/Yobibyte എന്നിവയാണ് ബാക്കിയുള്ള അളവുകള്‍.

കുറിപ്പ്: ആയിരം തിരഞ്ഞെടുത്താലും ആയിരത്തി ഇരുപത്തിനാല് തിരഞ്ഞെടുത്താലും എല്ലാ ഘട്ടത്തിലും തിരഞ്ഞെടുത്ത സംഖ്യതന്നെ ഗുണനത്തിനുപയോഗിക്കണം (നാല് എംബി ഒരിക്കലും 4 * 1000 * 1024 ബൈറ്റ് അല്ലെന്നര്‍ത്ഥം).

ചുരുങ്ങുന്നതിങ്ങനെ

നാലു ജീബിയുടെ പെന്‍ഡ്രൈവ് 3.7 ജീബി ആയി ചുരുങ്ങുന്നതിന്റെ രഹസ്യം മനസ്സിലായോ? സിസ്റ്റം ഫയലുകളും ഫോര്‍മാറ്റിങ് രീതികളുമെല്ലാം ഇതിന് കാരണമായി പറയാറുണ്ടെങ്കിലും പ്രധാനവില്ലന്‍ അളവിലെ വ്യതാസം തന്നെയാണ്. ചില ഹാര്‍ഡ്‌വെയര്‍ നിര്‍മാതക്കള്‍ക്ക് നാല് ജീബി എന്നാല്‍ 4 * 1000 * 1000 * 1000 = 4,000,000,000 ബൈറ്റ് ആണ്. നമ്മുടെ കംപ്യൂട്ടറിലെ പ്രോഗ്രാമുകളാകട്ടെ ഈ സംഖ്യയെ 1024 ഉപയോഗിച്ച് മൂന്നുതവണ ഹരിച്ച് 3.74 ജീബി എന്ന് കാണിക്കും. ചില പ്രോഗ്രാമുകള്‍ ഈ ആശയക്കുഴപ്പം ഉപയോഗിക്കാന്‍ 3.7GiB എന്നുതന്നെ കാണിക്കാറുണ്ട്.


Click here to read more like this. Click here to send a comment or query.