"ബിഎസ്എന്‍എല്ലിന്റെ 'പോര്‍ട്ടല്‍' വഴി ഫോണ്‍ ബില്ല് 'ഓണ്‍ലൈനായി' അടയ്ക്കാമെന്ന് തീരുമാനിച്ചു. അതെങ്ങനെ ചെയ്യാമെന്ന് 'വെബ്ബില്‍' തിരഞ്ഞ് മനസ്സിലാക്കുകയും ചെയ്തു. പക്ഷേ അപ്പോഴേക്ക് 'നെറ്റ്' പോയതുകൊണ്ട് അത് പൂര്‍ത്തിയാക്കാനായില്ല."
ഇപ്പറഞ്ഞതില്‍ മനസ്സിലാകാത്തതായി ഒന്നുമില്ല, അല്ലേ? പക്ഷേ ഇതിലെ ഓരോ വാക്കിന്റെയും അര്‍ത്ഥമെന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ശരിക്കും 'നെറ്റി'ലാകും.
വെബ്ബിനേക്കാള്‍ വലിയ വല
ഉപകരണങ്ങള്‍ പരസ്പരം ബന്ധിപ്പിച്ചാല്‍ അത് നെറ്റ്‌വര്‍ക്കായി. വിവരങ്ങള്‍ കൈമാറുകയോ പ്രിന്റര്‍ പോലുള്ള ഉപകരണങ്ങള്‍ പങ്കുവയ്ക്കുകയോ ഒരുപകരണത്തിലിരുന്ന് മറ്റൊന്ന് നിയന്ത്രിക്കുകയോ ഒക്കെയാവാം ലക്ഷ്യം.
ലോകത്തിലെ ഏറ്റവും വലിയ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കാണ് ഇന്റര്‍നെറ്റ്. സാധാരണ കംപ്യൂട്ടറുകളും സെര്‍വറുകളും ചെറുതും വലുതുമായ ഒരുപാട് നെറ്റ്‌വര്‍ക്കുകളും ഇതില്‍ ഭാഗമാണ്.
ഇ-മെയില്‍, ഫയല്‍ കൈമാറ്റം, ഫോണ്‍ സേവനം (Internet Telephony) തുടങ്ങി ഒരുപാട് സൌകര്യങ്ങള്‍ ഇന്റര്‍നെറ്റ് ഒരുക്കുന്നുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ട ഒരു സേവനമാണ് വെബ്‌സൈറ്റുകള്‍. ഇവ മാത്രമടങ്ങിയ കൂട്ടമാണ് 'വേള്‍ഡ് വൈഡ് വെബ്' അഥവാ വെബ്.
ഫോണും ടിവിയും പത്രവും ബസ് സൌകര്യവുമെല്ലാമുള്ള വലിയൊരു നഗരമാണ് ഇന്റര്‍നെറ്റ് എന്നുകരുതുക. എങ്കില്‍ അവിടെ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളുടെയും പുസ്തകങ്ങളുടെയും മാത്രം കൂട്ടമായിരിക്കും വെബ്.
ഓണ്‍ലൈനും ഓഫ്‌ലൈനും
ഒരു നെറ്റ്‌വര്‍ക്കുമായും ബന്ധമില്ലാത്ത ഒരു കംപ്യൂട്ടര്‍ ഓഫ്‌ലൈന്‍ ആണ്. ഏതെങ്കിലുമൊരു നെറ്റ്‌വര്‍ക്കിന്റെ ഭാഗമായാല്‍ അത് ഓണ്‍ലൈന്‍ ആയി. പൊതുവെ പറയുമ്പോള്‍ ആ നെറ്റ്‌വര്‍ക്ക് ഇന്റര്‍നെറ്റാണ്.
പോര്‍ട്ടല്‍
ഒരു പ്രത്യേകവിഷയവുമായി ബന്ധപ്പെട്ട ഒരുപാട് സേവനങ്ങള്‍ ഒരുമിച്ച് തരുന്ന സൈറ്റിന് പോര്‍ട്ടല്‍ (Portal) എന്നു പറയാറുണ്ട്. ഉദാഹരണത്തിന്, കേരളസര്‍ക്കാരിന്റെ സേവനങ്ങളിലേക്കും വകുപ്പുകളുടെ സൈറ്റുകളിലേക്കും തുറക്കുന്ന കവാടം അഥവാ പോര്‍ട്ടല്‍ ആണ് kerala.gov.in എന്ന സൈറ്റ്.
ഇന്‍ട്രാനെറ്റ്
ഒരു സ്ഥാപനത്തിനുള്ളില്‍മാത്രം ലഭ്യമായ നെറ്റ്‌വര്‍ക്കാണ് ഇന്‍ട്രാനെറ്റ്. വലിയ കമ്പനികള്‍ക്കും സര്‍വകലാശാലകള്‍ക്കുമെല്ലാം ഇന്‍ട്രാനെറ്റ് ഉണ്ടായിരിക്കും. ഓഫീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും വിവരങ്ങള്‍ ലഭ്യമാക്കാനുമെല്ലാം ഇതുപയോഗിക്കാം. ഉദാഹരണത്തിന്, വണ്ടിയുണ്ടാക്കുന്ന ഒരു കമ്പനിയുടെ ഇന്‍ട്രാനെറ്റില്‍ വാഹനങ്ങളുടെ രൂപകല്‍പ്പനയും പ്രവര്‍ത്തനവുമെല്ലാം തൊഴിലാളികള്‍ക്ക് വായിച്ചുമനസ്സിലാക്കാം.
ഐയെ കൊച്ചാക്കേണ്ട
ഇന്റര്‍നെറ്റ് എന്ന് ഇംഗ്ലീഷില്‍ എങ്ങനെ എഴുതും? ഇങ്ങനെയെല്ലാമെഴുതാം:
- The Internet (വാചകത്തിന്റെ തുടക്കത്തില്‍)
- the Internet (വാചകത്തിന്റെ നടുക്കോ ഒടുക്കമോ)
- INTERNET
എന്തുകൊണ്ട് ഐ വലിയക്ഷരമായി? ഇംഗ്ലീഷില്‍ internet എന്ന വാക്കിന് ഒന്നിലേറെ നെറ്റ്‌വര്‍ക്കുകള്‍ ചേര്‍ന്നത് എന്ന അര്‍ത്ഥമേയുള്ളൂ (Interconnected Networks). അത്തരം പല നെറ്റ്‌വര്‍ക്കുകളുമുണ്ട്. അതുകൊണ്ടുതന്നെ 'An internet' പോലുള്ള പ്രയോഗങ്ങളുമുണ്ട്. നാമുദ്ദേശിക്കുന്നത് അക്കൂട്ടത്തിലെ ഒരു പ്രത്യേക ഇന്റര്‍നെറ്റ് ആണല്ലോ. അതിന്റെ പേരായതുകൊണ്ടാണ് (Proper Noun) ഐ വലിയക്ഷരമാകുന്നത്. മുന്നിലെ 'ദി' എടുത്തുകാണിക്കാനുദ്ദേശിച്ചുതന്നെ (അപൂര്‍വമാണെങ്കിലും പേരുകള്‍ക്കുമുന്നില്‍ 'ദ' ഉപയോഗിക്കാറുണ്ട്; ഉദാ: 'The Pacific'). 'ദി' കളഞ്ഞ് Internet എന്നെഴുതുന്ന പതിവുമുണ്ട്.
ആദ്യകാല യുഎസ് രേഖകളിലും മറ്റും INTERNET എന്നാണ് ഉപയോഗിച്ചിരുന്നത്. പേര് എന്ന നിലയ്ക്കുതന്നെ. എല്ലാ അക്ഷരവും വലുതായി എന്നുകരുതി ഇതൊരു ചുരുക്കപ്പേരൊന്നുമല്ല. ഈ എഴുത്തിന് ഇന്ന് പ്രചാരവുമില്ല.
കൂടുതലറിയാന്‍ Capitalization of "Internet" എന്ന വിക്കിപീഡിയ ലേഖനം വായിക്കൂ.