Nandakumar Edamana
Share on:

ചുട്ട ഡേറ്റയെ പറപ്പിക്കാം


ഡിലീറ്റുചെയ്ത ഫയലുകള്‍ കൊണ്ടിടാന്‍ മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഒരു ചവറ്റുകൊട്ടയുണ്ട്. 'ട്രാഷ്', 'റീസൈക്കിള്‍ ബിന്‍' എന്നിങ്ങനെ പേര് പലതാകാം. അബദ്ധത്തില്‍ കളഞ്ഞ ഫയലുകള്‍ വീണ്ടെടുക്കുന്നത് എളുപ്പമാക്കാനാ​ണിത്. എന്നാല്‍ ചവറ്റുകൊട്ട വൃത്തിയാക്കുമ്പോഴും അബദ്ധം പിണഞ്ഞാലോ? 'റിക്കവര്‍ ചെയ്യാമല്ലോ' എന്ന് ചിലരെങ്കിലും മനസ്സില്‍ പറഞ്ഞിട്ടുണ്ടാകും. 'എന്നെന്നേയ്ക്കുമായി' കളഞ്ഞ ചെയ്ത ഫയലുകള്‍ വീണ്ടെടുക്കുന്ന പരിപാടിയാണ് 'ഡേറ്റാ റിക്കവറി' (Data Recovery). ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ഇത് പരീക്ഷിച്ചുനോക്കാം. പരീക്ഷണം വിജയിക്കുമ്പോള്‍ സന്തോഷത്തേക്കാളേറെ മനസ്സിലുണ്ടാവുക ഒരുപിടി ചോദ്യങ്ങളാണ്.

മായ്ച്ചുകളഞ്ഞതെല്ലാം വീണ്ടെടുക്കാനാവുന്നതെങ്ങനെയാണ്? എഴുതിയ ഡേറ്റയെല്ലാം എല്ലാക്കാലത്തും ഡിസ്കിലുണ്ടാവുമെങ്കില്‍ അതിന്റെ സംഭരണശേഷി അനന്തമല്ലേ? പിന്നെ ഇത്ര ജി.ബി. ഡേറ്റയേ ഉള്‍ക്കൊള്ളാനാവൂ എന്നു പറയുന്നതില്‍ എന്തര്‍ത്ഥം? അതിനെല്ലാമപ്പുറമുണ്ടാവുക മറ്റൊരു ചോദ്യമാണ്: റിക്കവര്‍ ചെയ്യാനാവാത്തവിധം ഡേറ്റ മായ്ച്ചുകളയാനാകുമോ?

ഡിസ്കിന്റെ ശേഷി അനന്തമൊന്നുമല്ല. മായ്ച്ചത് 'എല്ലാം' വീണ്ടെടുക്കാനാവുകയുമില്ല. റിക്കവറിയുടെ രഹസ്യമറിയാന്‍ ആദ്യം ഡിലീഷന്‍ എന്താണെന്ന് മനസ്സിലാക്കണം. ഒരു ഫയല്‍ ഡിലീറ്റു ചെയ്യുക എന്നാല്‍ അത് മായ്ച്ചുകളയലല്ല, മറച്ചുവയ്ക്കല്‍ മാത്രമാണ്. ശരിക്കുപറഞ്ഞാല്‍ 'അണ്‍ലിങ്ക്' ചെയ്യല്‍. കോപ്പി ചെയ്യാന്‍ മിനിറ്റുകളെടുക്കുന്ന ഒരു ഫയല്‍ പക്ഷേ ഡിലീറ്റുചെയ്യാന്‍ ഒരു നിമിഷം പോലും വേണ്ടെന്നത് ശ്രദ്ധിച്ചിട്ടില്ലേ?

ഡിസ്കില്‍ അങ്ങുമിങ്ങുമായാണ് ഫയലുകള്‍ സൂക്ഷിക്കുക. ഒരു ഫയല്‍ തന്നെ മുറിച്ച് പലയിടത്തായി എഴുതി എന്നുവരും. നമ്മുടെ മുന്നില്‍ ഇവ ഫോള്‍ഡറും ഫയലുമെല്ലാമായി അവതരിപ്പിക്കുന്നത് ഇന്‍ഡക്സുകളുടെ സഹായത്തോടെയാണ്. ഒരു ഫയല്‍ ഡിലീറ്റു ചെയ്യാനാവശ്യപ്പെടുമ്പോള്‍ ഈ പട്ടികയില്‍നിന്ന് അതിന്റെ പേരുവെട്ടുന്നു. യഥാര്‍ത്ഥ ഫയല്‍ ഡിസ്കില്‍ത്തന്നെ കിടക്കുന്നു. സമയം ലാഭിക്കാനും തേയ്മാനം ഒഴിവാക്കാനുമെല്ലാമാണ് ഈ എളുപ്പപ്പണി. ഇന്‍ഡക്സിലില്ലാത്തതുകൊണ്ട് ഈ ഫയലിരിക്കുന്ന ഭാഗം ഒഴിഞ്ഞ സ്ഥലമായേ കണക്കാക്കൂ. എന്നാല്‍ ഇതേ സ്ഥലത്ത് പുതിയ ഫയല്‍ വരുന്നതുവരെ ഈ ഡേറ്റ വീണ്ടെടുക്കാം. അതുകഴിഞ്ഞാല്‍ റിക്കവറി നടക്കുകയുമില്ല.

ഒരു ലൈബ്രറി സങ്കല്‍പ്പിക്കുക. പുറത്തുവച്ചിട്ടുള്ള ഒരു പട്ടിക പരിശോധിച്ചാണ് സന്ദര്‍ശകര്‍‌ പുസ്തകങ്ങള്‍ ആവശ്യപ്പെടുന്നത്. അവര്‍ ചോദിച്ച പുസ്തകം ലൈബ്രേറിയന്‍ അകത്തുചെന്ന് എടുത്തുകൊണ്ടുവരും. പഴകിയതോ കാലഹരണപ്പെട്ടതോ ആയ ഒരു പുസ്തകം ഒഴിവാക്കണമെങ്കില്‍ ഈ പട്ടികയില്‍നിന്ന് അതിന്റെ പേര് വെട്ടുകയേ വേണ്ടൂ. ഇതാണ് കംപ്യൂട്ടറില്‍ നടക്കുന്ന ഡിലീഷന്‍. എന്നാല്‍ അകത്തുകയറി പുസ്തകം തിരയുന്ന ഒരാള്‍ക്ക് ഈ പുസ്തകം അപ്പോഴും കിട്ടും. ഇതുതന്നെയാണ് റിക്കവറി. പുതിയ പുസ്തകങ്ങള്‍ വയ്ക്കാന്‍ സ്ഥലമില്ലാതെ വരുമ്പോള്‍ ലൈബ്രേറിയന്‍ പക്ഷേ ഈ പുസ്തകം ശരിക്കും എടുത്തുമാറ്റും. പിന്നീട് ആര്‍ക്കും കിട്ടുകയുമില്ല. ഡേറ്റ നഷ്ടപ്പട്ടയുടനെ വേണം റിക്കവറി നടത്താന്‍ എന്നുപറയുന്നത് ഇതുകൊണ്ടാണ്.

ഒരിക്കലും വീണ്ടെടുക്കാനാവാത്തവിധം ഫയല്‍ നശിപ്പിച്ചുകളയുന്ന പ്രക്രിയയാണ് 'ഷ്രെഡ്ഡിങ്' (Shredding). സുപ്രധാനരേഖകള്‍ മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ഇതുപകരിക്കും.

അബദ്ധത്തിന് മാത്രമല്ല അണ്‍ഡൂ BOX ITEM

കൈയബദ്ധം കൊണ്ടോ സോഫ്റ്റ്‌വെയര്‍ പ്രശ്നം കൊണ്ടോ നഷ്ടപ്പെട്ട ഡേറ്റ വീണ്ടെടുക്കുന്ന പരിപാടിയാണ് 'ലോജിക്കല്‍ ഡേറ്റാ റിക്കവറി'. യന്ത്രത്തകരാറുകൊണ്ടും മറ്റും ഭൌതികമായി കേടായ ഉപകരണത്തില്‍നിന്ന് ഡേറ്റ വീണ്ടെടുക്കുന്നതാണ് 'ഫിസിക്കല്‍ ഡേറ്റാ റിക്കവറി'. ഇതിന് സോഫ്റ്റ്‌വെയര്‍ മാത്രം പോരാ, പ്രത്യേക ഉപകരണങ്ങളും വൈദഗ്ധ്യവും വേണം.

ടെസ്റ്റ്ഡിസ്കും ഫോട്ടോറെക്കും BOX ITEM

ഡേറ്റാ റിക്കവറിക്ക് ഒരുപാട് പ്രോഗ്രാമുകള്‍ ലഭ്യമാണ്. പ്രധാനപ്പെട്ട രണ്ട് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പാക്കേജുകളാണ് TestDisk, PhotoRec എന്നിവ.


Click here to read more like this. Click here to send a comment or query.