ഏതുമൃഗത്തിന്റെയും രൂപത്തിലാകാനുള്ള വിദ്യ മേഘങ്ങള്‍ക്കറിയാം. അവ മാനും മുയലുമാകുമ്പോള്‍ ആകാശം ഒരു കാടായി മാറുന്നു. നീലത്തിമിംഗലത്തിന്റെ രൂപമെടുക്കുമ്പോള്‍ മാനം കടലാകുന്നു. സ്വയം മാറാനും ചുറ്റുപാടിനെത്തന്നെ മാറ്റാനുമുള്ള ഈ കഴിവ് കംപ്യൂട്ടറുകള്‍ക്കുമുണ്ട്. അതാണ് ക്ലൌഡ് കംപ്യൂട്ടിങ് (Cloud Computing). അറിഞ്ഞോ അറിയാതെയോ നാമെല്ലാം ഇതുപയോഗപ്പെടുത്തുന്നുണ്ട് എന്നതാണ് രസകരം.
സാങ്കേതികപദം എന്നതിനപ്പുറം കച്ചവടപ്രാധാന്യമുള്ള ഒരു പ്രയോഗമാണ് ക്ലൌഡ് കംപ്യൂട്ടിങ്. അതുകൊണ്ടുതന്നെ ഇത് കൃത്യമായി നിര്‍വചിക്കാനാവില്ല. എങ്കിലും പ്രധാനമായി രണ്ടര്‍ത്ഥത്തിലാണ് ഇതുപയോഗിക്കുന്നത്. നമ്മുടെ ഫയലുകള്‍ ഓണ്‍ലൈനായി സൂക്ഷിക്കുകയും ലോകത്തെവിടെനിന്നും ഉപയോഗിക്കുകയും ചെയ്യുക എന്നതാണൊന്ന് (ഗൂഗിള്‍ ഡ്രൈവും ഡ്രോപ്പ്ബോക്സുമെല്ലാമോര്‍ക്കുക). പരസ്പരം ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും പങ്കിട്ട് ആവശ്യാനുസാരം വളരാനും ചുരുങ്ങാനുമുള്ള കംപ്യൂട്ടറുകളുടെ കഴിവാണ് അടുത്തത്. വലിയ സ്ഥാപനങ്ങള്‍ക്കും ഐടി സേവനങ്ങള്‍ക്കുമാണ് രണ്ടാമതുപറഞ്ഞ തരത്തിലുള്ള ക്ലൌഡ് കംപ്യൂട്ടിങ് ആവശ്യം.
ക്ലൌഡിനെപ്പറ്റി പറയുംമുമ്പ് ലോക്കല്‍ സ്റ്റോറേജ്, റിമോട്ട് സ്റ്റോറേജ് എന്നീ ആശയങ്ങള്‍ മനസ്സിലാക്കണം. നമ്മുടെ ഹാര്‍ഡ് ഡിസ്കിലോ മൊബൈലിലെ മെമ്മറി കാര്‍ഡിലോ എല്ലാം ഫയലുകള്‍ സൂക്ഷിക്കുന്നത് ലോക്കല്‍ സ്റ്റോറേജ് ആണ്. ഒരു നെറ്റ്‌വര്‍ക്കുമായും ബന്ധപ്പെടാതെ നമുക്കിത് ഉപയോഗിക്കാം. എന്നാല്‍ നെറ്റ്‌വര്‍ക്കിലെ (ഇത് ഇന്റര്‍നെറ്റുമാകാം) മറ്റൊരു കംപ്യൂട്ടറില്‍ ഫയലുകള്‍ സൂക്ഷിച്ചാല്‍ അത് റിമോട്ട് സ്റ്റോറേജ് ആയി. റിമോട്ട് സ്റ്റോറേജിന്റെ വിസ്തൃതരൂപമാണ് ക്ലൌഡ് കംപ്യൂട്ടിങ്.
ജീമെയിലടക്കമുള്ള ഇ-മെയില്‍ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ഇ-മെയിലുകള്‍ കിടക്കുന്നത് ഇന്റര്‍നെറ്റിലെ മറ്റേതോ കംപ്യൂട്ടറിലാണ്. അതുകൊണ്ടാണ് ലോകത്തെവിടെനിന്നും അതുപയോഗിക്കാന്‍ നമുക്കാകുന്നത്. സ്വന്തം ഫോട്ടോയും മറ്റും എവിടെനിന്നും കിട്ടാനായി മെയിലില്‍ അറ്റാച്ച് ചെയ്ത് ഡ്രാഫ്റ്റായി സേവ് ചെയ്തിടാറുണ്ട് പലരും. ക്ലൌഡ് കംപ്യൂട്ടിങ്ങിന്റെ ചെറിയൊരു രൂപമാണിത്. ഓണ്‍ലൈനായി ഫയലുകള്‍ സൂക്ഷിക്കാനുള്ള പ്രത്യേകസേവനങ്ങളും ഇതിനുപയോഗിക്കാം. ഗൂഗിള്‍ ഡ്രൈവ് (drive.google.com), ഡ്രോപ്പ്ബോക്സ് (dropbox.com) എന്നിവ ഇത്തരത്തിലുള്ള രണ്ട് സൌജന്യസേവനങ്ങളാണ്. എന്നാല്‍ ഇവയേക്കാളെല്ലാം സ്വകാര്യതയുള്ള സേവനമാണ് സ്പൈഡര്‍ഓക്ക് (spideroak.com). സ്വകാര്യത കുറഞ്ഞ സേവനങ്ങളില്‍ ഫയലുകള്‍ സൂക്ഷിക്കുമ്പോള്‍ എന്‍ക്രിപ്ഷന്‍ ഏര്‍പ്പെടുത്തുന്നതാണ് നല്ലത്.
ഫയലുകള്‍ മാത്രമല്ല, മറ്റൊരു കംപ്യൂട്ടറില്‍നിന്നുള്ള ആപ്പുകളും നമുക്കുപയോഗിക്കാം. ജീമെയിലിനോടൊപ്പം ഉപയോഗിക്കാവുന്ന ഗൂഗിള്‍ ഡോക്സ് ഇതിന് നല്ലൊരുദാഹരണമാണ്. ഓണ്‍ലൈന്‍ ഇമേജ് കണ്‍വേര്‍ട്ടറുകളെക്കുറിച്ച് ആലോചിച്ചുനോക്കൂ. ഒരു പിഎന്‍ജി ചിത്രം അപ്‌ലോഡ് ചെയ്തുകൊടുത്താല്‍ അതിനെ ജെയ്പെഗ് ആക്കിമാറ്റുന്നത് ഇന്റര്‍നെറ്റിലെ മറ്റൊരു കംപ്യൂട്ടറാണ്. വളരെ വലിയ സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ പോലും ഇന്ന് ഓണ്‍ലൈനായി ഉപയോഗിക്കാം. 'സോഫ്റ്റ്‌വെയര്‍ ആസ് എ സര്‍വീസ്' (SaaS) എന്നാണ് ഇതറിയപ്പെടുന്നത്. വേണമെങ്കില്‍ ഒരു പൂര്‍ണ ഡെസ്ക്ടോപ്പ് തന്നെയും ഓണ്‍ലൈനായി കൊണ്ടുനടക്കാം. 'വെര്‍ച്വല്‍ ഡെസ്ക്ടോപ്പ്', 'ഡെസ്ക്ടോപ്പ് ആസ് എ സര്‍വീസ്' (DaaS) എന്നെല്ലാമാണ് ഇതിന് പേര്.
ലോകത്തെവിടെയിരുന്നും എപ്പോഴും നമ്മുടെ ഫയലുകള്‍ കൈകാര്യം ചെയ്യാനാകുന്നു, ഏതുകംപ്യൂട്ടറിലും നമുക്കിഷ്ടമുള്ള ആപ്പുകള്‍ ഉപയോഗിക്കാനാവുന്നു എന്നതാണ് ക്ലൌഡിന്റെ ഗുണം.
ബിസിനസ് രംഗത്ത് ക്ലൌഡ് കംപ്യൂട്ടിങ്ങിന് മറ്റൊരര്‍ത്ഥമുണ്ടെന്ന് പറഞ്ഞല്ലോ. സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കള്‍ക്കും ഐടി സേവനദാതാക്കള്‍ക്കുമെല്ലാം വലിയ ശേഷിയുള്ള സെര്‍വര്‍ കംപ്യൂട്ടറുകള്‍ ആവശ്യമായിരിക്കും. എന്നാല്‍ എല്ലാ നേരത്തും ഇവരുടെ ആവശ്യങ്ങള്‍ ഒരേപോലെയാകില്ല. ഇന്ന് പതിനാറു ജീബി റാം വേണ്ട സെര്‍വറിന് നാളെ ചിലപ്പോള്‍ നാലു ജീബിയേ വേണ്ടിവരൂ. അതുകഴിഞ്ഞ് മുപ്പത്തിരണ്ടു ജീബി വേണ്ടിവരാം. ക്ലൌഡ് കംപ്യൂട്ടിങ് ഉപയോഗിച്ചാല്‍ ആവശ്യമില്ലാത്ത വിഭവങ്ങള്‍ മറ്റു സെര്‍വറുകള്‍ക്ക് വിട്ടുകൊടുക്കാം. ആവശ്യമുള്ളപ്പോള്‍ കൂടുതല്‍ നേടിയെടുക്കാം. ചെലവ് കുറയ്ക്കാനും ആവശ്യക്കാര്‍ക്ക് വിഭവങ്ങള്‍ കിട്ടാനും ഇത് സഹായിക്കും. സ്കെയ്‌ലബിളിറ്റി (Scalability - വളരാനും ചുരുങ്ങാനുമുള്ള കഴിവ്) എന്നാണ് ഇതറിയപ്പെടുന്നത്.
ആപ്ലിക്കേഷന്‍ നിര്‍മാതക്കള്‍ക്കുള്ള 'പ്ലാറ്റ്ഫോം ആസ് എ സര്‍വീസ്' (PaaS), സെര്‍വറുകളും സ്റ്റോറേജുമെല്ലാം ആവശ്യമുള്ളവര്‍ക്കുള്ള 'ഇന്‍ഫ്രാസ്ട്രക്ചര്‍ ആസ് എ സര്‍വീസ്' (IaaS) എന്നിവയെല്ലാം ബിസിനസ് രംഗത്തെ ക്ലൌഡ് സേവനങ്ങളാണ്. ആമസോണിനും ഗൂഗിളിനും ഐബിഎമ്മിനുമെല്ലാം ഇത്തരം സേവനങ്ങളുണ്ട്.
എന്തുകൊണ്ട് മേഘം?
സാങ്കേതികരൂപരേഖകളില്‍ നെറ്റ്‌വര്‍ക്കിനെയും ഇന്റര്‍നെറ്റിനെയും സൂചിപ്പിക്കാന്‍ മേഘത്തിന്റെ ചിത്രം ഉപയോഗിച്ചിരുന്നു. ഇതാണത്രേ ക്ലൌഡ് കംപ്യൂട്ടിങ് എന്ന പേരിനുപിന്നില്‍. 2006-ല്‍ ആമസോണിന്റെ ക്ലൌഡ് സേവനം പുറത്തിറങ്ങിയതോടെയാണ് ഈ പേരിന് പ്രചാരമേറിയത്.