തലക്കെട്ടിലെ ഇംഗ്ലീഷ് വാക്ക് വായിക്കാനാവുന്നുണ്ടോ? ജൂലിയസ് സീസറിനോട് ചോദിച്ചാലോ?
റോമന്‍ സേനാധിപതിയും ഭരണകര്‍ത്താവുമായിരുന്നു ജൂലിയസ് സീസര്‍ (ലാറ്റിന്‍ ഉച്ചാരണം: യൂലിയസ് കൈസര്‍). എതിരാളികള്‍ക്ക് വായിക്കാനാവാത്ത രീതിയില്‍ സന്ദേശം കൈമാറേണ്ടത് അദ്ദേഹത്തിന് അത്യാവശ്യമായിരുന്നു. അതിനദ്ദേഹം ഒരു വിദ്യ പ്രയോഗിച്ചു: സന്ദേശത്തിലെ ഒരോ അക്ഷരത്തിനുപകരവും അക്ഷരമാലയില്‍ അതുകഴിഞ്ഞ് മൂന്നാമത് വരുന്ന അക്ഷരം ഉപയോഗിക്കുക. സന്ദേശം ആര്‍ക്കാണോ അയയ്ക്കുന്നത്, അവര്‍ക്ക് ഈ വിദ്യ ഒരുതവണ പറഞ്ഞുകൊടുത്തിട്ടുണ്ടാകും. സീസറില്‍നിന്ന് സന്ദേശം കിട്ടുമ്പോഴെല്ലാം മൂന്നക്ഷരം പിന്നോട്ടുനീക്കി അര്‍ത്ഥം മനസ്സിലാക്കാം.
ഇതേ വിദ്യയാണ് തലക്കെട്ടിലുമുപയോഗിച്ചത്. മൂന്നിനുപകരം ഒരക്ഷരമാണ് നീക്കിയത്. അത് പിന്നോട്ടാക്കിയാല്‍ വാക്കുകിട്ടും.
രഹസ്യസന്ദേശങ്ങള്‍ കൈമാറുന്ന പരിപാടിയാണ് ക്രിപ്റ്റോഗ്രഫി (Cryptography). യുദ്ധത്തിനിടെ രഹസ്യം കൈമാറാന്‍ സഹായിച്ച ഇത് പട്ടാളക്കാരുടെ വലിയൊരായുധമായിരുന്നു. ഇന്നാകട്ടെ നമ്മുടെ ബ്രൌസിങ് സുരക്ഷിതമാക്കുന്നതുപോലും ക്രിപ്റ്റോഗ്രഫിയാണ്. നാമറിയുന്നില്ലെങ്കിലും കടുത്ത സൂത്രങ്ങളാണ് കംപ്യൂട്ടര്‍ അതിനുപയോഗിക്കുന്നത്.
എന്‍ക്രിപ്ഷനും ഡീക്രിപ്ഷനും
വായിച്ചാല്‍ മനസ്സിലാകുന്ന രൂപത്തിലുള്ള സന്ദേശം അറിയപ്പെടുന്നത് 'പ്ലെയിന്‍ടെക്സ്റ്റ്' (Plaintext) എന്നാണ്. 'എന്‍ക്രിപ്ഷന്‍' (Encryption) നടത്തിക്കഴിയുമ്പോള്‍ ഇത് വായിച്ചാല്‍ മനസ്സിലാകാത്ത 'സൈഫര്‍ടെക്സ്റ്റ്' (Ciphertext) ആയിത്തീരും. അങ്ങേത്തലയ്ക്കല്‍ സന്ദേശം കിട്ടുന്നയാള്‍ 'ഡീക്രിപ്ഷന്‍' (Decryption) നടത്തുന്നതോടെ ഇത് വീണ്ടും പ്ലെയിന്‍ടെക്സ്റ്റ് ആയിമാറും.
തലക്കെട്ടിലെ ഉദാഹരണത്തില്‍ CRYPTOGRAPHY ആണ് പ്ലെയിന്‍ടെക്സ്റ്റ്. എന്‍ക്രിപ്ഷന്‍ കഴിഞ്ഞപ്പോള്‍ ഇത് DSZQUPHSBQIZ ആയി. ഡീക്രിപ്റ്റ് ചെയ്താലോ, വീണ്ടും CRYPTOGRAPHY ആയിമാറും.
എന്‍ക്രിപ്ഷന്‍ അല്‍ഗരിതം
ഒരക്ഷരത്തിനുപകരം അത് കഴിഞ്ഞുവരുന്ന അക്ഷരമാണല്ലോ തലക്കെട്ടില്‍ എഴുതിയത്. അതായത്, അക്ഷരമെല്ലാം ഒരു സ്ഥാനം 'ഷിഫ്റ്റ്' ചെയ്തു. അതുകൊണ്ട് 'ഷിഫ്റ്റ് സൈഫര്‍' (Shift Cipher) എന്നാണ് ഈ വിദ്യക്ക് പേര്. കണ്ടെത്തിയത് മറ്റാരോ ആണെങ്കിലും സീസര്‍ ഉപയോഗിച്ചിരുന്നതുകൊണ്ട് 'സീസര്‍ ഷിഫ്റ്റ്' (Caesar Shift) എന്നും പേരുണ്ട്.
ഒരു സ്ഥാനമേ നീക്കാവൂ എന്നില്ല. എത്ര സ്ഥാനവും നീക്കാം. രണ്ടക്ഷരമാണ് നീക്കുന്നതെങ്കില്‍ CAT എന്നത് ECV ആകും. ഇങ്ങനെ ഇരുപത്തഞ്ചുവരെയാകാം (A മാറി Z ആകും). ഇരുപത്താറു സ്ഥാനം നീക്കിയിട്ട് കാര്യമില്ല (A എന്നത് A തന്നെയാകും). എത്ര സ്ഥാനം മുന്നോട്ടുനീക്കിയാണോ സന്ദേശം രഹസ്യമാക്കിയത്, അത്രതന്നെ പിന്നോട്ടുനീക്കിയാല്‍ അത് വായിച്ചുമനസ്സിലാക്കാം.
എല്ലാ അക്ഷരവും പല സ്ഥാനം നീക്കിനീക്കി പരീക്ഷിച്ചാല്‍ ശത്രുക്കള്‍ക്കും സന്ദേശം വായിക്കാം എന്നതാണ് ഫിഫ്റ്റ് സൈഫറിന്റെ പോരായ്മ. ദുര്‍ബലമായ ഈ രീതി മുതല്‍ കടുപ്പമുള്ള രീതികള്‍ വരെ ക്രിപ്റ്റോഗ്രഫിയിലുണ്ട്. 'എന്‍ക്രിപ്ഷന്‍ അല്‍ഗരിതങ്ങള്‍' എന്നാണ് ഇവ അറിയപ്പെടുന്നത്. DES, Blowfish, AES എന്നിവയെല്ലാം കടുപ്പമുള്ള ചിലതാണ്.
രഹസ്യമാക്കണം കീ
അല്‍ഗരിതത്തോടൊപ്പം ഒരു കീ കൂടി ഉപയോഗിച്ചാണ് എന്‍ക്രിപ്ഷന്‍ നടത്തുന്നത്. കീ എന്നാല്‍ പാസ്‌വേഡ് തന്നെ. അല്‍ഗരിതം പരസ്യമാക്കാം, കീ പക്ഷേ രഹസ്യമാക്കിവയ്ക്കണം. എത്ര അക്ഷരം നീക്കുന്നു എന്നതാണ് ഷിഫ്റ്റ് സൈഫറിലെ കീ.
വേറെയും ഉപയോഗങ്ങള്‍
സന്ദേശം കൈമാറാന്‍ മാത്രമല്ല ക്രിപ്റ്റോഗ്രഫി. ഫയലുകള്‍ സുരക്ഷിതമാക്കുക, ഡിജിറ്റലായി ഒപ്പിടുക തുടങ്ങി വേറെയും ഒരുപാട് ഉപയോഗങ്ങളുണ്ടിതിന്.
ക്രിപ്റ്റനലാസിസ്
കൂട്ടുകാരെക്കൊണ്ട് രഹസ്യസന്ദേശങ്ങളെഴുതിച്ച് അത് പൊളിക്കാന്‍ ശ്രമിച്ചുനോക്കൂ. 'ക്രിപ്റ്റനാലിസിസ്' (Cryptanalisis) എന്നാണ് ഇതിന്റെ പേര്. രാജ്യസുരക്ഷ ഉറപ്പാക്കാന്‍ പട്ടാളം വരെ ഇത് ചെയ്യുന്നുണ്ട്. അവരെ സഹായിക്കാന്‍ സൂപ്പര്‍കംപ്യൂട്ടറുകളുമുണ്ട്.
കൂടുതലറിയാന്‍
ഹരം പിടിപ്പിക്കുന്നതാണ് കോഡുണ്ടാക്കലും പൊളിക്കലും. ഇതേ രഹസത്തോടെ ക്രിപ്റ്റോഗ്രഫിയെക്കുറിച്ച് വായിക്കാന്‍ ഒരു പുസ്തകമിതാ: The Code Book, Simon Singh