Nandakumar Edamana
Share on:
@ R t f

വിവരസാങ്കേതികവിദ്യയില്‍ ആദ്യം


Published in MB Yearbook Plus 2016 (ml)

ജനറല്‍ പര്‍പ്പസ് കമ്പ്യൂട്ടര്‍

ചാള്‍സ് ബാബേജ് (Charles Babbage) 1830-കളില്‍ രൂപം കൊടുത്ത അനലിറ്റിക്കല്‍ എഞ്ചിന്‍ ആണ് ആദ്യ ജനറല്‍ പര്‍പ്പസ്-പ്രോഗ്രാമബ്ള്‍ കമ്പ്യൂട്ടറായി കണക്കാക്കപ്പെടുന്നത്. ഇത് ഭാഗികമായി പ്രാവര്‍ത്തികമാക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. എന്നാല്‍ ആധുനികകമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തിനാധാരമായ ലൂപ്പിങ് (ആവര്‍ത്തനം), കണ്ടീഷണല്‍ ബ്രാഞ്ചിങ് (സാഹചര്യമനുസരിച്ച് എന്തു ചെയ്യണമെന്ന് തീരുമാനിക്കല്‍), ഇന്റഗ്രേറ്റഡ് മെമ്മറി എന്നിവയെല്ലാം അദ്ദേഹത്തിന്റെ ആശയത്തിലുണ്ടായിരുന്നു. മെക്കാനിക്കല്‍ കമ്പ്യൂട്ടറായിരുന്നു ഇത്.

പ്രോഗ്രാമബ്ള്‍ കമ്പ്യൂട്ടര്‍

1942-ല്‍ ബെര്‍ലിനില്‍ നിര്‍മാണം പൂര്‍ത്തിയായ Z3 ആണ് ലോകത്തിലെ ആദ്യ പ്രോഗ്രാമബ്ള്‍-ഡിജിറ്റല്‍-ഓട്ടോമാറ്റിക് കമ്പ്യൂട്ടര്‍. ഇലക്ട്രോമെക്കാനിക്കല്‍ രീതിയില്‍ നിര്‍മ്മിച്ച ഇതില്‍ ഡേറ്റയും പ്രോഗ്രാമും സംഭരിച്ചിരുന്നത് പഞ്ച്ഡ് ഫിലിമില്‍ ആയിരുന്നു.

ഇലക്ട്രോണിക് കമ്പ്യൂട്ടര്‍

ഏനിയാക് (ENIAC -- Electronic Numerical Integrator And Computer). ലോകത്തിലെ ആദ്യ ഇലക്ട്രോണിക് ജനറല്‍-പര്‍പ്പസ് കമ്പ്യൂട്ടര്‍. ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതവും വിവിധ തരത്തില്‍ പ്രോഗ്രാം ചെയ്തെടുക്കാന്‍ കഴിവുമുണ്ടായിരുന്ന ഇത് 1943-ല്‍ യു.എസ്. സേനയുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് നിര്‍മ്മിച്ചത്. ജോണ്‍ മൗക്ലി (John Mauchly), പ്രെസ്പെര്‍ ഇക്കേര്‍ട്ട് (J. Presper Eckert) എന്നിവരാണ് ശില്‍പ്പികള്‍. 1,800 ചതുരശ്ര അടി സ്ഥലമെടുത്തിരുന്ന ഇതില്‍ 17,500 വാക്വം റ്റ്യൂബുകള്‍ ഉണ്ടായിരുന്നു.

സ്റ്റോര്‍ഡ് പ്രോഗ്രാം കമ്പ്യൂട്ടര്‍

കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ ഇലക്ട്രോണിക് മെമ്മറിയില്‍ത്തന്നെ സൂക്ഷിക്കുന്ന കമ്പ്യൂട്ടറാണ് സ്റ്റോര്‍ഡ് പ്രോഗ്രാം കമ്പ്യൂട്ടര്‍. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച SSEM (Manchester Small-Scale Experimental Machine) 1948 ജൂണ്‍ 21-ന് ആദ്യ സ്റ്റോര്‍ഡ് പ്രോഗ്രാം റണ്‍ ചെയ്തതോടെയാണ് ഈ ആശയം പ്രാവര്‍ത്തികമാകുന്നത്.

പോര്‍ട്ടബ്ള്‍ കമ്പ്യൂട്ടര്‍

1976-ല്‍ നിര്‍മ്മിച്ച Xerox NoteTaker ആണ് ആദ്യ പോര്‍ട്ടബ്ള്‍ കമ്പ്യൂട്ടര്‍. എന്നാല്‍ വിപണിയിലെത്തിയ ആദ്യ പോര്‍‌ട്ടബ്ള്‍ കമ്പ്യൂട്ടര്‍ Osborne1 ആണ്. 1981-ല്‍ പുറത്തിറങ്ങിയ ഇതിന് 5" സി.ആര്‍.ടി. ഡിസ്പ്ലേ ആണ് ഉണ്ടായിരുന്നത്.

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍

ബ്രിട്ടീഷ് വനിതയായിരുന്ന അഡ ലവ്‌ലേസ് (Ada Lovelace, 1815-1852) ആണ് ലോകത്തെ ആദ്യ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍. ചാള്‍സ് ബാബേജിന്റെ മെക്കാനിക്കല്‍ കമ്പ്യൂട്ടറുകള്‍ക്ക് ഇവര്‍ പ്രോഗ്രാമെഴുതിയിട്ടുണ്ട്.

മൈക്രോപ്രൊസസര്‍ (സി.പി.യു.)

ഇന്റല്‍ 4004. 1971-ല്‍ പുറത്തിറങ്ങിയ ഈ 4-ബിറ്റ് പ്രൊസസറിന്റെ പരമാവധി വേഗം 740 kHz ആണ്.

ജി.പി.യു.

1999-ല്‍ തങ്ങള്‍ പുറത്തിറക്കിയ GeForce 256 ആണ് ലോകത്തിലെ ആദ്യ ഗ്രാഫിക്കല്‍ പ്രൊസസിങ് യൂണിറ്റ് എന്ന് എന്‍വീഡിയ (Nvidia) അവകാശപ്പെടുന്നു. സാധാരണ സി.പി.യു.വുമായി തട്ടിച്ചുനോക്കുമ്പോള്‍ ഗ്രാഫിക്സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിവേറിയതാണ് ജി.പി.യു. ഗെയിമിങ് രംഗത്തും മറ്റും ഇതിന്റെ പ്രാധാന്യം വലുതാണ്.

ലേസര്‍ പ്രിന്റര്‍

1969-ല്‍ സെറോക്സില്‍വെച്ച് ഗാരി സ്റ്റാര്‍ക്ക്‌വെതര്‍ (Gary Starkweather) ആണ് ആദ്യത്തെ ലേസര്‍ പ്രിന്റര്‍ നിര്‍മ്മിച്ചത്. 1976-ല്‍ പുറത്തിറക്കിയ IBM 3800 ആ​ണ് ആദ്യ കമേഴ്സ്യല്‍ ലേസര്‍ പ്രിന്ററായി കണക്കാക്കപ്പെടുന്നത്. മിനിറ്റില്‍ 20,000 വരികള്‍ പ്രിന്റ് ചെയ്യാനുള്ള ശേഷി ഇതിനുണ്ടായിരുന്നു.

സ്പ്രെഡ്ഷീറ്റ് പ്രോഗ്രാം

1979-ല്‍ പുറത്തിറങ്ങിയ VisiCalc ആണ് ആദ്യ സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്‌വെയറായി കണക്കാക്കപ്പെടുന്നത്. ഡാന്‍ ബ്രിക്ക്ളിന്‍ (Dan Bricklin), ബോബ് ഫ്രാങ്ക്സ്റ്റണ്‍ (Bob Frankston) എന്നിവരാണ് ഇതിന്റെ ശില്‍പ്പികള്‍.

ഡൊമെയ്ന്‍

1985 മാര്‍ച്ച് 15-ന് രജിസ്റ്റര്‍ ചെയ്ത Symbolics.com ആണ് ആദ്യ ഡൊമെയ്ന്‍ നെയിം ആയി ക​ണക്കാക്കപ്പെടുന്നത്. ഇതിനുമുമ്പും (1985-ല്‍ത്തന്നെ) ചില ഡൊമെയ്നുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നെങ്കിലും അവയെല്ലാം ഔദ്യോഗികസ്വഭാവമുള്ളവയായിരുന്നു.

വെബ്സൈറ്റ്

സേണില്‍ (CERN) പ്രവര്‍ത്തിക്കെ ടിം ബെര്‍ണേഴ്സ് ലീ നിര്‍മ്മിച്ചതാണ് ലോകത്തെ ആദ്യത്തെ വെബ്സൈറ്റ്. http://info.cern.ch/ ആണ് ഇന്ന് ഇതിന്റെ വിലാസം.

വെബ് ബ്രൗസര്‍

ടിം ബെര്‍ണേഴ്സ് ലീ തന്നെ തയ്യാറാക്കിയ WorldWideWeb ആണ് ആദ്യ വെബ് ബ്രൗസര്‍. 1990-ല്‍ പൂര്‍ത്തിയായ ഇത് NeXTSTEP ഓപ്പറേറ്റിങ് സിസ്റ്റത്തെ ലക്ഷ്യം വച്ചുള്ളതായിരുന്നു.

ഇ-മെയില്‍

1971-ല്‍ റേ ടോംലിന്‍സണ്‍ അയച്ച ഒരു പരീക്ഷണമെയിലാണിത്. ആര്‍പ്പാനെറ്റ് വഴി കടന്നുപോയ ഈ മെയിലാണ് ഒരു കമ്പ്യൂട്ടറില്‍നിന്ന് മറ്റൊന്നിലേക്ക് അയയ്ക്കപ്പെടുന്ന ആദ്യ മെയില്‍. ഇതിന്റെ ഉള്ളടക്കം QWERTYUIOP പോലെ എന്തോ ഒന്നായിരുന്നുവെന്നേ ഇപ്പോള്‍ അറിയൂ. ഇ-മെയില്‍ വിലാസത്തില്‍ @ ചിഹ്നം ആദ്യമായി ഉപയോഗിച്ചതും ടോംലിന്‍സണാണ്.

ഇന്റര്‍നെറ്റ് റേഡിയോ

1995 ഫെബ്രുവരിയില്‍ പ്രക്ഷേപണമാരംഭിച്ച Radio HK ആണ് ആദ്യ മുഴുവന്‍ സമയ ഇന്റര്‍നെറ്റ്-ഒണ്‍ലി റേഡിയോ സ്റ്റേഷന്‍ (ഗിന്നസ് റെക്കോഡ് പ്രകാരം). നോര്‍മാന്‍ ഹജ്ജാര്‍ (Norman Hajjar) ആണ് ഇത് നിര്‍മ്മിച്ചത്.

കമ്പ്യൂട്ടര്‍ ജനറേറ്റഡ് ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം

പിക്സാര്‍ ആനിമേഷന്‍ സ്റ്റുഡിയോ 1995-ല്‍ പുറത്തിറക്കിയ ടോയ് സ്റ്റോറി (Toy Story). ജോണ്‍ ലാസെറ്റര്‍ (John Lasseter) ആണ് സംവിധായകന്‍.


Keywords (click to browse): first-in-it first-in-technology first-in-internet first-computer first-website first-programmer first-computer-animated-movie pixar toy-story first-e-mail general-knowledge mathrubhumi exams technology information facts current-affairs