Nandakumar Edamana
Share on:
@ R t f

കണ്ണു കാക്കാന്‍ കറുത്ത തീം


ഏറെ നേരം കംപ്യൂട്ടറുപയോഗിക്കുന്നവര്‍ക്കെല്ലാം കണ്ണിന് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ചെറിയ അസ്വസ്ഥത മുതല്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം (സി.വി.എസ്.) അഥവാ ഡിജിറ്റല്‍ ഐ സ്ട്രെയിന്‍ പോലുള്ള സങ്കീര്‍ണ്ണപ്രശ്നങ്ങള്‍ വരെയാവാമിത്. ഗെയിംഭ്രാന്തന്മാരോടും മറ്റും കംപ്യൂട്ടര്‍ ഉപയോഗം കുറയ്ക്കാനാവശ്യപ്പെടാം. എന്നാല്‍ രാവിലെ മുതല്‍ കംപ്യൂട്ടറിനുമുന്നിലിരിക്കേണ്ട ജോലിയുള്ളവര്‍ക്ക് എന്തുചെയ്യാനാകും?

വെളിച്ചം നേരിട്ട് സ്ക്രീനില്‍ത്തട്ടി ഗ്ലെയര്‍ വരാത്ത രീതിയിലും കഴുത്തിന് ബുദ്ധിമുട്ട് വരാത്ത രീതിയിലും ഇരുത്തവും വെളിച്ചവും ക്രമീകരിക്കുകയാണ് ഒരു പരിഹാരം. ഇമ വെട്ടാന്‍ മറക്കാതിരിക്കുകയാണ് മറ്റൊന്ന്. എല്ലാ 20 മിനിറ്റിലും 20 അടി (ആറ് മീറ്റര്‍) ദൂരെയുള്ള എന്തിലേക്കെങ്കിലും 20 സെക്കന്‍ഡ് നോക്കിയിരിക്കുക എന്ന 20-20-20 റൂള്‍ അടുത്തത്. എന്നാല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി ഇരുണ്ട തീമുകള്‍ ഉപയോഗിച്ചുകൊണ്ട് കണ്ണിന് രക്ഷയേകുന്നതെങ്ങനെ എന്നതാണ് ഈ ലക്കം ഇന്‍ഫോഹെല്‍ത്ത് പരിശോധിക്കുന്നത്.

എന്തുകൊണ്ട് ഇരുണ്ട തീമുകള്‍

സ്ക്രീനിലെ ഓരോ പിക്സലും ഓരോ നിറത്തില്‍ പ്രകാശിക്കുമ്പോഴാണ് ഒരു ദൃശ്യം രൂപപ്പെടുന്നത്. ഒരു പിക്സലില്‍ ഒരു നിറമുണ്ടാക്കുന്നതാകട്ടെ അടിസ്ഥാനവര്‍ണങ്ങളായ ചുവപ്പ്, പച്ച, നീല എന്നിവ പല അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്തും. വെളുത്ത ഒരു ബിന്ദുവൊരുക്കാന്‍ മുഴുവന്‍ നിറങ്ങളും ചേര്‍ക്കണം. എന്നാല്‍ കറുപ്പിന് ഒന്നും ചേര്‍ക്കേണ്ടതില്ല (നിറങ്ങളുടെ അഭാവമാണല്ലോ കറുപ്പ്). മറ്റൊരു രീതിയില്‍പ്പറഞ്ഞാല്‍ വെളുത്ത ഒരു ബിന്ദുവില്‍നിന്ന് മുഴുവന്‍ പ്രകാശം വരുമ്പോള്‍ കറുത്ത ഒരു ബിന്ദുവില്‍നിന്ന് പ്രകാശം വരുന്നതേയില്ല.

അതായത്, വെളുത്ത പശ്ചാത്തലത്തില്‍ കറുത്ത എഴുത്ത് വായിക്കുമ്പോള്‍ കണ്ണിലേക്ക് ഏറെ പ്രകാശമെത്തുന്നു. കറുത്ത പശ്ചാത്തലമായാല്‍ ഇത്രത്തോളം വെളിച്ചം വരില്ല (ഇതുകൊണ്ടാണ് ഇരുണ്ട തീമുകള്‍ പലപ്പോഴും ഊര്‍ജം ലാഭിക്കുന്നുവെന്ന് പറഞ്ഞിരുന്നത്).

കംപ്യൂട്ടര്‍ സ്ക്രീനില്‍ വെളുത്ത പശ്ചാത്തലത്തില്‍ പത്തുമിനിറ്റ് വായിക്കുമ്പോള്‍ത്തന്നെ കണ്ണിന് ബുദ്ധിമുട്ട് തോന്നാറുണ്ട്. എന്നാല്‍ ഇരുണ്ട പശ്ചാത്തലത്തില്‍ ഏറെ നേരം വായിച്ചാലും വലിയ കുഴപ്പമില്ല.

എല്ലായ്പോഴും ഇരുട്ട് നല്ലതോ?

ഇരുണ്ട തീമുകള്‍ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നതായും പറയപ്പെടുന്നു. ഇതുപലപ്പോഴും തുടക്കത്തിലെ പരിചയക്കേടാകാം. രണ്ടുദിവസം ഉപയോഗിച്ചിട്ടും പരിചയക്കൂടുതലിനുപകരം അസ്വസ്ഥതയാണുണ്ടാവുന്നതെങ്കില്‍ ഇരുണ്ട തീമുകള്‍ ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കോണ്‍ട്രാസ്റ്റ് (വൈരുദ്ധ്യം ആണ്). സൂര്യപ്രകാശം പോലെ ഏറെ തീവ്രമായ പ്രകാശത്തില്‍ വെളുത്ത (ബ്രൈറ്റ്നെസ്സ് കൂടിയ) തീമുകള്‍ തന്നെയാവും നല്ലത്. ഒരല്പം ഇരുണ്ട അന്തരീക്ഷത്തിന് യോജിച്ചതാണ് ഇരുണ്ട തീമുകള്‍ (മുറിയിലെ സാധാരണ വെളിച്ചത്തെയാണ് ഇരുണ്ടതെന്ന് വിശേഷിപ്പിച്ചത്; അല്ലാതെ കൂരിരുട്ടില്‍ കംപ്യൂട്ടര്‍ ഉപയോഗിക്കരുത്).

അതുപോലെ എഴുത്തും പശ്ചാത്തലവും തമ്മിലുള്ള വൈരുദ്ധ്യം പ്രധാനപ്പെട്ടതാണ്. തനിക്കറുപ്പില്‍ തൂവെള്ളയായാലും തിരിച്ചായാലും അസ്വസ്ഥതയുണ്ടാക്കും. ചെറുതായി പ്രകാശമുള്ള കറുത്ത പശ്ചാത്തലത്തില്‍ ഒരല്പം ഇരുട്ടുള്ള വെളുത്ത എഴുത്തായിരിക്കും കണ്ണിന് പലപ്പോഴും സുഖം തരിക.

തീം ക്രമീകരണം

ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ മൊത്തം തീം മാറ്റാന്‍ സെറ്റിങ്സ് എടുക്കുകയോ ഡെസ്ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties/Personalize എടുക്കുകയോ ചെയ്യാം. ഇരുണ്ട തീമിന് ഒരുദാഹരണമാണ് HighContrastInverse. കൂടുതല്‍ തീമുകള്‍ ഇന്റര്‍നെറ്റില്‍ ലഭിക്കും.

സുബുണ്ടുവില്‍ (Xubuntu) ഇരുണ്ട തീം തെരഞ്ഞെടുക്കുന്നു
സുബുണ്ടുവില്‍ (Xubuntu) ഇരുണ്ട തീം തെരഞ്ഞെടുക്കുന്നു

ടെക്സ്റ്റ് എഡിറ്ററുകളുടെ സെറ്റിങ്സില്‍ ഇരുണ്ട കളര്‍ സ്കീമുകള്‍ കാണാറുണ്ട്. എഴുത്തുകളും മറ്റും തയ്യാറാക്കുമ്പോള്‍ ആദ്യം ഇവിടെ ടൈപ്പ് ചെയ്ത ശേഷം വേഡ് പ്രൊസസറിലേക്ക് കോപ്പി ചെയ്യുന്നതാണ് നല്ലത്.

യൂട്യൂബ് ഉപയോഗിക്കുമ്പോള്‍ വീഡിയോയ്ക്ക് ചുറ്റുമുള്ള വെളുത്ത വെളിച്ചം കണ്ണിന് ബുദ്ധിമുട്ടായിത്തോന്നും. ഫുള്‍സ്ക്രീനാക്കുന്നത് ഒരു പരിഹാരം, ഡാര്‍ക്ക് തീം ഇന്‍സ്റ്റാള്‍ ചെയ്യുന്നത് കുറേക്കൂടി നല്ല പരിഹാരം. യൂട്യൂബിനെ കറുപ്പിക്കാനുള്ള എക്സ്റ്റന്‍‌ഷനുകള്‍ (ആഡ്-ഓണുകള്‍) ഫയര്‍ഫോക്സിനും ക്രോമിനുമെല്ലാം ലഭ്യമാണ്. ഗൂഗ്ളില്‍ youtube dark theme addon എന്ന് തിരഞ്ഞാല്‍ മതി. ഇവ ഇന്‍സ്റ്റാള്‍ ചെയ്താല്‍ (Add to Chrome/Add to Firefox) പിന്നെ യൂട്യൂബ് തുറക്കുമ്പോഴെല്ലാം കറുത്ത പശ്ചാത്തലത്തിലാവും വരിക.

വിക്കിപീഡിയ, ഗൂഗിള്‍ പോലുള്ള സൈറ്റുകളില്‍ ഇരുണ്ട തീമുകള്‍ ലഭ്യമാക്കാന്‍ Stylish എന്ന ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.


Click here to read more like this. Click here to send a comment or query.