Nandakumar Edamana
Share on:
@ R t f

ട്രാക്കര്‍മാര്‍ക്ക് ഇനി തലകറക്കം; ഇതാ, മോസില്ലയുടെ നൂറു ടാബുകള്‍


ഫെയ്സ്ബുക്കില്‍നിന്നും ഗൂഗിളില്‍നിന്നുമെല്ലാമുള്ള സ്ക്രിപ്റ്റുകള്‍ ഇന്ന് ഇന്റര്‍നെറ്റിലെ വലിയ പങ്ക് സൈറ്റുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. പരസ്യങ്ങള്‍ കാണിക്കാനോ ലൈക്ക് ബട്ടണുകള്‍ക്കോ സ്ഥിതിവിവരക്കണക്ക് കിട്ടാനോ ഒക്കെയാവുമിത്. എന്നാല്‍ നിങ്ങള്‍ ഏത് സൈറ്റ് സന്ദര്‍ശിച്ചാലും ഗൂഗിളും ഫെയ്സ്ബുക്കും അത് അറിയും എന്നതാണ് ഇതിന്റെ പരിണതഫലം. 'ട്രാക്കിങ്' എന്നാണ് ഇതറിയപ്പെടുന്നത്.

തങ്ങളുടെ സൈറ്റില്‍നിന്നും മറ്റു സൈറ്റുകളില്‍നിന്നുമെല്ലാം ഒരുപയോക്താവിനെക്കുറിച്ച് ശേഖരിക്കുന്ന, ഊഹിച്ചെടുക്കുന്ന വിവരങ്ങള്‍ ഇത്തരം കമ്പനികള്‍ക്ക് വിലപ്പെട്ടതാണ്. ആളുകളുടെ താത്പര്യങ്ങളിഞ്ഞ് പര‌സ്യം പ്രദര്‍ശിപ്പിക്കുകയാണ് പ്രധാന ഉദ്ദേശ്യം. എന്നാല്‍ ഈ ഡേറ്റ മറ്റു കമ്പനികള്‍ക്ക് വില്‍ക്കാന്‍ പോലും ചിലര്‍ തയ്യാറാവുന്നു. ഡേറ്റ രഹസ്യമായി സൂക്ഷിച്ചാലും സൈബര്‍ അക്രമികള്‍ ഇത് തട്ടിയെടുക്കാനുള്ള സാദ്ധ്യത വേറെ.

'ട്രാക്ക്ദിസ്' വെബ്‌സൈറ്റിന്റെ ഹോം പേജ്
'ട്രാക്ക്ദിസ്' വെബ്‌സൈറ്റിന്റെ ഹോം പേജ്

സ്വകാര്യത വര്‍ദ്ധിപ്പിക്കാനുള്ള രീതികളും സേവനങ്ങളും ബ്രൌസര്‍ ആഡോണുകളുമെല്ലാം ഇന്‍ഫോകൈരളിയില്‍ പലതവണ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ട്രാക്കറുകളെ തടയുന്നതിനുപകരം ആശയക്കുഴപ്പത്തിലാക്കാനുള്ള ഒരു മാര്‍ഗമാണ് ഇത്തവണ. മോസില്ലയില്‍നിന്നുള്ള www.trackthis.link എന്ന സൈറ്റാണിത്.

ഈ സൈറ്റ് തുറന്നാല്‍ ഏതാനും 'പ്രൊഫൈലുകള്‍' കൊടുത്തുകാണാം. വിവിധ സ്വഭാവങ്ങളുള്ള സാങ്കല്‍പ്പികവ്യക്തികളാണ് ഈ പ്രൊഫൈലുകള്‍. ഉദാഹരണത്തിന്, സാമ്പത്തികസൈറ്റുകളില്‍ താത്പര്യമുള്ളയാളാണ് 'ഫില്‍ത്തി റിച്ച്'.

ഒരു പ്രൊഫൈലില്‍ ക്ലിക്ക് ചെയ്താല്‍ അങ്ങനെയൊരാള്‍ തുറക്കാനിടയുള്ള നൂറ് വ്യത്യസ്ത സൈറ്റുകള്‍ താനേ തുറക്കും. ഇതെങ്ങനെയാണ് ട്രാക്കര്‍മാരെ പറ്റിക്കുന്നത്?

താനേ തുറക്കുന്ന ഓരോ സൈറ്റും കുക്കികള്‍ ഉപയോഗിക്കുന്നുണ്ട്. അതിലേറെയും ഫെയ്സ്ബുക്ക് അടക്കമുള്ള വമ്പന്മാരില്‍നിന്നുള്ളതാണ്. തുറന്നുവന്ന ടാബെല്ലാം 'ട്രാക്ക്ദിസ്സി'ന്റെ പറ്റിക്കലായിരുന്നു എന്നറിയാത്തതുകൊണ്ടുതന്നെ ഈ സൈറ്റെല്ലാം നാം സ്വന്തം ഇഷ്ടപ്രകാരം സന്ദര്‍ശിക്കുന്നതാണെന്ന് ട്രാക്കര്‍മാര്‍ തെറ്റിദ്ധരിക്കുന്നു. മറ്റൊരു രീതിയില്‍പ്പറഞ്ഞാല്‍, ഫെയ്സ്ബുക്കിന്റെയും ഗൂഗിളിന്റെയുമെല്ലാം അറിവിലുള്ള നമ്മുടെ ചിത്രം പാടേ മാറുന്നു.

ഒരുപാടുകാലം ഫെയ്സ്ബുക്കിന്റെയും മറ്റും ചാരക്കണ്ണുകള്‍ക്ക് ഇരയായ ആളാണ് നിങ്ങളെങ്കില്‍ അത് മായ്ച്ചുകളയാന്‍ ഇത് പലകുറി ഉപയോഗിക്കാം. എന്നാല്‍ അതിനുശേഷമെങ്കിലും പ്രൈവറ്റ് മോഡ്, 'ഇഎഫ്എഫ് പ്രൈവസി ബാഡ്ജര്‍' പോലുള്ള സ്വകാര്യതാ ആഡോണുകള്‍ എന്നിവ ഉപയോഗിച്ചുതുടങ്ങുക.

കണ്ണില്‍ പൊടിയിടുമോ ഫെയ്സ്ബുക്കിന്റെ 'പ്രൈവസി' ടൂള്‍?

തങ്ങള്‍ ശേഖരിക്കുന്ന സ്വകാര്യവിവരങ്ങള്‍ക്കുമേല്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണമനുവദിക്കാന്‍ ഫെയ്സ്ബുക്ക് അവതരിപ്പിച്ച പുതിയ സംവിധാനമാണ് 'ക്ലിയര്‍ ഓഫ്-ഫെയ്സ്ബുക്ക് ഹിസ്റ്ററി'. ഉപയോക്താക്കള്‍ ഫെയ്സ്ബുക്കിന് പുറത്തുനടത്തുന്ന നീക്കങ്ങളും അവര്‍ക്ക് നിരീക്ഷിക്കാനാകുമല്ലോ. മറ്റു സൈറ്റുകളുടെ സഹായത്തോടെ ഫെയ്സ്ബുക്ക് ഇങ്ങനെ മനസ്സിലാക്കിവച്ചിട്ടുള്ള വിവരങ്ങളിലോരോന്നും ഏത് സൈറ്റ്/ആപ്പ് വഴി വരുന്നു എന്ന് തിരിച്ചറിയാനും അത് ഫെയ്സ്ബുക്ക് അക്കൌണ്ടില്‍നിന്ന് വേര്‍പെടുത്താനുമുള്ളതാണ് പുതിയ സംവിധാനം.

കേംബ്രിജ് അനലിറ്റിക്ക വിവാദത്തിന്റെ ക്ഷീണം തീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ടൂള്‍. ദശലക്ഷക്കണക്കിന് ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനം ശേഖരിച്ചുപയോഗിച്ചത് കഴിഞ്ഞ വര്‍ഷം വാര്‍ത്തയായിരുന്നു. ഇതില്‍ ഫെയ്സ്ബുക്കിനും ഉത്തരവാദിത്തമുണ്ടെന്നതാണ് സംഭവം വിവാദമാക്കിയത്. ഇതേത്തുടര്‍ന്ന് കമ്പനിക്ക് വലിയ പിഴയടക്കമുള്ള നിയമനടപടികള്‍ നേരിടേണ്ടിവന്നു. ഉപയോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കുമിടയിലുണ്ടായ അതൃപ്തി വേറെ.

സ്വകാര്യതയും സുതാര്യതയും വര്‍ദ്ധിപ്പിക്കുന്നതാണ് പുതിയ നടപടികള്‍ എന്ന് ഫെയ്സ്ബുക്ക് പറയുന്നു. എന്നാല്‍ ശേഖരിച്ച സ്വകാര്യവിവരങ്ങളൊന്നും പൂര്‍ണമായും നീക്കം ചെയ്യാന്‍ പുതിയ സംവിധാനത്തിലും സൌകര്യമില്ലെന്നാണ് ആരോപണം.

പുതിയ സംവിധാനം വ്യാപകമായി ഉപയോഗിക്കപ്പെട്ടാല്‍ ഫെയ്സ്ബുക്കിന്റെ വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടാവുമെന്ന് വ്യക്തമാണ്. ഇത് ഫെയ്സ്ബുക്കും സമ്മതിക്കുന്നുണ്ട്.

ക്ലിയര്‍ ഹിസ്റ്ററി സംവിധാനം എത്രത്തോളം സത്യസന്ധമാണെന്നും ഇത് ഫെയ്സ്ബുക്കിന്റെ വരുമാനത്തെ എങ്ങനെ ബാധിക്കുന്നു എന്നും മനസ്സിലാക്കാന്‍ കാത്തിരിക്കുകയേ വഴിയുള്ളൂ.


Click here to read more like this. Click here to send a comment or query.