Nandakumar Edamana
Share on:
@ R t f

ഗ്രീന്‍ കംപ്യൂട്ടിങ്


Published in MB Yearbook Plus 2016 (ml)

പരിസ്ഥിതിയ്ക്കിണങ്ങുംവിധം കമ്പ്യൂട്ടര്‍ ഉപയോഗിക്കുക എന്നതാണ് ഗ്രീന്‍ കംപ്യൂട്ടിങ്. കമ്പ്യൂട്ടിങ് വിഭവങ്ങള്‍ പരമാവധി കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ടാണ് ഇത് സാദ്ധ്യമാക്കുന്നത്. ഊര്‍ജ്ജക്ഷമമായ ഹാഡ്‌വെയറും ആര്‍ഭാടങ്ങള്‍ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള സോഫ്റ്റ്‌വെയറും ഇതിന്റെ അടിസ്ഥാന ആവശ്യങ്ങളാണ്.

ഗ്രീന്‍ കംപ്യൂട്ടിങ്ങിന്റെ അടിസ്ഥാന ആശയങ്ങള്‍ ഇവയാണ്:

  • ഊര്‍ജ്ജം ലാഭിക്കല്‍
  • ഇ-വേസ്റ്റ് കുറയ്ക്കലും ഫലപ്രദമായി നിര്‍മ്മാര്‍ജ്ജനം ചെയ്യലും
  • കമ്പ്യൂട്ടിങ്ങിന്റെ പരോക്ഷഫലമായുണ്ടാവുന്ന മലിനീകരണവും പാരിസ്ഥിതികപ്രശ്നങ്ങളും ഒഴിവാക്കുക (ഉദാ: അനാവശ്യമായി പ്രിന്റെടുത്ത് കടലാസ് പാഴാക്കല്‍)

യു.എസ്സിന്റെ ഇന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എനര്‍ജിയും ചേര്‍ന്ന് 1992-ല്‍ രൂപീകരിച്ച ‘എനര്‍ജി സ്റ്റാര്‍’ റെയ്റ്റിങ് പ്രോഗ്രാമിലാണ് ഗ്രീന്‍ കംപ്യൂട്ടിങ്ങിന്റെ തുടക്കം. ഊര്‍ജ്ജക്ഷമതയുള്ള ഉപകരണങ്ങള്‍ക്ക് റെയ്റ്റിങ് കൊടുക്കുന്ന ഈ സന്നദ്ധസംരംഭം ഉല്‍പ്പാദകര്‍ക്കിടയില്‍ ഒരു മത്സരത്തിന് കാരണമായി. ‘സ്ലീപ്പ് മോഡ്’ ഉള്ള ഉപകരണങ്ങള്‍ അങ്ങനെ വ്യാപകമായി.

ഊര്‍‌ജക്ഷമത

ഊര്‍ജ്ജക്ഷമതയും അസംസ്കൃതവസ്തുക്കളുടെ സ്വഭാവവുമാണ് (റീസൈക്ലിങ്ങിന് യോജിച്ചത്) ഹാഡ്‌വെയര്‍ ഘടകങ്ങളുടെ പരിസ്ഥിതിസൗഹാര്‍ദം നിര്‍ണ്ണയിക്കുന്നത്. ഒരു 17" സി.ആര്‍.ടി. മോണിറ്റര്‍ 80 വാട്ട് ഉപയോഗിക്കുമ്പോള്‍ അതേ വലിപ്പത്തിലുള്ള എല്‍.സി.ഡി. മോണിറ്റര്‍ 20-ഉം എല്‍.ഇ.ഡി. മോണിറ്റര്‍ 18-ഉം വാട്ട് മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നതാണ് ശരാശരിക്കണക്ക്. കാലപ്പഴക്കത്തിനനുസരിച്ച് സി.ആര്‍.ടി.യുടെ വൈദ്യുതോപഭോഗം കൂടുമെന്നും പറയപ്പെടുന്നു. കംപ്യൂട്ടറിലെ വിവിധ ഘടകങ്ങള്‍ക്ക് വൈദ്യുതി വിഭജിച്ചുനല്‍കുന്ന എസ്.എം.പി.എസ്സില്‍ത്തന്നെ 20% വൈദ്യുതി പാഴായിപ്പോവുന്നുണ്ടെന്നാണ് കണക്ക്.

എനര്‍ജി സ്റ്റാര്‍ പോലെ വിവിധ റെയ്റ്റിങ് സമ്പ്രദായങ്ങള്‍ നിലവിലുണ്ട്. പവര്‍ സപ്ലേകളുടെ കാര്യക്ഷമതയ്ക്ക് റെയ്റ്റിങ് നല്‍കുന്ന ഒരു സംരംഭമാണ് 80 PLUS.

ഗ്രീന്‍ ഗൂഗ്ള്‍

സെക്കന്‍ഡില്‍ നാല്‍പ്പതിനായിരത്തിലേറെ സേര്‍ച്ച് അപേക്ഷകള്‍‌ ലഭിക്കുന്ന ഗൂഗ്ള്‍ ഗ്രീനായാല്‍ അത് ഈ രംഗത്ത് വലിയൊരു സ്വാധീനശക്തിയായിരിക്കും. ഇതിനായി തങ്ങള്‍ ഇത്രയും ചെയ്തുവെന്നാണ് ഗൂഗ്ള്‍ അവകാശപ്പെടുന്നത്:

  • 2007 മുതല്‍ ഗൂഗ്ള്‍ കാര്‍ബണ്‍-ന്യൂട്രല്‍ ആ​ണ്.
  • ഗൂഗ്ളിന്റെ ഡേറ്റാ സെന്ററുകള്‍ മറ്റു ഡേറ്റാ സെന്ററുകളെ അപേക്ഷിച്ച് 50% കുറച്ചുമാത്രം ഊര്‍ജ്ജം ഉപയോഗിക്കുന്നു.
  • വറ്റാത്ത (renewable) ഊര്‍ജ്ജസ്രോതസ്സുകള്‍ക്കായി ഗൂഗ്‌ളിന്റെ വക 200 കോടിയുടെ നിക്ഷേപം.
  • ജിമെയില്‍ ഉപയോഗിക്കുന്ന ഒരു സ്ഥാപനം, അതുണ്ടാക്കുന്ന പാരിസ്ഥിതികാഘാതം 98% കുറയ്ക്കുന്നു.

കാര്‍‌ബണ്‍ ഫൂട്ട്പ്രിന്റ്

ഒരു സ്ഥാപനം/സംഘടന അതിന്റെ പ്രവര്‍ത്തനഫലമായി പുറത്തുവിടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ് കാണിക്കുന്നതാണ് ‘കാര്‍ബണ്‍ ഫൂട്ട്പ്രിന്റ്’ എന്ന സൂചിക. ഇത് പൂജ്യമാവുക അഥവാ കാര്‍ബണ്‍-ന്യൂട്രല്‍ ആവുക എന്നാല്‍ പരമാവധി പരിസ്ഥിതസൗഹൃദമാവുക എന്നാണര്‍ത്ഥം.

ഇ-വേസ്റ്റ്

ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇ-വേസ്റ്റ്. നാഷണല്‍ സേഫ്റ്റി കൗണ്‍സിലിന്റെ കണക്കുപ്രകാരം മൊത്തം പി.സി.കളില്‍ 75%-ഉം അധികപ്പറ്റായിക്കഴിഞ്ഞു.

കംപ്യൂട്ടറും അനുബന്ധഘടകങ്ങളും മൂലമുണ്ടാവുന്ന പ്രധാനമാലിന്യങ്ങള്‍ ഇവയാണ്:

  • കാഡ്മിയം, ലെഡ്, ബെറിലിയം എന്നിവയുള്ള സെര്‍ക്കീട്ട് ബോഡുകള്‍
  • കാഥോഡ് റേ ട്യൂബ് (സി.ആര്‍.ടി.), അതിന്റെ ചില്ല്
  • ലെഡ്, മെര്‍ക്കുറി, കാഡ്മിയം എന്നിവയുള്ള ബാറ്ററികള്‍
  • പ്ലാസ്റ്റിക്

ഇവയില്‍പ്പലതും റീസൈക്കിള്‍ ചെയ്യുക എളുപ്പമല്ല എന്നതാണ് പ്രശ്നമാകുന്നത്. അശാസ്ത്രീയമായ റീസൈക്ലിങ്ങും അപകടമാണ്.

കമ്പ്യൂട്ടര്‍ റീസൈക്ലിങ്

ഇലക്ട്രോണിക് റീസൈക്ലിങ്, ഇ-വേസ്റ്റ് റീസൈക്ലിങ് എന്നെല്ലാം കമ്പ്യൂട്ടര്‍ റീസൈക്ലിങ് അറിയപ്പെടുന്നു. ഇതുവഴി അര്‍ബുദത്തിന് വരെ കാരണമാകാവുന്ന രാസവസ്തുക്കളുടെ നിര്‍മ്മാര്‍ജ്ജനത്തോടൊപ്പം പുതിയ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനാവശ്യമായ അസംസ്കൃതവസ്തുക്കളുടെ ശേഖരണവും നടക്കുന്നു.

പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഖനനം വഴിയാണ് അസംസ്കൃതവസ്തുക്കള്‍ കണ്ടെത്തുന്നത്. ഭൂഗര്‍ഭജലമടക്കം ഉപയോഗശൂന്യമാക്കുന്ന മലിനീകരണമാണ് ഖനനം മൂലമുണ്ടാവുന്നത്. എന്നാല്‍ പാഴ്വസ്തുക്കളില്‍നിന്നുതന്നെ അസംസ്കൃതവസ്തുക്കള്‍ ലഭ്യമാക്കാന്‍ ഇ-റീസൈക്ലിങ്ങിനാവും.

ടിന്‍, സിലിക്കണ്‍, ഇരുമ്പ്, അലുമിനിയം, ലെഡ്, ചെമ്പ്, സ്വര്‍ണ്ണം, ചിലതരം പ്ലാസ്റ്റിക്കുകള്‍ എന്നിവയാണ് ഇലക്ട്രോണിക് ഘടകങ്ങളില്‍നിന്ന് പുനരുപയോഗത്തിനായി കിട്ടുന്ന പ്രധാനവസ്തുക്കള്‍.

റീപര്‍പ്പസിങ്

ഉപകരണങ്ങളെ ഘടകങ്ങളായി വേര്‍തിരിച്ചശേഷം പുതിയവ നിര്‍മ്മിക്കാന്‍ അവ ഉപയോഗിക്കലാണ് റീസൈക്ലിങ്. എന്നാല്‍ ഉപയോഗശൂന്യമായ ഒരുപകരണത്തെ മറ്റെന്തിങ്കിലും ആവശ്യത്തിന് യോജിച്ച തരത്തില്‍ രൂപമാറ്റം വരുത്തലാണ് റീപര്‍പ്പസിങ്. പാഴ്വസ്തുക്കളില്‍നിന്ന് കൗതുകവസ്തുക്കളുണ്ടാക്കുന്നതുപോലെ, റീസൈക്ലിങ്ങിന് യോഗ്യമല്ലാത്ത ഇലക്ട്രോണിക് പാഴ്വസ്തുക്കളെ റീപര്‍പ്പസ് ചെയ്യാം.


Keywords (click to browse): green-computing eco-friendly e-waste technology recycling repurposing general-knowledge mathrubhumi exams information facts current-affairs