സേര്‍ച്ച് എന്‍ജിനുകളുടെയും മറ്റും കണ്ണില്‍പ്പെടാതെ കിടക്കുന്ന ഡീപ്പ് വെബ്ബിലെ ചില കൗതുകങ്ങളാണ് ഈ ലക്കം ഇന്‍ഫോബിറ്റ്സില്‍.
സിക്കാഡ 3301
ചുരുളഴിയാത്ത രഹസ്യങ്ങള്‍ നമുക്കെല്ലാം ഇഷ്ടമാണ്. അത്തരത്തിലൊരു പരിവേഷവുമായി ഇന്റര്‍നെറ്റില്‍ കുറച്ചുകാലം കൗതുകവും അതുപോലെതന്നെ ഭീതിയും പരത്തിയ ഒരു സമസ്യയാണ് സിക്കാഡ 3301 (Cicada 3301).
2012 ജനവരി മുതല്‍ ഇന്റര്‍നെറ്റിലെ വിവിധ സേവനങ്ങളിലായി പ്രത്യേകതരം കോഡുകളും മറ്റും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ബുദ്ധിമാന്മാരായ ആളുകളെ തങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും യോജിച്ച ആളുകളെ കണ്ടെത്താനുള്ള ഒരു പരീക്ഷയാണ് ഇതെന്നും കോഡുകള്‍ക്കൊപ്പം സന്ദേശമുണ്ടായിരുന്നു. ഇതിനുപിന്നിലുണ്ടെന്നു കരുതപ്പെടുന്ന സംഘമാണ് സിക്കാഡ 3301.
പൊതുജനങ്ങളില്‍നിന്ന് കോഡ്ബ്രെയ്ക്കര്‍മാരെ കണ്ടെത്താനുള്ള പരീക്ഷകള്‍ അവര്‍ പല ഘട്ടങ്ങളിലായി തുടര്‍ന്നു. കോഡുകള്‍ പലതും പലരും പൊളിച്ചിട്ടുണ്ടത്രേ. എന്നാല്‍ അതത്ര എളുപ്പമുള്ള കാര്യമല്ല. വിവിധ വിഷയങ്ങളിലെ അറിവും ചില യഥാര്‍ത്ഥ സ്ഥലങ്ങളിലെല്ലാം തയ്യാറാക്കിവച്ചിട്ടുള്ള സൂചനകളും അതിനാവശ്യമായിരുന്നു (ശരിക്കുമൊരു ഹോളിവുഡ് നിധിവേട്ടച്ചിത്രം പോലെ). അവസാനത്തെ കോഡ് പ്രത്യക്ഷപ്പെട്ടത് 2016 ജനവരി 5-ന് ട്വിറ്ററിലാണ്.
ആരാണിതിനുപിന്നില്‍, എന്താണിവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്നതൊന്നും വ്യക്തമല്ല. സുരക്ഷാ ഏജന്‍സികള്‍ മുതല്‍ ഒരു തീവ്രവാദിസംഘമോ ക്രിപ്റ്റോകറന്‍സിയ്ക്കായി ഗവേഷണം നടത്തുന്ന ഏതെങ്കിലും ബാങ്കോ വരെയാവാം സിക്കാഡ എന്ന് അഭ്യൂഹമുണ്ട്.
ഡീപ്പ് വെബ്ബിലേയ്ക്കൊരു വഴികാട്ടി
ഡീപ്പ് വെബ്ബുമായി ബന്ധപ്പെട്ട ഒരു 'ഹൗ-റ്റു' എന്ന് അവകാശപ്പെടുന്ന സൈറ്റാണ് deep-web.org. എന്താണ് ഡീപ്പ് വെബ്ബ്, അതെത്രത്തോളം വലുതാണ്, ഡീപ്പ് വെബ്ബില്‍ എങ്ങനെ തിരയാം തുടങ്ങിയ വിഷയങ്ങളിലെ ലേഖനങ്ങളും വീഡിയോകളും ഇവിടെ ലഭ്യമാണ്. 2011 മുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഈ വെബ്സൈറ്റില്‍ ഡീപ്പ് വെബ്ബുമായി ബന്ധപ്പെട്ട മറ്റനേകം വെബ്സൈറ്റുകളുടെ ലിങ്കുകളുമുണ്ട്.
ടോര്‍ നെറ്റ്‌വര്‍ക്കിലെ ഏതാനും സൈറ്റുകളുടെ വിലാസങ്ങള്‍ thehiddenwiki.org, the-hidden-wiki.com എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
ഡീപ്പ് വെബ്ബ് സേര്‍ച്ച് എന്‍ജിനുകള്‍
സാധാരണ സേര്‍ച്ച് എന്‍ജിനുകളുടെ കണ്ണില്‍പ്പെടാത്ത പലതും നമുക്കുമുന്നില്‍ എത്തിക്കുന്ന സേര്‍ച്ച് എന്‍ജിനുകളാണിവ. ഇവയുടെ പ്രവര്‍ത്തനം പല തരത്തിലാണ്. ഒന്നിലേറെ സേര്‍ച്ച് എന്‍ജിനുകളില്‍നിന്നുള്ള റിസള്‍ട്ടുകള്‍ കൂട്ടിച്ചേര്‍ത്ത് നമുക്കുമുന്നിലെത്തിക്കുന്ന 'മള്‍ട്ടി സേര്‍ച്ച് എന്‍ജിന്‍ അഗ്രിഗേറ്റര്‍' ആണ് ഒരു വിഭാഗം. dogpile.com ഇത്തരത്തിലൊന്നാണ്.
വെബ്ബില്‍നിന്ന് ഒരു കാര്യം നീക്കം ചെയ്യപ്പെട്ടാലും അതിന്റെ ബാക്കപ്പ് സൂക്ഷിക്കുന്ന ആര്‍ക്കൈവുകളും ഡീപ്പ് വെബ്ബിന്റെ ഭാഗമായി പറയാം. വലിയൊരു ഡിജിറ്റല്‍ പുരാവസ്തുശേഖരമാണ് archive.org. ഇതിലെ Wayback Machine എന്ന സൗകര്യം ഉപയോഗിച്ചാല്‍ ഒരു വെബ്സൈറ്റിന്റെ പഴയകാലരൂപങ്ങള്‍ കാണാം. ഉദാഹരണത്തിന്, ഇതില്‍ google.com എന്ന് കൊടുക്കുമ്പോള്‍ ഒരു കലണ്ടര്‍ പ്രത്യക്ഷപ്പെടുന്നു. 1998 വരെ പുറകോട്ടുപോകുന്ന ഇതിലെ നീലനിറത്തിലുള്ള തീയതികളിലൊന്നില്‍ ക്ലിക്ക് ചെയ്താല്‍ അന്നത്തെ ഗൂഗിള്‍ കാണാം. ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാനും ഈ സംവിധാനമുപയോഗിക്കാം. ഡീപ്പ് വെബ്ബിന്റെ വേറിട്ട ഒരു തലമാണിത്.
ടോര്‍ നെറ്റ്‌വര്‍ക്കില്‍ ലഭ്യമായ സേവനങ്ങള്‍ (പ്രത്യേകിച്ച് .onion വെബ്സൈറ്റുകള്‍) പട്ടികപ്പെടുത്തുന്നതാണ് thehiddenwiki.org. ടോറില്‍ സേര്‍ച്ച് ചെയ്യാന്‍ സഹായിക്കുന്ന ടോര്‍ച്ച് (http://xmh57jrzrnw6insl.onion/) പോലുള്ള സേവനങ്ങളുടെ ലിങ്ക് ഇവിടെയുണ്ട്.
ഇനിയും വിവിധ തരത്തിലുള്ള സേര്‍ച്ച് എന്‍ജിനുകളും ഡയറക്റ്ററികളും ലഭ്യമാണ്. ഇതിന്റെ വലിയൊരു പട്ടിക തന്നെ ഈ താളില്‍ ലഭ്യമാണ്:
deep-web.org/how-to-research/deep-web-search-engines/
Keywords (click to browse): deep-web tor cicada-3301 technology computer definitions infokairali