Nandakumar Edamana
Share on:
@ R t f

കാഴ്ചയ്ക്ക് ചേരുവയേകി ഉബുണ്ടു ഫ്ലേവറുകള്‍


കുബുണ്ടു, ലുബുണ്ടു തുടങ്ങി വ്യത്യസ്ത ഫ്ലേവറുകളില്‍ ഉബുണ്ടു ലഭ്യമാണ്. ഉബുണ്ടുവിന്റെ ഓരോ റിലീസിനുമൊപ്പം ഈ ഫ്ലേവറുകളും പുതുക്കപ്പെടുന്നു. 17.04-ഉം വ്യത്യസ്ത ഫ്ലേവറുകളില്‍ ലഭ്യമാണെന്നര്‍ത്ഥം.

'ഫ്ലേവറുകള്‍' എന്താണെന്നറിയാത്തവര്‍ക്കായി അതൊന്ന് വിശദമാക്കാം. ഹോം, പ്രൊഫഷണല്‍, അള്‍ട്ടിമേറ്റ് തുടങ്ങി വ്യത്യസ്ത പതിപ്പുകളില്‍ വിന്‍ഡോസ് ലഭ്യമാണല്ലോ. കാശുകൂടുന്തോറും സൗകര്യങ്ങളും കൂട്ടുക എന്നതാണ് ഈ പതിപ്പുകളുടെ ആശയം. കാഴ്ചയില്‍ എല്ലാം ഒരുപോലെയുണ്ടാകാം.

കുറെക്കൂടി വിസ്തൃതമായ ആശയമാണ് ഉബുണ്ടു ഫ്ലേവറുകളുടേത്. വിന്‍ഡോസില്‍ നിന്ന് വിഭിന്നമായി ഗ്നു/ലിനക്സില്‍ വ്യത്യസ്ത ഡെസ്ക്ടോപ്പ് ഇന്‍വയോണ്‍മെന്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിക്കാനാവും. കാണാനുള്ള ചന്തം, ഉപയോഗിക്കാനുള്ള എളുപ്പം, വേഗം എന്നിവയെല്ലാം തീരുമാനിക്കുന്നത് ഡെസ്ക്ടോപ്പുകളാണ്. ഒന്നിലെ മെനുവിന്‍റെ സ്ഥാനവും ഭാവവുമാകില്ല മറ്റൊന്നിലെ മെനുവിന്. ഷോര്‍ട്ട്കട്ടുകളും വ്യത്യസ്തമാകാം. ഒരു ഗ്നു/ലിനക്സ് പതിപ്പില്‍ നമുക്ക് ഇഷ്ടമുള്ള ഡെസ്ക്ടോപ്പുകളെല്ലാം ഇന്‍സ്റ്റാള്‍ ചെയ്യാം. ലോഗിന്‍ ചെയ്യുമ്പോള്‍ ഏതിലേയ്ക്ക് കയറണമെന്ന് തീരുമാനിക്കാം.

ഡിഫോള്‍ട്ടായി ഏത് ഡെസ്ക്ടോപ്പാണ് ലഭ്യം എന്നാതാണ് ഫ്ലേവറുകള്‍ കൊണ്ട് മുഖ്യമായും ഉദേശിക്കുന്നത്. ഉദാഹരണത്തിന് കുബുണ്ടുവില്‍ ഉള്ളത് K Desktop Environment (KDE) ആണ്. ലുബുണ്ടുവില്‍ ഉള്ളത് LXDE ഡെസ്ക്ടോപ്പ് ആണ്.

എന്നാല്‍ ചില ഫ്ലേവറുകള്‍ ഡെസ്ക്ടോപ്പിനേക്കാള്‍ പ്രാധാന്യം ലഭ്യമായ പാക്കേജുകള്‍ക്ക് കൊടുക്കുന്നു. ഉദാഹരണത്തിന് ഉബുണ്ടു സ്റ്റുഡിയോയില്‍ ഡീഫോള്‍ട്ടായി തന്നെ ധാരാളം മള്‍ട്ടിമീഡിയാ പ്രൊഡക്ഷന്‍ ടൂളുകള്‍ ഉണ്ടായിരിക്കും. എജ്യുബുണ്ടു (Edubuntu) ആകട്ടെ വിദ്യാഭ്യാസ പാക്കേജുകള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്നു (എജ്യുബുണ്ടുവിന് 17.04 പതിപ്പില്ല).

സാധാരണ ഉബുണ്ടുവില്‍ ഉള്ളത് യൂണിറ്റി (Unity) ഡെസ്ക്ടോപ്പ് ഇന്‍വയോണ്മെന്റാണ്. Ubuntu 11.04-ന് മുമ്പുവരെ ഇത് ഗ്നോം 2 (GNOME 2) ആയിരുന്നു. 2017 ഒക്റ്റോബറില്‍ പുറത്തിറങ്ങുന്ന 17.10-ന്റെ ഡിഫോള്‍ട്ട് ഡെസ്ക്ടോപ്പ് ഗ്നോം 3 ആയിരിക്കുമെന്നാണ് വാര്‍ത്തകള്‍. ഏറെ പുരോഗമിച്ച ഒരു ഡെസ്ക്ടോപ്പ് ഇന്‍വയോണ്മെന്റാണിത്.

ഏതെങ്കിലുമൊരു ഫ്ലേവര്‍ തെരഞ്ഞെടുത്തു എന്നുകരുതി മറ്റു ഡെസ്ക്ടോപ്പുകള്‍ ലഭ്യമാകാതിരിക്കില്ല. ആവശ്യമുള്ളത്ര തരം ഡെസ്ക്ടോപ്പുകള്‍ പിന്നീടെപ്പോള്‍ വേണമെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്യാം.

ഓരോ ഉബുണ്ടു ഫ്ലേവറിലുമുള്ള ഡെസ്ക്ടോപ്പ് ഇന്‍വയോണ്‍മെന്‍റുകളും സവിശേഷതയും താഴെ പട്ടികപ്പെടുത്തുന്നു:

ഫ്ലേവര്‍ ഡെസ്ക്ടോപ്പ് സവിശേഷത
Ubuntu GNOME ഗ്നോം 3 (അഥവാ ഗ്നോം ഷെല്‍) അത്യാധുനിക ഗ്നോം 3. അന്‍ഡ്രോയിഡ്-സമാന ആപ്പ് മെനു. ഇനിയുള്ള ഉബുണ്ടു പതിപ്പുകളില്‍ ഇതായിരിക്കാം ഡിഫോള്‍ട്ട്.
Kubuntu KDE Plasma Desktop ഗ്നോമിനോളം പ്രശസ്തമായ മറ്റൊരു ഡെസ്ക്ടോപ്പ്.
Lubuntu LXDE ആകര്‍ഷണീയതയേക്കാള്‍ വേഗത്തിനും കാര്യക്ഷമതയ്ക്കും പ്രാധാന്യം.
Xubuntu Xfce LXDE-യ്ക്ക് സമാനമായ ഉദ്ദേശലക്ഷ്യങ്ങള്‍.
Ubuntu MATE MATE പഴയ ഗ്നോം 2-വിന്‍റെ തുടര്‍ച്ച. പരമ്പരാഗത Application, Places മെനുകള്‍, മുകളിലും താഴെയും പാനലുകള്‍.
Ubuntu Budgie Budgie ആധുനികതയും ലാളിത്യവും സമന്വയിക്കുന്ന രൂപകല്പന.

GNOME 3

ഗ്നോം 3 (സ്രോതസ്സ്: https://commons.wikimedia.org/wiki/File:Gnome-3.18.2-showing-overview.png)

​Xubuntu 17.04

സുബുണ്ടു 17.04 (സ്രോതസ്സ്: https://en.wikipedia.org/wiki/File:Xubuntu_17.04_English.png)

ഇതിനെല്ലാം പുറമെ ചൈനീസ് ഉപയോക്താക്കളെ പ്രത്യേകം ലക്ഷ്യമിട്ട് Ubuntu Kylin എന്നൊരു ഫ്ലേവര്‍ കൂടിയുണ്ട്.


Keywords (click to browse): ubuntu-flavours ubuntu gnu linux distro desktop desktop-environments unity gnome kde lxde xfce mate budgie ubuntu-kylin technology computer definitions infokairali