Nandakumar Edamana
Share on:
@ R t f

ബിറ്റ്‌ടോറന്റും പൈറേറ്റ് ബേയും


ഇന്റര്‍നെറ്റ് വഴി വലിയ ഫയലുകള്‍ കൈമാറ്റം ചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു സങ്കേതമാണ് ബിറ്റ്‌ടോറന്റ് പ്രൊട്ടോക്കോള്‍. ഇടയ്ക്കുണ്ടാവുന്ന തടസ്സം ഡൗണ്‍ലോഡിനെ പാടേ ബാധിക്കുന്നത് തടയാന്‍ ഇതിന് കഴിയും.

ഒരൊറ്റ സെര്‍വറില്‍നിന്ന് ആവശ്യക്കാരെല്ലാം ഒരു വലിയ ഫയല്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുക എന്ന പരമ്പരാഗതരീതിക്കുപകരം വലിയ ഫയല്‍ ചെറിയ കഷ്ണങ്ങളാക്കിമാറ്റി പല ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്തുകൊടുക്കുകയും ആവശ്യക്കാരായ ഉപയോക്താക്കള്‍ ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നതാണ് ബിറ്റ്‌ടോറന്റിന്റെ പ്രവര്‍ത്തനതത്വം.

എന്നാല്‍ ഉപയോക്താവ് ഇതൊന്നും അറിയേണ്ടതില്ല. കംപ്യൂട്ടറില്‍ ഒരു ബിറ്റ്‍ടോറന്റ് ക്ലയന്റ് സോഫ്റ്റ്‌വെയര്‍ (ഉദാ: Transmission) ഇന്‍സ്റ്റാള്‍ ചെയ്താല്‍ എല്ലാക്കാര്യവും അത് നോക്കിക്കൊള്ളും. ഒരു വെബ്‌സൈറ്റില്‍ ടോറന്റ് ഫയല്‍ തന്നിട്ടുണ്ടെങ്കില്‍ അത് സാധാരണപോലെ ഡൗണ്‍ലോഡ് ചെയ്യണം. തീരെച്ചെറിയ ഈ ഫയല്‍ പിന്നീട് ബിറ്റ്‍ടോറന്റ് ക്ലയന്റ് ഉപയോഗിച്ച് തുറന്നാല്‍ യഥാര്‍ത്ഥഫയലിന്റെ ഡൗണ്‍ലോഡ് ആരംഭിക്കും.

സെര്‍വര്‍-ക്ലയന്റ് രീതിയല്ല, മറിച്ച് പിയര്‍-റ്റു-പിയര്‍ (Peer-to-Peer or P2P) രീതിയാണ് ബിറ്റ്‌ടോറന്റ് പിന്തുടരുന്നത്. അതായത്, ഒരു പ്രത്യേകഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്ന കംപ്യൂട്ടറുകളെല്ലാം തുല്യപ്രാധാന്യമുള്ളവരായി, ഒരു സംഘമായി പ്രവര്‍ത്തിക്കുന്നു. കയ്യിലുള്ള കഷ്ണങ്ങള്‍ ഇല്ലാത്തവര്‍ക്ക് നല്കുകയും ഇല്ലാത്ത കഷ്ണങ്ങള്‍ മറ്റുള്ളവരുടെ കയ്യില്‍നിന്ന് വാങ്ങുകയും ചെയ്യുന്നു. മറ്റൊരു രീതിയില്‍പ്പറഞ്ഞാല്‍, ഒരു പിയര്‍ ഒരേ സമയം ഡൗണ്‍ലോഡും അപ്‌ലോഡും ചെയ്യുന്നുണ്ടാവും (വേഗക്കുറവുള്ളവര്‍ക്ക് ഈ അപ്‌ലോഡിങ് ഒഴിവാക്കാനുള്ള സംവിധാനം ക്ലയന്റ് സോഫ്റ്റ്‌വെയറിലുണ്ടാവും). കംപ്യൂട്ടറുകളുടെ ഈ കൂട്ടത്തില്‍ (Swarm) അപ്‌ലോഡ് ചെയ്യാന്‍ തയ്യാറുള്ളയാള്‍ സീഡ് (Seed) എന്നും ഡൗണ്‍ലോഡ് ചെയ്യുന്നയാള്‍ (അല്ലെങ്കില്‍ ഡൗണ്‍ലോഡ് കഴിഞ്ഞിട്ടും മറ്റുള്ളവര്‍ക്ക് നല്കാന്‍ തയ്യാറില്ലാത്തയാള്‍) ലീച്ച് (Leech) എന്നും അറിയപ്പെടുന്നു.

പ്രോഗ്രാമറായ ബ്രാം കൊഹെന്‍ (Bram Cohen) 2001-ല്‍ പുറത്തിറക്കിയതാണ് ബിറ്റ്‌ടോറന്റ് പ്രൊട്ടോക്കോള്‍. പത്തുവര്‍ഷത്തിനുള്ളില്‍ ഇന്റര്‍നെറ്റിലെ ഫയല്‍കൈമാറ്റം പകുതിയും ബിറ്റ്‌ടോറന്റ് വഴിയായി.

പലരും കരുതുന്നതുപോലെ നിയമവിരുദ്ധമായ ഒരു സംഗതിയല്ലിത്. പല ഔദ്യോഗികവെബ്‌സൈറ്റുകളും തങ്ങളുടെ ഡൗണ്‍ലോഡുകള്‍ ബിറ്റ്‌ടോറന്റ് ഫോര്‍മാറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ വലിയ ഫയലുകള്‍ കൈമാറ്റം ചെയ്യാനുള്ള എളുപ്പംകൊണ്ട് ഡിജിറ്റല്‍ മോഷ്ടാക്കള്‍ക്കും ഇത് പ്രിയപ്പെട്ട ഫോര്‍മാറ്റായി. അനധികൃതമായി അപ്‌ലോഡ് ചെയ്യപ്പെട്ട ചലച്ചിത്രങ്ങളുടെയും മറ്റും ടൊറന്റ്ഫയലുകള്‍ ലഭ്യമാക്കിക്കൊണ്ട് 'ടൊറന്റ് സൈറ്റുകള്‍' ഉടലെടുത്തു. ഇതില്‍ ഏറെ പ്രശസ്തിനേടിയ ഒന്നാണ് 'ദ പൈറേറ്റ് ബേ' (thepiratebay.org).

2003-ല്‍ സ്വീഡന്‍ കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ച ഈ വെബ്‌സൈറ്റ് പലതവണ നിയമനടപടികള്‍ക്കും ബ്ലോക്കുകള്‍ക്കും വിധേയമായി. സ്ഥാപകര്‍ കുറേക്കാലം തടവില്‍ക്കിടക്കുകയും ചെയ്തു. എന്നിട്ടും സെര്‍വര്‍ മറ്റു രാജ്യങ്ങളിലേക്ക് മാറ്റിയും ഡൊമൈന്‍ നാമം മാറ്റിയും പൈറേറ്റ് ബേ പ്രവര്‍ത്തനം തുടരുകതന്നെ ചെയ്തു. ഈ ലേഖനമെഴുതുമ്പോള്‍ thepiratebay.org എന്ന പേരില്‍ത്തന്നെ സൈറ്റ് ലഭ്യമാണ്.


Keywords (click to browse): bittorrent torrent download downloader transmission the-pirate-bay pirate-bay thepiratebay.org piracy torrent-sites technology computer definitions infokairali