വീട്ടിലിരുന്നുതന്നെ പണമുണ്ടാക്കാവുന്ന ഓണ്‍ലൈന്‍ ജോലികള്‍ക്ക് പ്രിയമേറുകയാണ്. ആര്‍ക്കും ചെയ്യാവുന്ന ഡേറ്റാ എന്‍ട്രി മുതല്‍ വൈദഗ്ധ്യം ആവശ്യമുള്ള ഗ്രാഫിക് ഡിസൈനിങ് വരെ ഓണ്‍ലൈന്‍ വരുമാനമാര്‍ഗങ്ങളുടെ കൂട്ടത്തിലുണ്ട്. അധികവരുമാനം മുതല്‍ പ്രധാനജോലിതന്നെയായി ഇതിനെ കണ്ട് വിജയിച്ചവരും ഏറെയാണ്. ആകര്‍ഷകമായതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ ജോലികളുടെ പേരില്‍ ഒരുപാട് തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. 'വര്‍ക്ക് അറ്റ് ഹോം സ്കാം' എന്നൊരു പേരുതന്നെ ഇത്തരം തട്ടിപ്പുകള്‍ക്ക് വീണുകഴിഞ്ഞു. ഗൂഗിളില്‍ make money online എന്ന് തിരഞ്ഞാല്‍ ആദ്യം വരുന്ന റിസള്‍ട്ടുകള്‍ത്തന്നെ പലതും വിശ്വസ്തമല്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അപ്പോള്‍പ്പിന്നെ നെല്ലും പതിരും എങ്ങനെ വേര്‍തിരിച്ചറിയും? അതിനുള്ള ചില സൂത്രങ്ങള്‍ മനസ്സിലാക്കാം.
വെബ്സൈറ്റുകളുടെ വിശ്വാസ്യത പരിശോധിക്കാന്‍
ഒരു വെബ്സൈറ്റ് സുരക്ഷിതമാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ webutation.net, mywot.com തുടങ്ങിയ റെപ്യൂട്ടേഷന്‍ സേവനങ്ങള്‍ ഉപയോഗിക്കാം. ഇവിടെ കയറി നാം പരിശോധിക്കാനുദ്ദേശിക്കുന്ന വെബ്സൈറ്റിന്റെ വിലാസം നല്‍കിയാല്‍ അതിന്റെ വിശ്വാസ്യത സ്ക്രീനില്‍ത്തെളിയും. ഇതേ സൈറ്റുകളില്‍ ലഭ്യമായ വെബ്യൂട്ടേഷന്റെയും മറ്റും ആഡ്-ഓണുകള്‍ ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നാം ഓരോ വെബ്സൈറ്റ് സന്ദര്‍ശിക്കുമ്പോഴും അത് സുരക്ഷിതമാണോ എന്ന് ടൂള്‍ബാറില്‍ കാണിക്കും. mywot.com തരുന്ന ആഡ്-ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഗൂഗിളിലെ ഓരോ റിസള്‍ട്ടിനുനേരെയും വിശ്വാസ്യത കാണാമെന്നതാണ് വലിയ സൗകര്യം. വിശ്വസ്തമായവ പച്ച വട്ടം കൊണ്ടും അല്ലാത്തത് ചുവപ്പോ മഞ്ഞയോ കൊണ്ടുമാണ് അടയാളപ്പെടുത്തുക.
ഇവ അപകടകരമെന്ന് കാണിച്ചാല്‍ പിന്നെ അങ്ങോട്ട് പോവേണ്ട. എന്നാല്‍ ഇവ സുരക്ഷിതമാണെന്ന് കാണിച്ചതുകൊണ്ടുമാത്രം സൈറ്റുകളില്‍ തട്ടിപ്പുകള്‍ തീരെയില്ലെന്ന് പറയാനാവില്ല. നിങ്ങള്‍ ശ്രദ്ധിച്ച പരസ്യത്തിലെ സ്ഥാപനത്തിന്റെ പേരുവച്ച് ഗൂഗിളില്‍ റിവ്യൂകള്‍ തിരയുന്നത് നല്ലതായിരിക്കും.
ലക്ഷണങ്ങള്‍
തട്ടിപ്പുപരസ്യങ്ങളുടെയും ഇ-മെയിലുകളുടെയും ചില പൊതുസ്വഭാവങ്ങള്‍ ഇതാ:
- സ്ഥാപനത്തിന്റെ പേരും ഇ-മെയില്‍ വിലാസവും അവ്യക്തമായിരിക്കുക
- വന്‍തുക വാഗ്ദാനം ചെയ്യുക
- ആദ്യം തന്നെ നിങ്ങളോട് ഒരു രജിസ്ട്രേഷന്‍ ഫീ ആവശ്യപ്പെടുക (ഇത് നല്ല സേവനങ്ങളിലും ഉണ്ടാവാം; എന്നാല്‍ സുതാര്യമായിരിക്കും)
- രജിസ്റ്റര്‍ ചെയ്യാത്ത ഒരു സേവനത്തില്‍നിന്ന് നിങ്ങള്‍ക്ക് മെയില്‍ വരിക
- നിങ്ങള്‍ പോസ്റ്റ് ചെയ്തിട്ടില്ലാത്ത നിങ്ങളുടെ ബയോഡേറ്റ കണ്ടു എന്നവകാശപ്പെടുക
- നിങ്ങളുടെ നിലവാരം പരിശോധിക്കുകപോലും ചെയ്യാതെ ജോലികള്‍ ഏല്‍പ്പിക്കുക
- സ്ഥാപനത്തെക്കുറിച്ചും മറ്റും വേണ്ടത്ര വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുക
ഗൂഗിളിന്റെ പേരിലെ തട്ടിപ്പുകള്‍
ഗൂഗിളിന്റെ പേരിലുള്ള പരസ്യങ്ങള്‍ക്കെതിരെ കരുതിയിരിക്കുക. വന്‍തുക വരുമാനമുണ്ടാക്കാവുന്ന സേവനങ്ങള്‍ ഗൂഗിളിനുണ്ട് (ആഡ്‌സെന്‍സ്, ആഡ്‌വേഡ്സ്, ...). എന്നാല്‍ Google gives me $10,000 every month എന്ന തരത്തിലും മറ്റും വരുന്ന പരസ്യങ്ങള്‍ പലപ്പോഴും തട്ടിപ്പാണ്. ഗൂഗിളിന്റെ പരസ്യമാണെങ്കില്‍ ക്ലിക്ക് ചെയ്താല്‍ പോവുക https:// (http:// അല്ല) എന്ന് തുടങ്ങുന്ന പേജിലേക്കായിരിക്കും.
വിശ്വസ്തമായ ചില വെബ്സൈറ്റുകള്‍
വിശ്വസ്തമെന്ന് കരുതാവുന്ന ചില വെബ്സൈറ്റുകള്‍ ഇതാ:
- freelancer.com
- truelancer.com
- upwork.com
- adsense.com (വെബ്സൈറ്റ് നിര്‍മാതാക്കള്‍ക്ക്)
- youtube.com (വീഡിയോ പോസ്റ്റ് ചെയ്യുന്നവര്‍ക്കുള്ള പാര്‍ട്ണര്‍ പ്രോഗ്രാം)
Keywords (click to browse): work-at-home work-at-home-scam scam online-jobs freelancing make-money-online adsense grihalakshmi mathrubhumi