Nandakumar Edamana
Share on:
@ R t f

യൂട്യൂബില്‍ സ്വന്തം ചാനല്‍


NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.


യൂട്യൂബ് വീഡിയോകള്‍ കാണാറുണ്ടോ നിങ്ങള്‍? എങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന്റെ നിലനില്‍പ്പില്‍ നിങ്ങള്‍ക്കും പങ്കുണ്ടെന്ന് അഹങ്കരിക്കാം. കാരണം, യൂട്യൂബിലെ പ്ലേ ബട്ടണില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ വീഡിയോ പോസ്റ്റ് ചെയ്ത ആളുടെയും ഗൂഗിളിന്റെയും കീശയിലേക്ക് കാശ് വീഴുന്നുണ്ട്. പേടിക്കേണ്ട, അത് പോകുന്നത് നിങ്ങളുടെ കയ്യില്‍നിന്നല്ല, മറിച്ച് വീഡിയോയില്‍ പരസ്യമിടുന്ന സ്ഥാപനങ്ങളുടെ അക്കൗണ്ടില്‍നിന്നാണ്. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് നമുക്കും പണമുണ്ടാക്കാം. പണത്തേക്കാള്‍ വലുതാണ് ഒരു യൂട്യൂബ് ക്രിയേറ്ററാവുമ്പോള്‍ കിട്ടുന്ന ഹരം. അതും അനുഭവിക്കാം. വീട്ടമ്മമാര്‍ക്കുവരെ ഒറ്റയ്ക്കോ കൂട്ടായോ ചെയ്തുവിജയിക്കാവുന്ന ഒരു കാര്യമാണിത്.

Me at the zoo എന്ന് യൂട്യൂബില്‍ തിരഞ്ഞാല്‍ പതിനൊന്നുവര്‍ഷം മുമ്പ് പോസ്റ്റ് ചെയ്ത ഒരു വീഡിയോ കാണാം. അതാണ് യൂട്യൂബിലെ ആദ്യവീഡിയോ. ഏതാനും സെക്കന്‍ഡുകള്‍ മാത്രമുള്ള ആ വീഡിയോയിലെ മനുഷ്യനാകട്ടെ യൂട്യൂബിന്റെ സഹസ്ഥാപകനായ ജാവേദ് കരീമും. പിന്നീട് പൊതുജനം അപ്‌ലോഡ് ചെയ്ത ഒരുപാട് വീഡിയോകള്‍ യൂട്യൂബിനെ വളര്‍ത്തി. 2005-ല്‍ പുറത്തിറങ്ങിയ യൂട്യൂബ് അടുത്തവര്‍ഷം തന്നെ ഗൂഗിള്‍ ഏറ്റെടുത്തു. യൂട്യൂബ് തന്നെ മുന്‍കൈയെടുത്ത് ലഭ്യമാക്കിയ വീഡിയോകളാണ് സൈറ്റിന്റെ നിലവാരമുയര്‍ത്തിയത്. ഇന്ന് സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും ഒട്ടേറെ നിലവാരമുള്ള ചാനലുകള്‍ യൂട്യൂബില്‍ തുടങ്ങിയിട്ടുണ്ട്. ഏതെങ്കിലുമൊരു വിഷയത്തെ അടിസ്ഥാനമാക്കി സ്ഥിരം വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ അവരെ സഹായിക്കുന്നത് പരസ്യമിട്ട് പണമുണ്ടാക്കുന്ന യൂട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാമാണ്.

ഗൂഗിളിന്റെ ആഡ്സെന്‍സ് (AdSense) എന്ന സംരംഭമാണ് യൂട്യൂബ് അടക്കമുള്ള സ്ഥലങ്ങളില്‍ പരസ്യമിട്ട് പണമുണ്ടാക്കാന്‍ സഹായിക്കുന്നത്. നിങ്ങള്‍ സ്വന്തം സൈറ്റിലും ബ്ലോഗിലും എഴുതുകയോ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയോ ചെയ്യുന്നു. എന്നിട്ട് ആഡ്സെന്‍സിനോട് അവിടെ പരസ്യമിടാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവരുടെ കയ്യില്‍ ഒരുപാട് സ്ഥാപനങ്ങള്‍ ഏല്‍പ്പിച്ച പരസ്യങ്ങളുണ്ട്. യോജിച്ചവ നോക്കി നിങ്ങളുടെ സൃഷ്ടികള്‍ക്കൊപ്പം പ്രദര്‍ശിപ്പിക്കും. സന്ദര്‍ശകര്‍ പരസ്യത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മാത്രമേ പരസ്യമിട്ട സ്ഥാപനങ്ങള്‍ ഗൂഗിളിന് പണം നല്‍കേണ്ടതുള്ളൂ (സന്ദര്‍ശകരുടെ എണ്ണത്തിനനുസരിച്ച് പണം കൊടുക്കുന്ന രീതിയുമുണ്ട്). ഇതിന്റെ ഒരു വിഹിതം നിങ്ങള്‍ക്കും കിട്ടും. ആര്‍ക്കും നഷ്ടമില്ലാത്ത ഒരു കച്ചവടം.

ഒരല്‍പ്പം ഉഷാറുണ്ടെങ്കില്‍ നിങ്ങള്‍ക്കും യൂട്യൂബില്‍ നല്ലൊരു ചാനല്‍ നടത്താം. സാങ്കേതികപരിജ്ഞാനം വിഷയമാക്കേണ്ട, ശുഷ്കാന്തി മാത്രമാണ് നമുക്ക് വേണ്ടത്. ഇനി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് പരിചയമുള്ള ആളാണ് നിങ്ങളെങ്കില്‍ സ്വന്തം ചാനല്‍ സജീവമാക്കുന്നതെങ്ങനെ എന്നും ആലോചിച്ചുതുടങ്ങാം.

വിഷയം കണ്ടെത്താം

പട്ടി കുരയ്ക്കുന്നതോ കുട്ടി കരയുന്നതോ ഒക്കെ ചിത്രീകരിച്ച് യൂട്യൂബിലിട്ടാല്‍ പണക്കാരനാവില്ല. അത്തരം പല വീഡിയോകളും വൈറലായിട്ടുണ്ട്, ഉണ്ടാക്കിയവര്‍ക്ക് കാശും കിട്ടിയിട്ടുണ്ട്. എന്നാല്‍ അത് അപൂര്‍വമായി സംഭവിക്കുന്ന, ഒരൊറ്റ വീഡിയോയ്ക്ക് മാത്രം ലഭിക്കുന്ന സ്വീകാര്യതയാണ്. നമുക്കാവശ്യം സജീവമായ ഒരു ചാനലാണ്. ഉദാഹരണത്തിന്, എല്ലാ ആഴ്ചയും പുതിയ വിഭവം പരിചയപ്പെടുത്തുന്ന ഒരു പാചകപരീശീലന ചാനല്‍.

ആദ്യം ഇത്തരം കുറച്ച് ചാനലുകള്‍ യൂട്യൂബില്‍ സന്ദര്‍ശിക്കുക. വീട്ടില്‍ ലഭ്യമായ വസ്തുക്കള്‍ വച്ച് പരീക്ഷണങ്ങള്‍ നടത്തുന്ന ചില ചാനലുകളാണ് HouseholdHacker, DaveHax എന്നിവ. പൂക്കള്‍ എങ്ങനെ ക്രമീകരിക്കാം, ഒരു സ്യൂട്ട്കെയ്സ് വൃത്തിയായി നിറയ്ക്കുന്നതെങ്ങനെ തുടങ്ങിയ രസകരമായ വിഷയങ്ങള്‍ ഇവ കൈകാര്യം ചെയ്യുന്നുണ്ട്. ഒപ്പം കുറേ ശാസ്ത്രപരീക്ഷണങ്ങളുമുണ്ട്.

അഞ്ചോ പത്തോ മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകളിലായി ഓരോ ശാസ്ത്രവിഷയം കൈകാര്യം ചെയ്യുന്ന ചാനലാണ് SciShow. മാജിക് പഠിപ്പിക്കുന്ന ചാനലുകളാണ് SankeyMagic, FreeMagicLiveVideos എന്നിവ.

പതിവായി നിലവാരമുള്ള വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്ന ഇത്തരം ചാനലുകള്‍ക്ക് ലക്ഷക്കണക്കിന് വരിക്കാരും കോടിക്കണക്കിന് സന്ദര്‍ശകരുമാണുള്ളത്. ഇതുവഴി ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരുണ്ട്. യൂട്യൂബില്‍ ചാനല്‍ നടത്താന്‍ കമ്പനി തുടങ്ങിയവരുണ്ട്.

ഈ ചാനലുകള്‍ കണ്ട ശേഷം ഇതുപോലെ സജീവമായ ഒരു ചാനലുണ്ടാക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ എന്ന് ചിന്തിക്കുക. വിഷയം റോക്കറ്റ് വിക്ഷേപണമൊന്നുമാവണമെന്നില്ല. ലളിതമായതെന്തുമാവാം. ആകര്‍ഷകമാവണം, ഉപയോഗപ്രദമാവണം, പതിവായി പോസ്റ്റുചെയ്യുകയും വേണം. ചില വിഷയങ്ങളിതാ: കരകൗശലം, കൃഷി, വളര്‍ത്തുമൃഗങ്ങള്‍, പാചകം, ചെസ്സ് പോലുള്ള കളികള്‍.

സിനിമാഗാനങ്ങള്‍ പോലെ നിങ്ങള്‍ക്ക് ഉടമസ്ഥതയില്ലാത്തതൊന്നും യൂട്യൂബിലിടരുത്.

ചാനല്‍ തുടങ്ങാം, സജീവമാക്കാം

ആദ്യം കുറച്ച് വീഡിയോകള്‍ തയ്യാറാക്കിവയ്ക്കുക. പുതിയ സ്മാര്‍ട്ട്ഫോണ്‍ ക്യാമറകള്‍ തന്നെ ഒരു തുടക്കത്തിന് ധാരാളമാണ്. ചെറിയ രീതിയിലെങ്കിലും തലക്കെട്ടൊക്കെ ചേര്‍ത്ത് അത് എഡിറ്റുചെയ്യുക. ഒട്ടേറെ ലളിതമായ വീഡിയോ എഡിറ്ററുകള്‍ ലഭ്യമാണ്. ഇതിനെല്ലാം സാങ്കേതികപരിചയമുള്ള ആരുടെയെങ്കിലും സഹായം തേടാം. സ്വന്തം വീട്ടിലോ അയല്‍പക്കത്തോ ഉള്ളവര്‍ തന്നെ മതിയാകും.

നിങ്ങളുടെ ഗൂഗിള്‍/ജിമെയില്‍ അക്കൗണ്ട് തന്നെ മതി യൂട്യൂബിലും പോസ്റ്റ് ചെയ്യാന്‍. ഇതുപയോഗിച്ച് യൂട്യൂബില്‍ ചാനലുണ്ടാക്കണം. ചാനലിന് നല്ലൊരു പേര്, ലോഗോ, ബാനര്‍ എന്നിവ നിര്‍ബന്ധമാണ്. പറ്റുമെങ്കില്‍ ഒരു ട്രെയിലറും സോഷ്യല്‍ മീഡിയകളില്‍ അനുബന്ധ അക്കൗണ്ടുകളുമാവാം.

ഇനി പതിവായി പോസ്റ്റ് ചെയ്യുക. പറ്റാവുന്നത്രപേരിലേക്ക് വീഡിയോ എത്തിക്കുക. ചാനല്‍ സജീവമായാല്‍ നിങ്ങള്‍ ഒരു ശ്രദ്ധാകേന്ദ്രമാകും. ആളുകള്‍ പ്രത്യേകവിഷയത്തിലുള്ള വീഡിയോകള്‍ ആവശ്യപ്പെടും. അവയും തയ്യാറാക്കുക. ഓരോ വീഡിയോയ്ക്കും ആകര്‍ഷകമായ തമ്പ്നെയില്‍ കൊടുക്കാനും മറക്കരുത്.

ഓരോ വീഡിയോ പോസ്റ്റ് ചെയ്യുമ്പോഴും (ചെയ്ത ശേഷവുമാകാം) Monetize എന്ന ഓപ്ഷന്‍ ഓണാക്കിയിട്ടാലേ വീഡിയോയില്‍ പ്രതിഫലം കിട്ടുന്ന പരസ്യങ്ങള്‍ വരികയുള്ളൂ. അതിനാദ്യം ആഡ്സെന്‍സില്‍ (google.com/adsense) അക്കൗണ്ട് തുറന്ന് യൂട്യൂബുമായി ലിങ്ക് ചെയ്യണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇത്രയും വായിച്ച് അമിതപ്രതീക്ഷകള്‍ക്ക് തുടക്കമിടേണ്ട. ആത്മാര്‍ത്ഥമായി അദ്ധ്വാനിക്കാതെ യൂട്യൂബ് ചാനല്‍ നടത്താനാവില്ല. നടത്തിയാലും അത് പ്രചാരമുള്ളതാക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. പൂര്‍ണമായും നമ്മുടെ കയ്യിലല്ല. എന്നുകരുതി നിരാശപ്പെടുകയും വേണ്ട, ജൈവകൃഷി പോലെ ചര്‍ച്ചചെയ്യപ്പെടുന്നതും നിങ്ങള്‍ക്കറിയാവുന്നതുമായ വിഷയങ്ങള്‍ തെരഞ്ഞെടുത്താല്‍ മതി. പ്രചാരമുള്ളതാക്കാന്‍ സോഷ്യല്‍ മീഡിയയുടെ സഹായം തേടാം. തുടക്കം മങ്ങിയതാണെന്നുകരുതി പിന്മാറാനും പാടില്ല.

വെറുതെ പണം വാരിക്കോരി നല്‍കില്ല യൂട്യൂബ്. പതിനായിരം പേര്‍ ഒരു വീഡിയോ കണ്ടാലേ ആയിരം രൂപ ലഭിച്ചെന്നിരിക്കൂ (ഏകദേശകണക്ക്). കേരളത്തിന്റെ അവസ്ഥ വച്ച് യൂട്യൂബ് ആരുടെയും പ്രധാനവരുമാനമാര്‍ഗമാവാന്‍ തത്കാലം സാദ്ധ്യതയില്ല. സജീവമായി ഒരു ചാനല്‍ നടത്തി ശ്രദ്ധാകേന്ദ്രമാകുന്നതിന്റെ സുഖമനുഭവിക്കുക. പണം രണ്ടാമത്തെ ലക്ഷ്യമായാല്‍ മതി.

ചാനലിന്റെ സാധുത പ്രധാനപ്പെട്ടതാണ്. ഒരിക്കലും നിങ്ങളുടേതല്ലാത്ത വീഡിയോകള്‍ പോസ്റ്റ് ചെയ്യരുത്. നിങ്ങള്‍ കാശുകൊടുത്ത് സിഡി വാങ്ങിയാല്‍പ്പോലും പകര്‍പ്പവകാശം നിങ്ങള്‍ക്കല്ലെങ്കില്‍ സിനിമയോ സിനിമാഗാനങ്ങളോ അപ്‌ലോഡ് ചെയ്യരുത്. അത് നിയമനടപടിക്ക് കാരണമാകും. സ്വന്തമായി സൃഷ്ടിക്കുക, ധൈര്യമായി അപ്‌ലോഡ് ചെയ്യുക.


Keywords (click to browse): youtube youtube-own-channel youtube-partner adsense google technology internet grihalakshmi mathrubhumi