Byline: വനമാലി
മിഠായി തരാമെന്നു പറഞ്ഞു പറ്റിച്ച് കുട്ടികളുടെ കരച്ചില്‍ മാറ്റാന്‍ നോക്കുന്ന കാലമൊക്കെ പോയി. കരയാത്ത കുട്ടികളെപ്പോലും ഒരിടത്തിരുത്താനും സ്വന്തം ജോലികളിലേര്‍പ്പെടാനും രക്ഷിതാക്കള്‍ക്ക് ഇപ്പോഴുള്ള തന്ത്രം മൊബൈല്‍ ഫോണാണ്. മൊബൈലിന്റെ വില ഒരുപക്ഷേ അവര്‍ക്ക് പ്രശ്നമല്ലായിരിക്കാം. പക്ഷേ കുഞ്ഞിന്റെ ആരോഗ്യം വിഷയം തന്നെയാണല്ലോ. മൊബൈല്‍ ഫോണിനെ ഒരു കളിപ്പാട്ടമാക്കിയാലുണ്ടാകാവുന്ന മാനസിക-ശാരീരികപ്രശ്നങ്ങള്‍ കണ്ടില്ലെന്നുനടിക്കാനാവില്ല.
റേഡിയേഷന്‍
മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ അപകടകരമാണോ എന്നത് ഇപ്പോഴും തര്‍ക്കവിഷയമാണ്. മൊബൈല്‍ ഫോണ്‍ മൂലമുണ്ടാകാവുന്ന മൈക്രോവേവ് റേഡിയഷന്‍ (MWR) അര്‍ബുദത്തിന് കാരണമാകാമെന്നാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (IARC) പറയുന്നത്.
മുതിര്‍ന്നവരെ സംബന്ധിച്ച് ഈ റേഡിയേഷന്‍ വലിയ പ്രശ്നമല്ലായിരിക്കാം. എന്നാല്‍ കുട്ടികള്‍ക്കും ഗര്‍ഭസ്ഥശിശുക്കള്‍ക്കും ഇതൊരു പ്രശ്നം തന്നെയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. റേഡിയേഷനെക്കുറിച്ചറിഞ്ഞിട്ടും നിവൃത്തികേടുകൊണ്ടാണ് പലരും മൊബൈല്‍ ഉപയോഗിക്കുന്നത്. അങ്ങനെയിരിക്കെ പാവം കുഞ്ഞുങ്ങളെ അതിലേക്ക് എന്തിന് വലിച്ചിഴയ്ക്കണം?
രക്ഷിതാക്കളോട് അകല്‍ച്ച
കുട്ടികള്‍ സദാസമയവും കമ്പ്യൂട്ടറിനുമുന്നിലാണെന്ന് പരാതിപ്പെടുന്ന രക്ഷിതാക്കളുണ്ട്. എന്നാല്‍ വിദേശത്തൊക്കെ വാദി പ്രതിയായിക്കഴിഞ്ഞു. സ്റ്റാര്‍ട്ട് റൈറ്റ് (Start-Rite Shoes) നടത്തിയ സര്‍വേയില്‍ കുട്ടികള്‍ പറഞ്ഞത് രക്ഷിതാക്കള്‍ സദാസമയവും കമ്പ്യൂട്ടറിലോ ഫോണിലോ ആണെന്നും തങ്ങളെ ശ്രദ്ധിക്കാന്‍ നേരമില്ലെന്നുമായിരുന്നു. ന്യൂജന്‍ രക്ഷിതാക്കള്‍ കുട്ടികളെ 'ഒതുക്കാനുള്ള' മാര്‍ഗ്ഗമായി ഫോണിനെ കാണുമ്പോഴും സംഭവിക്കുന്നതിതാണ്. ഫോണ്‍ കിട്ടിയാല്‍ അവര്‍ താത്കാലികമായി സന്തുഷ്ടരാവാമെങ്കിലും രക്ഷിതാക്കള്‍ തങ്ങളെ അവഗണിക്കുകയാണെന്ന ചിന്ത ഉണ്ടായേക്കാം.
വീഡിയോ ഗെയിമുകളും സോഷ്യല്‍ മീഡിയയും
മൊബൈല്‍ കിട്ടിയാല്‍ തീരെ ചെറിയ കുട്ടികള്‍ വീഡിയോ ഗെയിമുകളും അല്‍പ്പം മുതിര്‍ന്നവര്‍ സോഷ്യല്‍ മീഡിയയുമാവും പരിചയപ്പെടുക. വീഡിയോ ഗെയിമുകളില്‍ മതിമറക്കുന്ന അവസ്ഥയാണ് വീഡിയോ ഗെയിം അഡിക്ഷന്‍. കാഴ്ചയില്‍ ലളിതമെന്ന് തോന്നാമെങ്കിലും പല പുതിയ ഗെയിമുകളും രൂപകല്‍പ്പന ചെയ്തിരിക്കുന്നതുതന്നെ അഡിക്ഷന്‍ ലക്ഷ്യം വച്ചാണ്. ഇത് കുട്ടികളില്‍ മറ്റെല്ലാത്തിലും അശ്രദ്ധയും വിവിധ ശാരീരികപ്രശ്നങ്ങളുമുണ്ടാക്കാം. പുറത്തിറങ്ങിയുള്ള കളികള്‍ ആരോഗ്യത്തിന് ഗുണം ചെയ്യുമ്പോള്‍ വീഡിയോ ഗെയിമുകള്‍ തിരിച്ചാണല്ലോ.
ഒട്ടേറെ തട്ടിപ്പുകളും തെറ്റിദ്ധാരണകളുമാണ് സോഷ്യല്‍ മീഡിയയില്‍ പതിയിരിക്കുന്നത്. തെറ്റും ശരിയും തിരിച്ചറിയാനാവാത്ത പ്രായത്തിലുള്ള കുട്ടികള്‍ക്ക് അതില്‍ അംഗത്വമെടുക്കാന്‍ രക്ഷിതാക്കള്‍ തന്നെ സഹായമൊരുക്കുന്നത് അപകടകരമാണ്.
വിലപ്പെട്ട വിവരങ്ങള്‍ ചോരുമ്പോള്‍
ബാങ്കിങ് പോലുള്ള സാമ്പത്തിക ഇടപാടുകള്‍ പോലും സ്മാര്‍ട്ഫോണ്‍ വഴിയായ സ്ഥിതിക്ക് വിലകൂടിയ വിവരങ്ങളാണ് അതിലുണ്ടാവുക. ഇത്തരം വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്ന വൈറസ്സുകള്‍ക്കും മറ്റും തടയിടാന്‍ ഫോണ്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ കുട്ടി കളിക്കിടയില്‍ അമര്‍ത്തുന്ന പെര്‍മിഷന്‍ ബട്ടണ്‍ ഒരുപക്ഷേ വൈറസ്സിനോ ഹാക്കര്‍ക്കോ വഴിയൊരുക്കുന്നതാവാം.
നിങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടില്‍ കുട്ടി തമാശ കളിച്ചാലുള്ള പൊല്ലാപ്പും ഓര്‍ത്തുനോക്കുക.
ഇതല്ല എഞ്ചിനീയര്‍
കളിപ്പാട്ടങ്ങള്‍ പൊളിച്ചുനോക്കിയും ആക്രി കൂട്ടിച്ചേര്‍ത്ത് യന്ത്രങ്ങളുണ്ടാക്കിയും ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണ് കുട്ടികള്‍. സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായ ഫോണിലേക്കൊതുങ്ങുമ്പോള്‍ ഈയൊരു ഗുണമാണ് അവര്‍ക്ക് നഷ്ടമാകുന്നത്. യൂസര്‍ ഫ്രണ്ട്ലി ആയ ഫോണില്‍ എന്ത് മാജിക്ക് കാണിച്ചാലും അത് അറിവോ കഴിവോ അല്ലെന്ന് മനസ്സിലാക്കുക. വിവിധ തരം കളിപ്പാട്ടങ്ങളും ഉപകരണങ്ങളും പരിചയപ്പെട്ടും 'പരിപ്പിളക്കിയും' മാത്രമേ പ്രായോഗികബുദ്ധി വികസിപ്പിക്കാനാവൂ.
ഇതിനെല്ലാം പുറമെ വിലകൂടിയതെന്തും കളിപ്പാട്ടമാണെന്നുള്ള തെറ്റിദ്ധാരണ കൂടിയാണ് ഇത്തരം കുട്ടികളില്‍ ഉണ്ടാകാന്‍ പോകുന്നത്.
ഇനി ഫോണ്‍ കൊടുക്കും മുമ്പ്...
കുട്ടികളുടെ കരച്ചിലടക്കാന്‍ ഇനിയും ഫോണ്‍ തന്നെയാണ് ശരണമെങ്കില്‍ ഇവയെങ്കിലും ഉറപ്പുവരുത്തുക:
- ഫോണിലെ വിലപ്പെട്ട വിവരങ്ങളെല്ലാം ലോക്ക് ചെയ്തിട്ടുണ്ട്.
- അനാവശ്യമായ ആപ്പുകളൊന്നും ഫോണിലില്ല.
- സോഷ്യല്‍ മീഡിയ, ഇ-മെയില്‍ അക്കൗണ്ടുകളില്‍നിന്ന് സൈന്‍ ഔട്ട് ചെയ്യുകയോ പ്രത്യേക ലോക്കുകള്‍ വയ്ക്കുകയോ ചെയ്തിട്ടുണ്ട്.
- ഫോണിന്റെ ബ്രൈറ്റ്നെസ്സ്, വോള്യം എന്നിവ കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രൂപത്തിലാണ്.
BOX ITEMS
വാട്സാപ്പിറ്റിസ്
വാട്ട്സാപ്പിന്റെ അമിതോപയോഗം കൊണ്ടുണ്ടാവുന്ന അവസ്ഥയാണ് വാട്സാപ്പിറ്റിസ്. കണങ്കൈയിലെ വേദനയ്ക്ക് ഒരു മുപ്പത്തിനാലുകാരി വൈദ്യസഹായം തേടിയപ്പോഴാണ് ഈയൊരു രോഗം ലോകശ്രദ്ധ നേടുന്നത്. പലരും പറയുന്നതുപോലെ ഇതൊരു പുതിയ രോഗമല്ല. ‘ബൈലേറ്ററല്‍ റിസ്റ്റ് പെയ്ന്‍’ ആയിരുന്നു ഇത്. വാട്സാപ്പ് എന്നല്ല ഏതൊരു മെസേജിങ് ആപ്പും അമിതമായി ഉപയോഗിച്ചാല്‍ കണങ്കൈയ്ക്കോ തള്ളവിരലിനോ സാരമായ ബുദ്ധിമുട്ടുണ്ടാവാം.
നോമോഫോബിയ
മൊബൈല്‍ ഫോണ്‍ കയ്യിലില്ലെങ്കില്‍ പരിഭ്രമം തോന്നുന്ന അവസ്ഥയാണ് നോമോഫോബിയ (nomophobia). 2010-ല്‍ യു.കെ. പോസ്റ്റ് ഓഫീസ് നടത്തിയ ഒരു പഠനത്തിനിടെയാണ് നോമോഫോബിയ എന്ന വാക്ക് രൂപപ്പെടുന്നത്. No-mobile-phone phobia എന്നതിന്റെ ചുരുക്കമാണിത്. ഒറ്റപ്പെടുമ്പോള്‍ ഭയം തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ അമിതമായ തോതില്‍ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും ഫോണിനെ ഒരു കൂട്ടുകാരനായി കാണുന്നതുമെല്ലാം പ്രശ്നം തന്നെ.
Keywords (click to browse): mobilephone smartphone cellphone health smartphone-health-risk smartphone-for-kids parenting cancer mwr radiation grihalakshmi mathrubhumi