Nandakumar Edamana
Share on:
@ R t f

ആരോഗ്യം കാക്കാന്‍ എര്‍ഗണോമിക്സ്


ഉപയോക്താവിനും ഉപകരണത്തിനുമിടയ്ക്ക് ആരോഗ്യകരമായ ഒരന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതാണ് എര്‍ഗണോമിക്സ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, തൊഴിലിടത്തില്‍ ആളുകള്‍ക്ക് കാര്യക്ഷമമായി ജോലി ചെയ്യാനാവുന്നുണ്ടെന്നും ഉപകരണങ്ങളെല്ലാം ഉപയോഗിക്കാന്‍ എളുപ്പവും സുരക്ഷിതവും ആണെന്നും ഉറപ്പുവരുത്തലാണിത്. കംപ്യൂട്ടിങ്ങിന്റെ കാര്യത്തില്‍ ഇത് ഒന്നുകൂടി ലളിതമായി പറയാം: നമ്മുടെ ആരോഗ്യത്തിന് ദോഷം വരാത്ത രീതിയില്‍ എങ്ങനെ ഇരിക്കണമെന്നും ഓരോ ഉപകരണവും എങ്ങനെ ഉപയോഗിക്കണമെന്നും നിഷ്കര്‍ഷിക്കുന്നതാണ് എര്‍ഗണോമിക്സ്. എന്‍ജിനീയറിങ്ങും ബയോമെക്കാനിക്സും മുതല്‍ മനശ്ശാസ്ത്രം വരെയുള്ള ഒട്ടേറെ ശാഖകള്‍ ഈ മേഖലയില്‍ സംഭാവന ചെയ്യുന്നു.

മൗസിന്റെ അശാസ്ത്രീയമായ ഉപയോഗം വഴിയുണ്ടാവുന്ന കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം, കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് വരാവുന്ന കാഴ്ചാപ്രശ്നമായ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്നിവയെല്ലാം ഇന്‍ഫോഹെല്‍ത്തില്‍ മുമ്പ് പ്രതിപാദിച്ചിട്ടുണ്ടല്ലോ. എര്‍ഗണോമിക്സിന്റെ പാഠങ്ങള്‍ പിന്തുടര്‍ന്നാല്‍ ഇവയെല്ലാം ഒരുപരിധി വരെ ഒഴിവാക്കാനാവും.

എര്‍ഗണോമിക്സിന്റെ ആശയമുള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്തിട്ടുള്ള ഉപകരണങ്ങളാണ് എര്‍ഗണോമിക് ഡിവൈസുകള്‍. കംപ്യൂട്ടിങ്ങിന്റെ കാര്യത്തില്‍ എര്‍ഗണോമിക് മൗസ്, എര്‍ഗണോമിക് കീബോഡ് തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. പെരിഫെറലുകള്‍ക്കുപുറമെ എര്‍ഗണോമിക് ആക്സസറീസ്, എര്‍ഗണോമിക് ഫര്‍ണീച്ചര്‍ എന്നിവയുമുണ്ട്. ഇവയെക്കുറിച്ചാണ് ഈ ലക്കം ചര്‍ച്ച ചെയ്യുന്നത്.

ഇവിടെ ശ്രദ്ധിക്കേണ്ടത് ഒരു പ്രത്യേക ലേബലില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല എര്‍ഗണോമിക് ഡിവൈസുകള്‍ എന്നതാണ്. ഒരു സാധാരണ ഉപകര​ണത്തിനുപോലും ചിലപ്പോള്‍ ഒരു എര്‍ഗണോമിക് ഉപകരണമായി പ്രവര്‍ത്തിക്കാനാവും. ടെലിഫോണ്‍ ചുമലില്‍ തിരുകി വരുത്തുന്ന കഴുത്തുവേദന ഒരു നല്ല ഹെഡ്ഫോണ്‍ വഴി ഒഴിവാക്കുമ്പോള്‍ ഹെഡ്ഫോണ്‍ ഒരു എര്‍ഗണോമിക് ഡിവൈസായി മാറുന്നു.

ഇതിനെല്ലാം പുറമെ നമ്മുടെ ഇരിപ്പും കംപ്യൂട്ടിങ് ശൈലിയുമെല്ലാം പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെയാണ്. ഇവയെക്കുറിച്ച് മുന്‍ലക്കങ്ങളില്‍ വിശദീകരിച്ചിട്ടുള്ളതുകൊണ്ട് ഇനി പറയുന്നില്ല (അവ infokairali.com-ല്‍ ലഭ്യമാണ്). സ്ക്രീനിന്റെ അകലം, ബ്രൈറ്റ്നെസ്സ്, ഗ്ലെയര്‍, നമ്മുടെ ഇരിപ്പ് എന്നിവയെല്ലാം സുഖകരമായ രീതിയില്‍ ക്രമീകരിക്കുക എന്ന് ഒറ്റവാചകത്തില്‍ പറയാം.

എര്‍ഗണോമിക് ഡിവൈസുകള്‍

ആരോഗ്യപ്രശ്നങ്ങള്‍ പരമാവധി കുറയ്ക്കുന്ന പെരിഫെറലുകളാണ് എര്‍ഗണോമിക് ഡിവൈസുകള്‍ എന്നു പറഞ്ഞല്ലോ. എര്‍ഗണോമിക് കീബോഡുകളും പോയിന്റിങ് ഡിവൈസുകളുമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവ.

സ്പ്ലിറ്റ് കീബോഡ്, കോണ്ടൂര്‍ഡ് കീബോഡ്, ഹാന്‍ഡ്‌ഹെല്‍ഡ് കീബോഡ്, ആംഗ്ള്‍ഡ് സ്പ്ലിറ്റ് കീബോഡ് തുടങ്ങി വിവിധതരത്തിലുണ്ട് എര്‍ഗണോമിക് കീബോഡുകള്‍. പേശികള്‍ക്ക് ആയാസം നല്‍കുകയാണ് ഇവയുടെ ലക്ഷ്യം.

ഇംഗ്ലീഷ് അക്ഷരം V തിരിച്ചിട്ടതുപോലെ മൊത്തം കീകളെ രണ്ടു നിരയാക്കുകയാണ് സ്പ്ലിറ്റ് കീബോഡുകള്‍. കയ്യിന്റെ സ്വാഭാവികചലനത്തിന് ഇത് സഹായിക്കുന്നു. ഇതുതന്നെ ഫിക്സ്ഡും അഡ്ജസ്റ്റബ്ളുമുണ്ട്. രണ്ടാമത്തേതില്‍ കീകളുടെ വിന്യാസം മാറ്റാന്‍ കഴിയും. ഉപയോഗമനുസരിച്ച് കീകളുടെ സ്ഥാനം ക്രമീകരിച്ചും അവയ്ക്കിടയിലെ കോണും ചെരിവുമെല്ലാം മാറ്റിയുമാണ് മറ്റു തരം എര്‍ഗണോമിക് കീബോഡുകളും അവയുടെ ധര്‍മം നിര്‍വഹിക്കുന്നത്. ഹാന്‍ഡ്‌ഹെല്‍ഡ് കീബോഡിനോടൊപ്പം ഒരു ട്രാക്ക്ബോളും (മൗസിന് പകരം) ഉണ്ടാവാം.

സി.ടി.എസ്., സന്ധിവാതം, റിപ്പീറ്റീറ്റീവ് സ്ട്രെയ്ന്‍ ഇഞ്ചുറി തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം മൗസിന്റെ അശാസ്ത്രീയമായ ഉപയോഗം കാരണമാകാം. ഉപയോഗിക്കുമ്പോള്‍ കയ്യിലെ എല്ലുകളുടെ കിടപ്പ് ആരോഗ്യകരമായ രീതിയിലാക്കാനും കൈക്കുഴയേക്കാള്‍ കൈ മൊത്തത്തില്‍ ചലിപ്പിക്കാന്‍ പ്രേരിപ്പിച്ചുമൊക്കെയാണ് എര്‍ഗണോമിക് മൗസുകള്‍ ഇതിന് പരിഹാരം തേടുന്നത്. മൗസിനുപുറമെ ട്രാക്ക്ബോളിന്റെ വികസിതരൂപമെല്ലാം എര്‍ഗണോമിക് പോയിന്റിങ് വിഭാഗത്തില്‍ അവതരിച്ചിട്ടുണ്ട്.

എര്‍ഗണോമിക് ഫര്‍ണിച്ചര്‍

കംപ്യൂട്ടര്‍ ടേബിള്‍, അതിനു മുന്നിലെ കസേര തുടങ്ങി കംപ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട ഒരു പ്രത്യേക ഫര്‍ണിച്ചര്‍ നിര നമുക്കുണ്ടാവും. പെരിഫെറലുകളേക്കാള്‍ നമ്മുടെ ആരോഗ്യത്തെ ബാധിക്കാന്‍ ഇവയ്ക്കുകഴിയും. ഇവയുടെ ഉയര്‍ച്ചതാഴ്ചകളും അകലവുമെല്ലാം പേശികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാം. ഒരേ ഇരിപ്പില്‍ തളച്ചിടുന്ന കസേരയൊക്കെയാണെങ്കില്‍ അതും പ്രശ്നമാവും. ഇവിടെയാണ് എര്‍ഗണോമിക് ഫര്‍ണിച്ചര്‍ സഹായത്തിനെത്തുന്നത്. ഉപയോക്താവിന്റെ സുഗമമായ ഇരിപ്പിന് സഹായിക്കുക, ഉയരത്തിലും മറ്റും മാറ്റങ്ങള്‍ വരുത്താന്‍ കഴിയുക എന്നതാണ് ഇതിന്റെ ഗു​ണങ്ങള്‍.

എര്‍ഗണോമിക് ആക്സസറീസ്

കംപ്യൂട്ടിങ്ങുമായി നേരിട്ട് ബന്ധമില്ലാത്ത ഒരുപാടുപകരണങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ലാപ്ടോപ് സ്റ്റാന്‍ഡുകള്‍, കൂളിങ് പാഡുകള്‍, മോണിറ്റര്‍ സ്റ്റാന്‍ഡുകള്‍, ആന്റി-ഗ്ലെയര്‍ ഗ്ലാസുകള്‍/ഫില്‍റ്ററുകള്‍ തുടങ്ങിയവ ബന്ധപ്പെട്ട ഉപകരണങ്ങളുണ്ടാക്കുന്ന ചില ആരോഗ്യപ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാവുന്നു. Ergonomics.co.uk എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ Foot & Leg Rests, Posture Aids എന്നീ വിഭാഗങ്ങളിലായി നമ്മുടെ ഇരിപ്പ് ശരിയാക്കാനുള്ള ഒരുപാട് ഉപകരണങ്ങളുടെ പട്ടിക കാണാം. ലൈറ്റുകള്‍, മൗസും മറ്റും ഉപയോഗിക്കുമ്പോള്‍ കൈക്കുഴയ്ക്ക് വിശ്രമം തരുന്ന റിസറ്റ്/ആം സപ്പോര്‍ട്ടുകള്‍ തുടങ്ങിയവയും എര്‍ഗണോമിക് ആക്സസറികളുടെ കൂട്ടത്തിലുണ്ട്.


Click here to read more like this. Click here to send a comment or query.