Nandakumar Edamana
Share on:
@ R t f

വൈന്‍ വഴി വരുമോ ഗ്നു/ലിനക്സില്‍ മാല്‍വെയര്‍?


വിന്‍ഡോസിനേക്കാള്‍ സുരക്ഷിതമാണ് ഗ്നു/ലിനക്സ് എന്നത് ഒരു സത്യം തന്നെയാണ്. ഗ്നു/ലിനക്സ് മാത്രമുപയോഗിക്കുന്നവര്‍ (ലേഖകനടക്കം) ഇതിലൊരല്പം അഹങ്കരിക്കാറുമുണ്ട്. വാണാക്രൈ ലോകമാകെ പടയോട്ടം നടത്തുമ്പോഴും ഈയൊരു ധൈര്യത്തിലായിരുന്നു ഗ്നു/ലിനക്സ് ഉപയോക്താക്കള്‍. എന്നാല്‍ വൈകാതെതന്നെ അസ്വസ്ഥമായ ആ വാര്‍ത്തയെത്തി -- വൈന്‍ വഴി ഗ്നു/ലിനക്സ് ഉപയോക്താക്കളുടെ ഫയലുകള്‍ നശിപ്പിക്കാന്‍ വാണാക്രൈയ്ക്ക് സാധിക്കും. ഈ വിവരം പങ്കുവച്ചപ്പോള്‍ പലരും ചോദിച്ച പലതരം ചോദ്യങ്ങളു​ണ്ട്. അവയ്ക്കെല്ലാം ഒന്നൊന്നായി ഉത്തരം പറയാന്‍ ശ്രമിക്കുകയാണ് ഈ ലേഖനം.

തുടക്കത്തിലേ ഒരു കാര്യം വ്യക്തമാക്കട്ടെ. ഈ ലേഖനം വാണാക്രൈയെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല. ഗ്നു/ലിനക്സിനെ ലക്ഷ്യമിട്ടുതയ്യാറാക്കിയ മാല്‍വെയറുകളെയും ഉദ്ദേശിച്ചല്ല. മറിച്ച്, വാണാക്രൈ അടക്കം വിന്‍ഡോസിനെ ലക്ഷ്യമിട്ടുള്ള മാല്‍‌വെയറുകള്‍ക്ക് വൈന്‍ വഴി ഗ്നു/ലിനക്സിലും പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന് ബോദ്ധ്യപ്പെടുത്താനാണ്.

എന്താണ് വൈന്‍? അത് എന്തുകൊണ്ട് പ്രശ്നമാകുന്നു?

വിന്‍ഡോസ് പ്രോഗ്രാമുകള്‍ ഗ്നു/ലിനക്സിലും പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയറാണ് വൈന്‍. അതുകൊണ്ടുതന്നെ വിന്‍ഡോസിനെ ലക്ഷ്യമിട്ടെഴുതിയ മാല്‍വെയറിനും വൈന്‍ വഴി ഗ്നു/ലിനക്സില്‍ പ്രവര്‍ത്തിക്കാനാകും. വൈന്‍ ഇനിയും അപൂര്‍ണമായതുകൊണ്ട് ചിലതൊന്നും പ്രവര്‍ത്തിക്കില്ലെന്നുമാത്രം.

വാണാക്രൈ വൈനില്‍ പ്രവര്‍ത്തിക്കുന്നതായി പലരും പരീക്ഷിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ ഹോം ഫോള്‍ഡറിലെ, പ്രത്യേകിച്ച് ഡെസ്ക്ടോപ്പിലെ ഫയലുകളാണ് ആക്രമണത്തിനിരയായത്.

ഗ്നു/ലിനക്സ് എന്തുകൊണ്ടാണ് വിന്‍ഡോസിനേക്കാള്‍ സുരക്ഷിതമാകുന്നത്?

കുറച്ചുപേര്‍ മാത്രം ഉപയോഗിക്കുന്നതിനാല്‍ ഗ്നു/ലിനക്സിനുവേണ്ടി ആരും വൈറസ്സുണ്ടാക്കുന്നില്ലെന്നും അതാണ് സുരക്ഷ തോന്നിക്കുന്നത് എന്നും പലരും വാദിക്കാറുണ്ട്. സത്യമുണ്ടെങ്കിലും ഈ വാദം പൂര്‍ണമായും ശരിയല്ല. ലിനക്സ് അധിഷ്ഠിതമായ ആന്‍ഡ്രോയ്ഡ് മാറ്റിനിര്‍ത്തിയാല്‍ ഗ്നു/ലിനക്സ് പതിപ്പുകള്‍ ഉപയോഗിക്കുന്ന ഡെസ്ക്ടോപ്പ് ഉപയോക്താക്കള്‍ ഒന്നോ രണ്ടോ ശതമാനമേ വരൂ. അതേ സമയം വെബ് സെര്‍വറുകളില്‍ പകുതിയിലേറെയും ഗ്നു/ലിനക്സില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഹാക്കര്‍മാരെസ്സംബന്ധിച്ച് സെര്‍വറുകളിലെ ഈ ഗ്നു/ലിനക്സ് സാന്നിദ്ധ്യം ഏറെ പ്രധാനപ്പെട്ടതാണ്.

എന്നിട്ടും ഗ്നു/ലിനക്സിനെ സുരക്ഷിതമാക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നത് ശക്തമായ യൂസര്‍ പെര്‍മിഷന്‍ വ്യവസ്ഥയാണ്. ഏതൊരു ഫയലും എക്സിക്യൂട്ട് ചെയ്യാന്‍ പ്രത്യേക പെര്‍മിഷന്‍ കൊടുക്കണമെന്നതിനാല്‍ ഇ-മെയില്‍ വഴി വരുന്ന മാല്‍വെയറിന് സ്വയം പ്രവര്‍ത്തിക്കാനാകില്ല. വിന്‍ഡോസില്‍ ഇവയ്ക്ക് ഡൗണ്‍ലോഡ് ചെയ്ത് തുറന്നയുടന്‍ പ്രവര്‍ത്തിക്കാം. അഡ്മിനിസ്ട്രേറ്റര്‍ ആയാണ് ലോഗിന്‍ ചെയ്തതെങ്കില്‍ സിസ്റ്റം ഫയലുകളിലും കടന്നുചെയല്ലാം. എന്നാല്‍ ഗ്നു/ലിനക്സില്‍ അഡ്മിനിസ്ട്രേറ്റര്‍ക്കുപോലും സിസ്റ്റം ഫയലുകളില്‍ മാറ്റം വരുത്താന്‍ പല തവണ പാസ്‌വേഡ് കൊടുക്കേണ്ടിവരും. അഡ്മിനിസ്ട്രേറ്ററുടെ മറവില്‍ മാല്‍വെയറിന് പ്രവര്‍ത്തിക്കാന്‍ എളുപ്പമല്ലെന്നര്‍ത്ഥം.

മറ്റൊരു സുരക്ഷാഘടകം ഗ്നു/ലിനക്സിലുള്ള കേന്ദ്രീകൃതമായ പാക്കേജ് വ്യവസ്ഥയാണ്. ഔദ്യോഗിക ആപ്പ് സ്റ്റോറുകളുടെ പഴയ പതിപ്പാണിതെന്നുപറയാം. വെബ്ബില്‍ത്തിരഞ്ഞോ കോപ്പി ചെയ്തുകൊണ്ടുവന്നോ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് മിക്ക വിന്‍ഡോസ് ഉപയോക്താക്കള്‍ക്കും ശീലം (നിയമവിരുദ്ധമായ ഡൗണ്‍ലോഡ്/കോപ്പി മാത്രമല്ല ഉദ്ദേശിച്ചത്; നിയമപരമായ കോപ്പിവേളയിലും പെന്‍ഡ്രൈവ് വഴിയും മറ്റും വൈറസ് വരാം). എന്നാല്‍ ഔദ്യോഗിക റെപ്പോസിറ്ററികളില്‍നിന്നാണ് ഗ്നു/ലിനക്സ് ഉപയോക്താക്കള്‍ സാധാരണ അധികസോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇവ താരതമ്യേന സുരക്ഷിതമായിരിക്കും.

വാണാക്രൈ വൈനില്‍ പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞല്ലോ. ഇതെങ്ങനെ സാദ്ധ്യമാകും? വിന്‍ഡോസിനുവേണ്ടി മൈക്രോസോഫ്റ്റെഴുതിയ കോഡിലെ പഴുതല്ലേ വാണാക്രൈ ഉപയോഗപ്പെടുത്തുന്നത്. വൈന്‍ വികസിപ്പിച്ചെടുത്തത് മറ്റൊരു സംഘമല്ലേ.

ഇപ്പറഞ്ഞതില്‍ ഒരല്പം ശരിയുണ്ട്. വിന്‍ഡോസിലെ ഒരു ഘടകത്തിനുവേണ്ടി മൈക്രോസോഫ്റ്റെഴുതിയ കോഡിലെ 'എറ്റേണല്‍ബ്ലൂ' (EternalBlue) എന്ന സുരക്ഷാപ്പഴുതാണ് (Vulnerability) വാണാക്രൈ ഉപയോഗപ്പെടുത്തുന്നത്. വൈന്‍ എഴുതിയത് മറ്റൊരു സംഘമായ സ്ഥിതിക്ക് ഇതേ സുരക്ഷാപ്പഴുത് അതിലും വരുന്നതെങ്ങനെ എന്ന് തോന്നാം. വൈനിന്റെ കോഡിലെ പഴുതുകള്‍ ഇനിയും പഠനവിധേയമാക്കേണ്ടതുണ്ട്. എന്നാല്‍ അതിനുമുമ്പുതന്നെ ഒരുകാര്യം പറയാനാകും -- വിന്‍ഡോസിന്റെ സ്വഭാവസവിശേഷതകള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നതിനാല്‍ വിന്‍ഡോസിലെ സുരക്ഷാപ്പഴുതുകള്‍ വൈനിലും വരാം. കോഡ് വരിക്കുവരി സമമായാലേ സുരക്ഷാപ്പഴുതുകളും തുല്യമാവൂ എന്നില്ല. ഒരേ രൂപകല്പന പിന്തുടര്‍ന്നാലും മതി.

വൈനില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രാമുകള്‍ ഗ്നു/ലിനക്സിനുള്ളില്‍ത്തന്നെ ഒരു പ്രത്യേക ചട്ടക്കൂടിലല്ലേ പ്രവര്‍ത്തിക്കുന്നത്? അവയ്ക്ക് ഗ്നു/ലിനക്സിനെ ബാധിക്കാനാകുമോ?

എമുലേറ്ററുകള്‍ ഇപ്പറഞ്ഞപോലെ ഒരു പ്രത്യേക അന്തരീക്ഷത്തിലാണ് പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിക്കുക. സാന്‍ഡ്ബോക്സിങ് (Sandboxing) എന്നാണ് ഇതറിയപ്പെടുന്നത്. എന്നാല്‍ വൈന്‍ ഒരു എമുലേറ്ററല്ല (WINE എന്നതിന്റെ പൂര്‍ണരുപം തന്നെ WINE Is Not an Emulator എന്നാണ്). ഗ്നു/ലിനക്സിനുള്ളില്‍ ഒരു വിന്‍ഡോസ് അന്തരീക്ഷം ഒരുക്കുകയല്ല അത് ചെയ്യുന്നത്. മറിച്ച്, അതൊരു കോംപാറ്റിബിലിറ്റി ലെയറാണ്. വിന്‍ഡോസ് പ്രോഗ്രാമുകളെ നേരിട്ട് പ്രവര്‍ത്തിപ്പിക്കുകയാണ് അത് ചെയ്യുന്നത്.

ഇതിന്റെ ഭാഗമായി ഗ്നു/ലിനക്സ് ഫയല്‍സിസ്റ്റത്തിലേക്കും വൈനില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രാമുകള്‍ക്ക് പരിമിതമായ പ്രവേശനമുണ്ട്. വൈനില്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അതിന്റെ ഐക്കണ്‍ നിങ്ങളുടെ ഗ്നു/ലിനക്സ് ഡെസ്ക്ടോപ്പില്‍ വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? സേവ് ചെയ്യുമ്പോഴും ഓപ്പണ്‍ ചെയ്യുമ്പോഴുമെല്ലാം ഇതുപോലെ ഡെസ്ക്ടോപ്പും മറ്റും പങ്കിടുന്നത് കാണാം. വൈന്‍ വേലിക്കെട്ടിനുള്ളിലല്ലെന്ന് ചുരുക്കം.

വൈന്‍ വഴി വൈറസ്സിന് ഏതറ്റം വരെ കടന്നുചെല്ലാം?

ഗ്നു/ലിനക്സിന്റെ ഫയല്‍സിസ്റ്റത്തിലേക്ക് വൈനിന് കടന്നുചെല്ലാമെന്ന് പറഞ്ഞെങ്കിലും ഈ സ്വാതന്ത്ര്യം വളരെ പരിമിതമാണ്. ഉപയോക്താവിന്റെ ഡെസ്ക്ടോപ്പ് പോലുള്ള കുറച്ചു ഫോള്‍ഡറുകളേ അതിന് തൊടാനാകൂ. മറ്റുപയോക്താക്കളുടെ ഫയലുകളോ സിസ്റ്റം ഫയലുകളോ കൈകാര്യം ചെയ്യാനാകില്ല (പ്രത്യേക പെര്‍മിഷന്‍ കൊടുക്കാത്തിടത്തോളം കാലം).

എന്നാല്‍ വൈറസ് ബാധിച്ചാല്‍ ഒരു സാധാരണ ഉപയോക്താവിന്റെ ഫയലുകള്‍ നഷ്ടമാവാന്‍ ഇതുതന്നെ ധാരാളമാണ്. കാരണം അധികപേരും ഡെസ്ക്ടോപ്പ്, ഡോക്യുമെന്റ്സ് പോലുള്ള സ്ഥലങ്ങളിലാണ് ഫയലുകള്‍ സൂക്ഷിക്കുക.

കുറിപ്പ്: വേറെ പാര്‍ട്ടീഷനിലിട്ടു എന്നതുകൊണ്ട് ഫയലുകള്‍ സുരക്ഷിതമാകുന്നില്ല. മൗണ്ട് ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് പെര്‍മിഷനുണ്ടെങ്കില്‍, ആ ഫയലുകള്‍ വൈനിലോടുന്ന പ്രോഗ്രാമുകള്‍ക്കും ലഭിക്കും.

ഗ്നു/ലിനക്സില്‍ റൂട്ട് പെര്‍മിഷന്‍ എന്നോ മറ്റോ ഒരു സംഗതിയുണ്ടെന്നും അതുകൊണ്ട് വൈറസ് വരില്ലെന്നും കേട്ടു. അപ്പോള്‍പ്പിന്നെ വാണാക്രൈ എങ്ങനെയാണ് സിസ്റ്റത്തെ തകര്‍ക്കുക?

പല തെറ്റിദ്ധാരണകള്‍ ഒളിഞ്ഞിരിപ്പുണ്ടെങ്കിലും നല്ല ഒരു ഉത്തരത്തിന് വകയുള്ള ചോദ്യമാണിത്. റൂട്ട് (root) ആണ് ഗ്നു/ലിനക്സിലെ യഥാര്‍ത്ഥ അഡ്മിനിസ്ട്രേറ്റര്‍. ഉബുണ്ടുവിന്റയെും മറ്റും ഡെസ്ക്ടോപ്പ് പതിപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നാം ക്രമീകരിക്കുന്ന പ്രധാന യൂസര്‍ അഡ്മിനിസ്ട്രേറ്റര്‍ ആണെങ്കിലും റൂട്ടിനോളം വരില്ല. റൂട്ടിനുമാത്രമേ സിസ്റ്റം ഫയലുകള്‍ മാറ്റം വരുത്താനാകൂ. സിസ്റ്റം ക്രമീകരണങ്ങള്‍ വരുത്താന്‍ അഡ്മിനിസ്ട്രേറ്റര്‍ ഓരോ തവണയും റൂട്ട് മോഡിലേക്ക് ഉയരണം. ഇതിനാണ് sudo പോലുള്ള കമാന്‍ഡുകള്‍ ഉപയോഗിക്കുന്നത്. അപ്പോള്‍ പാസ്‍വേഡ് ചോദിക്കും. ഈ കടമ്പയാണ് പല വൈറസ്സുകള്‍ക്കും ചാടിക്കടക്കാന്‍ വിഷമം. (വിദഗ്ധരായ ഉപയോക്താക്കള്‍ നേരിട്ട് റൂട്ടായി ലോഗിന്‍ ചെയ്തെന്നുവരും. അപ്പോള്‍പ്പിന്നെ ഒന്നും സുരക്ഷിതമല്ല. എല്ലാം റൂട്ട് മോഡിലാണ്. ലളിതമായ ഒരു ഡിലീറ്റ് പോലും സിസ്റ്റത്തെ അവതാളത്തിലാക്കാം.)

വൈനില്‍ പ്രവര്‍ത്തിക്കുന്ന മാല്‍വെയറുകള്‍ക്ക് സിസ്റ്റം ഫയലുകള്‍ തിരുത്താന്‍ എളുപ്പമല്ലെന്നര്‍ത്ഥം. എന്നാല്‍ ഉപയോക്താവിന് ദോഷം വരുത്താന്‍ റൂട്ട് മോഡില്‍ പ്രവര്‍ത്തിക്കണമെന്നോ സിസ്റ്റം ഫയലുകള്‍ നശിപ്പിക്കണമെന്നോ ഇല്ലല്ലോ. ഉപയോക്താവിന്റെ ഹോം ഫോള്‍ഡര്‍ നശിപ്പിച്ചാലും മതി. സിസ്റ്റം അപ്പാടെ തകര്‍ക്കാനായില്ലെങ്കിലും വൈനില്‍ പ്രവര്‍ത്തിക്കുന്ന മാല്‍വെയറുകള്‍ക്ക് ഇതെളുപ്പം കഴിയും.

മറ്റൊന്ന്, ഉപയോക്താവിനെ പറ്റിച്ച് മാല്‍വെയറുകള്‍ക്ക് റൂട്ട് മോഡിലേക്കുയരാം എന്നതാണ്. തട്ടിപ്പുമെയിലുകള്‍ വഴിയാണ് പല മാല്‍വെയറും പടരുന്നത്. അറ്റാച്ച് ചെയ്ത പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്യാനും അത് റൂട്ടായി എക്സിക്യൂട്ട് ചെയ്യാനുള്ള കമാന്‍ഡ് പ്രവര്‍ത്തിപ്പിക്കാനും ഒരു ഹാക്കര്‍ ആവശ്യപ്പെട്ടാല്‍ പലരും അനുസരിച്ചെന്നുവരും. ലോട്ടറിത്തട്ടിപ്പിനും മറ്റ് ഫിഷിങ് ആക്രമണങ്ങള്‍ക്കും ഇരയായവര്‍ നമ്മുടെ ചുറ്റുവട്ടത്തുതന്നെ ധാരാളമാണല്ലോ. ഗ്നു/ലിനക്സ് എത്ര സുരക്ഷിതമായിട്ടും കാര്യമില്ല. ഉപയോക്താവിന്റെ അറിവുകേട് ഇവിടെയും പ്രശ്നം തന്നെയാണ്.

വൈന്‍ ഉപയോഗിക്കുന്ന എല്ലാവരും അപകടത്തിലോ?

ഒരിക്കലുമില്ല. വൈന്‍ ഉപയോഗിച്ചു എന്ന ഒരൊറ്റക്കാരണം കൊണ്ട് ഒരു വിന്‍ഡോസ് വൈറസ്സും നിങ്ങളുടെ ഗ്നു/ലിനക്സിനെ കീഴടക്കാന്‍ പോകുന്നില്ല. വൈന്‍ വഴി കണ്ണില്‍ക്കണ്ട എല്ലാ പ്രോഗ്രാമുകളും പ്രവര്‍ത്തിപ്പിക്കുകയും ഇന്റര്‍നെറ്റ് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ മാത്രമാണ് ഭീഷണി നിലനില്ക്കുക. ഉദാഹരണത്തിന്, ഗ്നു/ലിനക്സിനെ പ്രധാനലക്ഷ്യമാക്കുന്ന ഒരുപാട് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകള്‍ വിന്‍ഡോസ് വേര്‍ഷനുകളും ഇറക്കുന്നുണ്ട്. ഔദ്യോഗിക സൈറ്റുകളില്‍നിന്ന് ഇവ ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാന്‍ പേടി വേണ്ട. സ്വന്തം സ്ഥാപനത്തിനുവേണ്ടി മുമ്പ് ചെയ്യിച്ച ഒരു വിന്‍ഡോസ് പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാനായി വൈന്‍ ഉപയോഗിക്കുന്നയാള്‍ക്ക് വൈറസ് ഭീഷണിയില്ല. ഇവയില്‍ കാര്യമായ സുരക്ഷാപ്പഴുതുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പേടി വേണ്ടൂ. അതിപ്പോള്‍ വിന്‍ഡോസ് പ്രോഗ്രാമുകള്‍ക്കുമാത്രമല്ല, ഗ്നു/ലിനക്സ് പ്രോഗ്രാമുകള്‍ക്കും ബാധകമാണ്.

വൈന്‍ ഉപയോഗിക്കാം, സുരക്ഷിതമായി

ഈ ലേഖനം വായിച്ച് വൈന്‍ ഉപയോഗം നിര്‍ത്തുകയൊന്നും വേണ്ട. ഒരല്പം കരുതലെടുക്കണമെന്നുമാത്രം. സുരക്ഷിതമായി വൈന്‍ ഉപയോഗിക്കാനുള്ള ചില മാര്‍ഗങ്ങള്‍ ഇനി പറയുന്നുണ്ട്. അതിനുമുമ്പ് ചില പൊതുനിര്‍ദേശങ്ങള്‍ ഇതാ:

  • ബാക്കപ്പ് നിര്‍ബന്ധം -- സുപ്രധാനഫയലുകള്‍ പലയിടങ്ങളിലായി (സിഡി പോലുള്ള റീഡ്-ഓണ്‍ലി മാദ്ധ്യമങ്ങളാണുത്തമം) പകര്‍ത്തിസ്സൂക്ഷിക്കുക
  • വിശ്വസ്തസ്രോതസ്സില്‍നിന്നുള്ള പ്രോഗ്രാമുകള്‍ മാത്രം ഉപയോഗിക്കുക
  • പൈറേറ്റഡ് പ്രോഗ്രാമുകള്‍ ഉപയോഗിക്കാതിരിക്കുക
  • വിന്‍ഡോസ് ഉള്ള കംപ്യൂട്ടറില്‍നിന്ന് കോപ്പി ചെയ്ത ഫയലുകള്‍ ആന്റിവൈറസ് പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക
  • പെന്‍ഡ്രൈവില്‍നിന്നുള്ള പ്രോഗ്രാമുകള്‍ കഴിവതും പ്രവര്‍ത്തിപ്പിക്കാതിരിക്കുക
  • വൈന്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കുക

വൈന്‍ ഉപയോഗിക്കാന്‍ മറ്റൊരു യൂസര്‍

വൈനുപയോഗിക്കാന്‍ ഒരു പ്രത്യേക യൂസര്‍ അക്കൗണ്ട് നീക്കിവയ്ക്കുക എന്നതാണ് അത് സുരക്ഷിതമായി ഉപയോഗിക്കാനുള്ള ​ഒരു വഴി. മുമ്പ് പറഞ്ഞതുപോലെ ഒരു യൂസറിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വൈനിന് മറ്റൊരു യൂസറിന്റെ ഫയലുകള്‍ കൈകാര്യം ചെയ്യാനാവില്ല. ഫയല്‍ പെര്‍മിഷനുകളെല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നുമാത്രം.

എന്നാല്‍ എപ്പോഴും ഇത് പ്രാവര്‍ത്തികമാവണമെന്നില്ല. പ്രത്യേകിച്ച് വിന്‍ഡോസ് പ്രോഗ്രാമുകളും ഗ്നു/ലിനക്സ് പ്രോഗ്രാമുകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കേണ്ടിവരുമ്പോള്‍. അത്തരം സാഹചര്യങ്ങളില്‍ വെര്‍ച്വല്‍ മെഷീനോ സാന്‍ഡ്ബോക്സിങ്ങോ ഉപയോഗിക്കാം.

വെര്‍ച്വല്‍ മെഷീന്‍ വഴി

ഒരല്പം വളഞ്ഞ വഴിയാണിത്. വെര്‍ച്വല്‍ ബോക്സ് പോലുള്ള പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ഒരു വെര്‍ച്വല്‍ മെഷീന്‍ തയ്യാറാക്കുകയും അതിനുള്ളില്‍ ലൈവ് സി.ഡി.യോ പുതിയൊരു ഗ്നു/ലിനക്സ് ഇന്‍സ്റ്റളേഷനോ സജ്ജമാക്കി അതില്‍ വൈന്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക. വെര്‍ച്വല്‍ മെഷീനുള്ളില്‍ നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഗ്നു/ലിനക്സിലേക്ക് ബൂട്ട് ചെയ്ത് കയറരുതെന്നോര്‍ക്കണം‌. ലൈവ് സി.ഡി.യോ പുതിയ ഇന്‍സ്റ്റളേഷനോ തന്നെ വേണം.

ഇത്രയെല്ലാം സാഹസപ്പെടുന്നതെന്തിന് എന്ന് ചോദിക്കാം. വെര്‍ച്വല്‍ ബോക്സില്‍ നേരിട്ട് വിന്‍ഡോസ് ലോഡാക്കിക്കൂടേ, വൈന്‍ വേണോ എന്നും ചോദിക്കാം. എന്നാല്‍ ഈയൊരു സാഹസം ചിലപ്പോള്‍ വേണ്ടിവരും. ഉദാഹരണത്തിന്, ഒറിജിനലായാലും പൈറേറ്റഡ് ആയാലും വിന്‍ഡോസ് ഉപയോഗിക്കാന്‍ താത്പര്യമില്ലാത്ത ഒരു സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുഭാവിയാണ് നിങ്ങളെന്ന് കരുതുക. അല്ലെങ്കില്‍ വിന്‍ഡോസ് വൈറസ്സുകളുടെ സ്വാധീനം ഗ്നു/ലിനക്സില്‍ എത്രത്തോളമാണെന്ന് ഗവേഷണം നടത്തുകയാണ് നിങ്ങളെന്ന് കരുതുക. അവിടെയെല്ലാം സുരക്ഷിതമായ മാര്‍ഗം ഇതുതന്നെയാണ്.

സാന്‍ഡ്ബോക്സിങ്

ഒരു പ്രോഗ്രാമിന്റെ അന്തരീക്ഷം പരിമിതപ്പെടുത്തി മറ്റു പ്രോഗ്രാമുകള്‍ക്കും ഫയലുകള്‍ക്കും സംരംക്ഷണം നല്കുന്ന പരിപാടിയാണ് സാന്‍ഡ്ബോക്സിങ്. ഗ്നു/ലിനക്സില്‍ സാന്‍ഡ്ബോക്സിങ് നടത്താന്‍ പല വഴികളുണ്ട്. ഒരല്പം സാങ്കേതികമായതിനാല്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. താത്പര്യമുള്ളവര്‍ക്ക് ഈ ലേഖനം വായിക്കാം: opensourceforu.com/2016/07/many-approaches-sandboxing-linux

ഇക്കൂട്ടത്തില്‍ ഫയര്‍ജെയില്‍ എന്ന സങ്കേതം ലളിതവും ഫലപ്രദവുമാണ്. ഫയര്‍ജെയില്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം വൈന്‍ വഴി ഒരു പ്രോഗ്രാം സാന്‍ഡ്ബോക്സില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ കമാന്‍ഡ് നല്കിയാല്‍ മതി:

firejail wine PROGRAM.EXE

(PROGRAM.EXE എന്നതിനുപകരം നിങ്ങള്‍ക്കാവശ്യമുള്ള കമാന്‍ഡ് നല്കുക)

ഏതെല്ലാം ഫയലുകളിലേക്ക് പ്രവേശനം നല്കാം എന്നതുപോലുള്ള കാര്യങ്ങള്‍ കമാന്‍ഡില്‍ വിശദമാക്കാനാകും. ഇതറിയാനും ഫയര്‍ജെയില്‍ ഡൗണ്‍ലോഡ് ചെയ്യാനും firejail.wordpress.com എന്ന സൈറ്റ് സന്ദര്‍ശിക്കുക.

വിടപറയുന്നതാണ് നല്ലത്

ഏറെ ഉപകാരപ്രദമായ ഒരു സോഫ്റ്റ്‍വെയര്‍ പ്രൊജക്റ്റാണ് വൈന്‍. വിന്‍ഡോസ് പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിക്കാനാഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കുമാത്രമല്ല, ഗ്നു/ലിനക്സിലിരുന്നേ വിന്‍ഡോസ് പ്രോഗ്രാമുകള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്ന ഡെവലപ്പര്‍മാര്‍ക്കും അത് വലിയൊരു തുണയാണ്. എന്നാല്‍ കഴിയുമെങ്കില്‍ വൈന്‍ ഉപയോഗിക്കാതിരിക്കുന്നതുതന്നെയാണ് നല്ലത്. ഗ്നു/ലിനക്സിനുവേണ്ടി ഒരുപാട് പ്രോഗ്രാമുകള്‍ ലഭ്യമായ സ്ഥിതിക്ക് ഇനിയും വിന്‍ഡോസ് പ്രോഗ്രാമുകള്‍ ഗ്നു/ലിനക്സില്‍ കഷ്ടപ്പെട്ട് പ്രവര്‍ത്തിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. മാത്രമല്ല, ഗ്നു/ലിനക്സിന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഗ്നു/ലിനക്സിനെ ലക്ഷ്യമിട്ടും ഇഷ്ടപ്രോഗ്രാമുകളുടെ പതിപ്പുകളിറക്കാന്‍ ശ്രമിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ആണല്ലോ വേണ്ടത്.

പല ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ലക്ഷ്യമിട്ട് പ്രോഗ്രാമെഴുതുന്നവര്‍ക്ക് ഈ വിടപറച്ചില്‍ ഒരുപക്ഷേ എളുപ്പമായിരിക്കില്ല. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ആദര്‍ശം മൂലം വിന്‍ഡോസ് ഉപയോഗിക്കാതിരിക്കുകയും വിന്‍ഡോസിനുവേണ്ടി തങ്ങളുടെ പതിപ്പുകള്‍ ഇറക്കേണ്ടിവരികയും ചെയ്യുമ്പോള്‍ വൈന്‍ തന്നെയാണ് ശരണം.


Click here to read more like this. Click here to send a comment or query.