വിദ്യാലയം ഒരു ചന്തയല്ല, കൃഷിയിടമാണ്. ആരോ കൊയ്ത വിളവ് വാങ്ങലല്ല, വിതച്ചുണ്ടാക്കലാണ് അവിടെയെത്തുന്നവരുടെ ലക്ഷ്യം. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ വിദ്യാലയങ്ങള്‍ വിളവോ ഊണോ വിറ്റമിന്‍ ഗുളികകളോ മാത്രം വിതരണം ചെയ്യുന്ന ഇടങ്ങളായി മാറുന്നു. മാറിച്ചിന്തിക്കണം നാം. ദേശത്തിന്റെയും കാലത്തിന്റെയും അതിരുകളില്ലാതെ ആര്‍ക്കും ഒന്നിച്ചിരിക്കാന്‍, അറിവുപങ്കിടാന്‍ പിറവിയെടുത്തിട്ടുണ്ട് ഡിജിറ്റല്‍ ഗുരുകുലങ്ങള്‍...
ചില അടുക്കളകളില്‍ വിറകോ ഗ്യാസോ അല്ല പാചകത്തിനവശ്യം, വൈഫൈയാണ്. നെറ്റില്‍ നോക്കിവേണം ഇടേണ്ട ഉപ്പിന്റെ അളവുകണ്ടെത്താന്‍. ടെലികോം കമ്പനികളുടെ പരസ്യങ്ങളാകട്ടെ, ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ആളുകള്‍ എഞ്ചിനീയര്‍മാരായിത്തീരുമെന്നുവരെ അവകാശപ്പെടുന്നു. എന്തറിയാനും നെറ്റിനെ ആശ്രയിക്കുന്ന പ്രവണതയെ വിമര്‍ശിക്കാം. യൂട്യൂബ് വീഡിയോ മാത്രം പഠിച്ചിറങ്ങുന്ന ഡോക്റ്റര്‍മാരും എഞ്ചിനീയര്‍മാരും ആളെക്കൊല്ലുമെന്ന് തറപ്പിച്ചുപറയാം. പക്ഷേ ഒന്നുറപ്പാണ്, ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ പല വിഷയങ്ങളിലും ഡിജിറ്റല്‍ സങ്കേതങ്ങള്‍ക്ക് ഒരു ബദല്‍ വിദ്യാലയമാകാന്‍ കഴിയും. കണ്ടും തൊട്ടും പഠിക്കേണ്ട വിഷയങ്ങളിലോ, വിദ്യാലയങ്ങള്‍ക്ക് അനുബന്ധമാകാനും.
ആര്‍ക്കും എന്തും മനസ്സിലാക്കാനുള്ള കുറിപ്പുകളും വീഡിയോകളും ഇന്റര്‍നെറ്റിലുണ്ട്. ചിലരാകട്ടെ മുന്‍പരിചയമുള്ള അദ്ധ്യാപകരില്‍നിന്ന് വീഡിയോ കോള്‍ വഴി അറിവ് നേടുന്നു. എന്നാല്‍ സാങ്കേതികവിദ്യയുടെ സാദ്ധ്യത എഴുത്തിനും വീഡിയോയ്ക്കും അപ്പുറമാണെന്ന് പലപ്പോഴും നാം ആലോചിക്കാറില്ല. എങ്ങെല്ലാമോ ഇരിക്കുന്ന മനുഷ്യരെ ബന്ധിപ്പിക്കാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിനുള്ള മാന്ത്രികമായ കഴിവ് ആലോചിക്കുക. ഇഷ്ടമുള്ള വിഷയങ്ങളിലെ കേട്ടുപരിചയം മാത്രമുള്ള വിദഗ്ധരെ, കേട്ടിട്ടേയില്ലാത്ത തത്പരരെ കണ്ടെത്താന്‍ ഇതേ മന്ത്രവടി എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? മായക്കാഴ്ചകളൊരുക്കാന്‍ ത്രീഡി മുതല്‍ വെര്‍ച്വല്‍ റിയാലിറ്റി വരെയുണ്ട്. തവളയെ കീറിമുറിക്കാതെതന്നെ അതിന്റെ ശരീരം പഠിക്കാന്‍ ഇതുതകില്ലേ? റേസിങ് ഗെയിമുകള്‍ റോഡ് സുരക്ഷയ്ക്ക് സഹായിക്കില്ലെന്ന് നമുക്കറിയാം. അതേസമയം വൈമാനികപരിശീലനത്തിന്റെ (പൈലറ്റ് ട്രെയിനിങ്) ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് ഫ്ലൈറ്റ് സിമുലേറ്ററുകള്‍ (അതിസങ്കീര്‍ണമെങ്കിലും ഒരുകണക്കിന് ഗെയിമുകള്‍ പോലെതന്നെ). എന്താണ് നാമിവിടെ വിട്ടുപോകുന്നത്?
എല്ലാവരിലും അറിവെത്തിക്കാന്‍, പഠനനിലവാരവും ആസ്വാദനവും വര്‍ദ്ധിപ്പിക്കാന്‍, ആധുനികസാങ്കേതികവിദ്യ എത്രത്തോളം ഉപകരിക്കും എന്നതാണ് നമ്മുടെ അന്വേഷണം. പഴയ പഠന സിഡികള്‍ മുതല്‍ ഇന്റര്‍നെറ്റും മൊബൈല്‍ ആപ്പുകളും വെര്‍ച്വല്‍ റിയാലിറ്റിയും വരെ നമ്മുടെ ചര്‍ച്ചയിലുണ്ട്. ഏഡ്ടെക് (EdTech), മൂക് (MOOC) തുടങ്ങി ഒരുപാട് വാക്കുകളും കടന്നുവരാനുണ്ട്. ഇവയെയെല്ലാം ചേര്‍ത്ത് നമുക്ക് ഇ-ലേണിങ് (eLearning) എന്നുപറയാം.
എത്തിക്കഴിഞ്ഞ വിദ്യ
ഇന്നുള്ള വിദ്യാഭ്യാസരീതികളെയെല്ലാം പിഴുതെറിഞ്ഞ് ഭാവിയിലെപ്പോഴോ എത്താനിരിക്കുന്ന ഒന്നല്ല ഇ-ലേണിങ്. വിദ്യാഭ്യാസരംഗത്ത് സാങ്കേതികവിദ്യ കൊണ്ടുവന്നതും വരാനിരിക്കുന്നതുമായ മാറ്റങ്ങളാണ്. പ്രധാനമായും ഇവയെല്ലാമാണ് അതിന്റെ പരിധിയില്‍വരിക:
- ഇ-ബുക്കും വീഡിയോ ക്ലിപ്പുകളും അടക്കമുള്ള മള്‍ട്ടിമീഡിയ പഠനവിഭവങ്ങള്‍
- ഇഷ്ടമുള്ള ക്രമത്തില്‍ പഠിക്കാനും ചെയ്തുപരീക്ഷിക്കാനും അവസരമൊരുക്കുന്ന 'ഇന്ററാക്റ്റീവ്' പഠനവിഭവങ്ങള്‍
- ഔപചാരികവും അനൌപചാരികവുമായ വെബ്‌സൈറ്റുകള്‍, ചര്‍ച്ചാവേദികള്‍
- ആപ്ലിക്കേഷനുകള്‍, പഠനഗെയിമുകള്‍
- ക്ലാസ്‌മുറിയില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം (പ്രൊജക്റ്ററടക്കം)
- വെബിനാറുകള്‍
- കൃത്യമായ ചട്ടക്കൂടും അദ്ധ്യാപകരും സര്‍ട്ടിഫിക്കറ്റുകളുമുള്ള ഓണ്‍ലൈന്‍ കോഴ്സുകള്‍
അവസാനം പറഞ്ഞതൊഴികെ മറ്റു പലതും സര്‍വസാധാരണമാണല്ലോ. ഇവയുടെ ഉപയോഗം ഫലപ്രദമാക്കുകമാത്രമാണ് ഇനി ചെയ്യാനുള്ളത്.
'ഹൌറ്റു' മുതല്‍ ബിരുദം വരെ
'how to' എന്നുചേര്‍ത്ത് വളരെ ബാലിശമായ എത്ര കാര്യങ്ങള്‍ തിരഞ്ഞിട്ടുണ്ട് നമ്മള്‍? 'ഇത്രയായിട്ടും ഈ ചെറിയ കാര്യമറിയില്ലേ?' എന്ന് ചോദിച്ച് ഒരു സേര്‍ച്ച് എഞ്ചിനും നമ്മെ നാണംകെടുത്തില്ലല്ലോ. എന്നാല്‍ ചെറുസേര്‍ച്ചുകളിലും ക്ലാസ് മുറികളില്‍ കാണിക്കുന്ന വീഡിയോകളിലും ഒതുങ്ങുന്നതല്ല ഇ-ലേണിങ്. ഉന്നതവിദ്യാഭ്യാസരംഗത്ത് ചില വിഷയങ്ങലില്‍ അത് മുഴുക്ലാസുകള്‍ക്ക് ബദലായിക്കഴിഞ്ഞു. ബിരുദ-ബിരുദാനന്തരതലത്തിലുള്ള ഓണ്‍ലൈന്‍ കോഴ്സുകള്‍ ഇപ്പോള്‍ത്തന്നെ കേന്ദ്രസര്‍ക്കാര്‍ സംരംഭങ്ങള്‍ തരുന്നുണ്ട്. ഇവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വൈകാതെതന്നെ എല്ലാ സര്‍വകലാശാലകളും അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേട്ടങ്ങളേറെ
പഠിതാക്കളില്‍ സാങ്കേതികവിദ്യ ചെലുത്തുന്ന സ്വാധീനം ഗുണമോ ദോഷമോ എന്നത് തര്‍ക്കവിഷയമാണ്. ഒന്നുറപ്പാണ്, അതിവേഗം വികസിക്കുന്ന ലോകത്ത് ഏറ്റവും പുതിയ അറിവുനേടാനും അനുനിമിഷം വളരുന്ന വിജ്ഞാനശേഖരത്തില്‍നിന്ന് പ്രധാനപ്പെട്ടവ കുഴിച്ചെടുക്കാനും സാങ്കേതികവിദ്യ കൂടിയേ തീരൂ.
പഠിക്കാന്‍ അവസരം കിട്ടിയവരുടെ കാര്യമാണിതെല്ലാം. അവസരമില്ലാത്തവര്‍ക്കുകൂടി അവസരമുണ്ടാക്കുന്നു എന്നതാണ് ഇ-ലേണിങ്ങിന്റെ ഏറ്റവും വലിയ നേട്ടം. കഷ്ടി ജീവിക്കാന്‍ മാത്രം വകയുള്ള ഒരാള്‍ക്കുപോലും സുഹൃത്തിന്റെ കംപ്യൂട്ടറിലിരുന്ന് മികച്ച സര്‍വകലാശാലകളില്‍ പഠനം നടത്താന്‍ അവസരമുണ്ടിന്ന്. സാമ്പത്തികശേഷിയുണ്ടായിട്ടും മറ്റു തിരക്കുകള്‍ മൂലം ഒരു കോഴ്സിന് ചേരാനാവാതെ വരുന്നവര്‍ക്കും ഇ-ലേണിങ് സഹായമാകും.
സാമ്പത്തികനേട്ടവുമുണ്ട് ഇ-ലേണിങ്ങിന്. ചെറിയ കാര്യങ്ങള്‍ പഠിക്കാന്‍ പോലും വലിയ യാത്രകള്‍ നടത്തേണ്ട ആവശ്യം ഒഴിഞ്ഞുകിട്ടും. വലിയൊരളവ് വിദ്യാര്‍ത്ഥികള്‍ വിദൂരമാകുമ്പോള്‍ അടിസ്ഥാനസൌകര്യങ്ങളൊരുക്കേണ്ട ബാദ്ധ്യതയില്ലെന്നതാണ് സ്ഥാപനങ്ങളെസ്സംബന്ധിച്ചുള്ള നേട്ടം. സെമിനാറുകള്‍ക്കും ഇതുപകരിക്കും. പഴയ രീതിയിലുള്ള സെമിനാറുകള്‍ പങ്കെടുക്കുന്നവരുടെ എണ്ണക്കുറുമൂലം ചെലവ് താങ്ങാനാവാതെ റദ്ദാക്കേണ്ടിവരാം. എന്നാല്‍ വെബിനാറുകള്‍ കുറഞ്ഞ ചെലവില്‍ നടത്താം.
ഒളിഞ്ഞിരിക്കുന്ന ചൂരലുകള്‍
ഇ-ലേണിങ്ങിന്റെ ഗുണദോഷങ്ങളെപ്പറ്റി ചര്‍ച്ചകളും പഠനങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ഉദ്യമങ്ങളെല്ലാം വിദ്യാഭ്യാസതത്വങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. ഒളിഞ്ഞിരിക്കുന്ന ചില ചൂരലുകള്‍ ഇ-ലേണിങ്ങില്‍ കാണാതെപോകുന്നു. വ്യാജവാര്‍ത്തകള്‍, സൈബര്‍ ആക്രമണം, സ്വകാര്യതയ്ക്ക് ഭീഷണിയായ ഓണ്‍ലൈന്‍ സേവനങ്ങള്‍, ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങി പല ഭീഷണികള്‍ ഇ-വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും കാത്തുകിടക്കുന്നു. ഏറെ സ്വീകാര്യതയുള്ള സേവനങ്ങള്‍ക്കുപോലും ഇരുണ്ടവശങ്ങളുണ്ടാകാം. ഇ-ലേണിങ്ങിന് പ്രചാരമേകുമ്പോള്‍ ഇവ നേരിടാനുള്ള പരിശീലനം കൂടി ആവശ്യമാണ്.