Nandakumar Edamana
Share on:
@ R t f

ചില വൈറസ് വാര്‍ത്തകള്‍


കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക്, പ്രത്യേകിച്ച് വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് എന്നുമൊരു തലവേദനയാണ് വൈറസ്സുകള്‍. പേഴ്സണല്‍ കംപ്യൂട്ടറില്‍ വൈറസ് അരങ്ങേറ്റം നടത്തിയിട്ട് ഈ വര്‍ഷം മൂന്നുപതിറ്റാണ്ട് തികയുകയാണ്. പുതിയ തരം വൈറസ്സുകളുടെയും ഫിഷിങ് തന്ത്രങ്ങളുടെയും വാര്‍ത്തകള്‍ ഇപ്പോഴും മാസാമാസം വന്നുകൊണ്ടിരിക്കുന്നു. ആദ്യ പി.സി.വൈറസ്സും ഇപ്പോള്‍ പ്രചരിക്കുന്ന വാട്സാപ്പ് വൈറസ്സുമടക്കം ഈ മാസത്തെ വൈറസ് വാര്‍ത്തകള്‍ ഒന്നോടിച്ചുനോക്കാം.

ആദ്യത്തെ പി.സി. വൈറസ്സിന് മുപ്പത് വയസ്സ്

ലോകത്തെ ആദ്യ പി.സി. വൈറസ് ആയി കണക്കാക്കപ്പെടുന്ന ബ്രെയ്ന്‍ വൈറസ്സിന് (Brain) ഈ വര്‍ഷം മുപ്പതുവയസ്സ് തികഞ്ഞു. ലാഹോര്‍ സ്വദേശികളായ ബാസിത് ഫാറൂഖ് അല്‍വി, അംജാദ് ഫാറൂഖ് അല്‍വി എന്നിവര്‍ രൂപം കൊടുത്ത ഈ വൈറസ് 1986 ജനവരിയിലാണ് പുറത്തിറങ്ങിയത്. ഫാറ്റ് ഫയല്‍സിസ്റ്റം പിന്തുടരുന്ന ഫ്ലോപ്പി ഡിസ്കിനെ ബാധിക്കുന്ന ഇത് ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുക. സാങ്കേതികമായി ഇന്നും പ്രവര്‍ത്തനക്ഷമമായ ഇത് പക്ഷേ വലിയ ഉപദ്രവകാരിയൊന്നുമല്ല (ഉണ്ടാക്കിയവരുടെ സന്മസ്സ്!). നിര്‍മ്മാതാക്കളുടെ ഫോണ്‍നമ്പര്‍ പോലും വൈറസ്സിലുണ്ടായിരുന്നു എന്നതാണ് രസകരമായ വസ്തുത.

ഫ്ലോപ്പി ഡിസ്കുകളുടെ ബൂട്ട് സെക്റ്റര്‍ മാറ്റി അവിടെ സ്വന്തം കോപ്പി എഴുതിവയ്ക്കുകയാണ് ബ്രെയ്ന്‍ ചെയ്യുന്നത്. ഫ്ലോപ്പി ഡിസ്കില്‍നിന്ന് ഓപ്പറേറ്റിങ് സിസ്റ്റം ലോഡ് ചെയ്തിരുന്ന കാലമായിരുന്നു ബ്രെയ്നിന്റേത് എന്നതുകൊണ്ടുതന്നെ ഇത് വലിയൊരു വിഷയമായിരുന്നു.

ബ്രെയ്ന്‍ ബാധിക്കുന്നതോടെ ഡിസ്കിന്റെ ലേബല്‍ ©Brain എന്നായി മാറും. വൈറസ് ബാധിച്ച ബൂട്ട് സെക്റ്ററില്‍ ഇങ്ങനെയൊരു സന്ദേശവും കാണാം:

Welcome to the Dungeon (c) 1986 Basie & Amends (pvt) Ltd VIRUS_SHOE RECORD V9.0 Dedicated to the dynamic memories of millions of viruses who are no longer with us today - Thanks GOODNESS!! BEWARE OF THE er..VIRUS : this program is catching program follows after these messages....$#@%$@!!

ബ്രെയ്ന്‍ ബാധിക്കുനനതോടെ ഡിസ്ക് സ്ലോ ആകുകയും എഴ് കിലോബൈറ്റ് മെമ്മറി ഡോസിന് കിട്ടാതാവുകയും ചെയ്യുന്നു. തങ്ങളുടെ സോഫ്റ്റ്‌വെയറിന്റെ അനധികൃതപകര്‍പ്പുകള്‍ തടയാനാണ് വൈറസ് വികസിപ്പിച്ചതെന്നാണ് അല്‍വി സഹോദരങ്ങള്‍ ടൈം മാഗസിനോട് പറഞ്ഞത്.

എതായാലും സുരക്ഷാപ്പിഴവുകള്‍ ചൂണ്ടിക്കാട്ടാനുള്ള ഒരു നല്ല പരീക്ഷണമായി മാറി ബ്രെയ്ന്‍.

വാട്സാപ്പ് സന്ദേശത്തിന്റെ പേരില്‍ വൈറസ് വിതരണം

നുണക്കഥകളും മറ്റും പ്രചരിപ്പിച്ച് ശാസ്ത്രവിദ്യാര്‍ത്ഥികളപ്പോലും പറ്റിക്കുന്നുണ്ട് വാട്സാപ്പ് വിരുതന്മാര്‍. എന്നാല്‍ വാട്സാപ്പിന്റെ പേരില്‍ ഇ-മെയില്‍ വഴി വൈറസ് അയയ്ക്കുന്ന പുതിയൊരു തട്ടിപ്പ് തുടങ്ങിയിട്ടുണ്ടത്രേ.

നിങ്ങള്‍ ഒരു സുഹൃത്തിന്റെ സന്ദേശം സ്വീകരിച്ചില്ലെന്നും ഇപ്പോള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക എന്നും പറഞ്ഞുകൊണ്ട് വാട്സാപ്പില്‍നിന്നെന്ന മട്ടില്‍ വരുന്ന ഇ-മെയിലുകളാണ് പ്രശ്നക്കാര്‍. സുഹൃത്തിന്റെ സന്ദേശം വായിക്കാനുള്ള ആംകാക്ഷയില്‍ നിങ്ങള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വൈറസ് ഡൗണ്‍ലോഡാവുന്നു.

ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയേ നിവൃത്തിയുള്ളൂ. നിലവിലെ രീതിയനുസരിച്ച് വാട്സാപ്പിലയയ്ക്കുന്ന സന്ദേശങ്ങള്‍ വാട്സാപ്പ് വഴി തന്നെ എത്തിക്കാന്‍ ഫെയ്സ്ബുക്കിനറിയാം. അതുകൊണ്ട് ഇത്തരം ഇ-മെയിലുകള്‍ അവഗണിക്കുക. ഇ-മെയിലുകള്‍ വളരെയെളുപ്പത്തില്‍ സ്പൂഫ് ചെയ്യാമെന്നതുകൊണ്ട് ഫ്രം വിലാസം മാത്രം നോക്കി ഒരു ഇ-മെയില്‍ വിശ്വസ്തമാണെന്ന് ധരിക്കരുത്. ഒരാളുടെ ഇ-മെയില്‍ വിലാസം ഫ്രമ്മില്‍ വച്ച് മെയിലയയ്ക്കാന്‍ അയാളുടെ അക്കൗണ്ട് തുറക്കുകയേ വേണ്ടെന്നറിയുക.

മൈക്രോസോഫ്റ്റിന്റെ പേരുപറഞ്ഞ് പുതിയ തട്ടിപ്പ്

മൈക്രോസോഫ്റ്റിന്റെ പേരില്‍‌ വ്യാജ വൈറസ് ഭീഷണി പരത്തി പണം തട്ടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, കാനഡ തുടങ്ങി വിവധ സ്ഥലങ്ങളില്‍നിന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

കംപ്യൂട്ടറില്‍ വൈറസ്സു​ണ്ടെന്ന വ്യാജസന്ദേശം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അത് വിശ്വസിക്കുകയായിരുന്നു ഇരകളെല്ലാം. വൈറസ് നീക്കം ചെയ്യാന്‍ ഒരു 'വിദഗ്ധന്‍' രംഗത്തുവരുന്നു. മൈക്രോസോഫ്റ്റ് പോലുള്ള വലിയ കമ്പനികളുടെ പേര് പറഞ്ഞ് വരുന്ന അവര്‍ക്ക് പ്രതിഫലം കൈമാറുമ്പോഴേയ്ക്കും ഇരയുടെ ബാങ്ക് അക്കൗണ്ട് പോലും ഹാക്കര്‍മാരുടെ നിയന്ത്രണത്തിലായിട്ടുണ്ടാവും. ഇങ്ങനെ മൂവായിരം ഡോളര്‍ വരെ നഷ്ടപ്പെട്ടവരുണ്ട്.

ഇത് വിദേശത്തുനിന്നുള്ള വാര്‍ത്തയാണെങ്കിലും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നാമും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ബാങ്കില്‍നിന്നെന്ന വ്യാജേന ഫോണ്‍ വിളിച്ച് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്നത് നമുക്കൊരു പുതിയ വാര്‍ത്തയല്ല. പണമിടപാടുകളെല്ലാം ഡിജിറ്റല്‍ ആയ ഇക്കാലത്ത് ഫിഷിങ് തന്ത്രങ്ങള്‍ പയറ്റുന്ന ഹാക്കര്‍മാരെയും അവര്‍ അയച്ചുതരുന്ന മാല്‍വെയര്‍ പ്രോഗ്രാമുകളെയും നമ്മുടെ കംപ്യൂട്ടറുകളുമായി അടുക്കാന്‍ അനുവദിക്കുകയേ അരുത്.

നാം ഇന്‍സ്റ്റാള്‍ ചെയ്ത വിശ്വസ്ത ആന്റിവൈറസ് പ്രോഗ്രാമുകള്‍ തരുന്ന സന്ദേശങ്ങള്‍ മാത്രം വിലയ്ക്കെടുക്കുക. വെബ്സൈറ്റുകളുടെ ഭാഗമായി വരുന്ന പരസ്യങ്ങളില്‍ ഒരുപാടെണ്ണം വൈറസ്സുണ്ടെന്ന് പറഞ്ഞ് പേടിപ്പിക്കാറുണ്ട്. സ്കെയര്‍വെയര്‍ എന്നാണ് ഇതിന് പേര്. ആഡ്ബ്ലോക്കറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഒരുപരിധിവരെ ഇവയില്‍നിന്ന് രക്ഷ നേടാം (ഉദാ: AdBlock Plus for Firefox and Chrome).


Click here to read more like this. Click here to send a comment or query.