ഭാരതസര്‍ക്കാരിന്റെ വെബ്‌സൈറ്റ് india.gov.in ആണെന്ന് നമുക്കറിയാം. അതുപോലെ കേരളസര്‍ക്കാരിന്റേത് kerala.gov.in. സര്‍ക്കാര്‍ സൈറ്റുകളെല്ലാം ഇങ്ങനെ .gov-ല്‍ അവസാനിക്കുന്നവയാണോ? വെബ്‌സൈറ്റുകള്‍ സുരക്ഷിതമാണോ എന്നു തിരിച്ചറിയാനുള്ള ഒരു മാനദണ്ഡമായി ഇതെടുക്കാന്‍ കഴിയുമോ?
.gov-ല്‍ അവസാനിക്കുന്ന വെബ്‌സൈറ്റുകളെല്ലാം സര്‍ക്കാര്‍ വെബ്സൈറ്റുകളായിരിക്കും എന്നതുറപ്പാണ്. എന്നാല്‍ .gov-ല്‍ അവസാനിച്ചില്ല എന്ന കാരണത്താല്‍ ഒരു വെബ്‌സൈറ്റ് സര്‍ക്കാര്‍ വെബ്‌സൈറ്റ് അല്ല എന്നു പറയാനാകില്ല.
example.com, wikipedia.org പോലെയുള്ള വിലാസങ്ങളെല്ലാം അറിയപ്പെടുന്നത് ഡൊമെയിന്‍ നെയിമുകള്‍ (Domain Names)എന്നാണ്. ഈ പേരുകളുടെ അവസാനം വരുന്ന .com, .org പോലെയുള്ള എക്സ്റ്റന്‍ഷനുകള്‍ അറിയപ്പെടുന്നത് 'ടിഎല്‍ഡി' എന്നും (Top Level Domain) . ഇതിനോടൊപ്പം .in, .uk പോലെയുള്ള 'കണ്‍ട്രി കോഡു'കളും വരാം.
ഒരു വെബ്‌സൈറ്റുടമയ്ക്ക് അയാള്‍ക്ക് ഇഷ്ടമുള്ള ഏത് ടിഎല്‍ഡി യും തിരഞ്ഞെടുക്കാം. സാധാരണഗതിയില്‍ വെബ്‌സൈറ്റിന്റെ സ്വഭാവം നോക്കിയാണ് ഇത് തിരഞ്ഞെടുക്കുക. കച്ചവടാവശ്യങ്ങള്‍ക്ക് .com-ഉം സാമ്പത്തികലാഭം ഒരു മുഖ്യലക്ഷ്യം അല്ലാത്ത ആവശ്യങ്ങള്‍ക്ക് .org-ഉം തിരഞ്ഞെടുക്കാം. രാജ്യത്തെ അടിസ്ഥാനമാക്കി .in, .uk പോലെയുള്ള ടിഎല്‍ഡികളാവാം. പലവക ആവശ്യങ്ങള്‍ക്കാണ് .net.
എന്നാല്‍ ചില ടിഎല്‍ഡികള്‍ അങ്ങനെ എല്ലാവര്‍ക്കും തിരഞ്ഞെടുക്കാവുന്നവയല്ല. ഉദാഹരണത്തിന്, .gov സര്‍ക്കാരിന് മാത്രമുള്ളതാണ്. .mil എന്നത് യുഎസ്സിന്റെ മിലിട്ടറി ആവശ്യങ്ങള്‍ക്കുള്ളതാണ്. അതുകൊണ്ടു തന്നെ ഈ ടിഎല്‍ഡികളുപയോഗിച്ച് സ്വകാര്യവ്യക്തികളും സംരംഭങ്ങളും വെബ്‌സൈറ്റുകള്‍ തുടങ്ങില്ല എന്നുറപ്പാണ്.
എന്നാല്‍ സര്‍ക്കാര്‍ .gov മാത്രമേ ഉപയോഗിക്കൂ എന്നില്ല. ഉദാഹരണത്തിന്, കേന്ദ്ര സര്‍ക്കാരിന്റെ 'മൈഗവ്' പോര്‍ട്ടലിന്റെ വിലാസം mygov.in എന്നാണ്. അതുപോലെ കേരളസര്‍ക്കാരിന്റെ കീഴിലുള്ള 'സ്കൂള്‍ വിക്കി'യുടെ വിലാസം schoolwiki.in എന്നാണ്. ആദായനികുതി വകുപ്പിന്റെ അധികാരപരിധിയിലുള്ള ടാക്സ് ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്കിന്റെ വിലാസമാകട്ടെ tin-nsdl.com എന്നതാണ്. നോക്കുക, സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു സംരംഭത്തിന് .com വരെ ഉപയോഗിച്ചിട്ടുണ്ട്. ചില സര്‍ക്കാര്‍ സംരംഭങ്ങള്‍ കോര്‍പ്പറേറ്റ് സ്വഭാവത്തിലുള്ളതു കൊണ്ടാകാം .com ഒക്കെ ഉപയോഗിക്കേണ്ടി വരുന്നത്.
സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഇങ്ങനെ പല വിലാസങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഒരു വെബ്‌സൈറ്റ് സര്‍ക്കാര്‍ സംരംഭമാണോ എന്ന്‍ നാം എങ്ങനെ കണ്ടെത്തും? സര്‍ക്കാരിന്റേതെന്ന് നമുക്ക് തീര്‍ച്ചയുള്ള ഒരു വെബ്‌സൈറ്റില്‍ നിന്ന്, ഉദാഹരണത്തിന് ഒരു .gov.in വെബ്‌സൈറ്റില്‍ നിന്ന്, നിങ്ങള്‍ക്ക് സംശയമുള്ള വെബ്‌സൈറ്റിലേക്ക് ലിങ്ക് ഉണ്ടോ എന്ന്‍ പരിശോധിക്കുകയാണ് ഇതിനുള്ള ഏറ്റവും നല്ല വഴി. .gov.in വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനിടയ്ക്ക് ഇത്തരം സൈറ്റുകളിലേക്ക് ലിങ്ക് കണ്ടാല്‍ അപ്പോള്‍ നമുക്ക് ഇക്കാര്യം മനസ്സിലാക്കാം. അതെല്ലെങ്കില്‍ ബാക്ക്‌ലിങ്കുകള്‍ പരിശോധിച്ചുകൊണ്ട് ഇത് കണ്ടെത്താം.
ഒരു വെബ്‌സൈറ്റിലേക്ക് മറ്റേതെല്ലാം വെബ്‌സൈറ്റുകളില്‍ നിന്നും ലിങ്ക് ഉണ്ട് എന്നതാണു 'ബാക്ക്‌ലിങ്ക്' (Backlink) കൊണ്ടുദേശിക്കുന്നത്. ഉദാഹരണത്തിന്, വിക്കിപീഡിയയില്‍ നിന്ന് ഇസ്രോയുടെ വെബ്‌സൈറ്റിലേക്ക് ലിങ്ക് ഉണ്ടെങ്കില്‍ ഇസ്രോയുടെ വെബ്‌സൈറ്റിന്റെ ബാക്ക് ലിങ്കുകള്‍ പരിശോധിച്ചാല്‍ അക്കൂട്ടത്തില്‍ വിക്കിപീഡിയ പേജുമുണ്ടായിരിക്കും. ഇത് പരിശോധിക്കാനും ഒണ്‍ലൈന്‍ ടൂളുകള്‍ ഉണ്ട്. 'Backlink checkers' എന്ന് സെര്‍ച്ച് ചെയ്താല്‍ ഇത്തരം വെബ്‌സൈറ്റുകള്‍ ലഭിക്കും.
ഉദാഹരണത്തിന്, ഒരു ബാക്ക് ലിങ്ക് ചെക്കറില്‍ mygov.in എന്ന്‍ ടൈപ്പ് ചെയ്തുകൊടുത്താല്‍ ലഭിക്കുന്ന ബാക്ക്‌ലിങ്കുകളുടെ കൂട്ടത്തില്‍ data.gov.in എന്ന സര്‍ക്കാര്‍ വെബ്‌സൈറ്റും കാണാം. അതുകൊണ്ടുതന്നെ ഇത് വിശ്വസ്തമായിരിക്കും എന്ന്‍ നമുക്ക് ഉറപ്പാക്കാം. ഒന്നുകൂടി ഉറപ്പിക്കാന്‍ വേണ്ടി data.gov.in സന്ദര്‍ശിച്ചു നോക്കുകയും ചെയ്യാം. അവിടെ എങ്ങനെയാണ് ഈ സൈറ്റിലേക്കുള്ള ലിങ്ക് കിടക്കുന്നത് എന്നറിയാമല്ലോ. mylpg.in എന്നതിന്റെ ബാക്ക് ലിങ്കുകള്‍ പരിശോധിച്ചാല്‍ ഒരുപാട് .nic.in വെബ്‌സൈറ്റുകളില്‍ നിന്ന്‍ ഇതിലേക്ക് ലിങ്കുള്ളതായി കാണാം. നമുക്കറിയാം, സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ വെബ്‌സൈറ്റുകളാണ് .nic.in എന്ന്‍ അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വെബ്‌സൈറ്റുകള്‍ വിശ്വസ്തമാണ്. അവയില്‍ നിന്ന്‍ നിന്ന്‍ ലിങ്ക് ഉള്ള വെബ്‌സൈറ്റുകളും വിശ്വസ്തമായിരിക്കണം.
എന്നാല്‍ എല്ലായ്പോഴും ബാക്ക്‌ലിങ്ക് പരിശോധന വിശ്വസ്തമല്ല. ഒരു സര്‍ക്കാര്‍ സൈറ്റില്‍നിന്ന് സ്വകാര്യസൈറ്റുകളിലേക്കും ലിങ്കുണ്ടാകാം. അതറിയാന്‍ അതാത് സൈറ്റുകള്‍ പരിശോധിക്കുകയും കൂടുതല്‍ അന്വേഷിക്കുകയും വേണം.
വെബ്‌സൈറ്റുകളുടെ വിശ്വാസ്യത മനസ്സിലാക്കാന്‍ സഹായിക്കുന്ന webutation.net, mywot.com തുടങ്ങിയ റെപ്യൂട്ടേഷന്‍ സേവനങ്ങളുടെ സഹായവും നമുക്കുപയോഗിക്കാം. ഈ വെബ്‌സൈറ്റുകളില്‍ ഒരു വെബ്‌സൈറ്റിന്റെ വിലാസം ടൈപ്പ് ചെയ്തു കൊടുത്താല്‍ പാല മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നാം കൊടുത്ത വെബ്‌സൈറ്റിന്റെ വിശ്വാസ്യത അവ പ്രദര്‍ശിപ്പിക്കും. പരിപൂര്‍ണ്ണമായും വിശ്വസിക്കാവുന്ന റിപ്പോര്‍ട്ടൊന്നും അല്ലെങ്കിലും ഒരു വെബ്‌സൈറ്റിന്റെ വിശ്വാസ്യത ഏറെക്കുറെ മനസ്സിലാക്കാന്‍ ഇത് സാഹായിക്കും. എങ്കിലും അത് ഒരു സര്‍ക്കാര്‍ വെബ്‌സൈറ്റാണോ എന്ന്‍ പരിശോധിക്കാന്‍ നാം നേരത്തേ പറഞ്ഞ മാര്‍ഗങ്ങള്‍ തന്നെ വേണം.