Nandakumar Edamana
Share on:
@ R t f

ഗൂഗിള്‍ പ്ലസ്: സുരക്ഷാവീഴ്ചയും പതനവും


സേര്‍ച്ചിലും മെയിലിലും വീഡിയോ ഷെയറിങ്ങിലുമെല്ലാം മറ്റാരേക്കാളും വിജയിച്ച സ്ഥാപനമാണ് ഗൂഗിള്‍. ഏറെ വിജയങ്ങള്‍ കൊയ്ത സ്ഥാപനത്തിന് പക്ഷേ 'തൊട്ടതെല്ലാം പൊന്നാക്കി' എന്ന വിശേഷണം ഇനിയും ചേരില്ല. അപവാദമായി നില്‍ക്കുന്നത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് തന്നെ.

2014-ല്‍ അടച്ചുപൂട്ടിയെങ്കിലും ഓര്‍ക്കുട്ട് നമ്മുടെയെല്ലാം ഓര്‍മയിലുണ്ട്. എന്നാല്‍ 'ഗൂഗിള്‍ ഫ്രണ്ട് കണക്റ്റ്' (Google Friend Connect), 'ഗൂഗിള്‍ ബസ്' (Google Buzz) എന്നീ സേവനങ്ങളുടെ പേരുപോലും നാം മറന്നിരിക്കുന്നു. ആദ്യത്തേതിന് നാലു കൊല്ലവും രണ്ടാമത്തേതിന് കഷ്ടി രണ്ടുകൊല്ലവുമായിരുന്നു ആയുസ്സ്.

മുന്‍ഗാമികളുടെ വഴിയേ പ്ലസ്സും ചക്രവാളത്തിലേക്ക് മടങ്ങുമ്പോള്‍ അത് ആര്‍ക്കുമൊരത്ഭുതമല്ല. ഇത്ര വൈകിയതെന്തേ എന്ന് ചോദിക്കുന്നവരുമുണ്ടാകാം. എന്നാല്‍ ഒരു ‍ചോര്‍ച്ചയെത്തുടര്‍ന്നാണ് ഈ അടച്ചുപൂട്ടല്‍ എന്നത് ഗൂഗിളിന് ചെറിയ ചീത്തപ്പേരുണ്ടാക്കുന്നു. 'ദ കേംബ്രിജ് അനലിറ്റിക്കാ മൊമെന്റ് ഓഫ് ഗൂഗിള്‍' എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.

അഞ്ച് ലക്ഷത്തോളം പ്ലസ് ഉപയോക്താക്കള്‍ക്ക് ബാധകമായിരുന്ന, സ്വകാര്യവിവരങ്ങള്‍ ചോരാനിടയാകുമായിരുന്ന, ഒരു ഗൂഗിള്‍ പ്ലസ് ബഗ്ഗിന്റെ വാര്‍ത്ത പുറത്തുവന്നത് ഈയടുത്താണ്. വൈകാതെതന്നെ ബിസിനസ്സിതര ഉപയോക്താക്കള്‍ക്കുള്ള പ്ലസ് സേവനം അവസാനിപ്പിക്കുന്നതായി കമ്പനി പ്രഖ്യാപിക്കുകയും ചെയ്തു. ഉപയോക്താക്കള്‍ക്ക് വിവരങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാനും മറ്റും 2019 ഓഗസ്റ്റ് വരെ പ്ലസ് ലഭ്യമാകും. അതിനുശേഷം എന്റര്‍പ്രൈസ് സേവനങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക.

പ്രൊജക്റ്റ് സ്ട്രോബ്

ഗൂഗിള്‍ പ്ലസ്സിലെ സുരക്ഷാവീഴ്ച തുറന്നുസമ്മതിക്കുകയും അതിന്റെ അടച്ചുപൂട്ടല്‍ ഒറ്റയടിക്ക് പ്രഖ്യാപിക്കുകയും ചെയ്യുന്നതിനുപകരം കാര്യങ്ങള്‍ മറ്റൊരു സംരംഭത്തിന്റെ ഭാഗമായി പറഞ്ഞുപോകാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്. 'പ്രൊജക്ട് സ്ട്രോബ്' (Project Strobe) എന്നാണ് സംരംഭത്തിന് പേര്. blog.google എന്ന പോര്‍ട്ടലില്‍ ഇതിന് പ്രാധാന്യം നല്കി പ്രസിദ്ധീകരിച്ചിട്ടുള്ള കുറിപ്പിലാണ് ഗൂഗിള്‍ പ്ലസ്സിലുണ്ടായ പഴുതിനെക്കുറിച്ചും സാധാരണക്കാരുപയോഗിക്കുന്ന പ്ലസ് അടച്ചുപൂട്ടുന്നതിനെക്കുറിച്ചും ഔദ്യോഗികപരാമര്‍ശമുള്ളത്.

പ്രൊജക്റ്റ് സ്ട്രോബ്, ഗൂഗിള്‍ പ്ലസ്സിന്റെ വിടവാങ്ങല്‍ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ഗൂഗിള്‍ ബ്ലോഗ് പോസ്റ്റ്
പ്രൊജക്റ്റ് സ്ട്രോബ്, ഗൂഗിള്‍ പ്ലസ്സിന്റെ വിടവാങ്ങല്‍ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ഗൂഗിള്‍ ബ്ലോഗ് പോസ്റ്റ്

പുറത്തുള്ള ആപ്പുകള്‍ക്കും ഡെവലപ്പര്‍മാര്‍ക്കും ഉപയോക്താക്കളുടെ വിവരങ്ങളില്‍ എത്രത്തോളം കൈകടത്താമെന്നത് പുനഃപരിശോധിക്കുകയാണ് 2018-ന്റെ തുടക്കത്തിലാരംഭിച്ച പ്രൊജക്ട് സ്ട്രോബിന്റെ ലക്ഷ്യം. സ്വകാര്യത ക്രമീകരിക്കാന്‍ ഉപയോക്താക്കള്‍ക്കു മുന്നിലൊരുക്കിയ സൗകര്യങ്ങള്‍ (Privacy Controls), സ്വകാര്യത നഷ്ടപ്പെടുമെന്ന് ഭയന്ന് ഗൂഗിള്‍ എപിഐയില്‍ നിന്ന് ഉപയോക്തക്കള്‍ വിട്ടുനിന്ന സാഹചര്യങ്ങള്‍, ഡെവലപ്പര്‍മാര്‍ക്ക് അമിതസ്വാതന്ത്ര്യം ലഭിച്ചിരിക്കാനിടയുള്ള ഭാഗങ്ങള്‍ എന്നിവയെല്ലാം വിശകലനത്തിന്റെ ഭാഗമായി.

സംരഭത്തിന്റെ ഭാഗമായി പല കണ്ടെത്തലുകളും തീരുമാനങ്ങളുമുണ്ടായി. അതില്‍ പ്രധാനപ്പെട്ടതാണ് പ്ലസ്സിലെ സുരക്ഷാവീഴ്ചയും പ്ലസ്സിന്റെ പിന്‍വാങ്ങലും. സുരക്ഷാവീഴ്ച മാത്രമല്ല പ്ലസ്സിന്റെ അസ്തമയത്തിന് കാരണം. പഴുതടയ്ക്കുന്നത് വലിയൊരു വെല്ലുവിളിയായിരിക്കില്ല. എന്റര്‍പ്രൈസ് ആവശ്യങ്ങള്‍ക്കുള്ള പ്ലസ് സേവനങ്ങള്‍ സുരക്ഷ ഉറപ്പാക്കിയ ശേഷം ഇനിയും തുടരാന്‍ തന്നെയാണ് ഗൂഗിളിന്റെ തീരുമാനം. കണ്‍സ്യൂമര്‍ പതിപ്പിന്റെ അടച്ചുപൂട്ടലിനുള്ള പ്രധാന കാരണം അതിന്റെ പ്രചാരക്കുറവുതന്നെയാണ്. തൊണ്ണൂറുശതമാനം യൂസര്‍ സെഷനുകളും അഞ്ചുസെക്കന്റില്‍ താഴെമാത്രമാണെന്ന് ഗൂഗിള്‍ തന്നെ സമ്മതിക്കുന്നു. ഗൂഗിള്‍ പ്ലസ് സന്ദര്‍ശിക്കുന്നവരില്‍ പത്തുശതമാനം മാത്രമേ അഞ്ചുസെക്കന്റിലേറെ അവിടെ നില്‍ക്കുന്നുള്ളുവെന്ന് ചുരുക്കം.

ഡെവലപ്പര്‍മാര്‍ക്കും ഗൂഗിള്‍ പ്ലസ്സില്‍ വലിയ താല്‍പര്യമില്ല. സാധാരണക്കാരുടേയും ഡെവലപ്പര്‍മാരുടേയും പ്രതീക്ഷകള്‍ നിറവേറ്റുകയും അതേസമയം സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന രീതിയില്‍ ഗൂഗിള്‍ പ്ലസ് ഉല്പന്നങ്ങള്‍ വികസിപ്പിച്ചു നോക്കിനടത്തുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. അതിനേക്കാള്‍ ഭേദം അത് അടച്ചുപൂട്ടുകയാണ്.

അതേസമയം ബിസിനസ് രംഗത്തുള്ളവര്‍ക്ക് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഗൂഗിള്‍ പ്ലസ് സേവനങ്ങള്‍ ഉപകരിക്കും. ഇപ്പോള്‍ത്തന്നെ ഈ രംഗത്ത് പ്ലസ്സിന് അത്യാവശ്യം സ്വീകാര്യതയുണ്ട്. അതുകൊണ്ടാണ് പ്ലസ്സിന്റെ എന്റര്‍പ്രൈസ് പതിപ്പില്‍ ഗൂഗിള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്.

സംഭവിച്ചതെന്ത്

ഇനി ഗൂഗിളിന്റെ ഔദ്യോഗികകുറിപ്പുപ്രകാരമുള്ള ബഗ് വിശദാംശങ്ങളിലേക്ക്. പ്രൊജക്ട് സ്ട്രോബിന്റെ ഭാഗമായി മാര്‍ച്ചില്‍ കണ്ടെത്തുകയും ഉടന്‍തന്നെ പരിഹരിക്കുകയും ചെയ്ത ഒരു സുരക്ഷാപ്പഴുതാണിത്. ഒരു ഗൂഗിള്‍ പ്ലസ് ഉപയോക്താവ്, തന്റെയും തന്റെ സുഹൃത്തിന്റെയും പരസ്യ പ്രൊഫൈല്‍ വിവരങ്ങളിലേക്ക് (Public Profile Information) ഒരു ആപ്പിന് പ്രവേശനാനുമതി (Access) നല്‍കുന്നു എന്നു കരുതുക. ഇരുവരുടേയും പരസ്യവിവരങ്ങള്‍ മാത്രമേ ആപ്പിനു ലഭിക്കാവൂ. എന്നാല്‍ പഴുത് കാരണം പരസ്യമല്ലാത്ത ചില വിവരങ്ങളും ആപ്പിനു വായിക്കാവുന്ന രീതിയില്‍ കിടപ്പുണ്ടാകും. ഉപയോക്താവുമായി അയാളുടെ സുഹൃത്തുക്കള്‍ പങ്കുവച്ച, എന്നാല്‍ 'പബ്ലിക്' ആയി അടയാളപ്പെടുത്തിയിട്ടില്ലാത്ത വിവരങ്ങളാണ് ആപ്പിന് വായിക്കാനാവുക (ഉപയോക്താവിന്റെ സ്വകാര്യവിവരങ്ങള്‍ക്ക് ഭീഷണിയുണ്ടായിരുന്നോ എന്നത് ഗൂഗിളിന്റെ ബ്ലോഗ് കുറിപ്പില്‍ വ്യക്തമല്ല).

പോസ്റ്റുകള്‍, മെസേജുകള്‍, ഫോണ്‍നമ്പറുകള്‍, ജീ സൂട്ട് (ഡോക്സും മറ്റും) ഉള്ളടക്കം എന്നിവയൊന്നും ഇക്കൂട്ടത്തില്‍പ്പെടില്ല. പേര്, ഇ-മെയില്‍ വിലാസം, ജോലി, ലിംഗം, പ്രായം തുടങ്ങിയ പ്രൊഫൈല്‍ വിവരങ്ങള്‍ക്കുമാത്രമായിരുന്നു ഭീഷണി.

ഗൂഗിള്‍ പ്ലസ്സിന്റെ കോഡിലെ മാറ്റങ്ങളെത്തുടര്‍ന്ന് രൂപംകൊണ്ട പിഴവായിരിക്കാമിത് (ടെക്ക്ക്രഞ്ച് പറയുന്നതുപ്രകാരം 2015-ല്‍). എന്നാല്‍ ഇത് ഏതെല്ലാം ഉപയോക്താക്കളെ ബാധിച്ചിരുന്നു എന്ന് കൃത്യമായിപ്പറയാന്‍ ഗൂഗിളിനാകില്ല. സ്വകാര്യത മുന്‍നിര്‍ത്തി പരമാവധി രണ്ടാഴ്ച മാത്രമേ എപിഐയുടെ ലോഗ് (API Log) സൂക്ഷിക്കാറുള്ളൂ എന്നതുകൊണ്ടാണിത്. ബഗ്ഗ് പാച്ച് ചെയ്യുന്നതിനുമുമ്പു നടത്തിയ ചില വിശകലനങ്ങള്‍ സൂചിപ്പിക്കുന്നത് അഞ്ചുലക്ഷത്തോളം ഗൂഗിള്‍ പ്ലസ് ഉപയോക്താക്കള്‍ക്ക് ബഗ്ഗ് ബാധകമായിരുന്നു എന്നാണ്. 438 ആപ്പുകള്‍ പഴുതുള്ള എപിഐ ഉപയോഗിച്ചിട്ടുമുണ്ടാവാം.

എന്നാല്‍ പഴുതിനെക്കുറിച്ച് ഏതെങ്കിലും ആപ്പ് നിര്‍മ്മാതാവിന് ധാരണയുണ്ടായിരുന്നതിനോ ആരുടെയെങ്കിലും വിവരം ദുരുപയോഗം ചെയ്യപ്പെട്ടതിനോ തെളിവില്ല. ഏതൊരു സുരക്ഷാപ്പിഴവും ഉപയോക്താക്കളെ അറിയിക്കാറുള്ള തങ്ങള്‍ ഇക്കുറി മൗനം പാലിച്ചത് ഇതുകൊണ്ടുമാത്രമാണെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.

പരാജയപ്പെട്ട അടിച്ചേല്‍പ്പിക്കല്‍

ഏറെ സവിശേഷതകളുള്ള ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സേവനം തന്നെയായിരുന്നു ഗൂഗിള്‍ പ്ലസ്. എന്നാല്‍ പരിചയിച്ച സേവനങ്ങളില്‍ന്ന് മാറാനുള്ള മടികൊണ്ടാകാം, മിക്ക ഉപയോക്താക്കളും അതില്‍ന്ന് അകന്നുനിന്നു. 'ഇന്റഗ്രേഷന്‍' എന്ന ഓമനപ്പേരില്‍ നിലവിലെ ഗൂഗിള്‍ ഉപയോക്താക്കളുടെ മേല്‍ പുതിയ സേവനം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമായിരുന്നു പിന്നെ. അതാകട്ടെ ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു.

2012-ലായിരുന്നു ആദ്യശ്രമം. ജീമെയില്‍ അക്കൗണ്ട് തുടങ്ങണമെങ്കില്‍ ഗൂഗിള്‍ പ്ലസ്സില്‍ അക്കൗണ്ട് വേണമെന്നാക്കി. അതൊരു തുടക്കം മാത്രമായിരുന്നു. ഗൂഗിളിന്റെ എല്ലാ സേവനവും ഉപയോഗിക്കാനുള്ള 'ആധാര്‍' ആയിത്തീര്‍ന്നു ക്രമേണ ഗൂഗിള്‍ പ്ലസ്.

സോഷ്യല്‍ മീഡിയാ രംഗത്ത് 'വിജയിക്കാന്‍' ഗൂഗിളിന് വേറെ നിവൃത്തി ഉണ്ടായിരുന്നില്ല എന്നു വേണം മനസ്സിലാക്കാന്‍. അതേസമയം ഉപയോക്താക്കളുടെ നിവൃത്തികേടിനെക്കുറിച്ചും ഗൂഗിളിന് ധാരണ ഉണ്ടായിരുന്നു. ജീമെയിലോ യൂട്യൂബോ ഒഴിവാക്കിയുള്ള ഇന്റര്‍നെറ്റ് ഉപയോഗതെക്കുറിച്ച് ചിന്തിക്കാന്‍ കോടിക്കണക്കിനു വരുന്ന ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് കഴിയില്ല. സൗജന്യവും ലളിതവുമായ ഗൂഗിള്‍ സേവനങ്ങള്‍ തുടര്‍ന്നുപയോഗിക്കാന്‍ അല്പം നീരസത്തൊടെയാണെങ്കിലും ഒരു 'ഐ എഗ്രീ' ബട്ടണ്‍ അമര്‍ത്താന്‍ അവര്‍ തയ്യാറാകും. അങ്ങനെ നിലവിലുള്ള ഉപയോക്താക്കളെ വച്ചുതന്നെ പുതിയ സംരംഭത്തെയും വലുതാക്കി ചിത്രീകരിക്കാം.

2012-ല്‍ ഗൂഗിള്‍ പ്ലസ്സിനും ഗൂഗിള്‍ കലണ്ടറിനുമിടയില്‍ക്കൊണ്ടുവന്ന ഇന്റഗ്രേഷന്‍ 'ഇവന്റ് സ്പാം' പ്രശ്നത്തിന് ഇടയാക്കി. വരാനിരിക്കുന്ന പരിപാടികളെക്കുറിച്ചും വിശേഷദിവസങ്ങളെക്കുറിച്ചും കുറിപ്പ് പ്രസിദ്ധീകരിക്കുമ്പോള്‍ ഒരു ഗൂഗിള്‍ പ്ലസ് ഉപയോക്താവിന് മറ്റുപയോക്താക്കളെ ക്ഷണിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഇത് ക്ഷണിക്കപ്പെട്ട ഉപയോക്താക്കളുടെ കലണ്ടറില്‍ തെളിയും. പങ്കെടുക്കുമെന്നുറപ്പറിയിച്ചിട്ടില്ലെങ്കിലും ഈ അടയാളപ്പെടുത്തല്‍ കലണ്ടറില്‍ അവശേഷിക്കുകയും ചെയ്യും. സുപ്രധാനപരിപാടികള്‍ അടയാളപ്പെടുത്താനുപയോഗിച്ച കലണ്ടറില്‍ അപ്രധാനക്ഷണങ്ങള്‍ കുമിഞ്ഞുകൂടിയത് ഉപയോക്താക്കളെ ഏറെ അസ്വസ്ഥരാക്കി.

ജീമെയിലും ഗൂഗിള്‍ കോണ്ടാക്ട്സും ഗൂഗിള്‍ പ്ലസുമായി ബന്ധിപ്പിച്ച ശേഷം തങ്ങളുടെ ചാറ്റ് സേവനമായ ടോക്കിനെ ഗൂഗിള്‍, പ്ലസുമായി ലയിപ്പിച്ചു. തുടര്‍ന്ന് ബ്ലോഗറില്‍ കമന്റെഴുതാന്‍ സാധാരണ ഗൂഗിള്‍ പോരാ, പ്ലസ് അക്കൗണ്ട് വേണമെന്നാക്കി.

നിര്‍ബന്ധപൂര്‍വമുള്ള പ്ലസ് അക്കൗണ്ട് നിര്‍മാണത്തിന് മറ്റൊരു ഉദാഹരണമായിരുന്നു യൂട്യൂബ്-ഗൂഗിള്‍ പ്ലസ് ഇന്റഗ്രേഷന്‍. യൂട്യൂബില്‍ കമന്റ് എഴുതാന്‍ സാധാരണ ഗൂഗിള്‍ അക്കൗണ്ട് പോരാ, ഗൂഗിള്‍ പ്ലസ്സിലും അക്കൗണ്ട് വേണമെന്നായി. 2013-ലായിരുന്നു ഈ 'മുന്നേറ്റം'. പാട്ടും വീഡിയോയുമെല്ലാമായി രോഷപ്രകടനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ 2015 പകുതി വരെ ഈ അവസ്ഥ തുടര്‍ന്നു. ഇപ്പോള്‍ യൂട്യൂബില്‍ കമന്റ് ചെയ്യാന്‍ ഗൂഗിള്‍ പ്ലസ്സിന്റെ ആവശ്യമില്ല.

യൂട്യൂബ് ചാനല്‍ നടത്തുന്നവര്‍ക്കും പ്ലസ് ഒരു ബാധ്യത ആയിരുന്നു. പ്ലസ് അക്കൗണ്ട് ഡിലീറ്റ് ചെയ്താല്‍ ചാനല്‍ തന്നെ നഷ്ടപ്പെടും എന്ന അവസ്ഥ. 2018 ഒക്ടോബറില്‍ പരീക്ഷിച്ചപ്പോള്‍ ഈ ഭീഷണി ഇല്ലാതെ തന്നെ ഗൂഗിള്‍ പ്ലസ് അക്കൗണ്ട് നീക്കം ചെയ്യാന്‍ കഴിഞ്ഞു.

ഇന്റര്‍നെറ്റ് എക്സ്പ്ലോററിനെ വിന്‍ഡോസിന്റെ ഭാഗമാക്കി നെറ്റ്സ്കെയ്‌പ്പിനെ തകര്‍ക്കാന്‍ മൈക്രോസോഫ്റ്റ് നടത്തിയ ശ്രമത്തോട് ഇതിനെ ഉപമിക്കാം. ഏറ്റവും പ്രചാരമുള്ള ഡെസ്ക്ടോപ്പ് ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം ഒരു ബ്രൌസര്‍ വരുമ്പോള്‍ രണ്ടാമതൊരു ബ്രൌസര്‍ വിലകൊടുത്തുവാങ്ങാന്‍ ആളുണ്ടാവില്ലല്ലോ. എക്സ്പ്ലോററിന്റെ വിജയത്തിന് മുഖ്യകാരണം വിന്‍ഡോസിന്റെ കൂട്ടായിരുന്നു. ഏതായാലും പ്ലസ്സിനെ രക്ഷിക്കാന്‍ ഗൂഗിള്‍ നടത്തിയ സമാനശ്രമം വിജയിച്ചില്ലെന്നുപറയാം.

പ്രൊജക്റ്റ് സ്ട്രോബ്: വേറെയും തീരുമാനങ്ങള്‍

ഗൂഗിള്‍ പ്ലസ്സിന്റെ പിന്‍വാങ്ങലിനുപുറമെ മറ്റു തീരുമാനങ്ങളും പ്രൊജക്റ്റ് സ്ട്രോബിന്റെ ഭാഗമായി ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് പെര്‍മിഷന്‍ വ്യവസ്ഥ കുറേക്കൂടി ശക്തമാക്കാനുള്ള തീരുമാനം. പരിമിതപ്പെടുത്തിയ ആപ്പുകള്‍ക്കുമാത്രമേ കോള്‍ ലോഗിലേക്കും എസ്എംഎസ്സിലേക്കുമെല്ലാം പ്രവേശനമുണ്ടാകൂ. ഇ-മെയില്‍ ക്ലയന്റുകള്‍ പോലെയുള്ള ആപ്പുകള്‍ക്കുമാത്രമേ ജീമെയില്‍ എപിഐ ഉപയോഗിക്കാനാവൂ. ഇന്റര്‍ഫെയ്സിലും ഇത് പ്രതിഫലിക്കും. ആന്‍ഡ്രോയിഡില്‍ ആപ്പുകള്‍ക്ക് ഉപയോക്താവിന്റെ ഡേറ്റയിലേക്ക് പ്രവേശനം നല്‍കേണ്ടിവരുമ്പോള്‍ ആവശ്യമായ എല്ലാ പെര്‍മിഷനുകളും ഒറ്റയടിക്ക് നല്‍കേണ്ടിവരുന്ന രീതി അവസാനിക്കും. ആപ്പിനാവശ്യമായ ഓരോ പെര്‍മിഷനും വെവ്വേറെ നല്‍കുകയോ നിഷേധിക്കുകയോ ചെയ്യാം.

വെറുതേ വന്നുപോയതല്ല

സേവനം അവസാനിപ്പിക്കേണ്ടിവന്നുവെങ്കിലും വെറുതേ വന്ന് പോയ ഒന്നായി ഗൂഗിള്‍ പ്ലസ്സിനെ കാണാനാവില്ല. ഉപയോഗരീതിയിലും ഇന്റര്‍ഫെയ്സിലുമെല്ലാം നൂതനമായ പല ആശയങ്ങളും പ്ലസ് അവതരിപ്പിച്ചിരുന്നു. ഉദാഹരണത്തിന്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ പരമ്പരാഗതമായ 'ഷെയര്‍', 'ഗ്രൂപ്പ്' സംവിധാനങ്ങളേക്കാള്‍ എളുപ്പവും മികച്ചതുമായിരുന്നു പ്ലസ്സിലെ 'സര്‍ക്കിള്‍സ്' എന്ന് അഭിപ്രായപ്പെട്ടവരേറെയാണ്. സേര്‍ച്ച് സൌകര്യവും പ്ലസ്സില്‍ കൂടുതലായിരുന്നു.

ചില പ്ലസ് സംവിധാനങ്ങളാകട്ടെ ഏറെ പ്രചാരമുള്ളതാവുകയും ക്രമേണ സ്വതന്ത്രമാവുകയും ചെയ്തു. ഹാങ്ങൌട്സ്, ഗൂഗിള്‍ ഫോട്ടോസ് എന്നിവ ഇതിനുദാഹരണങ്ങളാണ് (ഇവയ്ക്ക് പോരായ്മകളില്ലെന്നല്ല; ഉദാഹരണത്തിന്, ഹാങ്ങൌട്സില്‍ എന്‍ഡ്-റ്റു-എന്‍ഡ് എന്‍ക്രിപ്ഷനില്ല). ഇവ ഇനിയും സേവനം തുടരും.

സ്വകാര്യവിവരങ്ങള്‍ക്ക് രക്ഷയൊരുക്കാന്‍ ഭരണകൂടങ്ങള്‍

ഏതൊരു വ്യക്തിയെക്കുറിച്ചും എല്ലാമറിയുന്ന അവസ്ഥയിലേക്ക് വളരുകയാണ് ഡിജിറ്റല്‍ സേവനങ്ങള്‍. ഉപയോക്താക്കാള്‍ കൊടുത്തതും കണക്കുകൂട്ടിയെടുത്തതുമായ ഒരുപാട് വിവരങ്ങളാണ് ഗൂഗിളും ഫെയ്സ്ബുക്കുമടക്കമുള്ള കമ്പനികളുടെ കയ്യില്‍ കുമിഞ്ഞുകൂടുന്നത്. വലിയ സ്വകാര്യതാപ്രശ്നങ്ങളാണ് ഇതുയര്‍ത്തുന്നത്. കമ്പനികളുടെ കയ്യില്‍നിന്ന് സ്വന്തം ഡേറ്റയുടെ നിയന്ത്രണം ഉപയോക്താക്കള്‍ക്കുതന്നെ തിരികെ നല്‍കുക എന്ന ലക്ഷ്യത്തോടെ നിയമനിര്‍മാ​ണം നടത്തുകയാണ് ഈ പശ്ചാത്തലത്തില്‍ ഭരണകൂടങ്ങള്‍ (പൌരന്മാരുടെ ഡേറ്റയ്ക്കുമേല്‍ സര്‍ക്കാരിന് സ്വാധീനമുറപ്പിക്കുക എന്ന ലക്ഷ്യവും ഇതിനുപിന്നില്‍ ഉണ്ടാകാമെന്നത് മറ്റൊരു വിഷയം).

യൂറോപ്യന്‍ യൂണിയന്റെ 'ജനറല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍' (ജിഡിപിആര്‍) ആണ് ഏറെ ശ്രദ്ധേയമായ ഉദ്യമം. ഇക്കഴിഞ്ഞ മെയ് 25-ന് പ്രാബല്യത്തില്‍ വന്ന ഇതിലെ പ്രധാനപ്പെട്ട ചില ആശയങ്ങള്‍ ഇവയാണ്:

  • ഉപയോക്താക്കള്‍ എപ്പോള്‍ ചോദിച്ചാലും അവരില്‍ നിന്ന് ഇത്രയും കാലം ശേഖരിച്ച ഡേറ്റയുടെ പകര്‍പ്പ് കൊടുക്കാന്‍ കമ്പനികള്‍ക്ക് കഴിയണം. തങ്ങളുടെ വ്യക്തിവിവരങ്ങള്‍ എത്രത്തോളം ശേഖരിക്കപ്പെടുന്നു എന്നും എതെല്ലാം രീതിയില്‍ വിനിയോഗിക്കപ്പെടുന്നു എന്നും മനസ്സിലാക്കാനുള്ള അവകാശം ഉപയോക്താക്കള്‍ക്കുണ്ട്.
  • ഉപയോക്താക്കള്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും സ്വകാര്യവിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ സേവനദാതാക്കള്‍ തയ്യാറാകണം. തേഡ് പാര്‍ട്ടി സേവനങ്ങള്‍ക്കും ഈ ഡേറ്റ ലഭ്യമല്ലാതാക്കണം. 'റൈറ്റ് ടു ബി ഫൊര്‍ഗൊട്ടണ്‍' എന്നാണ് ഇതിനു പേര്.
  • ഉപയോക്താക്കള്‍ ആവശ്യപ്പെടുമ്പോള്‍ അവരുടെ ഡേറ്റ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാക്കണം. ഇത് ഡൗണ്‍ലോഡ് ചെയ്യാനും മറ്റൊരു സേവനദാതാവിനു കൈമാറാനുമെല്ലാമാകണം.
  • ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നുപോവുകയാണെങ്കില്‍ അക്കാര്യം എഴുപത്തിരണ്ടു മണിക്കൂറിനുള്ളില്‍ ബാധിതരെ അറിയിക്കണം.
  • ആവശ്യത്തിനുള്ള ഡേറ്റ മാത്രം ശേഖരിക്കുകയും അത് സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുകയും ചെയ്യുന്ന രീതിയില്‍ ആയിരിക്കണം സേവനങ്ങളുടേയും ഉത്പന്നങ്ങളുടേയും രൂപകല്പന.
  • ഡേറ്റ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ 'ഡേറ്റാ പ്രൊട്ടക്ഷന്‍ ഓഫീസര്‍'മാരെ നിയമിക്കേണ്ടതുണ്ട്.

Click here to read more like this. Click here to send a comment or query.