Nandakumar Edamana
Share on:
@ R t f

ബ്രൌസര്‍ സുരക്ഷ: പ്രൊഫൈലുകള്‍ മുതല്‍ വെര്‍ച്വലൈസേഷന്‍ വരെ


ബ്രൌസറില്‍ വലിഞ്ഞുകേറുന്ന ആഡോണുകള്‍. കുഴിച്ചുമൂടിയാലും മണ്ണുപിളര്‍ന്ന് മടങ്ങിയെത്താന്‍ അവയ്ക്കുള്ള കഴിവ്. അതായിരുന്നല്ലോ കഴിഞ്ഞ ലക്കത്തെ വിഷയം. ബ്രൌസറിനുപുറത്തു വേരുള്ള ആഡോണുകളെ കൈകാര്യം ചെയ്യേണ്ടത് ബ്രൌസറിനുള്ളിലിരുന്നല്ല എന്നതായിരുന്നു ആ കുറിപ്പിന്റെ സാരം. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ വരാതെനോക്കുന്നതെങ്ങനെ?

കരുതലുണ്ടായിരിക്കുക എന്നത് പറച്ചില്‍ ആവശ്യമില്ലാത്ത കാര്യമാണ്. സാധാരണ ഫയലുകള്‍ മുതല്‍ ആഡോണുകള്‍ വരെ വിശ്വസ്തമായ സൈറ്റുകളില്‍നിന്നുമാത്രം ഡൌണ്‍ലോഡ് ചെയ്യുക. പുറമേയ്ക്ക് പറയുന്നതല്ല പല ആഡോണുകളുടെയും ലക്ഷ്യമെന്ന് മനസ്സിലാക്കുക. ഉദാഹരണത്തിന്, ഒരു പിഡിഎഫ് കണ്‍വേര്‍ട്ടര്‍ ആഡോണ്‍ നാമറിയാതെ മറ്റുപലതും ചെയ്യുന്നുണ്ടാകാം. പിഡിഎഫ് കണ്‍വേര്‍ഷനും ഭംഗിയായി ചെയ്യുന്നതുകൊണ്ട് നമുക്ക് സംശയം തോന്നുകയില്ല.

ഇതെല്ലാം പറഞ്ഞുപഴകിയ കാര്യങ്ങള്‍. വെബ് ബ്രൌസിങ്ങുമായി ബന്ധപ്പെട്ട് കേട്ടതും കേള്‍ക്കേണ്ടതുമായ സുരക്ഷാപാഠങ്ങള്‍ ഇനിയുമേറെ. ഇവയിലേക്കൊന്നും നാമിപ്പോള്‍ കടക്കുന്നില്ല. ബ്രൌസറുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമാത്രമാണ് ഇപ്പോള്‍ ഊന്നല്‍. അവയുടെ തെരഞ്ഞെടുപ്പും ഇന്‍സ്റ്റളേഷനും ഉപയോഗവും വരെയുള്ള വേളകളില്‍ ഇവ ഓര്‍മയിലിരിക്കട്ടെ.

ബ്രൌസര്‍ തെരഞ്ഞെടുക്കുമ്പോള്‍

ഏത് ബ്രൌസര്‍ ഉപയോഗിക്കുന്നു എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. രണ്ടു കാര്യങ്ങളാണ് ഇതിലുള്ളത്. ഒന്ന്, ഉപയോക്താവിന്റെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാന്‍ ബ്രൌസറിലുള്ള സംവിധാനങ്ങള്‍. രണ്ട്, ബ്രൌസറില്‍ അക്രമികള്‍ ദുരുപയോഗം ചെയ്യാനിടയുള്ള പഴുതുകള്‍. പഴുതുകള്‍ എന്നാല്‍ ബഗ്ഗുകള്‍ മാത്രമല്ല. നമുക്ക് ഏറെ ഉപയോഗപ്രദമായ ഒരു സംവിധാനവും ഇക്കൂട്ടത്തില്‍പ്പെടാം. വീടിന്റെ വാതില്‍ കള്ളന് വഴിയൊരുക്കുന്നപോലെ.

മുന്‍നിരയില്‍

ഏറ്റവും സജീവമായി വികസനം നടക്കുന്ന രണ്ടു ബ്രൌസറുകളാണ് ഫയര്‍ഫോക്സും ക്രോമിയവും. സൌകര്യങ്ങള്‍, സുരക്ഷ, വേഗം എന്നീ കാര്യങ്ങള്‍ക്കെല്ലാം ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ടിവ. രണ്ടും സ്വതന്ത്രസോഫ്റ്റ്‌വെയറാണ്. ക്രോമിയത്തില്‍ പ്രൊപ്രൈറ്ററി (കുത്തക) ഘടകങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് ക്രോം.

സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് ഫയര്‍ഫോക്സാണ്. ഫയര്‍ഫോക്സിന്റെ നിര്‍മാതാക്കളായ മോസില്ല ഇത്തരം ധാര്‍മികവിഷയങ്ങളില്‍ സജീവമായി ഇടപെടുന്നവരാണ്.

ഇന്‍സ്റ്റാള്‍ ചെയ്തും അല്ലാതെയും ഉപയോഗിക്കാവുന്ന ഫയര്‍ഫോക്സ് പതിപ്പുകള്‍ firefox.com-ല്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. ഇവ തനിയേ അപ്‌ഡേറ്റ് ആകും. ഗ്നു/ലിനക്സ് ഉപയോഗിക്കുന്നവര്‍ക്ക് സിസ്റ്റത്തിലെ പാക്കേജ് മാനേജര്‍ വഴിയും ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യാം. എന്നാല്‍ തനിയേ അപ്ഡേറ്റ് ആകില്ല.

ഫയര്‍ഫോക്സോ ക്രോമോ പോലെ ക്രോമിയം എളുപ്പത്തില്‍ ഡൌണ്‍ലോഡ് ചെയ്യാനാകില്ല. ഗ്നു/ലിനക്സ് ഉപയോക്താക്കള്‍ക്ക് പക്ഷേ സിസ്റ്റത്തിലെ പാക്കേജ് മാനേജര്‍ ഉപയോഗിക്കാം.

തലക്കനം കുറഞ്ഞവര്‍

സൌകര്യക്കൂടുതല്‍ ചിലപ്പോഴെല്ലാം സുരക്ഷയ്ക്ക് ഭീഷണിയാണ്. അതോര്‍ക്കുമ്പോഴാണ് നാം 'ലൈറ്റ്‌വെയിറ്റ്' ബ്രൌസറുകളിലേക്ക് തിരിയുക‌. Dillo, Midori തുടങ്ങിയ ഗ്രാഫിക്കല്‍ ബ്രൌസറുകളും w3m, lynx തുടങ്ങിയ കണ്‍സോള്‍ ബ്രൌസറുകളും ഇക്കൂട്ടത്തിലുണ്ട്. തൊണ്ണൂറുകളില്‍നിന്നുള്ളതാണ് ഇവയില്‍പ്പലതും. മിക്ക ലൈറ്റ്‌വെയിറ്റ് ബ്രൌസറുകളും ജാവാസ്ക്രിപ്റ്റും ആഡോണുമൊന്നും പിന്തുണയ്ക്കുന്നില്ല. അതുകൊണ്ടുതന്നെ ആ വഴിയുള്ള ആക്രമണങ്ങള്‍ക്ക് സാദ്ധ്യതയില്ല.

ഡില്ലോ ബ്രൌസര്‍
ഡില്ലോ ബ്രൌസര്‍

ചെറുബ്രൌസറുകളില്‍ പരമാവധിയുണ്ടാകാവുന്ന മള്‍ട്ടിമീഡിയാ സൌകര്യം ചിത്രങ്ങള്‍ കാണുക എന്നതായിരിക്കും. അതുകൊണ്ട് വായനയില്‍ക്കവിഞ്ഞ ഉപയോഗമൊന്നും ഇവകൊണ്ടുപ്രതീക്ഷിക്കരുത്.

ലൈറ്റ്‌വെയിറ്റ് ആയതുകൊണ്ടുതന്നെ വേഗം കൂടേണ്ടതാണ്. എന്നാല്‍ എപ്പോഴും ഇത് സത്യമാവണമെന്നില്ല. ഫയര്‍ഫോക്സിലും മറ്റുമുള്ള മള്‍ട്ടിത്രെഡ്ഡിങ്, വിദഗ്ധമായ ക്യാഷ് എന്നിവയൊന്നും ചെറുബ്രൌസറുകളില്‍ കണ്ടേക്കില്ലെന്നതാണ് കാരണം.

പല ബ്രൌസറുകള്‍, പല പ്രൊഫൈലുകള്‍

ഒരൊറ്റ ബ്രൌസറേ ഉപയോഗിക്കാവൂ എന്നില്ല. പല ആവശ്യങ്ങള്‍ക്കായി പല ബ്രൌസര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും. ഉദാഹരണത്തിന്, ബാങ്കിങ് പോലുള്ള സുപ്രധാനകാര്യങ്ങള്‍ക്ക് ഒരു ബ്രൌസര്‍, വിനോദത്തിന് ഒരു ബ്രൌസര്‍, അലക്ഷ്യമായ ബ്രൌസിങ്ങിന് മറ്റൊരെണ്ണം, അങ്ങനെ.

ഒരേ ബ്രൌസറില്‍ത്തന്നെ ഒന്നിലേറെ പ്രൊഫൈലുകളുമുണ്ടാക്കാം. ഒരു പ്രൊഫൈലിലെ ആഡോണുകളും ക്രമീകരണങ്ങളുമൊന്നും മറ്റൊന്നിനെ ബാധിക്കില്ല. ക്രോമിയത്തില്‍ Settings > People എന്ന ക്രമത്തിലാണ് ഇതിനുള്ള സൌകര്യമുള്ളത്. ഫയര്‍ഫോക്സില്‍ about:profiles എന്ന വിലാസം സന്ദര്‍ശിച്ചുവേണം ഇതു കൈകാര്യം ചെയ്യാന്‍.

'പീപ്പിള്‍സ്' - ക്രോമിയത്തിലെ പ്രൊഫൈല്‍ സൌകര്യം
'പീപ്പിള്‍സ്' - ക്രോമിയത്തിലെ പ്രൊഫൈല്‍ സൌകര്യം

പ്രൊഫൈലുകളോട് സാമ്യമുള്ള ആശയമാണ് ഫയര്‍ഫോക്സിലെ കണ്ടെയ്നര്‍ ടാബുകള്‍. സ്വകാര്യതയ്ക്ക് ഇത് നല്ലതാണ്. ഷോപ്പിങ് കണ്ടെയ്നറില്‍ തുറന്ന സൈറ്റുകള്‍ക്ക് നിങ്ങളുടെ സോഷ്യല്‍ മീഡിയാ കണ്ടെയ്നറിലെ നീക്കങ്ങള്‍ ഒളിഞ്ഞുനോക്കാനാവില്ല. എന്നാല്‍ സുരക്ഷ ഉറപ്പാക്കാന്‍ കണ്ടെയ്നര്‍ ടാബുകള്‍ക്ക് പ്രത്യേകകഴിവില്ല. അതിന് ഒന്നിലേറെ ബ്രൌസറുകള്‍ ഉപയോഗിക്കുന്നതുതന്നെയാണ് നല്ലത്.

എന്തായാലും ഒന്നോര്‍ക്കുക: ബ്രൌസര്‍ തലത്തിലുള്ള ആ‍ഡോണ്‍ ബാധ തടയാനേ പ്രൊഫൈലുകള്‍ ഉപകരിക്കൂ. ബ്രൌസറിലെ പഴുതുകള്‍ പ്രതിരോധിക്കാന്‍ ഇതിനാവില്ല. അതിനുള്ള വിദ്യയാണ് പല ബ്രൌസറുകളുടെ ഉപയോഗം. അപ്പോഴും ഓപ്പറേറ്റിങ് സിസ്റ്റത്തെ ബാധിക്കുന്ന മാല്‍വെയറുകളുടെ ശല്യം പ്രതീക്ഷിക്കണം.

വെര്‍ച്വലൈസേഷന്‍

ഓഎസ് തലത്തിലുള്ള മാല്‍വെയര്‍ ബാധ കൂടി മറികടക്കണമെങ്കില്‍ പല ബ്രൌസിങ് ആവശ്യങ്ങള്‍ക്ക് പല കംപ്യൂട്ടര്‍ ഉപയോഗിക്കണം. ബാങ്കിങ് ബ്രൌസിങ്ങിന് ഒരു കംപ്യൂട്ടര്‍, വിനോദബ്രൌസിങ്ങിന് മറ്റൊന്ന്, സുപ്രധാന ഫയലുകള്‍ സൂക്ഷിക്കാന്‍ നെറ്റ്‌വര്‍ക്ക് കണക്ഷനേ ഇല്ലാത്ത മറ്റൊരണ്ണം. ഇതുപക്ഷേ പ്രായോഗികമല്ലല്ലോ. എന്നാല്‍ ഒരെളുപ്പവിദ്യയുണ്ട്. അതാണ് വെര്‍ച്വലൈസേഷന്‍ (Virtualization).

ഒരു കംപ്യൂട്ടറിനുള്ളില്‍ പല ഇല്ലാക്കംപ്യൂട്ടറുകള്‍ ഉണ്ടാക്കിയെടുക്കലാണ് വെര്‍ച്വലൈസേഷന്‍. ഓരോന്നിനും എത്ര റാം വേണം, ഹാര്‍ഡ് ഡിസ്ക് വേണം എന്നെല്ലാം നമുക്ക് തീരുമാനിക്കാം. എന്നിട്ട് ഇഷ്ടമുള്ള ഓഎസ്സും ആപ്പുകളും ഇന്‍സ്റ്റാള്‍ ചെയ്യാം. ഓരോ കംപ്യൂട്ടറും അതിന്റേതായ ഒരു ജാലകത്തില്‍, ഒരു സാധാരണ ആപ്ലിക്കേഷന്‍ പോലെ അവതരിക്കും. പ്രത്യേകം സജ്ജീകരിക്കാത്തപക്ഷം യഥാര്‍ത്ഥകംപ്യൂട്ടറില്‍ നടക്കുന്നതൊന്നും വെര്‍ച്വല്‍ മെഷീനെയോ തിരിച്ചോ ബാധിക്കില്ല. ഫയലുകള്‍ പങ്കുവയ്ക്കില്ല. അങ്ങോട്ടുമിങ്ങോട്ടും കോപ്പി-പേസ്റ്റ് പോലും നടക്കില്ല.

വെര്‍ച്വല്‍ബോക്സ് വെബ്‌സൈറ്റ്
വെര്‍ച്വല്‍ബോക്സ് വെബ്‌സൈറ്റ്

ഏതെങ്കിലുമൊരു വെര്‍ച്വലൈസേഷന്‍ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ഇത് ചെയ്യേണ്ടത്. തുടക്കക്കാര്‍ക്കെളുപ്പം 'വെര്‍ച്വല്‍ ബോക്സ്' (www.virtualbox.org) ആയിരിക്കും. സ്വതന്ത്രവും സൌജന്യവുമാണെന്നതിനുപുറമെ പ്രധാനപ്പെട്ട എല്ലാ ഓഎസ്സുകളിലും പ്രവര്‍ത്തിക്കുകയും ചെയ്യും.

ബ്രൌസിങ്ങിന് വെര്‍ച്വലൈസേഷന്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. ബ്രൌസര്‍ വഴിയെത്തുന്ന ഏത് ആക്രമണവും പ്രസ്തുത വെര്‍ച്വല്‍ മെഷീനുമാത്രമേ ബാധകമായിരിക്കൂ. യഥാര്‍ത്ഥകംപ്യൂട്ടറിനെ ബാധിക്കില്ല. തിരിച്ച്, യഥാര്‍ത്ഥകംപ്യൂട്ടറിലെ മാല്‍വെയറുകള്‍ ബ്രൌസറിനെ കീഴ്പെടുത്തുന്നതും തടയാകും. സാധാരണ മാല്‍വെയറുകള്‍ വെര്‍ച്വല്‍ മെഷീനുകളെ കീഴ്പെടുത്താന്‍ മെനക്കെടാറില്ല. അതുകൊണ്ടുതന്നെ അവയ്ക്കുള്ളിലെ ബ്രൌസറുകള്‍ക്ക് ഭീഷണിയില്ല. നെറ്റ്ബാങ്കിങ്ങിനുമാത്രമായി ഒരു വെര്‍ച്വല്‍ മെഷീന്‍ ഒരുക്കുന്നത് നല്ലതാണെന്നര്‍ത്ഥം.

ഓഎസ്സുമായി ബന്ധപ്പെട്ട ഇഷ്ടാനിഷ്ടങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കില്ലെന്നതാണ് മറ്റൊന്ന്. ബ്രൌസിങ്ങിന് സുരക്ഷിതമായ ഓഎസ്സുകള്‍ ചിലപ്പോള്‍ ഉപയോഗിക്കാനെളുപ്പമോ കാണാന്‍ ഭംഗിയുള്ളതോ ആയിരിക്കില്ല. അല്ലെങ്കില്‍ ആവശ്യമുള്ള പല ആപ്പുകളും അതില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവില്ല. അപ്പോള്‍ സുരക്ഷിതമല്ലാത്ത ഒരു ഓഎസ് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താവ് നിര്‍ബന്ധിതനാകുന്നു. എന്നാല്‍ വെര്‍ച്വലൈസേഷന്‍ ഉള്ളപ്പോള്‍ ഒന്നിലേറെ ഓഎസ്സുകള്‍ ഒരേസമയം ഉപയോഗിക്കാം. അങ്ങനെ സൌകര്യവും സുരക്ഷയും പരസ്പരം ബലികഴിക്കാതെനോക്കാം.

തത്കാലം ചില വെട്ടിച്ചുരുക്കലുകള്‍

പ്രത്യേകസമയത്തുമാത്രമായി ബ്രൌസറിലെ സൌകര്യങ്ങള്‍ വെട്ടിച്ചുരുക്കാനാകും. ഉദാഹരണത്തിന്, നെറ്റ്ബാങ്കിങ് ചെയ്യുമ്പോള്‍ ബ്രൌസറിലെ ആഡോണുകളെല്ലാം ഡിസേബിള്‍ ചെയ്യുന്നത് നല്ലതാണ്. അവയുടെ ചാരപ്രവര്‍ത്തനം തടയാമല്ലോ.

ഫയര്‍ഫോക്സില്‍ അഡ്രസ്‌ബാറില്‍ about:profiles എന്നടിച്ചുകൊടുത്താല്‍ കിട്ടുന്ന പേജില്‍ Restart with Add-ons Disabled… എന്നുകാണാം. ക്രോമിയത്തില്‍ ഇതിനുള്ള എളുപ്പവഴി പുതിയൊരു പ്രൊഫൈലുണ്ടാക്കുകയോ ഗസ്റ്റ് പ്രൊഫൈല്‍ ഉപയോഗിച്ച് ബ്രൌസ് ചെയ്യുകയോ ആണ്.

ഫയര്‍ഫോക്സിലെ about:config പേജ്
ഫയര്‍ഫോക്സിലെ about:config പേജ്

കേവലം എഴുത്തും ചിത്രവും പ്രദര്‍ശിപ്പിക്കുക എന്നതിനപ്പുറം വെബ്‌സൈറ്റുകള്‍ക്ക് പ്രോഗ്രാമിങ് സൌകര്യങ്ങള്‍ ഒരുക്കുന്നത് ജാവാസ്ക്രിപ്റ്റ് ആണ്. ഇതും ഇഷ്ടാനുസാരം ഡിസേബിള്‍ ചെയ്യാം. ഫയര്‍ഫോക്സിലെ അഡ്രസ്‌ബാറില്‍ about:config എന്നുടൈപ്പുചെയ്ത് എന്ററമര്‍ത്തിയാല്‍ 'കൂടിയ' ക്രമീകരണങ്ങള്‍ കാണാം (ആദ്യം ഒരു മുന്നറിയിപ്പ് ആക്സപ്റ്റ് അമര്‍ത്തിവിടണം). ഇക്കൂട്ടത്തില്‍ സേര്‍ച്ചുചെയ്താല്‍ javascript.enabled എന്ന കീ ലഭിക്കും. ഇത് false ആക്കിയാല്‍ പിന്നീട് തുറക്കുന്ന പേജുകളില്‍ ജാവാസ്ക്രിപ്റ്റ് പ്രവര്‍ത്തിക്കാതെയാകും.

ക്രോമിയത്തില്‍ ഡെവലപ്പര്‍ ടൂള്‍സ് എടുത്ത് (F12) കമാന്‍ഡ് മെനുവില്‍ (Shift + Ctrl + P) തിരഞ്ഞാല്‍ Disable JavaScript എന്നുകാണാം.

പഴുതുകള്‍ ശ്രദ്ധിക്കുക

എല്ലാ ആപ്ലിക്കേഷനുകളിലെയും പോലെ ബ്രൌസറിലും ബഗ്ഗുകളും സുരക്ഷാപ്പഴു‌തുകളും (Vulnerabilities) പതിവാണ്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധിക്കുകയും പതിവായി ബ്രൌസര്‍ അപ്‌ഡേറ്റ് ചെയ്യുകയും വേണം. മോസില്ലയുടെ സുരക്ഷാപോര്‍ട്ടലിന്റെ വിലാസം ഏറ്റവുമൊടുവില്‍ കൊടുത്തിട്ടുണ്ട്.

പ്രൈവറ്റ് മോഡ്: എന്താണ്, എന്തല്ല

സാധാരണക്കാര്‍ക്ക് സ്വകാര്യബ്രൌസിങ് എളുപ്പമാക്കിയ ഒരു സംവിധാനമാണ് ബ്രൌസറുകളിലെ പ്രൈവറ്റ് അഥവാ ഇന്‍കോഗ്നീറ്റോ മോഡ് (ഫയര്‍ഫോക്സ്: Shift + Ctrl + P, ക്രോം: Shift + Ctrl + N). എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ ഏറെയാണ്. ഇത് മനസ്സിലാക്കുക:

  • പ്രൈവറ്റ് മോഡിന്റെ ലക്ഷ്യം സ്വകാര്യതയാണ്, സുരക്ഷയല്ല.
  • ഫയര്‍ഫോക്സ് അടക്കമുള്ള ചില ബ്രൌസറുകളിലെ പ്രൈവറ്റ് മോഡ് ശക്തമാണ്; എന്നാല്‍ ഹിസ്റ്ററി മറയ്ക്കുന്നതിനപ്പുറം ഒന്നും ഒരു സാധാരണ ബ്രൌസറില്‍നിന്ന് പ്രതീക്ഷിക്കരുത്.
  • നമ്മുടെ കംപ്യൂട്ടറിലെ ഹിസ്റ്ററി രേഖപ്പെടുത്തല്‍ തടയാന്‍ മാത്രമേ പ്രൈവറ്റ് മോഡിന് കഴിയൂ; പുറത്തെ നെറ്റ്‌വര്‍ക്ക് ഉപകരണങ്ങളുടെ കണ്ണ് എപ്പോഴും നമുക്കുമേലുണ്ട്.
  • സാധാരണ മോഡിലെ കുക്കികളും ലോഗിന്‍ വിവരവുമെല്ലാം മറച്ചുവയ്ക്കാന്‍ പ്രൈവറ്റ് മോഡ് സഹായിക്കും; എന്നാല്‍ പ്രൈവറ്റ് മോഡ് ഉപയോഗിച്ച് ഏതെങ്കിലും സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ ഇതുകൊണ്ട് കാര്യമില്ലാതാകും.
ബ്രൌസര്‍ ഫിംഗര്‍പ്രിന്റിങ് തടയാന്‍ ക്രോമിയം ബ്രൌസറിലെ ഇന്‍കോഗ്നീറ്റോമോഡ് ശ്രമിക്കുന്നില്ലെന്ന് കാണിക്കുന്ന ഒരു റിപ്പോര്‍ട്ട്
ബ്രൌസര്‍ ഫിംഗര്‍പ്രിന്റിങ് തടയാന്‍ ക്രോമിയം ബ്രൌസറിലെ ഇന്‍കോഗ്നീറ്റോമോഡ് ശ്രമിക്കുന്നില്ലെന്ന് കാണിക്കുന്ന ഒരു റിപ്പോര്‍ട്ട്

സുരക്ഷയോളം പ്രാധാന്യമുള്ളതെങ്കിലും തീര്‍ത്തും വ്യത്യസ്തമായ ഒരു വിഷയമാണ് സ്വകാര്യത. ബ്രൌസര്‍-ആഡോണ്‍-വെബ്‌സൈറ്റ് സ്വകാര്യതയുമായി ബന്ധപ്പെട്ട് പറയാനേറെയുണ്ടെങ്കിലും വിഷയത്തിന് പുറത്തായതുകൊണ്ട് ഇവിടെ നിര്‍ത്തുന്നു.

അധികവായനയ്ക്ക്

  • ഇന്‍ഫോകൈരളി ഡിസംബര്‍ 2018 (വെര്‍ച്വലൈസേഷന്‍: ഇല്ലാക്കംപ്യൂട്ടറുകളുടെ കല)
  • ഇന്റര്‍നെറ്റ്: അറിഞ്ഞതും അതിനപ്പുറവും (പുസ്തകം), ഇന്‍ഫോകൈരളി
  • www.mozilla.org/en-US/security/

Click here to read more like this. Click here to send a comment or query.