Nandakumar Edamana
Share on:
@ R t f

ത്രീഡി ആനിമേഷന്‍: അടിസ്ഥാന ആശയങ്ങള്‍


എന്താണ്‌ ത്രീഡി ആനിമേഷന്‍ എന്ന്‌ അറിയാന്‍ താത്‌പര്യമുള്ളവര്‍ക്കായി ചില അടിസ്ഥാന ആശയങ്ങള്‍ പങ്കുവയ്‌ക്കാം.

റ്റുഡി ആനിമേഷനുമായുള്ള വ്യത്യാസത്തില്‍ നിന്ന്‌ തുടങ്ങാം. റ്റുഡി ആനിമേഷന്‍ ചിത്രരചന പോലെയും ത്രീഡി അനിമേഷന്‍ ശില്പനിര്‍മാണം പോലെയും ആണ്. കടലാസിലേതുപോലെ ചിത്രങ്ങള്‍ വരച്ചുണ്ടാക്കി അവ ചലിക്കുന്നതായി തോന്നിപ്പിക്കലാണ്‌ റ്റുഡി ആനിമേഷന്‍. ആദ്യകാലത്തെ സെല്‍ ആനിമേഷനില്‍ (Cel Animation) ഒരു സെക്കന്‍ഡിന്‌ 24 ചിത്രങ്ങള്‍ (frames) എന്ന കണക്കില്‍ വരച്ചുണ്ടാക്കിയാണ്‌ ചലനം തോന്നിപ്പിച്ചിരുന്നത്‌. കട്ടൗട്ട്‌ ആനിമേഷനിലാകട്ടെ, ഒരു കഥാപാത്രത്തിന്റെ വിവിധ ഭാഗങ്ങളുടെ (കൈ, കാല്‍,...) കട്ടൗട്ടുകള്‍ തയ്യാറാക്കുകയും അവ ചലിപ്പിച്ച്‌ ഷൂട്ടു ചെയ്യുകയുമാണ്‌ ചെയ്‌തിരുന്നത്‌. സെല്‍ ആനിമേഷനെ അപേക്ഷിച്ച് അധ്വാനഭാരം കുറഞ്ഞതായിരുന്നു ഇത്.

കട്ടൗട്ട്‌ ആനിമേഷന്റെ ആധുനിക രൂപമാണ്‌ റ്റുഡി കംപ്യൂട്ടര്‍ ആനിമേഷന്‍ എന്നു പറയാം. ഒരു കഥാപാത്രത്തിന്റെ കയ്യും കാലുമെല്ലാം വിവിധ ലെയറുകളില്‍ വരച്ചുണ്ടാക്കി മൗസുകൊണ്ട്‌ നീക്കുകയാണ്‌ ചെയ്യുന്നത്‌. ഒരു ചലത്തിന്റെ തുടക്കവും ഒടുക്കവും (keyframes) സെറ്റ്‌ ചെയ്‌തുകൊടുത്താല്‍ ഇടയിലുള്ള ഫ്രയിമുകള്‍ (in-betweens) കംപ്യൂട്ടര്‍ തനിയെ ചെയ്യുന്നു. ക്യാമറ ആംഗിള്‍ മാറുമ്പോള്‍ അതിനൊത്ത പുതിയ റ്റുഡി ചിത്രങ്ങള്‍ നാം വരച്ചു കൊടുക്കണം. കാര്‍ട്ടുണുകള്‍ക്കും മറ്റും യോജിച്ചതാണ്‌ റ്റുഡി ആനിമേഷന്‍. യഥാര്‍ത്ഥമെന്ന്‌ തോന്നിപ്പിക്കാന്‍ ത്രീഡി ആനിമേഷന്‍ തന്നെ വേണം. ത്രീഡി ആയാല്‍ മാത്രം പോരാ, ഫോട്ടോറിയലിസ്റ്റിക്‌ റെന്‍ഡറിംഗും വേണം. ഇനി അതെല്ലാം എന്താണെന്നു നോക്കാം.

ഒരു വസ്തു ഒരു പ്രത്യേക കോണില്‍ നിന്ന്‌ എങ്ങനെ കാണപ്പെടുന്നു എന്നത്‌ 'മാന്വലായി' വരച്ചുകൊടുത്തിട്ട്‌ വേണമല്ലോ റ്റുഡി ചെയ്യാന്‍. എന്നാല്‍ ത്രീഡിയില്‍ കളിമണ്ണ്‌ കുഴച്ച്‌ പ്രതിമയുണ്ടാക്കുന്നതുപോലെ വസ്‌തുക്കളുണ്ടാക്കിയെടുക്കുകയും (മോഡലിംഗ്‌) ആവശ്യാനുസരണം ചലിപ്പിക്കുകയും ഇഷ്‌ടമുള്ള ആംഗിളില്‍ ക്യാമറ വച്ച്‌ ഷൂട്ട്‌ ചെയ്യുകയും ചെയ്യുന്നു (റെന്‍ഡറിംഗ്‌). ആംഗിളിനൊത്തോ ചലനത്തിനൊത്തോ മോഡലുണ്ടാക്കിയാല്‍ മതി. റ്റുഡി ആനിമേഷന്‍ ചിത്രരചന പോലെയും ത്രീഡി അനിമേഷന്‍ ശില്പനിര്‍മ്മാണം പോലെയും ആണെന്നു പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോള്‍ മനസ്സിലായല്ലോ.

ഇനി ത്രീഡി ആനിമേഷന്റെ അടിസ്ഥാന ഘട്ടങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം. മോഡലിംഗില്‍ തുടങ്ങി റെന്‍ഡറിംഗില്‍ അവസാനിക്കുന്നതാണ് ത്രീഡി ആനിമേഷന്‍ പ്രക്രിയ. ഇവയ്ക്കിടയിലെ പ്രധാന ഘടങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്. അവയുടെ ക്രമത്തില്‍ പലപ്പോഴും മാറ്റം വരാം. മാത്രമല്ല, ഒരു സമ്പൂര്‍ണചലച്ചിത്രം തയ്യാറാക്കുമ്പോള്‍ ആനിമേഷന് മുമ്പും ശേഷവും വെറയും ഒരുപാട് ഘട്ടങ്ങളുണ്ടെന്ന് (പ്രീ-പ്രൊഡക്ഷന്‍ & പോസ്റ്റ് പ്രൊഡക്ഷന്‍) ഓര്‍ക്കുമല്ലോ.

മോഡലിങ്

ത്രീഡി ആനിമേഷനാവശ്യമായ ഒരു വസ്തുവിനെ അഥവാ കഥാപാത്രത്തെ രൂപപ്പെടുത്തിടെയുക്കുന്ന പ്രക്രിയയാണ് മോഡലിങ്. അത് പലതരത്തിലുണ്ട്. പോളിഗണ്‍ മോഡലിങ് (മെഷ് മോഡലിംഗ്) എന്ന രീതിയില്‍ ത്രികോണങ്ങള്‍‌, ചതുരങ്ങള്‍ തുടങ്ങിയ ജ്യാമിതീയരൂപങ്ങള്‍ അടുപ്പിച്ചടുപ്പിച്ചുവച്ചാണ് ത്രിമാനരൂപങ്ങളുണ്ടാക്കുന്നത് (ആറ് ചതുരങ്ങള്‍ കൊണ്ട് ഒരു പെട്ടി ഉണ്ടാക്കുന്നത് സങ്കല്‍പ്പിക്കുക). സൂക്ഷ്മതയോടെ ചെയ്താല്‍ ഈ രീതിവച്ച് മനുഷ്യന്റെ മുഖം തന്നെ ഉണ്ടാക്കിയെടുക്കാം. കംപ്യൂട്ടറിന് വേഗം റെന്‍ഡര്‍ ചെയ്യാവുന്ന ഇതിനെ കൂടുതല്‍ മിനുക്കിയെടുക്കാനുമാവും.

പോളിഗമ്‍ മോഡലിംഗ് (Source: Wikimedia Commons)

വക്രരേഖകള്‍ അടിസ്ഥാനമാക്കി കൂടുതല്‍ കൃത്യമായ മോഡലുകള്‍ തയ്യാറാക്കലാണ് കര്‍വ് മോഡലിംഗ്. ഒരു പ്രതിമയില്‍ വിശദാംശങ്ങള്‍ ചേര്‍ക്കുന്നതുപോലെ മോഡലുകളെ കൊത്തിമിനുക്കലാണ് സ്കള്‍പ്റ്റിംഗ്.

ടെക്സ്ചറിംഗ്

മോഡലിംഗില്‍ വസ്തുക്കളുടെ അടിസ്ഥാനരൂപം മാത്രമേ തയ്യാറാവുന്നുള്ളൂ. ഇതിന് നിറം, ഉപരിതലത്തിലെ സൂക്ഷ്മത (തൊലിപ്പുറത്തെ ചുളിവും മറ്റും) എന്നിവയെല്ലാം നല്‍കുന്നത് ടെക്സ്ചറിംഗ് (Texturing) എന്ന പ്രക്രിയയിലാണ്. ഒരു വസ്തു യഥാര്‍ത്ഥമെന്ന് തോന്നിക്കാന്‍ പലപ്പോഴും ക്യാമറയിലെടുത്ത ഫോട്ടോകള്‍ തന്നെയാണ് ടെക്സ്ചറായി ഉപയോഗിക്കുന്നത്.

റിഗ്ഗിംഗ്

ആനിമേഷനുയോജിച്ചവിധം മോഡലുകള്‍ക്ക് അസ്ഥികൂടം (Rig / Armature / Skeleton) നല്കുന്ന പ്രക്രിയയാണിത്. റിഗ്ഗിലെ അസ്ഥികള്‍ കറക്കിയും മറ്റും മോഡലിനെ ചലിപ്പിക്കാനാകും.

റിഗ്ഗിംഗ് പ്രക്രിയ (Source: Wikimedia Commons)

ലൈറ്റിംഗ്

ഒരു വസ്തു സ്വയം പ്രകാശിക്കുമ്പോഴോ പ്രകശം അതില്‍ത്തട്ടി പ്രതിഫലിക്കുമ്പോഴോ ആണല്ലോ നാം ആ വസ്തുവിനെ കാണുന്നത്. ഇതുപോലെ കംപ്യൂട്ടറില്‍ സൃഷ്ടിച്ച ത്രീഡി രൂപങ്ങള്‍ ദൃശ്യമാകാനും പ്രകാശസ്രോതസ്സുകള്‍ അത്യാവശ്യമാണ്. ഇവയുടെ വിവേകപൂര്‍വമായ ക്രമീകരണത്തിലൂടെ നിലവാരമില്ലാത്ത മോഡലുകളെപ്പോലും ജീവസ്സുറ്റതാക്കി മാറ്റാനാകും.

അടിസ്ഥാനപരമായ ലൈറ്റിങ് മുതല്‍ പ്രകാശത്തിന്റെ ഊര്‍ജനിലയും മറ്റും പരിഗണിക്കുന്ന അതിസങ്കീര്‍ണമായ ലൈറ്റിങ് സങ്കേതങ്ങള്‍ വരെ ലഭ്യമാണ്.

ആനിമേഷന്‍

മോഡലുകളെ ചലിപ്പിക്കുന്നത് ഈ ഘട്ടത്തിലാണ്. നീക്കുക, കറക്കുക തുടങ്ങിയവ ത്രീഡി അനിമേഷന്റെ ഏറ്റവും ലളിതമായ തലങ്ങളാണ്. കൈകാല്‍ ചലനങ്ങള്‍ പോലുള്ളവയ്ക്ക് സ്കെലിട്ടല്‍ ആനിമേഷനെങ്കിലും വേണം. ഇവിടെ ആനിമേറ്റര്‍ മൗസുകൊണ്ടോ മറ്റോ ചലിപ്പിക്കുന്നത് മോഡലിന്റെ അസ്ഥികൂടത്തെയാണ്. ബാഹ്യരൂപം അതിനൊത്ത് ചലിക്കുന്നു.

ഓട്ടോമാറ്റിക് എന്നു പറയാവുന്ന ആനിമേഷന്‍ രീതിയാണ് മോഷന്‍ ക്യാപ്ചര്‍. അഭിനേതാക്കളുടെ ചലനം മാത്രം രേഖപ്പെടുത്തി അത് ത്രീഡി മോഡലുകളില്‍ പ്രതിഫലിപ്പിക്കുന്ന രീതിയാണിത്.

റെന്‍ഡറിംഗ്

ത്രീഡി കംപ്യൂട്ടര്‍ ആനിമേഷനിലെ ഷൂട്ടിങ് പ്രക്രിയയെന്ന് റെന്‍ഡറിംഗിനെ വിശേഷിപ്പിക്കാം. മോഡലുകളുടെ ടെക്സ്ചര്‍, ചലനം, സമയക്രമം, അന്തരീക്ഷത്തിലെ ലൈറ്റിംഗ്, ഓരോ സമയത്തും ക്യാമറയുടെ സ്ഥാനം തുടങ്ങി എല്ലാ വിശദാംശങ്ങളും നല്‍കിക്കഴിഞ്ഞാല്‍ സീന്‍ റെന്‍ഡര്‍ ചെയ്ത് ഇമേജ്/വീഡിയോ ആക്കാം.


Keywords (click to browse): 3d-animation computer-animation animation cgi modelling polygon mesh texturing rigging lighting rendering technology computer articles reviews