Nandakumar Edamana
Share on:
@ R t f

വിഷ്വല്‍ ഇഫക്റ്റ്സ് സോഫ്റ്റ്‌വെയര്‍


ക്യാമറാ ട്രിക്കുകള്‍, ബൊമ്മകള്‍, ഇലക്ട്രോ-മെക്കാനിക്ക് സൂത്രങ്ങള്‍, പിന്നെ സെല്ലുലോയ്ഡിലെ 'തരികിടകള്‍'... ഇതെല്ലാം ഇന്ന് കംപ്യൂട്ടര്‍ എന്ന ഒരൊറ്റ ഉപകരണത്തില്‍ ഒതുങ്ങിയിരിക്കുന്നു. അതില്‍ മുഖ്യപങ്ക് വഹിക്കുന്നത് സോഫ്റ്റ്‌വെയറുകള്‍ തന്നെ. ചില വി.എഫ്.എക്സ്. സോഫ്റ്റ്‌വെയറുകളുടെ വിവരങ്ങളിതാ.

ത്രീഡി ഗ്രാഫിക്സ്/ആനിമേഷന്‍

ത്രിഡി ആനിമേഷന്‍ സോഫ്റ്റ്‌വെയറുകള്‍ പല കഴിവുകളോടെ വരുന്നുണ്ട്. മോഡലിങ്, റെന്‍ഡറിങ് തുടങ്ങി ത്രീഡി ആനിമേഷന്റെ പ്രത്യേകവിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരമുണ്ട്. ഗെയിമുകള്‍ തയ്യാറാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു തരമുണ്ട്. ത്രീഡി ആനിമേഷന്റെ എല്ലാ ഘട്ടങ്ങളും കൈകാര്യം ചെയ്യാനാകുന്ന പാക്കേജുകളുണ്ട്. അതേസമയം കോമ്പോസിറ്റിങ്ങും എഡിറ്റിങ്ങും വരെ നടത്താവുന്നവയുമുണ്ട് (ബ്ലെന്‍ഡര്‍ ഇതിനൊരുദാഹരണമാണ്).

ഒട്ടേറെ കഴിവുകളുള്ള, സൗജന്യമായി ലഭിക്കുന്ന ഒരു സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പാക്കേജാണ് ബ്ലെന്‍ഡര്‍. ഇതിനെപ്പറ്റി വിശദമായിത്തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്‍ഫോകൈരളിയുടെ ഈ ലക്കത്തെ ഡി.വി.ഡി.യില്‍ സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

ത്രീഡി ആനിമേഷന്‍ സോഫ്റ്റ്‌വെയറുകളെപ്പറ്റി മിക്കവരും കേട്ടിട്ടുള്ളതുകൊണ്ട് പേരുകള്‍‌ മാത്രം പട്ടികപ്പെടുത്താം. കോമ്പോസിറ്റിംഗ് സോഫ്റ്റ്‌വെയറുകളെക്കുറിച്ചേ അല്‍പ്പമെങ്കിലും വിശദമായി പറയുന്നുള്ളൂ.

ഫ്രീ/ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍

  • ബ്ലെന്‍ഡര്‍ (blender.org)
  • ആര്‍ട്ട് ഓഫ് ഇല്യൂഷന്‍ (artofillusion.org)
  • K-3D

(ഫ്രീ സോഫ്റ്റ്‌വെയര്‍ ത്രീഡി പ്രോഗ്രാമുകള്‍ ഒട്ടേറെയുണ്ടെങ്കിലും ആനിമേഷന്‍ പിന്തുണയുള്ളവ കുറവാണ്. എന്നാല്‍ ബ്ലെന്‍ഡര്‍‌ എന്ന ഒരൊറ്റ സോഫ്റ്റ്‌വെയര്‍ തന്നെ ധാരാളവുമാണ്).

പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍

  • ഓട്ടോഡെസ്ക് മായ (www.autodesk.com/products/maya/overview)
  • സിനിമ 4D (maxon.net)
  • ലൈറ്റ് വേവ് (lightwave3d.com)
  • മോഡോ (www.thefoundry.co.uk/products/modo)
  • ഹൂഡിനി (sidefx.com)
  • ഓട്ടോഡെസ്ക് ത്രീഡിസ് മാക്സ് (www.autodesk.com/products/3ds-max/overview)

കോമ്പോസിറ്റിംഗ്

ഇഫക്റ്റുകള്‍ ചേര്‍ത്തതും അല്ലാത്തതുമായ വിവിധ ക്ലിപ്പുകളെ സംയോജിപ്പിച്ച് ഒരേ ഫ്രെയിമില്‍ കൊണ്ടുവരുന്നതാണല്ലോ കോമ്പോസിറ്റിങ്. സാധാരണ വീഡിയോ എഡിറ്ററുകള്‍ മുതല്‍ പ്രത്യേകം സോഫ്റ്റ്‌വെയറുകള്‍ വരെ ഇതിനുണ്ട്.

രണ്ടുതരം: ലെയര്‍-ബെയ്സ്ഡും നോഡ്-ബെയ്സ്ഡും

കോമ്പോസിറ്റിംഗ് പ്രധാനമായും രണ്ടുതരമാണുള്ളത്. ലെയറുകള്‍ അടിസ്ഥാനമാക്കിയുള്ള (അഥവാ ടൈംലൈന്‍ അടിസ്ഥാനമാക്കിയുള്ള) ലെയര്‍-ബെയ്സ്ഡ് കോമ്പോസിറ്റിങ്ങും നോഡുകള്‍ അടിസ്ഥാനമാക്കിയുള്ള നോഡ്-ബെയ്സ്ഡ് കോമ്പോസിറ്റിങ്ങും. മിക്ക വീഡിയോ എഡിറ്ററുകളിലും ലെയര്‍-ബെയ്സ്ഡ് കോമ്പോസിറ്റിങ്ങും നൂക്ക്, നാട്രണ്‍, ബ്ലെന്‍ഡര്‍ തുടങ്ങിയ ഗൗരവമേറിയ കോമ്പോസിറ്ററുകളില്‍ നോഡ്-ബെയ്സ്ഡ് കോമ്പോസിറ്റിങ്ങുമാണുള്ളത്. അഡോബീ ആഫ്റ്റര്‍ ഇഫക്റ്റ്സാണ് ലെയര്‍-ബെയ്സ്ഡ് ആയ ഒരു പ്രൊഫഷണല്‍ കോമ്പോസിറ്റര്‍.

വീഡിയോ എഡിറ്ററുകളില്‍ വിവിധ ട്രാക്കുകളിലായി വീഡിയോ ക്ലിപ്പുകള്‍ ക്രമീകരിക്കാറുണ്ടല്ലോ. ഇതുപോലെ വിവിധ ലേയറുകളായി ക്ലിപ്പുകള്‍ ക്രമീകരിക്കുകയാണ് ലെയര്‍ അടിസ്ഥാനമാക്കിയുള്ള കോമ്പോസിറ്റിങ്ങില്‍ ചെയ്യുന്നത്. ഉദാഹരണത്തിന്, ഒരാളെ പറപ്പിക്കണമെങ്കില്‍ ഗ്രീന്‍ സ്ക്രീന്‍ പശ്ചാത്തലമാക്കിയുള്ള അയാളുടെ വീഡിയോ ക്രോമാ കീ ഇഫക്റ്റ് സഹിതം ഒരു ലെയറിലിടുകയും ആകാശത്തിന്റെ പശ്ചാത്തലം തൊട്ടുതാഴെയുള്ള ലെയറിലിടുകയും ചെയ്യുന്നു.

മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍ ലെയര്‍-ബെയ്സ്ഡ് കോമ്പോസിറ്റിങ്ങില്‍ ക്ലിപ്പുകള്‍ വിലങ്ങനെ നീണ്ടുകിടക്കുന്ന വിവിധ ട്രാക്കുകളിലായി ഇടുന്നു. ഒരു പ്രത്യേകസമയത്ത് സ്ക്രീനില്‍ കാണുക അപ്പോള്‍ ഏറ്റവും മുകളിലെ ട്രാക്കില്‍ ഏത് ദൃശ്യം കിടക്കുന്നോ അതായിരിക്കും. ഇതിലെ ഗ്രീന്‍ സ്ക്രീന്‍ പോലെ ഏതെങ്കിലും ഭാഗങ്ങള്‍ സുതാര്യമാക്കി (transparent) മാറ്റിയിട്ടുണ്ടെങ്കില്‍ അതിലൂടെ താഴെയുള്ള ട്രാക്കുകളും കാണാം.

വീഡിയോ എഡിറ്റിംഗ് ശീലിച്ചവര്‍ക്ക് വളരെ പരിചിതമായിത്തോന്നും എന്നതാണ് ഇതിന്റെ മേന്മ. എന്നാല്‍ സങ്കീര്‍ണ്ണമായ കോമ്പോസിറ്റിങ്ങിന് പലപ്പോഴും നോഡ്-ബെയ്സ്ഡ് കോമ്പോസിറ്റിങ്ങായിരിക്കും യോജിച്ചത്.

ലെയര്‍/ടൈംലൈന്‍ ബെയ്സ്ഡ് കോമ്പോസിറ്റിംഗ് (സ്രോതസ്സ്: വിക്കിമീഡിയ)

നോഡ് ബെയ്സ്ഡ് കോമ്പോസിറ്റിങ്ങില്‍ കൃത്യമായ ഒരു ടൈംലൈനോ നീണ്ടുകിടക്കുന്ന ട്രാക്കുകളോ ഇല്ല. ക്ലിപ്പുകളും ഇഫക്റ്റുകളുമെല്ലാം സ്ക്രീനില്‍ വിവിധ നോഡുകളായി (കാഴ്ചയില്‍ ചെറുചതുരങ്ങളായിരിക്കും) ക്രമീകരിക്കുന്നു. ഈ നോഡുകള്‍ തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചും ഓരോന്നിന്റെയും പരാമീറ്ററുകളില്‍ മാറ്റംവരുത്തിയുമാണ് ദൃശ്യം രൂപപ്പെടുത്തുന്നത്.

ലെയര്‍-ബെയ്സ്ഡ് കോമ്പോസിറ്റിങ്ങില്‍ ഒരു ക്ലിപ്പ് പത്തുസ്ഥലത്ത് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ടൈംലൈനില്‍ അത് പത്ത് സ്ഥലത്ത് കോപ്പി ചെയ്തിടണം. ചിലപ്പോള്‍ പത്തു ട്രാക്കുകള്‍ തന്നെ വേണ്ടിവന്നേക്കാം. എന്നാല്‍ നോഡ്-ബെയ്സ്ഡ് ഒരു ക്ലിപ്പിന് ഒരൊറ്റ നോഡ് മതിയാകും. ഇതില്‍നിന്ന് എത്ര കണക്ഷന്‍ വേണമെങ്കിലും നമുക്ക് എടുക്കാവുന്നതാണ്.

നോഡ്-ബെയ്സ്ഡ് കോമ്പോസിറ്റിംഗ് (സ്രോതസ്സ്: വിക്കിമീഡിയ)

നൂക്ക് (NUKE)

അവതാറടക്കം നിരവധി ചിത്രങ്ങളുടെ കോമ്പോസിറ്റിങ്ങിന് ഉപയോഗിച്ചിട്ടുള്ള സോഫ്റ്റ്‌വെയറാണിത്. ഡിജിറ്റല്‍ ഡൊമൈയ്ന്‍ വീറ്റാ ഡിജിറ്റല്‍ തുടങ്ങിയ വി.എഫ്.എക്സ്. കമ്പനികള്‍ ഇതിന്റെ ഉപയോക്താക്കളില്‍പ്പെടുന്നു.

കോമ്പോസിറ്റിംഗ് രീതി: നോഡ്-ബെയ്സ്ഡ്

പ്ലാറ്റ്ഫോം: ഗ്നു/ലിനക്സ്, വിന്‍ഡോസ്, മാക് ഒ.എസ്., ഫ്രീ ബി.എസ്.ഡി.

വെബ്സൈറ്റ്: http://natron.fr/

നാട്രണ്‍ (Natron)

വിപണിയിലെ പ്രമുഖ കോമ്പോസിറ്ററായ നൂക്കില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ചതാണ് നാട്രണ്‍. എന്നാല്‍ നൂക്കില്‍നിന്ന് വ്യത്യസ്തമായി ഇത് സ്വതന്ത്രസോഫ്റ്റ്‌വെയറാണ്. വീഡിയോ ട്രാക്കിംഗ്, സ്റ്റീരിയോസ്കോപ്പിക് ത്രീഡി, പൈത്തണ്‍ സ്ക്രിപ്റ്റിംഗ്, റോട്ടോസ്കോപ്പിക് ത്രീഡി തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഇതിലുണ്ട്.

കോമ്പോസിറ്റിംഗ് രീതി: നോഡ്-ബെയ്സ്ഡ്

പ്ലാറ്റ്ഫോം: ഗ്നു/ലിനക്സ്, വിന്‍ഡോസ്, മാക് ഒ.എസ്., ഫ്രീ ബി.എസ്.ഡി.

ലൈസന്‍സ്: ഫ്രീ സോഫ്റ്റ്‌വെയര്‍

വെബ്സൈറ്റ്: http://natron.fr/

ബ്ലാക്ക്മാജിക് ഫ്യൂഷന്‍ (Blackmagic Fusion)

ഒരുപാട് ഹോളിവുഡ് ചിത്രങ്ങളുടെ നിര്‍മാണത്തിനുപയോഗിച്ചിട്ടുള്ള ഒരു അഡ്വാന്‍സ്ഡ് കോമ്പോസിറ്റിംഗ് സോഫ്റ്റ്‌വെയറാണിത്.

കോമ്പോസിറ്റിംഗ് രീതി: നോഡ്-ബെയ്സ്ഡ്

പ്ലാറ്റ്ഫോം: ഗ്നു/ലിനക്സ്, വിന്‍ഡോസ്, മാക് ഒ.എസ്.

ലൈസന്‍സ്: പ്രൊപ്രൈറ്ററി

https://www.blackmagicdesign.com/products/fusion

സിലുവെറ്റ് എഫ്.എക്സ്. (SilhouetteFX)

ഒരു റോട്ടോ ടൂള്‍ ആയി തുടങ്ങിയ ഇതിന്ന് ത്രീഡി കണ്‍വേര്‍ഷന്‍ വരെ പിന്തുണയ്ക്കുന്നു. പ്രമുഖ ഹോളിവുഡ് ചിത്രങ്ങളുടെ നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

പ്ലാറ്റ്ഫോം: വിന്‍ഡോസ്, മാക് ഒ.എസ്.

ലൈസന്‍സ്: പ്രൊപ്രൈറ്ററി

വെബ്സൈറ്റ്: http://www.silhouettefx.com/

അഡോബീ ആഫ്റ്റര്‍ ഇഫക്റ്റ്സ് (Adobe After Effects)

ലെയര്‍-ബെയ്സ്ഡ് കോമ്പോസിറ്റിങ്ങും പ്രൊഫഷണല്‍ തന്നെ എന്ന് തെളിയിച്ചത് ഒരു പക്ഷേ ഈ സോഫ്റ്റ്‌വെയര്‍ ആയിരിക്കും. കീയിംഗ്, ട്രാക്കിംഗ്, റോട്ടോ, ആനിമേഷന്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിലുണ്ട്. ടെലിവിഷന്‍ രംഗത്തും മറ്റും വലിയ പ്രചാരവുമുണ്ട്. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറാണിത്.

കോമ്പോസിറ്റിംഗ് രീതി: ലെയര്‍

പ്ലാറ്റ്ഫോം: വിന്‍ഡോസ്, മാക് ഒ.എസ്.

ലൈസന്‍സ്: പ്രൊപ്രൈറ്ററി

വെബ്സൈറ്റ്: http://www.adobe.com/products/aftereffects.html

ഇവ കൂടാതെ ഓട്ടോഡെസ്കിന്റേതടക്കമുള്ള വിവിധ സോഫ്റ്റ്‌വെയറുകളും വി.എഫ്.എക്സ്. കമ്പനികള്‍ ആഭ്യന്തരമായി വികസിപ്പിച്ച ടൂളുകളും ഇനിയുമുണ്ട്.

കോമ്പോസിറ്റിങ്ങിന് ഉപയോഗിക്കാവുന്ന ഫ്രീ സോഫ്റ്റ്‌വെയര്‍ വീഡിയോ എഡിറ്ററുകള്‍