Nandakumar Edamana
Share on:
@ R t f

ഗ്നു/ലിനക്സും വിന്‍ഡോസും ഒരേ ഇരിപ്പിടത്തില്‍!


ഒരൊറ്റ ഓപ്പറേറ്റിങ് സിസ്റ്റം മാത്രമുള്ള കമ്പ്യൂട്ടര്‍ പലരെയും തൃപ്തിപ്പെടുത്തിയെന്ന് വരില്ല. ചിലത് വിന്‍ഡോസില്‍ മാത്രം സാധിയ്ക്കുമ്പോള്‍ മറ്റു ചിലത് ഗ്നു/ലിനക്സില്‍ മാത്രമേ സാധിയ്ക്കൂ. ജി.ടി.എ. പോലുള്ള ഗെയിമുകള്‍ക്കായി വിന്‍ഡോസ് ഉപയോഗിയ്ക്കുമ്പോഴും വേഗവും സുരക്ഷിതവുമായ കമ്പ്യൂട്ടിങ്ങിനായി ഗ്നു/ലിനക്സിനെ ആശ്രയിയ്ക്കേണ്ടി വരും. രണ്ട് ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ഒരുമിച്ചുപയോഗിച്ച് കമ്പ്യൂട്ടര്‍ ഉപയോഗം എങ്ങനെ കാര്യക്ഷമമാക്കാം എന്ന് പരിശോധിയ്ക്കാം. പ്രധാനമായും മള്‍ട്ടിബൂട്ടിങ്, വെര്‍ച്വലൈസേഷന്‍ എന്നീ സങ്കേതങ്ങളാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്.

മള്‍ട്ടിബൂട്ടിങ്

ഒരേ കമ്പ്യൂട്ടറില്‍ ഒന്നിലധികം ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് മള്‍ട്ടിബൂട്ടിങ് (ഡ്യുവല്‍ ബൂട്ടിങ്). ഉദാഹരണത്തിന്, ഒരു കമ്പ്യൂട്ടറില്‍ വിന്‍ഡോസ് എക്സ്.പി.യും ഉബുണ്ടു 12.04-ഉം ഇന്‍സ്റ്റാള്‍ ചെയ്യുന്നു. ആദ്യം വിന്‍ഡോസും തുടര്‍ന്ന് ഉബുണ്ടുവും ഇന്‍സ്റ്റാള്‍ ചെയ്യുകയാ​ണ് സുരക്ഷിതമായ വഴി. ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് Install Ubuntu alongside other operating systems എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താണ് (അല്ലെങ്കില്‍ വിന്‍ഡോസ് പോകാത്ത വിധം പാര്‍ട്ടീഷനിങ് നടത്തിയാണ്) മള്‍ട്ടിബൂട്ടിങ് സാദ്ധ്യമാരക്കുന്നത്. ഇനി കമ്പ്യൂട്ടര്‍ ഓണാക്കുമ്പോള്‍ ഏത് ഓപ്പറേറ്റിങ് സിസ്റ്റത്തിലേയ്ക്ക് പ്രവേശിയ്ക്കണമെന്ന് ഉപയോക്താവിനോട് ചോദിയ്ക്കും. ഒരു സമയം ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിലേയ്ക്ക് മാത്രമേ മള്‍ട്ടിബൂട്ടിങ് വഴി പ്രവേശിയ്ക്കാനാവൂ.

വിന്‍ഡോസ് പ്രോഗ്രാമുകള്‍ ഗ്നു/ലിനക്സില്‍

വിന്‍ഡോസിനുവേണ്ടി ലഭിയ്ക്കുന്ന പ്രോഗ്രാമുകള്‍ EXE ഫയലുകളാണ്. ഇവ ഗ്നു/ലിനക്സിന് യോജിച്ച പ്രോഗ്രാമുകളല്ല. എന്നാല്‍ Wine (Windows Emulator) എന്ന പ്രോഗ്രാമിന്റെ സഹായത്തോടെ ഇവ ഗ്നു/ലിനക്സില്‍ പ്രവര്‍ത്തിപ്പിയ്ക്കാനാകും. മൈക്രോസോഫ്റ്റ് ഓഫീസ് പോലും ഇങ്ങനെ പ്രവര്‍ത്തിപ്പിയ്ക്കാന്‍ കഴിയാറുണ്ട്. പ്രവര്‍ത്തനത്തില്‍ വിന്‍ഡോസിന്റെ സിസ്റ്റം ഫയലുകളുടെ പകര്‍പ്പാണെങ്കിലും മൈക്രോസോഫ്റ്റിനെ ആശ്രയിയ്ക്കാതെ നിര്‍മ്മിച്ചെടുത്ത ഈ പ്രോഗ്രാം സ്വതന്ത്രസോഫ്റ്റ്‌വെയര്‍ തന്നെയാണ്.

ഗ്നു/ലിനക്സില്‍ വൈന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ആദ്യപടി. സിനാപ്റ്റിക്, ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്റര്‍ തുടങ്ങിയ ഏതെങ്കിലും പാക്കേജ് മാനേജറുകള്‍ ഉപയോഗിച്ച് ഇതു ചെയ്യാം. ഇനി ഏത് EXE ഫയല്‍ ഡബ്ള്‍ ക്ലിക്ക് ചെയ്താലും വൈനില്‍ തുറന്നുവരും (ഇല്ലെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Open With കൊടുത്താല്‍ മതി).

ഗ്നു/ലിനക്സ് പ്രോഗ്രാമുകള്‍ വിന്‍ഡോസില്‍

ഗ്നു/ലിനക്സിനുവേണ്ടി കംപൈല്‍ ചെയ്ത പ്രോഗ്രാമുകള്‍ വിന്‍ഡോസിലും പ്രവര്‍ത്തിയ്ക്കില്ല. എന്നാല്‍ ലോകത്ത് ഏറ്റവുമധികം ഉപയോഗിയ്ക്കപ്പെടുന്ന കംപൈലറായ GCC അടക്കമുള്ള പല പ്രോഗ്രാമുകളും ഗ്നു/ലിനക്സിനെ ലക്ഷ്യം വച്ചിറങ്ങുന്നവയാണ്. ഇത്തരത്തിലുള്ള ഒരു പിടി യൂട്ടിലിറ്റികള്‍ വിന്‍ഡോസില്‍ പ്രവര്‍ത്തിപ്പിയ്ക്കാന്‍‌ സഹായിയ്ക്കുന്ന പാക്കേജുകളാണ് Cygwin, MinGW തുടങ്ങിയവ. വിന്‍ഡോസില്‍ ഇവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ പല ഗ്നു/ലിനക്സ് യൂട്ടിലിറ്റികളും EXE രൂപത്തില്‍ വിന്‍ഡോസില്‍ ലഭ്യമാവും.

ക്രോസ്-പ്ലാറ്റ്ഫോം പ്രോഗ്രാമുകള്‍

ഒന്നിലേറെ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രോഗ്രാമുകളാണ് ക്രോസ്-പ്ലാറ്റ്ഫോം പ്രോഗ്രാമുകള്‍. നേരത്തെ പരിചയപ്പെട്ട വൈന്‍, സിഗ്‌വിന്‍ പോലുള്ള വിദ്യകളല്ല ഇവിടെ ഉപയോഗിയ്ക്കുന്നത്. ഒരേ പ്രോഗ്രാം തന്നെ വിന്‍ഡോസിനും ഗ്നു/ലിനക്സിനും യോജിച്ച തനത് ഫോര്‍മാറ്റുകളില്‍ വെവ്വേറെ പാക്കേജുകളാക്കി ഇറക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന്, ഫയര്‍ഫോക്സ് ബ്രൗസര്‍ DEB പാക്കേജായും EXE പാക്കേജായും പുറത്തിറങ്ങുന്നു; ഉപയോക്താവ് തന്റെ ഓപ്പ്റേറ്റിങ് സിസ്റ്റത്തിന് യോജിച്ച പാക്കേജ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നു.

ലിബര്‍ ഓഫീസ്, ജിമ്പ്, ഒഡാസിറ്റി, ബ്ലെന്‍ഡര്‍ തുടങ്ങി ഒട്ടനവധി പ്രോഗ്രാമുകള്‍ ഇങ്ങനെ പുറത്തിറങ്ങുന്നു.

വെര്‍ച്വലൈസേഷന്‍ എന്ന മാന്ത്രികവിദ്യ

ഏതെങ്കിലും ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ നിന്നുകൊണ്ടുള്ള വിദ്യകളാണ് നാം ഇതുവരെ പറഞ്ഞതെല്ലാം. എന്നാല്‍ ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ളില്‍ത്തന്നെ മറ്റൊരു ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിപ്പിയ്ക്കാനാകും! ഇതിനുള്ള സാങ്കേതികവിദ്യയാണ് വെര്‍ച്വലൈസേഷന്‍. രണ്ടാമത്തെ ഓപ്പറേറ്റിങ് സിസ്റ്റം ഒരു ചെറിയ ജാലകത്തിനുള്ളിലാവും ലോഡാവുക. ഇത് ഫുള്‍സ്ക്രീനാക്കാനും മറ്റും സൗകര്യമുണ്ട്. ഒരു പ്രോഗ്രാമില്‍നിന്ന് മൗസ് മറ്റൊന്നിലേയ്ക്ക് നീക്കുന്ന ലാഘവത്തില്‍ ഒരു ഒ.എസ്സില്‍നിന്ന് മറ്റൊന്നിലേയ്ക്ക് നീങ്ങാം! ഹാഡ് ഡിസ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്തുവച്ച ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിനുപുറമെ സി.ഡി. ഡ്രൈവില്‍നിന്നും സി.ഡി. ഇമേജുകളില്‍നിന്നും പെന്‍ഡ്രൈവില്‍നിന്നുമെല്ലാം രണ്ടാമത്തെ ഓപ്പറേറ്റിങ് സിസ്റ്റം ലോഡ് ചെയ്തെടുക്കാം.

VMware, KVM എന്നിവയാണ് പ്രധാനപ്പെട്ട വെര്‍ച്വലൈസേഷന്‍ പ്രോഗ്രാമുകള്‍. നാം ആദ്യം ബൂട്ട് ചെയ്ത് കയറുന്ന ഒ.എസ്സില്‍ ഇവയിലേതെങ്കിലുമൊന്ന് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകണം.

ഉബുണ്ടുവിനുള്ളില്‍ വിന്‍ഡോസ് ലോഡ് ചെയ്യുന്ന ഉദാഹരണം പരിഗണിയ്ക്കുക. ആദ്യം ഏതെങ്കിലുമൊരു പാക്കേജ് മാനേജറിന്റെ സഹായത്തോടെ ഉബുണ്ടുവില്‍ വെര്‍ച്വലൈസേഷന്‍ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുന്നു. തുടര്‍ന്ന് ആ പ്രോഗ്രാമില്‍ ഒരു വെര്‍ച്വല്‍ മെഷീന്‍ സൃഷ്ടിയ്ക്കുന്നു; അതായത്, പ്രോഗ്രാം തുറന്ന് Create New Virtual Machine എന്ന ഓപ്ഷന്‍ കൊടുത്ത് വിന്‍ഡോസ് ഇന്‍സ്റ്റളേഷന്‍ സി.ഡി.യോ അതിന്റെ ISO ഇമേജോ ഉപയോഗിച്ച് ഈ വെര്‍ച്വല്‍ മെഷീനില്‍ വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യുന്നു. ഇനി VMware/KVM ഉപയോഗിച്ച് ഉബുണ്ടുവിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും വിന്‍ഡോസ് ലോഡ് ചെയ്യാം.

പുതിയ വെര്‍ച്വല്‍ മെഷീന്‍ സൃഷ്ടിച്ച്, പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് പകരം, ഹാഡ് ഡിസ്കില്‍ ആദ്യമേ ഇന്‍സ്റ്റാള്‍ ചെയ്തുവച്ച രണ്ടാമത്തെ ഓപ്പറേറ്റിങ് സിസ്റ്റം ലോഡ് ചെയ്യാനും ഈ പ്രോഗ്രാമുകളില്‍ സൗകര്യമുണ്ട്.

ഗ്നു/ലിനക്സ് ഡ്രൈവുകള്‍ വിന്‍ഡോസില്‍ ലഭ്യമാക്കാന്‍

വിന്‍ഡോസ് ഡിസ്ക് ഡ്രൈവുകള്‍ (അല്ലെങ്കില്‍ പാര്‍ട്ടീഷനുകള്‍) ഗ്നു/ലിനക്സില്‍ കൈകാര്യം ചെയ്യാന്‍ സാധിയ്ക്കുമെങ്കിലും Ext ഫോര്‍മാറ്റുകളിലുള്ള ഗ്നു/ലിനക്സ് ഡ്രൈവുകള്‍ വിന്‍ഡോസില്‍ കിട്ടാറില്ല. രണ്ട് ഓപ്പറേറ്റിങ് സിസ്റ്റവും ഉപയോഗിയ്ക്കുന്നവരെ സംബന്ധിച്ച് ഇത് അവശ്യവുമാണ്. ഈ സന്ദര്‍ഭത്തില്‍ ഉപയോഗിയ്ക്കാവുന്ന പ്രോഗ്രാമുകളിലൊന്നാണ് Ext2Fsd.

Ext2Fsd വിന്‍ഡോസിനുള്ള ഒരു Ext ഫയല്‍സിസ്റ്റം ഡ്രൈവറാണ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ വിന്‍ഡോസ് ഡ്രൈവുകളോടൊപ്പം ഗ്നു/ലിനക്സ് ഡ്രൈവുകളും വിന്‍ഡോസില്‍ ലഭ്യമാവും. ഓരോ സ്റ്റാര്‍ട്ടപ്പിലും ഈ ഡ്രൈവര്‍ സ്വയം ലോഡാവാനുള്ള ഓപ്ഷന്‍ ഇന്‍സ്റ്റളേഷന്‍ സമയത്ത് കൊടുക്കാം.


Click here to read more like this. Click here to send a comment or query.