വിന്‍ഡോസ് ഗെയിമുകള്‍ ഉബുണ്ടുവില്‍ കളിക്കാനും പ്ലേസ്റ്റേഷന്‍ ഗെയിമുകള്‍ കംപ്യൂട്ടറില്‍ കളിക്കാനും നോക്കിയിട്ടുണ്ടോ? കോപ്പി-പേസ്റ്റ്, ഡബ്ള്‍ ക്ലിക്ക് ചെയ്ത് തുറക്കല്‍ പോലുള്ള വേലകളൊന്നും ഇവിടെ വിലപ്പോവില്ല. അതുപോലെയാണ് പഴയ ഡോസ് ഗെയിമുകളുടെ കാര്യവും. ഗൃഹാതുരതയുണര്‍ത്തുന്ന ആ കളികള്‍ പലപ്പോഴും പുതിയ വിന്‍ഡോസ് സിസ്റ്റങ്ങളില്‍ സപ്പോര്‍ട്ടാവാറില്ല. ഇവിടെയാണ് എമുലേറ്ററുകളും പോര്‍ട്ടബിളിറ്റി ലെയറുകളുമെല്ലാം നമ്മുടെ സഹായത്തിനെത്തുന്നത്.
എന്താണ് പോര്‍ട്ടിങ് എന്ന് മനസ്സിലാക്കിയ ശേഷം ഗെയിം പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട ചില ‘ഹൗ-റ്റു’കള്‍ പരിചയപ്പെടാം. താത്പര്യമില്ലാത്തവര്‍ക്ക് ഈ ആദ്യഭാഗം ചാടിക്കടക്കാം.
എന്താണ് പോര്‍ട്ടിങ്?
ഒരു പ്ലാറ്റ്‌ഫോമിനായി തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ മറ്റൊരു പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന വിധത്തില്‍ രൂപമാറ്റം വരുത്തലാണ് പോര്‍ട്ടിങ്. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഒരാള്‍ ഗ്നു/ലിനക്സ് ഉപയോഗിച്ച് ഒരു സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നു (ഡെവലപ്പര്‍മാര്‍ക്ക് എന്നും ഗ്നു/ലിനക്സിനോടാണല്ലോ പ്രിയം). അയാള്‍ ആ പതിപ്പ് പുറത്തിറക്കുന്നു. തുടര്‍ന്ന് അതേ കോഡ് മാക്കിലും വിന്‍ഡോസിലും പ്രവര്‍ത്തിക്കുന്ന രൂപത്തില്‍ കംപൈല്‍ ചെയ്തെടുക്കുന്നു. അതോടെ ആ പ്രോഗ്രാം മാക്കിലേക്കും വിന്‍ഡോസിലേക്കും പോര്‍ട്ട് ചെയ്തു എന്ന് പറയാം. ഫയര്‍ഫോക്സ്, ജിമ്പ്, ലിബര്‍ഓഫീസ് പോലുള്ള പ്രശസ്ത പാക്കേജുകളെല്ലാം ഇത്തരത്തില്‍ വരുന്നവയാണ്.
ഇത് പ്രോഗ്രാമില്‍ രൂപമാറ്റം വരുത്തിക്കൊണ്ടുള്ള പോര്‍ട്ടിങ്ങാണ്. അതല്ലാതെ ഒരു പ്രോഗ്രാം ഏതെങ്കിലും പ്രത്യേക ടൂളിന്റെ സഹായത്തോടെ മറ്റൊരു പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും പോര്‍ട്ടിങ് എന്നുതന്നെയാണ് സാധാരണ പറയാറുള്ളത്. വിന്‍ഡോസ് ഗെയിമുകള്‍ വൈന്‍ എന്ന പ്രോഗ്രാമിന്റെ സഹായത്തോടെ ഉബുണ്ടുവില്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഇതിനുദാഹരണമാണ്. ഇവിടെ നാം ഗെയിമില്‍ യാതൊരു അഴിച്ചുപണിയും നടത്തുന്നില്ല. വിന്‍ഡോസില്‍ ഉപയോഗിക്കുന്ന അതേപടി ഉബുണ്ടുവിലും ഉപയോഗിക്കുന്നു.
പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട ഒരു പ്രധാന ആശയമാണ് എമുലേറ്ററുകള്‍. ഒരു സിസ്റ്റത്തെ മറ്റൊരു സിസ്റ്റത്തെപ്പോലെ പെരുമാറാന്‍ എമുലേറ്ററുകള്‍ സഹായിക്കുന്നു. പി.സി.യില്‍ പ്ലേസ്റ്റേഷന്റെയും മറ്റും ഗെയിമുകള്‍ കളിക്കാന്‍ എമുലേറ്ററുകളെയാണ് ആശ്രയിക്കേണ്ടത്.
ഒരു സിസ്റ്റത്തിനുള്ളില്‍ മറ്റൊരു സിസ്റ്റത്തിന്റെ പ്രതീതി സൃഷ്ടിക്കലാണ് വെര്‍ച്വലൈസേഷന്‍. ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ളില്‍ വിവിധ വിന്‍ഡോകളിലായി മറ്റു പല ഓപ്പറേറ്റിങ് സിസ്റ്റങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ഉദാഹരണത്തിന് ഉബുണ്ടുവില്‍ കാര്യമായ ചില ജോലികള്‍ ചെയ്യുന്ന നിങ്ങള്‍ക്ക് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യാതെ തന്നെ വിന്‍ഡോസ് തുറക്കാന്‍ ഏതെങ്കിലും വെര്‍ച്വലൈസേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം. എമുലേറ്ററുകളില്‍ നിന്ന് ഇവയ്ക്കുള്ള വ്യത്യാസം ഓരോ വെര്‍ച്വല്‍ സിസ്റ്റത്തിനും അതിന്റേതായ വെര്‍ച്വല്‍ റാമും പ്രൊസസറുമെല്ലാമുണ്ടെന്നതാണ്. അതായത് ഉബുണ്ടുവിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ് ഒരു സാധാരണ പ്രോഗ്രാമിനെപ്പോലെയല്ല, മറിച്ച് ഉബുണ്ടുവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സിസ്റ്റത്തെപ്പോലെയാണ് പെരുമാറുക.
വിന്‍ഡോസ് ഗെയിമുകള്‍ ഉബുണ്ടുവില്‍
വിന്‍ഡോസ് പ്രോഗ്രാമുകള്‍ ഉബുണ്ടുവില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന പ്രോഗ്രാമാണ് വൈന്‍ (WINE). വൈന്‍ ഉപയോഗിച്ച് വിന്‍ഡോസ് ഗെയിമുകള്‍ ഉബുണ്ടുവില്‍ കളിക്കാം. എല്ലാ ഗെയിമുകളും സപ്പോര്‍ട്ട് ചെയ്യുമെന്ന് ഉറപ്പ് പറയാനാകില്ലെങ്കിലും മിക്ക വിന്‍ഡോസ് ഗെയിമുകളും വൈന്‍ ഉപയോഗിച്ച് കളിക്കാന്‍ സാധിക്കാറുണ്ട്.
ഉബുണ്ടുവില്‍ വൈന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ആദ്യപടി. പല ഉബുണ്ടു വിതരണങ്ങളോടൊപ്പവും വൈന്‍ വരുന്നുണ്ട്. അതുകൊണ്ട് പ്രത്യേകമായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരാറില്ല. വൈന്‍ ഉണ്ടോ എന്ന് നോക്കാനും ഇല്ലെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുമായി ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്റര്‍ തുറക്കുക. സേര്‍ച്ച് ബോക്സില്‍ wine എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. Microsoft Windows Compatibility Layer (meta-package) എന്ന എന്‍ട്രിയില്‍ ക്ലിക്ക് ചെയ്യുക. ഇത് സിസ്റ്റത്തിലില്ലെങ്കില്‍ Install എന്ന ബട്ടണ്‍ കാണാം. അങ്ങനെയെങ്കില്‍ അതില്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ പുറത്ത് കടക്കുക.
ഇനി ഗെയിമിന്റെ സി.ഡി.യോ ഗെയിം ഉള്ള ഫോള്‍ഡറോ തുറക്കുക. ഗെയിമിന്റെ ഇന്‍സ്റ്റളേഷന്‍ ഫയലില്‍ (install.exe/setup.exe) റൈറ്റ് ക്ലിക്ക് ചെയ്ത് Open With Wine Windows Program Loader കൊടുത്താല്‍ അത് വിന്‍ഡോസിലെന്നപോലെ പ്രവര്‍ത്തിപ്പിക്കാം. ചിലപ്പോള്‍ എന്തെങ്കിലും എറര്‍ പറഞ്ഞെന്നുവരാം. മിക്കവാറും ഇത് ഫയലിന്റെ പെര്‍മിഷന്‍ പ്രശ്നമാകും. ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടീസ് എടുക്കുക. Permissions ടാബിലെ Allow executing file as program എന്ന ഓപ്ഷന്‍ ഓണാക്കിയിടുക. ക്ലോസ് ചെയ്ത ശേഷം പ്രോഗ്രാം വീണ്ടും വൈന്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുക. ഇനി വിന്‍ഡോസിലേതുപോലെ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിക്കാം.
കണ്‍സോള്‍ ഗെയിമുകള്‍ കമ്പ്യൂട്ടറില്‍
കണ്‍സോള്‍ ഗെയിമിങ്ങിന്റെ കാലം അവസാനിച്ചു എന്നാണ് മൊത്തം സാങ്കേതികലോകവും പിറുപിറുക്കുന്നത്. ഗെയിമിങ്ങിനുവേണ്ടി മാത്രം നിര്‍മ്മിച്ചതായതുകൊണ്ടുതന്നെ ഗെയിം കളിക്കുന്ന കാര്യത്തില്‍ കംപ്യൂട്ടറിനേക്കാള്‍ മികച്ചുനിനന്നിരുന്നു ഒരുകാലത്ത് കണ്‍സോളുകള്‍. എന്നാല്‍ പ്ലേസ്റ്റേഷനെയും എക്സ്ബോക്സിനെയും വെല്ലുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ സാധാരണ കംപ്യൂട്ടറുകള്‍ തന്നെ മതി എന്ന അവസ്ഥ വന്നിരിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ പതിനായിരങ്ങള്‍ മുടക്കി കണ്‍സോളുകള്‍ വാങ്ങാന്‍ പണക്കാര്‍ വരെ ഒന്നു മടിക്കും.
എന്നാല്‍ ഇന്നും ചില ഗെയിമുകള്‍ കണ്‍സോളുകളെ മാത്രം ലക്ഷ്യമാക്കി ഇറങ്ങുന്നവയാണ്. കണ്‍സോളുകള്‍ വാങ്ങാന്‍ താത്പര്യമില്ലാത്തവര്‍ക്കും കണ്‍സോളുകളില്‍നിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും കണ്‍സോള്‍ എമുലേറ്റിങ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം. കംപ്യൂട്ടറിനെ ഒരു ഗെയിമിങ് കണ്‍സോളെന്നപോലെ പെരുമാറാന്‍ സഹായിക്കുന്ന പ്രോഗ്രാമുകളാണിവ.
emulator-zone.com എന്ന വെബ്സൈറ്റില്‍ നിരവധി എമുലേറ്ററുകള്‍ സൗജന്യഡൗണ്‍ലോഡിങ്ങിന് ലഭ്യമാണ്. ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്ററില്‍ കയറി emulator എന്ന് സേര്‍ച്ച് ചെയ്താല്‍ കുറേ എമുലേറ്ററുകള്‍ കാണാം. കൂട്ടത്തിലെ PCSX വിന്‍ഡോസിലും പ്രവര്‍ത്തിക്കുന്ന ഒരു പ്ലേസ്റ്റേഷന്‍ എമുലേറ്ററാണ്. List of video game emulators എന്ന് ഗൂഗ്ളില്‍ സേര്‍ച്ച് ചെയ്താല്‍ ഒരു വിക്കിപീഡിയ ലിസ്റ്റ് ലഭിക്കും. ഓരോ കണ്‍സോളിനും യോജിച്ച എമുലേറ്ററുകള്‍ ഏത് എന്ന് കാണിക്കുന്ന വിശദമായ ഒരു പട്ടികയാണിത്.
എമുലേറ്റിങ്ങുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് how to emulate any console on your pc എന്ന് ഗൂഗ്ളില്‍ സേര്‍ച്ച് ചെയ്യുക.
പഴയ കളികള്‍ പുതിയ സിസ്റ്റത്തില്‍
കംപ്യൂട്ടര്‍ ഉപയോക്താക്കളില്‍ ഗൃഹാതുരത ഉണര്‍ത്തുന്നവയാണ് പഴയ ഡോസ് ഗെയിമുകള്‍. എന്നാല്‍ ഇവ പലപ്പോഴും പുതിയ സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിച്ചെന്നുവരില്ല. ഇവിടെ ഡോസ് എമുലേറ്ററുകളുടെ സഹായം തേടാം. പ്രശസ്തമായ ഒരു സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഡോസ് എമുലേറ്ററാണ് ഡോസ് ബോക്സ് (DOSBox). ഇന്റര്‍നെറ്റില്‍ ഇത് സൗജന്യമായി ലഭ്യമാണ്. ഉബുണ്ടു ഉപയോക്താക്കള്‍ക്ക് ഉബുണ്ടു സോഫ്റ്റ്‌വെര്‍ സെന്ററുപയോഗിച്ചും മറ്റു ഗ്നു/ലിനക്സ് വിതരണക്കാര്‍ക്ക് അതാത് പാക്കേജ് മാനേജറുകളുപയോഗിച്ചും ഇത് സേര്‍ച്ച് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.
ഡോസ്ബോക്സ് തുറന്ന് കമാന്‍ഡ് നല്‍കിവേണം ഗെയിം പ്രവര്‍ത്തിപ്പിക്കാന്‍. നമ്മുടെ ഗെയിം ഇരിക്കുന്ന ഫോള്‍ഡര്‍ ഡോസിന്റെ ഏതെങ്കിലും ഡ്രൈവായി മൗണ്ട് ചെയ്യാനാണ് ആദ്യം കമാന്‍ഡ് നല്‍കേണ്ടത്. mount /home/nandakumar d എന്ന് കൊടുത്താല്‍ nandakumar എന്ന യൂസറിന്റെ ഹോം ഫോള്‍ഡര്‍ ഡോസിന്റെ ഡി ഡ്രൈവാകും (വിന്‍ഡോസ് ഉപയോക്താക്കള്‍ mount c:\users\nandakumar d എന്ന രൂപത്തില്‍ ഉപയോഗിക്കുക -- മൗണ്ടിങ് ആവശ്യമായി വന്നാല്‍). തുടര്‍ന്ന് d: എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. ഇനി ഗെയിമിന്റെയോ ഇന്‍സ്റ്റേഷന്‍ ഫയലിന്റെയോ പാത്ത് നല്‍കി പ്രവര്‍ത്തിപ്പിക്കാം. ഉദാ: game/install.exe
പഴയ ഡോസ് ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ ഓണ്‍ലൈനായി കളിക്കാനോ classicdosgames.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.