മൊബൈല്‍ ഫോണ്‍ ഇല്ലാത്തവര്‍ ജീവിക്കേണ്ട; ഉണ്ടെങ്കില്‍ത്തന്നെ അതൊരു സ്മാര്‍ട്ട്ഫോണുമായിരിക്കണം -- ഇതാണ് ഡിജിറ്റല്‍ ലോകത്തിന്റെ മന്ത്രമെന്നു തോന്നുന്നു. ഇന്റര്‍നെറ്റിലെ മിക്ക സേവനങ്ങളും ഫോണ്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുകയാണ്. മുന്‍കൂട്ടി ക്രമീകരിച്ച ഒരു പാസ്‌വേഡിലോ ഇ-മെയില്‍ വെരിഫിക്കേഷനിലോ ഇവര്‍ തൃപ്തരല്ല. ഒടുവില്‍ വെബ്സൈറ്റുകള്‍ അടച്ചുപൂട്ടി ആപ്പിലേക്ക് ചുരുങ്ങുകയാണ് പലരും. ആപ്പ് സ്റ്റോറുകള്‍ക്ക് വെബ്ബിനെ പകരംവയ്ക്കാമെന്നാണോ?
ഷോപ്പിങ് വെബ്സൈറ്റുകളാണ് ഈയൊരു മാറ്റത്തിന് തുടക്കമിടുന്നത്. മിന്ത്രയ്ക്കുപിന്നാലെ (myntra.com) ഫ്ലിപ്കാര്‍ട്ടും (flipkart.com) ആപ്പ്-ഓണ്‍ലി ആവുകയാണെന്ന് അഭ്യൂഹങ്ങളുണ്ട്. അതായത്, ഫയര്‍ഫോക്സോ ക്രോമോ വഴി ഇനി ഫ്ലിപ്കാര്‍ട്ടിലെത്താനാവില്ല. ഒരു സ്മാര്‍ട്ട്ഫോണും അതില്‍ ഫ്ലിപ്കാര്‍ട്ട് ആപ്പും തന്നെ വേണം. സൈറ്റ് വേണ്ടവര്‍ക്ക് അങ്ങനെ, ആപ്പ് വേണ്ടവര്‍ക്ക് അങ്ങനെ എന്നതാണ് മിക്ക ഇ-കൊമേഴ്സ് വെബ്സൈറ്റുകളും ഇതുവരെ പിന്തുടര്‍ന്നുവന്ന രീതി. അതില്‍ ആര്‍ക്കും അതൃപ്തി തോന്നേണ്ടതില്ല. എന്നാല്‍ ആപ്പിലേക്ക് മാത്രമായി ചുരുങ്ങുന്നത് ഒരുപാടുപേരെയാണ് ചൊടിപ്പിച്ചിരിക്കുന്നത്.
മിന്ത്രയ്ക്കും ഫ്ലിപ്കാര്‍ട്ടിനും പിന്നാലെ മറ്റു ഷോപ്പിങ് സൈറ്റുകളും ആപ്പിലൊതുങ്ങിയാല്‍ കീഴടങ്ങുകയേ ഒരു സ്മാര്‍ട്ട്ഫോണ്‍വിരോധിക്ക് നിവൃത്തിയുള്ളൂ. ഇവരുടെ പാത വാര്‍ത്താവെബ്സൈറ്റുകളും മറ്റും പിന്തുടര്‍ന്നാല്‍ കംപ്യൂട്ടറില്‍പിന്നെ ഇന്റര്‍നെറ്റ് കിട്ടിയിട്ട് വലിയ കാര്യമൊന്നുമില്ലെന്ന് വരും (സാധാരണക്കാരെസ്സംബന്ധിച്ച്).
ഈയഭിപ്രായം ഒരുപക്ഷേ ലേഖകന്റെ വ്യക്തിപരമായ വികാരപ്രകടനം മാത്രമാവാം. ഭൂരിഭാഗം പേരും സ്മാര്‍ട്ട്ഫോണ്‍ ഇഷ്ടപ്പെടുന്നവരും വാട്സ്ആപ്പിനായി മാത്രം അതില്‍ ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ കൊണ്ടുനടക്കുന്നവരുമാണ്. അപ്പോള്‍ ഷോപ്പിങ് സൈറ്റുകള്‍ ആപ്പിലേയ്ക്കൊതുങ്ങിയാല്‍ പ്രശ്നം തോന്നില്ല. എങ്കിലും ഈ വിഷയത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നന്നായിരിക്കും. ഇ-കൊമേഴ്സ് ഭീമന്മാരെ ഈയൊരു മാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ത്, അവര്‍ക്കുള്ള ലാഭനഷ്ടങ്ങള്‍ എന്താവും, ഉപയോക്താവിന് ഇത് ഗുണം ചെയ്യുമോ തുടങ്ങിയ കാര്യങ്ങളാണ് നാം വിശകലനം ചെയ്യുന്നത്.
ഫ്ലിപ്കാര്‍ട്ടിന്റെ നീക്കം
2014-ലാണ് ഫാഷന്‍ രംഗത്തെ പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ മിന്ത്രയെ (myntra.com) ഫ്ലിപ്കാര്‍ട്ട് ഏറ്റെടുക്കുന്നത്. അതേത്തുടര്‍ന്നുണ്ടായ പ്രധാനപ്പെട്ട മാറ്റമാണ് 2015-ല്‍ മിന്ത്ര വെബ്സൈറ്റിലെ സേവനം നിര്‍ത്തലാക്കി പൂര്‍ണമായും ആപ്പിലേക്കൊതുങ്ങിയത്. ഇപ്പോള്‍ ആപ്പ് വഴിയല്ലാതെ മിന്ത്ര ഉപയോഗിക്കാനാവില്ല.
ഇതേ രീതിയാണ് ഫ്ലിപ്കാര്‍ട്ടും പിന്തുടരാന്‍ പോകുന്നത് എന്ന് പല കേന്ദ്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബറോടെ ഈ മാറ്റമുണ്ടാവുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴും വെബ്സൈറ്റില്‍ വ്യാപാരം നടക്കുന്നുണ്ട്. എന്നാല്‍ ഒട്ടേറെ ഉല്‍പ്പന്നങ്ങളില്‍ ആപ്പ്-ഓണ്‍ലി ബാനര്‍ പ്രത്യക്ഷപ്പെടുന്നു. ഇന്ത്യ ഒരു മൊബൈല്‍-ഫസ്റ്റ് രാജ്യമെന്നതില്‍നിന്ന് ഒരു മൊബൈല്‍-ഓണ്‍ലി രാജ്യമായി മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ഫ്ലിപ്കാര്‍ട്ട് ഒരു പ്രസ്താവനയില്‍ പറയുന്നത്.
ഏകാഗ്രതയ്ക്ക് വേണ്ടിയോ?
ട്രാഫിക്കിന്റെ എഴുപതുശതമാനവും ഫോണില്‍നിന്നാണ് എന്ന് ഫ്ലിപ്കാര്‍ട്ട് പറയുന്നു. ബാക്കി മുപ്പതുശതമാനത്തിനെ വേണ്ടെന്നാണോ എന്ന് തിരിച്ചുചോദിക്കാം. എന്നാല്‍ ഈയൊരുകാര്യത്തില്‍ അവരുടെ വാദത്തിന് ചെറിയൊരു കഴമ്പൊക്കെയുണ്ട്. നിലവിലെ അവസ്ഥ വച്ച് അവര്‍ വെബ്സൈറ്റും ആപ്പും ഒരുപോലെ നോക്കിനടത്തേണ്ടതുണ്ട്. തീര്‍ച്ചയായും ഇതൊരു ഭാരിച്ച ജോലിയാണ്. ഏതെങ്കിലും ഒരു രീതിയില്‍ പോയാല്‍ അവര്‍ക്ക് കൂടുതല്‍ ഏകാഗ്രതയോടെ പ്രവര്‍ത്തനം തുടരാം. അപ്പോള്‍ ട്രാഫിക് കൂടുതലുള്ള വഴി തിരഞ്ഞെടുക്കുന്നതാണല്ലോ നല്ലത്.
കാര്യക്ഷമമായ സെര്‍വര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ ഒരുപക്ഷേ സൈറ്റും ആപ്പും വളരെ ഓട്ടോമേറ്റഡ് ആയി ഒരുമിച്ച് കൊണ്ടുപോകാനായെന്നിരിക്കും. ഇതറിയാമായിരുന്നിട്ടും മറ്റു വല്ല താത്പര്യങ്ങള്‍ക്കും വേണ്ടിയാണോ ഇവര്‍ ആപ്പ്-ഓണ്‍ലി നീക്കം നടത്തുന്നതെന്നറിയില്ല.
ഗൂഗ്ളില്‍ ഇടമില്ല!
ആപ്പിലേക്കുള്ള നീക്കം മൂലം ഇ-വ്യാപാരികള്‍ക്ക് നഷ്ടമാവുക സേര്‍ച്ച് പേജുകളിലെ സ്ഥാനമാവും. ഗൂഗ്ളില്‍ നേരിട്ട് തിരഞ്ഞും ചുറ്റുമുള്ള പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്തുമാണ് നാം പല ഉല്‍പ്പന്നങ്ങളുടെയും പേജിലെത്തുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഗൂഗ്ളിലെ സേര്‍ച്ച് റിസള്‍ട്ട് പരിശോധിച്ചാണ് ഒരുല്‍പ്പന്നത്തിനായി ഫ്ലിപ്കാര്‍ട്ടില്‍ കയറണോ സ്നാപ്ഡീലില്‍ കയറണോ എന്ന് നാം തീരുമാനിക്കുന്നത്.
എന്നാല്‍ ആപ്പിലേക്ക് മാറുകവഴി ഗൂഗ്ളടക്കമുള്ള സേര്‍ച്ച് എന്‍ജിനുകളിലെ സ്ഥാനമാണ് ഇ-വ്യാപാരികള്‍ക്ക് നഷ്ടമാവുന്നത്. വെബ്സൈറ്റ് ആയിരുന്നപ്പോള്‍ ഓരോ ഉല്‍പ്പന്നവും കിഴിവടക്കം സേര്‍ച്ച് എന്‍ജിനുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ആപ്പിലൊതുങ്ങിയതോടെ കട അടച്ചുപൂട്ടിയ അവസ്ഥയായി. ഇതിനൊരുദാഹരണമാണ് മിന്ത്ര. മുമ്പ് ഒരു ഫാഷന്‍ ഉല്‍പ്പന്നത്തിന്റെ പേര് ഗൂഗ്ളില്‍ തിരഞ്ഞാല്‍ മിന്ത്രയിലേക്കുള്ള ലിങ്ക് മുകളില്‍ത്തന്നെ വരുമായിരുന്നു. എന്നാല്‍ ഇന്ന് മിന്ത്ര ഏന്ന് ചേര്‍ത്ത് തിരഞ്ഞാലേ ലിങ്ക് കിട്ടുന്നുള്ളൂ. അതും shirt പോലുള്ള ചില പൊതു കീവേഡുകള്‍ക്ക്. ലിങ്ക് ക്ലിക്ക് ചെയ്താല്‍ ചെല്ലുന്നതോ, ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ പറയുന്ന പേജിലേക്കൂം. സ്വാഭാവികമായും ഒരു ഡെസ്ക്ടോപ്പ് ഉപയോക്താവ് അപ്പോള്‍ മറ്റു സൈറ്റുകളിലേക്ക് തിരിയും.
ഗൂഗ്ളില്‍നിന്നൊഴിവാവുക വഴി മിന്ത്രയ്ക്ക് നഷ്ടമായത് വലിയൊരു പരസ്യബോഡാണെന്നതില്‍ തര്‍ക്കമില്ല. എല്ലാ ഷോപ്പിങ് സൈറ്റുകളും ഒരുമിച്ച് ആപ്പാവാഞ്ഞാല്‍ ഒരു സൈറ്റിനുണ്ടാവുന്ന ഈ ഇടിവ് മറ്റുള്ളവര്‍ക്ക് വളമാവുകതന്നെ ചെയ്യും.
ഉപയോക്താവിനെ കെണിയിലാക്കാന്‍?
ആപ്പിലേക്ക് മാറിയാല്‍ ഉപയോക്താവിനുമേല്‍ വര്‍ദ്ധിച്ച നിയന്ത്രണമാണ് ഇ-കൊമേഴ്സ് സൈറ്റുകള്‍ക്ക് ലഭിക്കുക. പതിവായി നോട്ടിഫിക്കേഷനുകളും മറ്റും പ്രദര്‍ശിപ്പിച്ച് ഉപയോക്താക്കളെ വലയിലാക്കാം. മാത്രമല്ല, എപ്പോഴും ഉപയോക്താവിനെ തിരിച്ചറിയുകയും നിരീക്ഷിക്കുകയുമാവാം (ഡെസ്ക്ടോപ്പ് കംപ്യൂട്ടറിനേക്കാള്‍ വ്യക്തിപരമാണല്ലോ സ്മാര്‍ട്ട്ഫോണ്‍). ഉപയോക്താവുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങള്‍ ശേഖരിക്കുക, അതുപയോഗിച്ച് അയാളെ വീഴ്ത്തുന്ന വാഗ്ദാനങ്ങള്‍ നല്‍കുക -- അതുതന്നെയായിരിക്കണം ആപ്പ്-ഓണ്‍ലി രീതിക്കുപിന്നിലെ കച്ചവടതന്ത്രം. ഒരുപക്ഷേ സേര്‍ച്ച് എന്‍ജിനുകളിലെ അഭാവത്തെ ഈ നിയന്ത്രണം ഒരു പ്രശ്നമല്ലാതാക്കിമാറ്റുന്നു എന്നവര്‍ കണക്കുകൂട്ടുന്നുണ്ടാവണം.
പ്രതിച്ഛായ സൃഷ്ടിക്കല്‍?
ആപ്പായി മാത്രം നിലകൊണ്ടാലും തങ്ങള്‍ക്ക് ലാഭമേയുള്ളൂ എന്ന നിലപാടാണ് മിന്ത്രയ്ക്കും മറ്റുമുള്ളത്. മറ്റേതെല്ലാം സൈറ്റുകളുണ്ടായാലും തങ്ങള്‍ക്കുവേണ്ടി ഉപയോക്താക്കള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യും എന്നൊരു ധ്വനിയും ഒപ്പമുണ്ട്. ഒരുപക്ഷേ ഇതൊരു പ്രതിച്ഛായ സൃഷ്ടിക്കലാവാം. വെബ്ബിലെ സ്ഥാനം പൂര്‍ണ്ണമായി നഷ്ടപ്പെട്ടാലും പിടിച്ചുനില്‍ക്കാനാവും എന്ന ധൈര്യം ഒരു ഇ-വ്യാപാരിക്കുണ്ടെന്നുവന്നാല്‍ ജനത്തിന് അയാളിലെ വിശ്വാസം വര്‍ദ്ധിക്കാനിടയുണ്ടല്ലോ. മാത്രമല്ല, ഇത് എതിരാളികളെ പരിഭ്രാന്തരാക്കുകയും ചെയ്യാം. അങ്ങനെനോക്കിയാല്‍ ഒരു പ്രതിച്ഛായ സൃഷ്ടിക്കലാവാം ആപ്പിലേക്കുള്ള മാറ്റം.
ഉപയോക്താക്കള്‍ക്കെന്ത്?
ഷോപ്പിങ് സൈറ്റുകളുടെ ആപ്പ്-ഓണ്‍ലി നീക്കം ഉപയോക്താക്കള്‍ക്ക് ഗുണമുണ്ടാക്കുമെന്ന് തോന്നുന്നില്ല. എന്തായാലും ഈ മാറ്റം പ്രമാണിച്ച് ഓരോ കമ്പനിയും നല്‍കുന്ന ക്ഷണികമായ ഓഫറുകള്‍ ഉപയോഗപ്പെടുത്താമെന്നുമാത്രം.