Nandakumar Edamana
Share on:
@ R t f

പൈറസിയും ഒരു മാര്‍ക്കറ്റിങ് തന്ത്രം!


ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊണ് ഫയല്‍ കൈമാറ്റം ചെയ്യാനുള്ള എളുപ്പം. എന്നാല്‍ ചലച്ചിത്രനിര്‍മാതാക്കള്‍ക്കും മറ്റും ഇതൊരു തലവേദനയാണ്. പ്രദേശികഭാഷാചിത്രങ്ങള്‍ മുതല്‍ ഹോളിവുഡ് ചിത്രങ്ങള്‍ വരെ റിലീസ് ചെയ്തയുടന്‍ (ചിലപ്പോള്‍ അതിനുമുമ്പും) വെബ്ബിലെത്തുന്നു. സമീപകാലത്ത് കേരളത്തിലടക്കം ഇത് വലിയ വിഷയവുമായി. എന്നാല്‍ പൈറസി ഒരു മാര്‍ക്കറ്റിങ് തന്ത്രമായി മാറിയാലോ? പ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ ഇങ്ങനെ 'സ്വയം പൈറസി'ക്ക് പേരുകേട്ടയാളാണ്.

പുസ്തകങ്ങളും പൈറസിക്ക് വിധേയമാവുന്നുണ്ട്. മലയാളിക്ക് ഇതൊരു കൗതുകവാര്‍ത്തയാകാം. എന്നാല്‍ ഇംഗ്ലീഷ് പോലുള്ള ഭാഷകളില്‍, പ്രത്യേകിച്ച് അക്കാദമിക്, ബെസ്റ്റ് സെല്ലര്‍ എന്നീ വിഭാഗങ്ങളില്‍ പൈറസി ഏറെയാണ്. നമ്മുടെ ചലച്ചിത്രനിര്‍മാതാക്കളെപ്പോലെ പല വിദേശപ്രസാധകരും മോഷ്ടാക്കളെക്കൊണ്ട് അസ്വസ്ഥരാണ്. അവിടെ എഴുത്തുകാരും പ്രസാധകരും പൈറസിക്കെതിരെ ശബ്ദമുയര്‍ത്തുന്നു, നിയമനടപടി സ്വീകരിക്കുന്നു. അനധികൃത പതിപ്പുകള്‍ വാങ്ങരുതെന്നും അവയെപ്പറ്റി വിവരം നല്‍കണമെന്നും വായനക്കാരോട് ആവശ്യപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ സ്വന്തം പുസ്തകങ്ങളുടെ പൈറസിക്ക് പൈലോ കൊയ്‌ലോ കൂട്ടുനിന്നപ്പോള്‍ വായനക്കാരും പ്രസാധകരും അന്തം വിട്ടു.

അനൌപചാരിക അപ്‌ലോഡുകളുടെ ഗുണം വിശദീകരിച്ചുകൊണ്ട് കൊയ്‌ലോ എഴുതിയ ബ്ലോഗ് കുറിപ്പിന്റെ തുടക്കം
അനൌപചാരിക അപ്‌ലോഡുകളുടെ ഗുണം വിശദീകരിച്ചുകൊണ്ട് കൊയ്‌ലോ എഴുതിയ ബ്ലോഗ് കുറിപ്പിന്റെ തുടക്കം

'ദി ആല്‍കെമിസ്റ്റ്' എന്ന ഒരൊറ്റ പുസ്തകം മതിയായിരുന്നു ബ്രസീലിയന്‍ എഴുത്തുകാരനായ പൈലോ കൊയ്‌ലോ (Paulo Coelho) പ്രശസ്തിയുടെ കൊടിമുടിയിലെത്താന്‍. എഴുപതോളം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ പുസ്തകത്തിന്റെ ഏഴുകോടിയോളം കോപ്പികള്‍ വിറ്റുപോയി. അദ്ദേഹത്തിന്റെ പില്കാലകൃതികളില്‍പ്പലതും വായനക്കാരെ മടുപ്പിച്ചെങ്കിലും കച്ചവടം പൊടിപൊടിക്കുകതന്നെ ചെയ്തു. ആവശ്യക്കാരേറെയുള്ള കൃതികളായതുകൊണ്ട് അവയുടെ പൈറേറ്റഡ് കോപ്പികള്‍ ഇന്റെര്‍നെറ്റിന്റെ ലഭ്യമായിത്തുടങ്ങി. ഇതിലേക്ക് ലിങ്കുകളിട്ടും സ്വയം പുതിയ പകര്‍പ്പുകള്‍ അപലോഡ് ചെയ്തുമാണ് കൊയ്‌ലോ വായനക്കാരെ ആകര്‍ഷിച്ചത്.

1999-ല്‍ ആല്‍കെമിസ്റ്റിന്റെ അനധികൃത റഷ്യന്‍ പതിപ്പ് ഇന്റര്‍നെറ്റില്‍ ലഭ്യമായി. എന്നാല്‍ ഇത് പുസ്തകത്തിന്റെ വ്യാപാരത്തിന് ഒട്ടും തന്നെ മങ്ങലേല്‍പ്പിച്ചില്ല. അന്നേ കൊയ്‌ലോ പൈറസിക്ക് പിന്തുണ നല്‍കിത്തുടങ്ങി. പുസ്തകത്തിന്റെ ഏതാനും ഭാഗങ്ങള്‍ സൗജന്യമായി ലഭിക്കുന്നത് വായനക്കാരെ ആകര്‍ഷിക്കുമെന്നും അതില്‍നിന്നുണ്ടാവുന്ന താത്പര്യം അവരെ അച്ചടിച്ച മുഴുപ്പകര്‍പ്പുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുമെന്നുമായിരുന്നു കൊയ്‌ലോയുടെ കണ്ടെത്തല്‍. സാമ്പിളുകള്‍ സൗജന്യമായി നല്കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പഴയ ബിസിനസ്സ് തന്ത്രത്തിന്റെ സാഹിത്യരൂപം. ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പ്രസാധകര്‍ക്കും ഇതിനോട് യോജിക്കേണ്ടിവന്നു.

ഇന്റര്‍നെറ്റില്‍ ലഭ്യമായ പൈറേറ്റഡ് പതിപ്പുകളിലേക്കുള്ള ലിങ്കുകള്‍ സ്വന്തം ബ്ലോഗില്‍ നല്‍കിക്കൊണ്ടായിരുന്നു കൊയ്‌ലോയുടെ പൈറസി വിപ്ലവത്തിന് തുടക്കം. ക്രമേണ കൊയ്‌ലൊ തന്നെ പല പൈറസി സൈറ്റുകളിലേക്കും സ്വന്തം കൃതികള്‍ അപ്‌ലോഡ് ചെയ്തുതുടങ്ങി. ഇതിനിടയ്ക്കെപ്പൊഴോ പൗലോ കൊയ്‌ലോയ്ക്ക് 'പൈറേറ്റ് കൊയ്‌ലോ' എന്ന പേരും വന്നു.

പൈറസിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കൊയ്‌ലോ എഴുതിയ ലേഖനം: paulocoelhoblog.com/2008/02/03/pirate-coelho

കുറിപ്പ്: മോഷണം പ്രോത്സാഹിപ്പിക്കാനുള്ള ഒരു ലേഖനമല്ലിത്. ആര്‍ക്കും പകര്‍ത്താനും പരിഷ്കരിക്കാനും കഴിയുന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ആശയക്കാരനാണ് ലേഖകന്‍. എന്നാല്‍ സ്വതന്ത്രലൈസന്‍സിനു (Libre/Free/Open Source) കീഴിലല്ലാത്ത സൃഷ്ടികള്‍ പകര്‍ത്താന്‍ ലേഖകന്‍ ആഹ്വാനം ചെയ്യുന്നില്ല. ഏതൊരു സൃഷ്ടിക്കുപിന്നിലെയും അധ്വാനത്തിനും പണച്ചെലവിനും വിലകല്പിക്കുക.


Click here to read more like this. Click here to send a comment or query.