Nandakumar Edamana
Share on:
@ R t f

ഡീപ്പ് വെബ്ബ്: ഇന്റര്‍നെറ്റിലെ അധോലോകം


ഗൂഗിള്‍ തരുന്ന സേര്‍ച്ച് ഫലങ്ങളിലെ അവസാനപേജിലെ അവസാനലിങ്ക് തുറന്നാല്‍പ്പോലും നിങ്ങള്‍ ഇന്റര്‍നെറ്റിന്റെ ആഴത്തിലെത്തുന്നില്ല. വെബ്ബിന്റെ പുറംപാളി മാത്രമാണ് ഗൂഗിളും മറ്റും നമുക്കുമുന്നില്‍ അവതരിപ്പിക്കുന്നത്. കടലില്‍ക്കിടക്കുന്ന മഞ്ഞുമലയുടെ തുമ്പിനോടാണ് ഇതിനെ പലരും ഉപമിക്കുന്നത്. അവയുടെ രസകരമായ ചിത്രങ്ങള്‍ ശ്രദ്ധിച്ചാലറിയാം, ഒരു പത്തു ശതമാനം കടല്‍നിരപ്പിന് മുകളിലും ബാക്കി വെള്ളത്തിനടിയിലും. ഇതുപോലെ സേര്‍ച്ച് എന്‍ജിനുകള്‍ക്കും മറ്റും അപ്രാപ്യമായ വലിയൊരു ഭാഗമുണ്ട് വെബ്ബിന്. തികച്ചും സാധാരണമായ ചര്‍ച്ചാവേദികള്‍ മുതല്‍ മയക്കുമരുന്നുവ്യാപാരം വരെ ആഴ്ന്നുകിടക്കുന്ന അതാണ് 'ഡീപ്പ് വെബ്ബ്'.

BOX ITEM: ഇന്റര്‍നെറ്റും വെബ്ബും

ലോകത്തെ ഏറ്റവും വലിയ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് അഥവാ നെറ്റ്‌വര്‍ക്കുകളുടെ നെറ്റ്‌വര്‍ക്ക് ആണ് ഇന്റര്‍നെറ്റ്. വിവിധ പ്രോട്ടോക്കോളുകള്‍ (നിയമാവലികള്‍) ഉപയോഗിച്ച് വെബ്സൈറ്റുകള്‍, ഇ-മെയില്‍, ഫയല്‍ കൈമാറ്റം തുടങ്ങി ഒരുപാട് സേവനങ്ങള്‍ ഇതുവഴി നടക്കുന്നു. ഇക്കൂട്ടത്തില്‍ വെബ്സൈറ്റുകള്‍ മാത്രമടങ്ങുന്ന വിഭാഗമാണ് വെബ്ബ്. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍, ഇന്റര്‍നെറ്റിലെ എല്ലാ വെബ്സൈറ്റുകളുടെയും കൂട്ടമാണ് വെബ്ബ്. ഫയര്‍ഫോക്സ് പോലുള്ള വെബ്ബ് ബ്രൗസറുകള്‍ വഴി നാം കൈകാര്യം ചെയ്യുന്നത് ഇതാണ്.

വെബ്ബ് വഴി ഇന്റര്‍നെറ്റിലെ മറ്റു സേവനങ്ങളും ലഭ്യമാക്കാം. ഇതിനൊരുദാഹരണമാണ് വെബ്സൈറ്റ് രൂപത്തില്‍ ഇ-മെയില്‍ കൈകാര്യം ചെയ്യാനനുവദിക്കുന്ന വെബ്മെയില്‍. ജീമെയില്‍ ഇത്തരത്തില്‍പ്പെട്ടതാണ്. ജീമെയില്‍ ആപ്പ് വഴി മെയില്‍ തുറക്കുമ്പോള്‍ നാം നേരിട്ട് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. എന്നാല്‍ gmail.com എന്ന വെബ്സൈറ്റ് വഴി മെയില്‍ കൈകാര്യം ചെയ്യുമ്പോള്‍ നാം വെബ്ബ് ഉപയോഗിക്കുന്നു.

സര്‍ഫസ് വെബ്ബും ഡീപ്പ് വെബ്ബും

ഗൂഗ്ള്‍ പോലുള്ള സേര്‍ച്ച് എന്‍ജിനുകളാണല്ലോ വെബ്ബിലേക്കുള്ള വാതില്‍ തുറന്നുതരുന്നത്. ഇവയുടെ കണ്ണില്‍പ്പെടുന്ന, ആര്‍ക്കും ലഭ്യമായ വെബ്സൈറ്റുകളാണ് സര്‍ഫസ് വെബ്. ഇവയ്ക്ക് കയറിച്ചെല്ലാനാകാത്ത എന്തും ഡീപ്പ് വെബ്ബ് അഥവാ 'ഇന്‍വിസിബിള്‍ വെബ്ബി'ന്റെ ഭാഗമാണെന്നു പറയാം. അത് നല്ലതാവാം, ചീത്തതാവാം.

ഇത് കുറേക്കൂടി വ്യക്തമാക്കാം. കേരളാ പബ്ളിക് സര്‍വീസ് കമ്മീഷന്റെ വെബ്സൈറ്റ് ഉദാഹരണമായെടുക്കുക. ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ ഇതിന്റെ ഹോം പേജ് ലഭ്യമാകും. ഇത് എല്ലാവര്‍ക്കും കാണാവുന്ന ഉള്ളടക്കമാണ്. എന്നാല്‍ ആയിരക്കണക്കിനാളുകള്‍ ഇതേ സൈറ്റില്‍ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് കയറുകയും തങ്ങളുടെ സ്വകാര്യവിവരങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ഇത് അതാത് വ്യക്തികള്‍ക്ക് മാത്രം ലഭ്യമാണ്. പി.എസ്.സി. വെബ്സൈറ്റിന്റെ ഹോം പേജിലെ ഒരു ചിത്രം ഗൂഗിളിന് എടുക്കാം. എന്നാല്‍ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ചുമാത്രം തുറക്കാവുന്ന നിങ്ങളുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഗൂഗ്ളിന് ലഭ്യമല്ല. അതുകൊണ്ട് അത് ഡീപ്പ് വെബ്ബിന്റെ ഭാഗമാണ്.

ഇതുപോലെ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് കയറുന്ന വെബ്സൈറ്റുകളില്‍ സുക്ഷിക്കുന്ന രഹസ്യവിവരങ്ങളെല്ലാംതന്നെ ഡീപ്പ് വെബ്ബിന്റെ ഭാഗമാണ്. ജീമെയില്‍ പോലുള്ള സേവനങ്ങളിലെ കോടിക്കണക്കിന് ഉപയോക്താക്കളുടെ കാര്യം ആലോചിച്ചാല്‍ത്തന്നെ എത്രത്തോളം ഡേറ്റ ഉണ്ടാവും ഇതെന്ന് ഊഹിക്കാമല്ലോ.

എന്നാല്‍ ഇത് ഡീപ്പ് വെബ്ബിന്റെ തുടക്കം മാത്രമേ ആവുന്നുള്ളൂ. വെബ്ബില്‍ നമുക്ക് ലഭ്യമായ സൈറ്റുകളിലെ സ്വകാര്യവിവരങ്ങളുടെ കാര്യം മാത്രമാണ് നാം ചര്‍ച്ച ചെയ്തത്. പൂര്‍ണ്ണമായും മറഞ്ഞുകിടക്കുന്ന സൈറ്റുകളും സേവനങ്ങളും വേറെയുണ്ട്. അവിടെയാണ് ഡീപ്പ് വെബ്ബിന്റെ യഥാര്‍ത്ഥ നിഗൂഢത കുടികൊള്ളുന്നത്.

ഡാര്‍ക്ക്നെറ്റ്

രഹസ്യനെറ്റ്‌വര്‍ക്കുകളാണ് ഡാര്‍‌ക്ക്നെറ്റുകള്‍. പ്രത്യേക സോഫ്റ്റ്‌വെയറോ അക്കൗണ്ടുകളോ എല്ലാമുപയോഗിച്ചുമാത്രമേ ഇവയില്‍ കയറിക്കൂടാനാവൂ. 1970-കളിലേ ഈ പ്രയോഗം നിലവിലു​ണ്ട്. ഇന്നത്തെ ഇന്റര്‍നെറ്റിന്റെ ആദ്യരൂപമായ ARPANET ആണല്ലോ അന്ന് ഉണ്ടായിരുന്നത്. ആര്‍പ്പാനെറ്റിലെ സേവനങ്ങളുടെ കണ്ണില്‍പ്പെടാതെ മറഞ്ഞുനില്‍ക്കുന്ന ചില നെറ്റ്‌വര്‍ക്കുകളുണ്ടായിരുന്നു. ഇവയാണ് ഡാര്‍‌ക്ക്നെറ്റ് എന്നറിയപ്പെട്ടത്.

ഇന്നും ഡാര്‍ക്ക്നെറ്റുകള്‍ ഒളിഞ്ഞിരിക്കുന്നു. സത്യത്തില്‍ പേരിലെ 'ഡാര്‍ക്ക്' അര്‍ത്ഥമാക്കുന്നത് സേര്‍ച്ച് എന്‍ജിനുകളുടെ പരിധിയില്‍ വരാത്തത് എന്നാണ് (വരുന്നവയെ 'ക്ലിയര്‍നെറ്റ്' എന്നു വിളിക്കാം). എന്നാല്‍ പലതും അധോലോകസ്വഭാവം കൈവരിക്കുന്നു എന്നതാണ് സത്യം.

ടോര്‍ പോലുള്ള സോഫ്റ്റ്‌വെയറുകള്‍, പാസ്‌വേഡ്-അധിഷ്ഠിത അക്കൗണ്ടുകള്‍, പ്രത്യേക പ്രൊട്ടോക്കോളുകള്‍ എന്നിവയെല്ലാമാണ് ഡാര്‍ക്കനെറ്റുകളിലേക്കുള്ള പ്രവേശനവഴികള്‍.

ഡാര്‍ക്ക് വെബ്ബ്

ഇന്റര്‍നെറ്റിന്റെയും വെബ്ബിന്റെയും വ്യത്യാസം പോലെതന്നെയാണ് ഡാര്‍ക്ക്നെറ്റിന്റെയും ഡാര്‍ക്ക് വെബ്ബിന്റെയും കാര്യവും. ഡാര്‍ക്ക്നെറ്റ് പോലുള്ള രഹസ്യനെറ്റ്‌വര്‍ക്കുകളിലെയും പബ്ലിക് ഇന്റര്‍നെറ്റിലെത്തന്നെ രഹസ്യ ഇടങ്ങളിലെയും വെബ്ബ് ഉള്ളടക്കമാണ് (വെബ്സൈറ്റുകളാണ്) ഡാര്‍ക്ക് വെബ്ബ്. നല്ല കാര്യങ്ങള്‍ക്കായുള്ള സ്വകാര്യതയേക്കാളേറെ ഇവിടെ കളിയാടുന്നത് ഒരുപക്ഷേ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളാണ്.

സില്‍ക്ക്റോഡ്

ചൈന മുതല്‍ യൂറോപ്പ് വരെ നീണ്ടിരുന്ന പുരാതനവാണിജ്യപാതയായിരുന്നു സില്‍ക്ക്റോഡ് എന്നറിയാമല്ലോ. ഇതുപോലെ ഇന്റര്‍നെറ്റില്‍ ഒളിഞ്ഞുകിടക്കുന്ന ഒരു സില്‍ക്ക്റോഡ് ഉണ്ടായിരുന്നു. ടോര്‍ എന്ന ഡാര്‍ക്ക്നെറ്റില്‍ 2011 ഫിബ്രവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ കച്ചവടസൈറ്റ് പതിനായിരക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ കാഴ്ചവച്ചു. അതല്‍ 70%-ഉം മയക്കുമരുന്ന് ആയിരുന്നു! ഇത്തരത്തില്‍ നിയമവിരുദ്ധവും അപകടകരവുമായ സാധനങ്ങള്‍ വിറ്റ ഈ സൈറ്റിനെ 2013 ഒക്റ്റോബറില്‍ എഫ്.ബി.ഐ. താഴിട്ടുപൂട്ടി. നവംബറില്‍ത്തന്നെ 'സില്‍ക്ക് റോഡ് 2.0' പ്രത്യക്ഷപ്പെട്ടെങ്കിലും അടുത്തവര്‍ഷം തന്നെ അതും പൂട്ടിച്ചു. സൂത്രധാരന്‍ എന്ന് സംശയിച്ചയാളെ പിടികൂടുകയും ചെയ്തു.

മറ്റെന്തെല്ലാം

ഡാര്‍ക്ക് വെബ്ബില്‍ പൊതുവേ ഉള്ളതെന്തെല്ലാം എന്നു നോക്കാം.

  • ഹാക്കിങ് സംഘങ്ങള്‍
  • ബിറ്റ്കോയിന്‍ സേവനങ്ങള്‍
  • തട്ടിപ്പുസംഘങ്ങള്‍
  • നുണക്കഥകളും മറ്റും (Hoaxes)
  • ഫിഷിങ് പോലുള്ള ആക്രമണങ്ങള്‍ (നമ്മുടെ രഹസ്യവിവരങ്ങള്‍ തട്ടിയെടുക്കാന്‍)
  • ഗൂഢലക്ഷ്യങ്ങളുള്ള കടങ്കഥകള്‍ (Cicada 3301 ഇത്തരത്തിലൊരു കുഴപ്പിക്കുന്ന പ്രശ്നമായിരുന്നു)
  • നിയമവിരുദ്ധവും അതിര്‍ത്തികള്‍ ലംഘിക്കുന്നതുമായ പോണോഗ്രഫി
  • തീവ്രവാദപ്രവര്‍ത്തനങ്ങള്‍

BOX ITEM: ഡാര്‍ക്ക് നെറ്റ്, ഡാര്‍ക്ക് വെബ്ബ്, ഡീപ്പ് വെബ്ബ്

പ്രത്യേക സോഫ്റ്റ്‌വെയറും സംവിധാനങ്ങളും ഉപയോഗിച്ചുമാത്രം കയറിക്കൂടാവുന്ന രഹസ്യനെറ്റ്‌വര്‍ക്കുകളാണ് ഡാര്‍‌ക്ക്നെറ്റുകള്‍. ഇവയിലേതടക്കമുള്ള രഹസ്യ വെബ്ബ് ഉള്ളടക്കമാണ് (അഥവാ വെബ്സൈറ്റുകളുടെ കൂട്ടമാണ്) ഡാര്‍ക്ക് വെബ്ബ്. ഇതോടൊപ്പം ഗൂഗ്ള്‍ പോലുള്ള സൈറ്റുകളിലെ നമ്മുടെ സ്വകാര്യവിവരങ്ങളും കൂടി ചേരുമ്പോള്‍ ഡീപ്പ് വെബ്ബ് രൂപപ്പെടുന്നു.

ടോര്‍

താനാരെന്ന് വെളിപ്പെടുത്താതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സഹായിക്കുന്ന ഒരു 'അനോണിമിറ്റി നെറ്റ്‌വര്‍ക്ക്' ആണ് ടോര്‍ (Tor). 'The Onion Router' എന്നതിന്റെ ചുരുക്കമാണ് Tor. ഉള്ളിത്തൊലി പോലെ പല പാളികളിലൂടെ (കംപ്യൂട്ടറുകളിലൂടെ) നമ്മുടെ അപേക്ഷകള്‍ (ഡേറ്റ) കടത്തിവിടുന്നതിനാല്‍ ഐ.പി. അഡ്രസ് ഉപയോഗിച്ചുപോലും സൈറ്റുകള്‍ക്ക് നാമാരെന്ന് കണ്ടെത്താനാവില്ല. എന്‍ക്രിപ്ഷനും ഇതിന് ശക്തിപകരുന്നു.

സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന നല്ല പത്രപ്രവര്‍ത്തകര്‍ മുതല്‍ ഹാക്കര്‍മാരും തീവ്രവാദികളും വരെ ഇതുപയോഗിക്കുന്നു. ഇന്റര്‍നെറ്റിലെ സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുമ്പോള്‍ അങ്ങനെയും പ്രശ്നമുണ്ട്. ടോറൊന്നുമില്ലായിരുന്നെങ്കിലും തീവ്രവാദികള്‍ വല്ലതും കണ്ടെത്തുമായിരുന്നു എന്ന് വാദിക്കുകയേ വഴിയുള്ളൂ.

.onion പോലുള്ള എക്സ്റ്റന്‍ഷനുകളില്‍ അവസാനിക്കുന്ന നിരവധി വെബ്സൈറ്റുകളും ടോര്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാണ് (ഇത് 'ഒനിയന്‍വെബ്' എന്നറിയപ്പെടുന്നു). ടോര്‍ ബ്രൗസര്‍ ഉപയോഗിച്ചാല്‍ ഈ ഡാര്‍ക്ക്നെറ്റും ഇന്റര്‍നെറ്റും ഒരുപോലെ ലഭ്യമാവും. പല വെബ്സൈറ്റുകളും നമുക്കുനേരെ നടത്തുന്ന അനാവശ്യ ചാരപ്രവര്‍ത്തനം തടയാന്‍ ഇതുപയോഗിക്കാം. ഗ്നു/ലിനക്സിലും വിന്‍ഡോസിലുമെല്ലാം പ്രവര്‍ത്തിക്കുന്ന ഈ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക: https://www.torproject.org/


Click here to read more like this. Click here to send a comment or query.