“But life finds a way” — Ian Malcolm
മൈക്കല്‍ ക്രൈറ്റന്റെ ‘ജുറാസിക് പാര്‍ക്ക്’ എന്ന ലോകപ്രശസ്തനോവലിലേതാണ് ഈ വാക്കുകള്‍. തങ്ങള്‍ സൃഷ്ടിച്ച പാര്‍ക്കിലെ ഡൈനസോറുകള്‍ പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അല്ലാതാകുമ്പോള്‍ അവയെ നശിപ്പിയ്ക്കാനുള്ള വിദ്യ തങ്ങള്‍ക്കറിയാമെന്നും അവകാശപ്പെട്ട പാര്‍ക്കധികൃതരോട് ഇയാന്‍ മാല്‍ക്കം എന്ന ശാസ്ത്രജ്ഞന്‍ ഇങ്ങനെ പറയുന്നു: “മതിലുകളെ ഭേദിച്ച ചരിത്രമാണ് പരിണാമത്തിന്റേത്. ജീവന്‍ അതിന്റെ വഴി കണ്ടെത്തും.” അതു സത്യമാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. ഇതുതന്നെയാണ് പുസ്തകലോകത്തും സംഭവിയ്ക്കുന്നത്. വായന മരിയ്ക്കുന്നു എന്ന് ഒരുപറ്റം ബുദ്ധിജീവികള്‍ അലമുറയിടുമ്പോഴും വായന വളരുകതന്നെയാണ്. അതിന്റെ രൂപവും ഭാവവുമെല്ലാം വ്യത്യസ്തമാവാമെന്നുമാത്രം.
കടലാസ് എന്ന ഇന്നലെയുടെ മാദ്ധ്യമത്തില്‍നിന്ന് ഇലക്ട്രോണിക് എന്ന നാളെയുട മാദ്ധ്യമത്തിലേയ്ക്ക് മാറുകയാണ് പുസ്തകലോകം. കടലാസ് കുഴിച്ചുമൂടപ്പെടേണ്ട സങ്കേതമൊന്നുമല്ല. എന്നാല്‍ കടലാസിനെ സ്നേഹിയ്ക്കുമ്പോള്‍ത്തന്നെ ഇലക്ട്രോണിക് മാദ്ധ്യമം നല്‍കുന്ന സാദ്ധ്യതകളെ നാം തിരിച്ചറിയേണ്ടതുണ്ട്. ഇ-ബുക്കുകള്‍ പ്രധാനപ്പെട്ടതാകുന്നതെങ്ങനെ എന്നു വിശകലനം ചെയ്യാം. ഒപ്പം ഇന്റര്‍നെറ്റിലെ ഇ-ബുക്ക് സ്രോതസ്സുകള്‍ പരിചയപ്പെടുകയുമാവാം.
ഇ-ബുക്കിന്റെ മേന്മകള്‍
- കൈമാറ്റം ചെയ്യാനെളുപ്പം; ലഭ്യതയുടെയോ കാലതാമസത്തിന്റെയോ പ്രശ്നമില്ല.
- സ്ഥലം നഷ്ടപ്പെടുത്തുകയോ കാലക്രമേണ നശിയ്ക്കുകയോ ചെയ്യുന്നില്ല.
- കാഴ്ചശക്തിയില്ലാത്തവര്‍ക്ക് ഇ-ബുക്ക് വായിച്ചുകൊടുക്കാന്‍ ടെക്സ്റ്റ്-റ്റു-സ്പീച്ച് പ്രോഗ്രാമിനാവുന്നു.
- നിര്‍മ്മാണച്ചെലവ് തുച്ഛം.
- സൗജന്യമായോ സ്വതന്ത്രലൈസന്‍സിനു കീഴിലോ പ്രസാധകരുടെ സഹായമില്ലാതെയോ ഒക്കെ പുസ്തകം പുറത്തിറക്കാന്‍ കഴിയുന്നു.
ഇ-ബുക്കിന്റെ പ്രചാരം, ലഭ്യത
ഇ-ബുക്കുകളുടെ ആവശ്യകത വര്‍ദ്ധിച്ചുവരുന്നു എന്നതാണ് സെര്‍ച്ച് എന്‍ജിനുകളുടെയും ഇ-കൊമേഴ്സ് സൈറ്റുകളുടെയും കണക്കെടുപ്പുകള്‍ സൂചിപ്പിയ്ക്കുന്നത്. ഫ്രീ ഇ-ബുക്ക് ഡൗണ്‍ലോഡ്, ഫ്രീ പി.ഡി.എഫ്. ഡൗണ്‍ലോഡ് തുടങ്ങിയ വാചകങ്ങള്‍ നാം തന്നെ നല്‍കി സെര്‍ച്ചുചെയ്യാറുണ്ടല്ലോ.
2014-ലെ കണക്ക് പ്രകാരം 50% അമേരിയ്ക്കക്കാരും ഇ-വായനയ്ക്ക് മാത്രമായി ഒരുപകരണം (ഇ-റീഡറോ ടാബ്‌ലറ്റോ) സൂക്ഷിയ്ക്കുന്നു. 2013-ല്‍ ഇത് 30% മാത്രമായിരുന്നു. ഇ-ബുക്കുകളുടെ വര്‍ദ്ധിച്ച പ്രചാരമാണ് ഇത് കാണിയ്ക്കുന്നത് (അച്ചടിച്ച പുസ്തകങ്ങള്‍ തന്നെ എത്താത്ത സ്ഥലങ്ങള്‍ ലോകത്തുള്ളതിനാല്‍ ഇത് വികസിത/വികസ്വര രാജ്യങ്ങളുടെ കണക്കായേ എടുക്കാവൂ).
ഏകദേശം ഇരുപതുലക്ഷം സൗജന്യ ഇ-ബുക്കുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അച്ചടിച്ചിറങ്ങുന്ന പുസ്തകങ്ങളുടെ ഇ-ബുക്കുകള്‍ വൈകാതെതന്നെ ഇ-കൊമേഴ്സ് സൈറ്റുകളിലെത്തുകയും ചെയ്യുന്നു. പഴയ പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിയ്ക്കുകയും ഓണ്‍ലൈന്‍ ലൈബ്രറികള്‍ വഴി ജനങ്ങളിലേയ്ക്കെത്തിയ്ക്കുകയും ചെയ്യുന്ന സംരംഭങ്ങളും പലതാണ്.
ഇ-ബുക്കുകളുടെ ആവശ്യകതയും ലഭ്യതയും ഒരേപോലെ വര്‍ദ്ധിയ്ക്കുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.
പഴമയുടെ സുഖം?
ഇ-ബുക്കുകള്‍ വായിയ്ക്കുമ്പോള്‍ കടലാസു വായിയ്ക്കുന്ന സുഖം കിട്ടുന്നില്ലെന്ന് പലര്‍ക്കും പരാതിയുണ്ട്. ശീലത്തിന്റെ പ്രശ്നമോ പ്രത്യേകമായി തയ്യാറാക്കിയ ഇ-ബുക്ക് റീഡറുകള്‍ക്കുപകരം കമ്പ്യൂട്ടര്‍ സ്ക്രീന്‍ തന്നെ ഉപയോഗിയ്ക്കുന്നതുകൊണ്ടോ ആവാമിത്. എന്നാല്‍ പ്രധാനഘടകം ഇ-ബുക്കുകള്‍ പ്രൗഢമല്ലെന്ന മുന്‍വിധി തന്നെയാണ്. അക്ഷരങ്ങള്‍ കടലാസിലായാലും കമ്പ്യൂട്ടര്‍ സ്ക്രീനിലായാലും ഉളവാക്കുന്ന അര്‍ത്ഥം ഒന്നുതന്നെ. ഇ-ബുക്കുകള്‍ അഥവാ ഇലക്ട്രോണിക് ബുക്കുകളും സാധാരണ പുസ്തകങ്ങള്‍ തന്നെയെന്ന് ചുരുക്കം. ഇനിയും ഈ ചിന്ത ഉള്‍ക്കൊള്ളാനാവാത്തവര്‍ താളിയോലഗ്രന്ഥങ്ങളെ ഓര്‍ക്കുക. അവയ്ക്കായി കടലാസുപുസ്തകങ്ങളെ ‘പയ്യന്മാര്‍’ എന്നു പറഞ്ഞ് തള്ളിക്കളയാന്‍ നിങ്ങള്‍ക്കാകുമോ?
വായന പൂര്‍ണ്ണമായും കമ്പ്യൂട്ടറിലേയ്ക്ക് മാറണമെന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. കടലാസിന് അപ്രാപ്യമായ തലങ്ങളില്‍ പുസ്തകങ്ങള്‍ കൈമാറാനുള്ള ഒരു രീതിയായി ഇ-ബുക്കുകളെ കാണാമെന്നതാണ്. ഇലക്ട്രോണിക് രീതിയിലുള്ള വായന അസ്വസ്ഥമാണെങ്കില്‍ പ്രിന്റെടുത്ത് വായിയ്ക്കുകയേ വേണ്ടൂ (ലേഖകന്‍ ഇക്കൂട്ടത്തില്‍പ്പെടും). കടലാസിന്റെ പരിമിതികളെ മറികടക്കുമ്പോള്‍ വായനയെ വ്യാപകമാക്കുകയല്ലേ ഇ-ബുക്കുകള്‍ ചെയ്യുന്നത്?
ഇ-ബുക്ക് സങ്കേതം
ഇലക്ട്രോണിക് രൂപത്തില്‍ ഒരു പുസ്തകം സൂക്ഷിച്ചാല്‍ അത് ഇ-ബുക്ക് ആയി. ഇത് മൂന്നുതരത്തില്‍ സാദ്ധ്യമാണ്:
- സ്കാന്‍ ചെയ്ത രൂപത്തില്‍
- അക്ഷരങ്ങളായി
- അക്ഷരവും ചിത്രവും കൂടിച്ചേര്‍ന്ന രൂപത്തില്‍
നിലവിലുള്ള പുസ്തകങ്ങളെ ഡിജിറ്റൈസ് ചെയ്യാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗമാണ് സ്കാന്‍ ചെയ്യല്‍. കാലക്രമേണ നശിയ്ക്കുക എന്ന കടലാസിന്റെ സ്വഭാവം ഇല്ലാത്തതുകൊണ്ട് സ്കാന്‍ ചെയ്ത പുസ്തകം എക്കാലത്തും ഒരേ രൂപത്തില്‍ നില്‍ക്കുന്നു. ഇവയുടെ താളുകള്‍ ഓരോ ചിത്രഫയലായി ശേഖരിയ്ക്കുകയും പിന്നീട് കൂട്ടിച്ചേര്‍ത്ത് പി.ഡി.എഫ്ഫോ മറ്റോ ആക്കി ഒറ്റ ഇ-ബുക്കാക്കുകയും ചെയ്യാം. എന്നാല്‍ ഈ താളുകള്‍ കമ്പ്യൂട്ടറിനെസ്സംബന്ധിച്ച് ചിത്രങ്ങളാണ്. ഒരു വെബ്സൈറ്റില്‍ നിന്ന് എഴുത്ത് പകര്‍ത്തും പോലെ ഇവയില്‍ നിന്ന് കോപ്പി-പെയ്സ്റ്റ് ചെയ്യാനാവില്ല.
ഒരു ഇ-ബുക്ക് (കമ്പ്യൂട്ടറിന് തിരിച്ചറിയാവുന്ന) എഴുത്തുരൂപത്തില്‍ ശേഖരിയ്ക്കുന്നത് ടൈപ്പു ചെയ്തുനല്‍കിയോ സ്കാന്‍ ചെയ്തെടുത്ത താളുകളെ ഒപ്റ്റിക്കല്‍ ക്യാരക്റ്റര്‍ റെക്കഗ്നിഷന്‍ (ഒ.സി.ആര്‍.) എന്ന പ്രക്രിയയ്ക്ക് വിധേയമാക്കിയോ ആണ്. ആധുനിക അച്ചടിവിദ്യയില്‍ കമ്പ്യൂട്ടറില്‍ ടൈപ്പ്സെറ്റ് ചെയ്ത് തയ്യാറാക്കിയ ഇ-ബുക്കാണ് പ്രസ്സിലേയ്ക്ക് വിടുന്നത്. ഡി.ടി.പി. പ്രോഗ്രാമുകളിലെല്ലാം പുസ്തകം പി.ഡി.എഫ്. പോലുള്ള ഫോര്‍മാറ്റുകളിലേയ്ക്ക മാറ്റാനുള്ള സൗകര്യമുണ്ട്. ഇവിടെ അക്ഷരങ്ങളോടൊപ്പം ചിത്രങ്ങളുമുണ്ടാവാം. എഴുത്തുകാരന്‍ തന്നെ പേന വിട്ട് ഇലക്ട്രോണിക് രചനയിലേയ്ക്ക് മാറിയ കാലമാണിത് എന്നും ഓര്‍ക്കുക.
സ്കാന്‍ ചെയ്ത തനിസ്വരൂപത്തിനുപകരം അക്ഷരങ്ങളായോ അക്ഷരങ്ങളും ചിത്രങ്ങളും ചേര്‍ന്നോ ഉള്ള ഇ-ബുക്കളാണ് കൈകാര്യം ചെയ്യാനെളുപ്പം. വലിപ്പക്കുറവ്, കോപ്പി-പെയ്സ്റ്റ് സാദ്ധ്യത എന്നിവയാണ് ഇവയുടെ മേന്മകള്‍.
ഫയല്‍ ഫോര്‍മാറ്റുകള്‍
പല തരം ഫോര്‍മാറ്റുകളില്‍ ഇ-ബുക്കുകള്‍ ലഭ്യമാണ്. ഏറ്റവും പ്രചാരമുള്ളത് പി.ഡി.എഫ്. തന്നെയാകും. ദെയ്ഷാവു (DjVu), ഇപബ് (EPUB) എന്നീ ഫോര്‍മാറ്റുകള്‍ ഇ-ബുക്കുകളെ ലക്ഷ്യമിട്ടുള്ളവയാണ്. ഇവ കൂടാതെ ഒ.ഡി.റ്റി., ആര്‍.ടി.എഫ്., ഡോക്ക് (.doc/.docx) എന്നീ ഡോക്യുമെന്റ് ഫോര്‍മാറ്റുകളിലും എച്ച്.ടി.എം.എല്‍. രൂപത്തിലും ഇ-ബുക്കുകള്‍ വരാം. ഇവയില്‍ അക്ഷരങ്ങളും ചിത്രങ്ങളും ഒരുപോലെ വരാം.
സ്കാനിങ് മേഖലയിലെ പ്രമുഖ ഫോര്‍മാറ്റ് ടിഫ് (TIFF) ആണ്. അക്ഷരങ്ങള്‍ മാത്രമുള്ള ഇ-ബുക്കുകള്‍ക്ക് പ്ലെയിന്‍ടെക്സ്റ്റ് ഫോര്‍മാറ്റും (.txt) ഉപയോഗിയ്ക്കാം.
ഇ-ബുക്ക് വായന
ഒരു ഇ-ബുക്ക് വായിയ്ക്കാന്‍ അതിന്റെ ഫയല്‍ ഫോര്‍മാറ്റ് പിന്തുണയ്ക്കുന്ന ഒരു ഉപകരണം വേണം. ഇപ്പറഞ്ഞ പിന്തുണ ഏറ്റവും കൂടുതലുള്ളത് കമ്പ്യൂട്ടറിനായതുകൊണ്ട് ഇ-വായനയുടെ പാരമ്യം കമ്പ്യൂട്ടര്‍ തന്നെ. ഇ-ബുക്ക്/ഡോക്യുമെന്റ് റീഡര്‍ പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറിലുണ്ടാവേണ്ടത് അവശ്യമാണ്. സാധാരണ പി.ഡി.എഫ്. റീഡറുകള്‍ തന്നെ ധാരാളമാണ്. ഗ്നു/ലിനക്സിനൊപ്പം വരാറുള്ള എവീന്‍സ്, ഒക്കുലാര്‍ എന്നീ പ്രോഗ്രാമുകള്‍ നല്ല ഇ-ബുക്ക് റീഡറുകളാണ്. അഡോബീ അക്രോബാറ്റ് റീഡറും ഈ ആവശ്യത്തിനുപയോഗിയ്ക്കാം.
ഇങ്ങനെയൊക്കെയാണെങ്കിലും കമ്പ്യൂട്ടര്‍ സ്ക്രീനിലെ വായന വലിയ ബുദ്ധിമുട്ടാണ്. ഒരു പുസ്തകം കയ്യില്‍പ്പിടിയ്ക്കുന്ന ലാളിത്യവും സുഖവും കിട്ടില്ലെന്ന പ്രശ്നം വേറെയും. ഇവിടെയാണ് ഇ-ബുക്ക് റീഡറുകളുടെ പ്രസക്തി. ഇ-വായനയ്ക്ക് മാത്രമായി തയ്യാറാക്കിയ ഇവ കൈകാര്യം ചെയ്യാനെളുപ്പവും കണ്ണിന് ആയാസമുണ്ടാക്കാത്തതുമാണ്. ആമസോണ്‍, ബാണ്‍സ് ആന്‍ഡ് നോബ്ള്‍ എന്നീ കമ്പനികളുടെ കിന്‍ഡിലും (Kindle) നൂക്കും (Nook) ആണ് പ്രമുഖ ഇ-റീഡര്‍ ബ്രാന്‍ഡുകള്‍. ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ഇ-റീഡറായി ഉപയോഗിയ്ക്കാമെങ്കിലും തനത് റീഡറുകളുടെ സുഖം കിട്ടാനിടയില്ല.
പകര്‍പ്പവകാശത്തിന്റെ പ്രശ്നങ്ങള്‍
സാങ്കേതികവിദ്യയും ഇന്റര്‍നെറ്റും നമ്മെ പഠിപ്പിച്ച സുകുമാരകലയാണ് മോഷണം. ‘ഓള്‍ റൈറ്റ്സ് റിസേര്‍വ്ഡ്’ എന്നെഴുതിയ ഒരു സാധനം ഇന്റര്‍നെറ്റില്‍നിന്ന് ‘ചുമ്മാതെ’ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഇത് മോഷണം/തട്ടിപ്പറി തന്നെയാണെന്ന് പലരും തിരിച്ചറിയുന്നില്ല. തിരിച്ചറിവുണ്ടെങ്കിലും ഒരു മാന്യനും അതില്‍ കുറ്റബോധം തോന്നാറുമില്ല.
എന്നാല്‍ നിയമങ്ങളെ ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. സ്രഷ്ടാവിന്റെ അനുമതിയില്ലാതെ ഒരു സൃഷ്ടി പകര്‍ത്തിയെടുക്കാന്‍ നമുക്ക് അവകാശമില്ല (നിയമപരമായി). ധാരാളും ഇ-ബുക്കുകള്‍ ഇങ്ങനെ പകര്‍പ്പവകാശത്തിനു കീഴിലുള്ളവയാണ്. കാശു കൊടുത്താല്‍ മാത്രം കിട്ടുന്നവയാവും അവ. ഇത്തരം പുസ്തകങ്ങള്‍ അനൗദ്യോഗിക വെബ്സൈറ്റുകളില്‍ ഫ്രീ ഡൗണ്‍ലോഡ് ആയി പ്രത്യക്ഷപ്പെടാമെന്നതുകൊണ്ട് കാണുന്ന സൗജന്യത്തിലെല്ലാം വീഴാതെ നോക്കുകയും വേണം. പകര്‍പ്പവകാശത്തിന്റെ നൂലാമാല വരാത്ത പുസ്തകങ്ങള്‍ രണ്ടു തരത്തിലുള്ളവയാണ്. ഒന്ന്, തീരെ പഴയവ (അമ്പതും നൂറും കൊല്ലം പഴക്കമുള്ളവ). രണ്ട്, പഴക്കമില്ലെങ്കിലും ഏതെങ്കിലും സ്വതന്ത്രലൈസന്‍സിനു കീഴില്‍ പ്രസിദ്ധീകരിച്ചവ.
വിജ്ഞാനം സ്വതന്ത്രമാക്കുകയാണ് സാമൂഹികപുരോഗതിയ്ക്കാവശ്യം എന്നു വിശ്വസിയ്ക്കുന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുഭാവികളാണ് ക്രിയേറ്റീവ് കോമണ്‍സ് പോലുള്ള സ്വതന്ത്രലൈസന്‍സുകള്‍ക്കു കീഴില്‍ പുസ്തകമിറക്കുന്നത്. ഇവ ആര്‍ക്കും ഉപയോഗിയ്ക്കുകയും പകര്‍ത്തുകയും പുനഃപ്രസിദ്ധീകരിയ്ക്കുകയും ചെയ്യാം. ഇ-ബുക്കകള്‍ ഇങ്ങനെ പുറത്തിറക്കുന്നത് തീര്‍ത്തും പ്രായോഗികമാണ് (അച്ചടിച്ച പുസ്തകങ്ങളാവുമ്പോള്‍ പ്രസാധകര്‍ക്ക് സാങ്കേതികകാരണങ്ങള്‍ പറയാനുണ്ടാവും; ഇ-ബുക്കുകള്‍ക്ക് അത്തരം ബാദ്ധ്യതയൊന്നും വേണ്ടല്ലോ).
വിക്കിബുക്സ്, പ്രൊജക്റ്റ് ഗുട്ടന്‍ബര്‍ഗ്ഗ് തുടങ്ങി ഇന്റര്‍നെറ്റില്‍ ഇത്തരം സ്വതന്ത്രപുസ്തകങ്ങളുടെ സ്രോതസ്സുകള്‍ വികസിച്ചുവരികയാണ്.
ഓണ്‍ലൈന്‍ ഇ-ബുക്ക് സ്രോതസ്സുകള്‍
ഇ-ബുക്കുകളുടെ വലിയൊരു ശേഖരമാണ് ഇന്റര്‍നെറ്റിലുള്ളത്. ഇത് രണ്ടു തരത്തിലാകാം: ഇ-കൊമേഴ്സ് സൈറ്റുകളിലൂടെ വാങ്ങാനാവുന്നവ, സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നവ. രണ്ടുതരത്തിലുമുള്ള ഇ-ബുക്ക് വെബ്സൈറ്റുകള്‍ നമുക്ക് പരിചയപ്പെടാം.
പ്രൊജക്റ്റ് ഗുട്ടന്‍ബര്‍ഗ്ഗ്
ഇന്റര്‍നെറ്റിലെ ഏറ്റവും പ്രശസ്തമായ ഇ-ബുക്ക് സ്രോതസ്സാണ് പ്രൊജക്റ്റ് ഗുട്ടന്‍ബര്‍ഗ്ഗ് (Project Gutenberg). 1971-ല്‍ മൈക്കല്‍ എസ്. ഹാര്‍ട്ട് സ്ഥാപിച്ച ഇത് ലോകത്തിലെ ഏറ്റവും പഴയ ഡിജിറ്റല്‍ ലൈബ്രറി കൂടിയാണ്. 2014-ലെ കണക്കനുസരിച്ച് 45,000-ലേറെ രേഖകള്‍ ഇതിലുണ്ട്.
ഇതിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ രജിസ്ട്രേഷനോ പണച്ചെലവോ കൂടാതെ ഈ ഗ്രന്ഥശേഖരം ഉപയോഗിയ്ക്കാം. ഇംഗ്ലീഷിനു പുറമെയുള്ള ഭാഷകളിലും പുസ്തകങ്ങള്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ വ്യത്യസ്ത ഇ-ബുക്ക് ഫോര്‍മാറ്റകളില്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.
വെബ്സൈറ്റ്: gutenberg.org
വിക്കിബുക്സ്
പ്രതാപിയായ ബ്രിട്ടാനിക്കയെലും മൈക്രോസോഫ്റ്റിന്റെ സൃഷ്ടിയായ എന്‍കാര്‍ട്ടയെയുമെല്ലാം തറപറ്റിച്ച ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ (ഉള്ളടക്കം കൊണ്ടും സ്വീകാര്യത കൊണ്ടും). പൊതുജനപങ്കാളിത്തം ഒന്നുകൊണ്ടുമാത്രം ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാനകോശം രൂപപ്പെടുത്താമെന്ന് അത് തെളിയിച്ചു. ഇ-ബുക്കുകളുടെ വ്യാപനത്തിനുമുമ്പ് ഇന്റര്‍നെറ്റിന് ഒരു ഗ്രന്ഥാലയസ്വഭാവം നല്‍കാന്‍ വിക്കിപീഡിയയ്ക്ക് തനിയെ സാധിച്ചു എന്ന് പറയാം.
വിക്കിപീഡിയയുടെ മേല്‍നോട്ടക്കാരായ വിക്കിമീഡിയ ഫൗണ്ടേഷന്റെ തന്നെ സംരംഭമാണ് ‘വിക്കിബുക്സ്’ (Wikibooks). വിക്കിബുക്സിന്റെ ഉള്ളടക്കം മുഴുവന്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സിനുകീഴിലാണ്. സൗജന്യവും സ്വതന്ത്രവുമായ ഇവ ആര്‍ക്കും വിതരണം ചെയ്യാം. ഇതിന്റെ അലക്സ റാങ്ക് 2,529 ആണ്.
വെബ്സൈറ്റ്: wikibooks.org
ഗൂഗ്ള്‍ പ്ലേ ബുക്സ്
അമ്പതുലക്ഷത്തിലേറെ പുസ്തകങ്ങളുള്ള ഗൂഗ്ള്‍ പ്ലേ ബുക്സ് ആണ് ലോകത്തിലെ ഏറ്റവും വലിയ ഇ-ബുക്ക് വിപണി. എന്നാല്‍ കര്‍ശനമായ പകര്‍പ്പവകാശ നിബന്ധനകളാണ് ഇതിനുള്ളത്. പ്ലേ സ്റ്റോറില്‍ നിന്ന് വാങ്ങുന്നത് സത്യത്തില്‍ പുസ്തകമല്ല, അതു വായിയ്ക്കാനുള്ള അനുമതി മാത്രമാണ്. രാജ്യാന്തരയാത്രപോലും ഇതിനെ ബാധിയ്ക്കാം.
വെബ്സൈറ്റ്: play.google.com
ആമസോണ്‍.കോം
ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്റ്റോര്‍ ആയ ആമസോണ്‍ ആരംഭിച്ചതുതന്നെ ഇ-ബുക്ക് വിപണി ആയിട്ടാണ്. കിന്‍ഡില്‍ ഇ-റീഡറും ഇവരുടേതാണ്. അലക്സ റാങ്ക് പ്രകാരം amazon.com പത്താം സ്ഥാനത്താണ്.
ഇങ്ങനെയൊക്കെയാനെങ്കിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വാദികള്‍ ആമസോണുമായി അത്ര രസത്തിലല്ല.
വെബ്സൈറ്റ്: amazon.com
ഫ്ലിപ്കാര്‍ട്ട്
ഇന്ത്യയില്‍ പ്രചാരമുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്കാര്‍ട്ട്, ഇ-ബുക്കുകള്‍ക്ക് പ്രത്യേകശ്രദ്ധ നല്‍കുന്നുണ്ട്. സംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത ഫ്ലിപ്കാര്‍ട്ട്, പലരും കരുതുന്നതുപോലെ (സാങ്കേതികമായി) ഒരു ഇന്ത്യന്‍ കമ്പനിയല്ല.
വെബ്സൈറ്റ്: flipkart.com
ഗൂഗ്ള്‍ ബുക്സ്
ഗൂഗ്ള്‍ സ്കാന്‍ ചെയ്തുസൂക്ഷിച്ച പുസ്തകങ്ങളിലെ എഴുത്തിനുള്ളില്‍ തിരയാനുള്ള സൗകര്യമാണ് ഗൂഗ്ള്‍ ബുക്സ്. ഒ.സി.ആര്‍. സങ്കേതമാണ് ഇതിന്റെ കാതല്‍. വെബ്സൈറ്റ്: books.google.com
മറ്റ് സ്രോതസ്സുകള്‍
ഇനിയും ധാരാളും ഇ-ബുക്ക് വെബ്സൈറ്റുകള്‍ ഇന്റര്‍നെറ്റിലുണ്ട്. ഒരു പട്ടിക ഇതാ: http://ebookfriendly.com/free-public-domain-books-sources/
ഇ-ബുക്കുകള്‍ പ്രശ്നക്കാരോ?
ഇ-ബുക്കുകളുടെ മേന്മകളും ചില ഇ-ബുക്ക് സ്രോതസ്സുകളുമെല്ലാം നാം പരിചയപ്പെട്ടു. ഇ-ബുക്കുകളുയര്‍ത്തുന്ന പ്രശ്നങ്ങളും ഇവിടെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇ-ബുക്കുകളുടെ പ്രധാനമേന്മയായി പറയാറുള്ള ഒരു കാര്യമാണ് പരിസ്ഥിതിസൗഹാര്‍ദം. കടലാസിനായി മരം മുറിയ്ക്കേണ്ട എന്നതാണ് ഇതു പറയാന്‍ കാരണം. അച്ചടിവ്യവസായത്തിന്റെ ഫലമായുണ്ടാകുന്ന മലിനീകരണവും കൂട്ടിവായിയ്ക്കാം. എന്നാല്‍ ഇ-ബുക്കുകള്‍ ഉയര്‍ത്തുന്ന പരിസ്ഥിതിപ്രശ്നങ്ങള്‍ നാം അവഗണിയ്ക്കുന്നു. ഇലക്ട്രോണിക് മാലിന്യം (വായനയ്ക്കുള്ള ഉപകരണങ്ങള്‍), വൈദ്യുതോപഭോഗം എന്നിവയാണവ. അതായത്, കടലാസുപുസ്തകങ്ങളും ഇ-ബുക്കുകളും ഒരേപോലെ പാരിസ്ഥിതികപ്രശ്നങ്ങളുയര്‍ത്തുന്നുണ്ട് (വനവത്കരണം, കടലാസിന്റെ പുനഃചംക്രമണം എന്നിവ അച്ചടിയെ കൂടുതല്‍ പരിസ്ഥിതിസൗഹൃദമാക്കുന്നു). പാടെ തള്ളിക്കളയാനല്ല, ഇ-ബുക്കുകള്‍ ‘ഗ്രീന്‍ ടെക്നോളജി’ ആണെന്ന് അന്ധമായി വിശ്വസിയ്ക്കാതിരിയ്ക്കാനാണ് ഇതു പറഞ്ഞത്.
ചില രീതിയിലുള്ള ഇ-ബുക്കുകള്‍ സ്വാതന്ത്ര്യം, സ്വകാര്യത എന്നിവയ്ക്ക് ദോഷമാണെന്ന വാദവുമുണ്ട്. ഇതേപ്പറ്റി കൂടുതലറിയാന്‍ സന്ദര്‍ശിയ്ക്കുക:
- https://www.gnu.org/philosophy/the-danger-of-ebooks.html
- https://www.gnu.org/philosophy/the-danger-of-ebooks.ml.html (മലയാളം)
എന്തൊക്കെയായാലും പുസ്തകപ്രസാധനം, വിതരണം, വായന തുടങ്ങിയ മേഖലകളിലെല്ലാം ഇ-ബുക്കുകള്‍ ഇരിപ്പുറപ്പിച്ചു എന്ന് വ്യക്തം. അവയ്ക്ക് ഈ രംഗങ്ങളില്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനുമാവും.
ഇ-ബുക്ക് വായന: ചില നല്ല ശീലങ്ങള്‍
- കമ്പ്യൂട്ടറില്‍ ഇ-ബുക്ക് വായിയ്ക്കുമ്പോള്‍ സ്ക്രോള്‍ ചെയ്യാന്‍ (പേജ് നീക്കാന്‍) മിക്കവരും മൗസാവും ഉപയോഗിയ്ക്കുക. മൗസിന്റെ അമിത ഉപയോഗം കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകാം. അതുകൊണ്ട് സ്ക്രോളിങ്ങിന് കീബോഡ് ഉപയോഗിയ്ക്കാം. എളുപ്പവും ഇതാണ്. ആരോ കീകള്‍ ഉപയോഗിച്ചാണ് സ്ക്രോള്‍ ചെയ്യേണ്ടത്. പേജ് അപ്പ്, പേജ് ഡൗണ്‍ എന്നീ കീകള്‍ ഉപയോഗിച്ചാല്‍ ഓരോ പേജ് അകലത്തില്‍ത്തന്നെ സ്ക്രോളിങ് നടക്കും.
- ചില വെബ്സൈറ്റുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ഇ-ബുക്കുകളുടെ ഫയല്‍നെയിം അക്കങ്ങളും മറ്റുമായിരിയ്ക്കും. ഡൗണ്‍ലോഡ് ചെയ്തയുടന്‍ ഇവ തിരിച്ചറിയാവുന്ന രൂപത്തില്‍ റീനെയിം ചെയ്ത് അനുയോജ്യമായ ഫോള്‍ഡറില്‍ സൂക്ഷിയ്ക്കുക. പിന്നീടുള്ള തെരച്ചിലുകള്‍ക്ക് ഇത് ഗുണം ചെയ്യും.
- വെളുത്ത നിറം കാണിയ്ക്കാനാണ് മോണിറ്റര്‍ കൂടുതല്‍ വൈദ്യുതിയും വെളിച്ചവും ഉപയോഗിയ്ക്കുന്നത്. കറണ്ടുബില്ല് കൂട്ടുന്നതോടൊപ്പം കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും സ്ക്രീനിലെ തീക്ഷ്ണമായ വെള്ളനിറം. അതുകൊണ്ട് ഇ-ബുക്കിലെ എഴുത്തുകള്‍ ഒരു വേഡ് പ്രൊസസറിലേയ്ക്ക് പേസ്റ്റ് ചെയ്ത് കറുത്ത പശ്ചാത്തലത്തില്‍ വെളുത്ത അക്ഷരങ്ങളാക്കി വായിയ്ക്കാം.
- കുലുക്കമുള്ള യാത്രകളില്‍ ഇ-ബുക്ക് വായനയും ഒഴിവാക്കേണ്ടതുതന്നെ. ഈ അവസരത്തില്‍ വേണമെങ്കില്‍ ടെക്സ്റ്റ്-റ്റു-സ്പീച്ച് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പുസ്തകം വായിച്ചുകേള്‍ക്കാം.
- ഇ-ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും പങ്കുവയ്ക്കുമ്പോഴും പകര്‍പ്പവകാശനിബന്ധനകള്‍ പാലിയ്ക്കുക.