പഠനം രസകരമാക്കാനും ക്ലാസില്‍ കുട്ടികള്‍ മയങ്ങിവീഴുന്നത് ഒഴിവാക്കാനുമാണ് സ്കൂളുകള്‍ 'ഹൈടെക്' ആകുന്നത്. സംഭവിക്കുന്നതോ, എങ്ങുനിന്നോ ഡൗണ്‍ലോഡ് ചെയ്ത കുറേ സ്ലൈഡുകളുമായി അദ്ധ്യാപകര്‍ ക്ലാസിലെത്തുന്നു. പ്രൊജക്റ്റര്‍ സ്ക്രീനില്‍ സ്ലൈഡുകള്‍ നീങ്ങുന്നതനുസരിച്ച് കുട്ടികള്‍ ഗാഢനിദ്രയിലാഴുന്നു.
പവര്‍പോയിന്റിലോ ഇംപ്രസ്സിലോ തയ്യാറിക്കിയ സ്ലൈഡുകള്‍ മാത്രമാണ് നിങ്ങളുടെ ഇ-ലേണിങ് ലോകമെങ്കില്‍ അറിയുക, ഇതിനേക്കാള്‍ മടുപ്പിക്കുന്ന ഒരു സാധനം വേറെയില്ല. സജീവമായി, സ്വന്തം ഊര്‍ജമുപയോഗിച്ച് പഠിപ്പിക്കുമ്പോള്‍ ഒരു സഹായത്തിന് സ്ലൈഡുകള്‍ ഉപയോഗിക്കാം. എന്നാല്‍ വിതരണം ചെയ്യാനുള്ള ഇ-വിഭവങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാകണം. പറ്റുമെങ്കില്‍ പഠിതാക്കള്‍ക്കുകൂടി പങ്കെടുക്കാവുന്നതായിരിക്കണം. എങ്ങനെയാണ് അത്തരം വിഭവങ്ങള്‍ തയ്യാറാക്കുക?
ഇ-ലേണിങ് ഓതറിങ് ടൂളുകള്‍
ഡിജിറ്റല്‍ വിഭവങ്ങള്‍ തയ്യാറാക്കാന്‍ സഹായ്ക്കുന്ന ഏതൊരു സംവിധാനവും ഓതറിങ് ടൂള്‍ ആണ്. ഒരുകണക്കിന് സാധാരണ പ്രസന്റേഷന്‍ സോഫ്റ്റ്‌വെയറും വീഡിയോ എഡിറ്ററുകളുമെല്ലാം ഈ വിഭാഗത്തില്‍പ്പെടും. എന്നാല്‍ പഠനവിഭവങ്ങള്‍ തയ്യാറാക്കുക എന്ന പ്രത്യേകലക്ഷ്യത്തോടെയുള്ളവയാണ് 'ഇ-ലേണിങ് ഓതറിങ് ടൂളു'കള്‍ (eLearning Authoring Tools). വെബ് പേജുകള്‍ പോലെ ലിങ്കുകള്‍ പിന്തുടര്‍ന്ന് മുന്നേറാവുന്ന ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കാനും ക്വിസ്സുകള്‍, ചേരുംപടിചേര്‍ക്കുക പോലുള്ള പ്രവര്‍ത്തനങ്ങള്‍ അതിലുള്‍പ്പെടുത്താനുമെല്ലാം ഇവ സഹായിക്കും. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ലൈസന്‍സില്‍ത്തന്നെ ഇത്തരം ടൂളുകള്‍ കിട്ടാനുണ്ട്.
ഇഎക്സ്ഇലേണിങ്
ഏറെ വികസിച്ച ഒരു ഇ-ലേണിങ് ഓതറിങ് ടൂളാണ് ഇഎക്സ്ഇലേണിങ് (eXeLearning). eXeLearning.net എന്ന വെബ്‌സൈറ്റില്‍നിന്ന് ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഗ്നു/ലിനക്സിലും വിന്‍ഡോസിലും മാക്കിലും പ്രവര്‍ത്തിക്കും. ഇന്‍സ്റ്റാള്‍ ചെയ്യാതെ ഉപയോഗിക്കാവുന്ന പതിപ്പുമുണ്ട്.
ബ്രൗസറിലാണ് ഇഎക്സ്ഇലേണിങ് പ്രവര്‍ത്തിക്കുക. ഉള്ളടക്കം അദ്ധ്യായങ്ങളായി ക്രമീകരിക്കാം. ഇടതുവശത്തുള്ള ടൂള്‍ബാര്‍ ഉപയോഗിച്ച് എഴുത്തും ചിത്രവും പ്രവര്‍ത്തനങ്ങളുമെല്ലാം പേജിലുള്‍പ്പെടുത്താം. ഇങ്ങനെ തയ്യാറാക്കിയ പഠനവിഭവം പല ഫോര്‍മാറ്റിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാനാവും. ശേഷം സൈറ്റിലുള്‍പ്പെടുത്തുകയോ ഓഫ്‌ലൈന്‍ ഉപയോഗത്തിന് പെന്‍ഡ്രൈവിലും മറ്റുമാക്കി വിതരണം ചെയ്യുകയോ ചെയ്യാം. ഇവയും ബ്രൗസറിലാണ് പ്രവര്‍ത്തിക്കുക എന്നതുകൊണ്ട് വിദ്യാര്‍ത്ഥി ഏത് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നു എന്നത് വിഷയമാകുന്നില്ല. വിദ്യാര്‍ത്ഥിയുടെ കംപ്യൂട്ടറില്‍ ഇഎക്സ്ഇലേണിങ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട കാര്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
സമാനമായ മറ്റൊരു സംരംഭമാണ് openelearning.org.
H5P
ഓണ്‍ലൈനായി ഒറ്റയ്ക്കോ കൂട്ടായോ പഠനവിഭവങ്ങള്‍ തയ്യാറാക്കാനും പങ്കുവയ്ക്കാനുമെല്ലാം സഹായിക്കുന്ന സംരംഭമാണിത്. h5p.org എന്നതാണ് വെബ്‌സൈറ്റ്. വേഡ്പ്രസ്, ഡ്രുപ്പാല്‍, മൂഡില്‍ തുടങ്ങി പല വെബ്‌സൈറ്റ് സംവിധാനങ്ങള്‍ക്കുമൊപ്പം ഇത് ഉപയോഗിക്കാനാവും.
എല്‍എംഎസ്സുകളും ഓതറിങ് ടൂളുകളും BOX
ഇ-ലേണിങ് വിഭവങ്ങള്‍ തയ്യാറാക്കാനുള്ളതാണ് ഓതറിങ് ടൂളുകള്‍. അതേസമയം ഇ-ലേണിങ് കോഴ്സുകള്‍ നടത്താനുള്ള പരിപൂര്‍ണ സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളാണ് മൂഡില്‍ പോലുള്ള ലേണിങ് മാനേജ്മെന്റ് സിസ്റ്റങ്ങള്‍. യൂസര്‍ അക്കൗണ്ടുകള്‍, പാഠ്യപദ്ധതി, ചര്‍ച്ചാവേദികള്‍, വിലയിരുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാമുള്ള സംവിധാനം എല്‍എംഎസ്സിലുണ്ടാകും. ഓതറിങ് ടൂളുകളുടെ സഹായത്തോടെ ഉള്ളടക്കം തയ്യാറാക്കുകയും എല്‍എംഎസ് വഴി അവ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതാണ് പൊതുവെയുള്ള രീതി.
ഡിലീറ്റ് ചെയ്യേണ്ട, ഓഫ്‌ലൈന്‍ വിഭവങ്ങള്‍ BOX
അതിവേഗ ഇന്റര്‍നെറ്റിന്റെ ഇക്കാലത്ത് സിഡിയും മറ്റും പഴഞ്ചനായി അനുഭവപ്പെടാം. എന്നാല്‍ ഓഫ്‌ലൈന്‍ വിഭവങ്ങള്‍ ഇപ്പോഴും പ്രധാനപ്പെട്ടവ തന്നെ (സിഡിയില്‍ത്തന്നെ വേണമെന്നില്ല, ഫ്ലാഷ് ഡ്രൈവിലുമാകാം). കാരണം,
- ഇനിയും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത ഇടങ്ങള്‍ ലോകത്തുണ്ട്.
- ഓണ്‍ലൈന്‍ പഠനസംവിധാനങ്ങളേക്കാള്‍ സ്വകാര്യതയും സുരക്ഷയും ഓഫ്‌ലൈന്‍ വിഭവങ്ങള്‍ക്കുണ്ടാകും.
- ഇന്റര്‍നെറ്റ് തടസങ്ങള്‍ -- അപ്രതീക്ഷിതമായാലും മനഃപൂര്‍വമായ നിയന്ത്രണമായാലും -- പഠനത്തെ ബാധിക്കില്ല.
- കണക്ഷന്റെ വേഗം വര്‍ദ്ധിച്ചുകൊണ്ടേയേരിക്കുകയാണെങ്കിലും മള്‍ട്ടിമീഡിയാ ഫയലുകളുടെ വലിപ്പവും അതിനൊത്ത് വര്‍ദ്ധിക്കുന്നുണ്ട്. എച്ച്ഡി വീഡിയോ തടസ്സമില്ലാതെ പ്ലേ ചെയ്യാവുന്ന രീതിയിലേക്ക് നമ്മുടെ നാട്ടിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ വളര്‍ന്നുവെങ്കിലും ഏറെ സങ്കീര്‍ണമായ സിമുലേഷനുകളും ഗെയിമുകളുമൊന്നും ഓണ്‍ലൈനായി പ്രവര്‍ത്തിക്കണമെന്നില്ല. വെര്‍ച്വല്‍ റിയാലിറ്റി പോലെ വരാനിരിക്കുന്ന വിപ്ലവങ്ങളെക്കുറിച്ചോര്‍ക്കുക.
ഫ്ലാഷില്‍നിന്ന് വെബ്ബിലേക്ക് BOX
കളികളും മറ്റും ഉള്‍പ്പെടുത്തി ഇന്ററാക്റ്റീവ് സിഡികള്‍ നിര്‍മിക്കാന്‍ ഫ്ലാഷ് ആയിരുന്നു ഉപയോഗത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ ഫ്ലാഷ് കാലഹരണപ്പെട്ട ഒന്നായിമാറി. എന്നാല്‍ ഇതിനെ പകരം വയ്ക്കാന്‍ എച്ച്ടിഎംഎല്‍5 അടക്കമുള്ള വെബ് സങ്കേതങ്ങള്‍ക്കാകും. ഒരു നല്ല ബ്രൗസര്‍ മാത്രമാണാവശ്യം. ഓഫ്‌ലൈനായും ഇവ പ്രവര്‍ത്തിക്കും.