അപൂര്‍ണവിവരം അടിസ്ഥാനമാക്കി തിരയാനും ഉദ്ദേശിച്ചത് കണ്ടെത്താനും ഇന്റര്‍നെറ്റോളം നല്ല സ്ഥലം വേറെയില്ല. ടി.വി.യില്‍ കണ്ട നടന്റെ പേരറിയാന്‍ ചിത്രത്തിന്റെയോ കഥാപാത്രത്തിന്റെയോ പേരു നല്‍കിയാല്‍ മതി. മുറ്റത്തു കണ്ട പാമ്പിനെ തിരിച്ചറിയാന്‍ അതിന്റെ പടമെടുത്ത് പോസ്റ്റുചെയ്താല്‍ മതി.
രോഗനിര്‍ണയവും ഇതേ ലാഘവത്തോടെ സാദ്ധ്യമാകും എന്നതാണ് ഇതിന്റെ കുഴപ്പം. വെറും ജലദോഷപ്പനി മാത്രമുള്ള ഒരാള്‍, രോഗലക്ഷണങ്ങള്‍ നെറ്റില്‍ നല്‍കി എത്തിച്ചേരുന്ന നിഗമനം തനിക്ക് വല്ല ഡെങ്കിപ്പനിയോ ചിക്കന്‍ഗുനിയയോ ആണെന്നായിരിക്കും. ഗൗരവമുള്ള രോഗങ്ങള്‍ നിസ്സാരവല്‍ക്കരിക്കുക എന്ന മറുവശവും ഇതിനുണ്ടെങ്കിലും അത് വളരെ കുറച്ചുപേരുടെ മാത്രം സ്വഭാവമാണ്.
ഓണ്‍ലൈന്‍ വിഭവങ്ങളെ അടിസ്ഥാനമാക്കി സ്വന്തം ആരോഗ്യസ്ഥിതിയെക്കുറിച്ച് ഉത്കണ്ഠാകുലനാകുന്ന അവസ്ഥയാണ് സൈബര്‍കോണ്‍ഡ്രിയ (Cyberchondria) അഥവാ കംപ്യൂകോണ്‍ഡ്രിയ (Compucondria). 'സൈബര്‍', 'ഹൈപ്പോകോണ്‍ഡ്രിയ' എന്നീ വാക്കുകള്‍ ചേര്‍ന്നാണ് സൈബര്‍കോണ്‍ഡ്രിയ എന്ന വാക്കുണ്ടാവുന്നത്. ഇല്ലാത്ത അസുഖത്തെക്കുറിച്ച് ആവലാതിപ്പെടുന്ന അവസ്ഥയാണ് ഹൈപ്പോകോണ്‍ഡ്രിയ (Hypochondria).
2001 മുതല്‍ക്കുതന്നെ സൈബര്‍കോണ്‍ഡ്രിയ എന്ന വാക്ക് ഉപയോഗത്തിലുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട വിക്കിപീഡിയാ പേജ് പറയുന്നത്. രോഗങ്ങളെക്കുറിച്ചുള്ള അനാവശ്യഭയത്തിന് ഇന്റര്‍നെറ്റ് വളമാകുന്നതായി മുമ്പും അഭിപ്രായമുണ്ടായിട്ടുണ്ട്. ശരീരത്തിന് ചെറിയൊരു മാറ്റം വരുമ്പോഴോ മറ്റുള്ളവരുടെ രോഗവിവരം കേള്‍ക്കുമ്പോഴോ അതേപ്പറ്റി കൂടുതലറിയാന്‍ ആര്‍ക്കും കൗതുകം തോന്നും. ഇന്റര്‍നെറ്റ് ലഭ്യമാണെങ്കില്‍ അപ്പോള്‍തന്നെ തിരച്ചിലും കഴിയും. പതുക്കെ മറന്നുപോകാമായിരുന്ന ഒരു കാര്യത്തിന്റെ ഗതി അതോടെ മാറുന്നു. വിവരണങ്ങളും ലിങ്കുകളും പിന്നിട്ട് 'രോഗി' എത്തുക തനിക്കേതോ മാറാരോഗമാണെന്ന നിഗമനത്തിലായിരിക്കും!
ആരോഗ്യവെബ്സൈറ്റുകള്‍ക്ക് എക്കാലവും നല്ല പ്രചാരമാണ്. Webmd.com ഇതിന് നല്ലൊരുദാഹരണമാണ്. 1996-ലാണ് വെബ്എംഡി സ്ഥാപിതമായത് (തൊണ്ണൂറുകളുടെ തുടക്കത്തിലേ വെബ്ബ് തന്നെ ഉണ്ടായിട്ടുള്ളൂ). ആഗോളതലത്തില്‍ 495-ഉം അമേരിക്കയില്‍ 170-ഉം ആണ് ഇതിന്റെ അലക്സ റാങ്ക്. ഇവര്‍ക്ക് രണ്ടായിരത്തോളം ജോലിക്കാരുമുണ്ട്. ഡോക്ടര്‍മാരെ കളിയാക്കാറുള്ള പല കലാസൃഷ്ടികളിലും അവരും വെബ്എംഡി ഉപയോഗിക്കുന്നതായി കാണിക്കാറുണ്ട്.
ഇത്തരം സൈറ്റുകള്‍ തരുന്ന അറിവും പൊടിക്കൈകളുമെല്ലാം തീര്‍ച്ചയായും വിലപ്പെട്ടതുതന്നെ. ഇതെല്ലാം ഏത് രീതിയില്‍ ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് വായനക്കാര്‍ തന്നെയാണ്. ഈ സൈറ്റുകളില്‍ ജിജ്ഞാസുക്കളെയും പഠിതാക്കളെയും ഉദ്ദേശിച്ചു പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് വായനക്കാരുടെ മാത്രം കുറ്റമാണ്. എന്നാല്‍ ട്രാഫിക്കും പരസ്യവരുമാനവും വര്‍ദ്ധിപ്പിക്കാനായി ആരോഗ്യസൈറ്റുകള്‍ അടുത്ത 'വിഭവം' ഒരുക്കുമ്പോള്‍ അവരും കുറ്റക്കാരായിത്തീരുന്നു.
ഓണ്‍ലൈന്‍ 'സിംടം ചെക്കറു'കളാണ് (Online Symptom Checker) പല പ്രമുഖ സൈറ്റുകളുടെയും നൈതികത ഇല്ലാതാക്കുന്നത്. രോഗലക്ഷണങ്ങള്‍ ടൈപ്പുചെയ്തുനല്കി രോഗം കണ്ടെത്തുന്ന ഈ ആശയം ഒറ്റനോട്ടത്തില്‍ ഉപയോഗപ്രദമെന്നുതോന്നാം. എന്നാല്‍, ഒരു ചിത്രം നോക്കി അതിലുള്ളത് പട്ടിയോ പൂച്ചയോ എന്നുപോലും വേര്‍തിരിച്ചറിയാനാകാത്ത കംപ്യൂട്ടറുകളോട് രോഗനിര്‍ണയം നടത്താനാവശ്യപ്പെടുന്നതിലെ മണ്ടത്തരം ഒന്നാലോചിച്ചുനോക്കുക. കംപ്യൂട്ടറില്‍ ശേഖരിച്ചുവച്ചിട്ടുള്ള ഒരു ഡേറ്റാബെയ്സുമായി സന്ദര്‍ശകന്‍ നല്കുന്ന അപൂര്‍ണവിവരങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ രോഗനിര്‍ണയം പരാജയപ്പെടാനുള്ള സാദ്ധ്യത വളരെ വലുതാണ്. ജീവനുള്ള ഡോക്ടര്‍മാര്‍ ചുറ്റുവട്ടത്തുതന്നെ ഉള്ള സ്ഥിതിക്ക് ഇത്തരം ടൂളുകള്‍ അവതരിപ്പിക്കുന്നത് സൈറ്റുകള്‍ ചെയ്യുന്ന തെറ്റാണ്; ഉപയോഗിക്കുന്നത് നമ്മുടെയും. വായിച്ചാല്‍ മനസ്സിലാകാത്ത ഒരു 'ടേംസ് ഓഫ് സര്‍വീസ്' രേഖയുടെ ബലത്തില്‍ സൈറ്റുടമകള്‍ക്ക് കോടതിയില്‍ ജയിക്കാനായേക്കും. ജനകീയമായ ഉപരോധത്തിലൂടെ മാത്രമേ ഇത്തരം 'സേവനങ്ങളെ' ഇല്ലാതാക്കാനാവൂ.
ഇന്റര്‍നെറ്റ് എന്നത് ആര്‍ക്കും കയറി ഇടപെടാവുന്ന സ്ഥലമാണെന്നുമോര്‍ക്കണം. ഒരു വെബ്‌സൈറ്റ് തുടങ്ങുന്നത് തീരെ പ്രയാസമുള്ള കാര്യമല്ല. ഭൂമി പരന്നതാണെന്ന് വാദിക്കുന്നവര്‍ക്കുപോലും സ്വന്തമായി സൈറ്റുകളുണ്ടാവും. ഇത്തരം തലതിരിഞ്ഞ സിദ്ധാന്തങ്ങള്‍ക്കാകട്ടെ വായനക്കാരും ഏറെയാണ്. സൈറ്റുടമകള്‍ക്ക് വലിയ പരസ്യലാഭമാകും ഇത് കൊണ്ടുവരിക. അതുകൊണ്ട് സൈറ്റുകളുടെ ആധികാരികത പരിശോധിച്ച ശേഷം മതി വായനയും ആവലാതിയും.
കുപ്പിവെള്ളത്തില്‍ ഡൈഹൈഡ്രജന്‍ മോണോക്സൈഡ് എന്ന മാരകരാസവസ്തു ഉണ്ടെന്നുപറഞ്ഞ് വലിയൊരു ഭീതിത്തിരമാലതന്നെ ഉണ്ടാക്കാന്‍ ഒരിക്കല്‍ ഇന്റര്‍നെറ്റിന് കഴിഞ്ഞു. വെറും പച്ചവെള്ളത്തിന്റെ രാസനാമമാണ് ഡൈഹൈഡ്രജന്‍ മോണോക്സൈഡ് എന്നോര്‍ക്കാതെ സര്‍വരും പരിഭ്രാന്തരായി. റേഡിയേഷന്റെയും പ്രതിരോധമരുന്നുകളുടെയും പേരിലുള്ള പേടിപ്പിക്കലുകള്‍ ഇന്നും അതിരുകടക്കാറുണ്ട്.
കരുതല്‍ തീര്‍ച്ചയായും വേണം. എന്നാല്‍ എത്ര ഉറച്ച മനസ്സുള്ള ഒരാളുടെയും കരുതലിനെ പരിഭ്രാന്തിയാക്കിമാറ്റാന്‍ ഇന്റര്‍നെറ്റിന് കഴിയും. അതിനെതിരെയാവണം ശരിക്കുള്ള കരുതല്‍.