ക്യാമറകള്‍ക്ക് എന്നും ഭീഷണിയാണ് പൊടിയും ഫംഗസും. വലിപ്പക്കൂടുതലും അഴിച്ചുമാറ്റാവുന്ന ലെന്‍സുകളും എല്ലാം ഡിഎസ്എല്‍ആര്‍ പോലുള്ള മുന്തിയ ക്യാമറകളില്‍ ഇവ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ലെന്‍സിനു പുറത്ത് ചെറിയ രീതിയില്‍ ഉള്ള പൊടിയോ പോറലുകളോ ചിത്രത്തെ ബാധിച്ചെന്നു വരില്ല. എന്നാല്‍ ക്യാമറയ്ക്കകത്തുള്ള ചില ഭാഗങ്ങളിലെ അഴുക്ക് ചിത്രത്തിന്റെ നിലവാരത്തെ നേരിട്ട് ബാധിക്കുകയോ ഓട്ടോഫോക്കസ് പോലുള്ള സംവിധാനങ്ങളുടെ പരാജയത്തിന് കാരണമാവുകയോ ചെയ്യും. ഇതിനേക്കാളെല്ലാം ഭീകരമാണ് ലൈന്‍സിലെ ഫംഗസ് ബാധ. മികച്ച സര്‍വീസ് സെന്ററുകളെല്ലാം കയ്യൊഴിയുന്ന തരത്തില്‍ ലെന്‍സിനെ ഉപയോഗശൂന്യമാക്കാന്‍ ഫംഗസിന് കഴിയും. ക്യാമറയുടെ പുറംഭാഗം വൃത്തിയാക്കുന്നത് ആര്‍ക്കും ചെയ്യാവുന്നതാണ്. ചെറിയ രീതിയിലുള്ള സെന്‍സര്‍ ശുചീകരണത്തിന് ക്യാമറയുടെ മെനുവില്‍ ലഭ്യമായ ഓട്ടോക്ലീനിംഗ് സംവിധാനവും ഉപയോഗപ്പെടുത്താം. എന്നാല്‍ ഉള്ളിലെ മറ്റുരീതിയിലുള്ള വൃത്തിയാക്കലുകള്‍ക്ക് സര്‍വീസ് സെന്ററുകളെ സമീപിക്കുന്നതാണ് ഉചിതം. ചോദ്യമിതാണ്: ക്യാമറയില്‍ അഴുക്കോ ഫംഗസോ ഉണ്ടെന്ന് എങ്ങനെ മനസ്സിലാക്കും?
കാണാതെ കണ്‍മുന്നില്‍
ആദ്യത്തെ ലെന്‍സില്‍ ആദ്യമായി ഒരു പാടുവീഴുമ്പോള്‍ ഉള്ളിലൊരു കാളല്‍ ഉണ്ട്. വെപ്രാളപ്പെടുന്നതിനു പകരം ഒരു ചിത്രമെങ്കിലും എടുത്തു നോക്കിയാല്‍ അറിയാം നടന്നത് ഒരു ദുരന്തമേ അല്ലായിരുന്നു എന്ന്. ലെന്‍സിനു മുകളിലെ പാടുകളോ പോറലുകളോ ഒന്നും സാധാരണഗതിയില്‍ ഫോക്കസില്‍ അല്ല. അതുകൊണ്ടുതന്നെ ചിത്രങ്ങളില്‍ ഇവ നേരിട്ട് പ്രത്യക്ഷപ്പെടില്ല. ഏറെ മോശമാണെങ്കില്‍ ചിത്രങ്ങളുടെ മിഴിവ് കുറയും എന്ന് മാത്രം. ഈ ആശ്വാസത്തിന് മറ്റൊരു വശമുണ്ട്: ലെന്‍സിലെ ഫംഗസ് പോലെ തീവ്രമായ ഒരു കാര്യം പോലും നാം ഏറെകാലം തിരിച്ചറിഞ്ഞില്ലെന്നു വരും. അല്പം മനസ്സുവെച്ചാല്‍ കണ്ണും കംപ്യൂട്ടറുമുപയോഗിച്ച് നമുക്ക് ഈ പ്രശ്നങ്ങള്‍ കണ്ടെത്താം.
ലെന്‍സ് പരിശോധന
ലെന്‍സിന്റെ അവസ്ഥ, പ്രത്യേകിച്ച് ഫംഗസ് ബാധ അറിയാനുള്ള ഏറ്റവും നല്ല മാര്‍ഗം അതഴിച്ച് വെളിച്ചത്തിനുനേരെ പിടിച്ചുനോക്കല്‍ ആണ്. സൂര്യനുനേരെ പിടിച്ചും മറ്റും കണ്ണുകേടാക്കാതിരിക്കാന്‍ നല്ല ശ്രദ്ധ വേണം.
സാധാരണഗതിയില്‍ ലെന്‍സിന്റെ അപര്‍ച്ചര്‍ ഏറ്റവും ചുരുങ്ങിയാണ് ഉണ്ടാവുക. ലെന്‍സിനു പിന്നിലെ അപര്‍ച്ചര്‍ ലിവര്‍ ഉപയോഗിച്ച് ഇത് പൂര്‍ണ്ണമായും തുറക്കാനാകും.
ചിത്രമെടുക്കുമ്പോള്‍
ക്യാമറയിലെ അഴുക്കു കണ്ടെത്താന്‍ ചിത്രമെടുക്കേണ്ടത് വളരെ ചുരുങ്ങിയ അപര്‍ച്ചര്‍ (കൂടിയ എഫ് സംഖ്യ) ഉപയോഗിച്ച് വെളുത്ത പ്രതലത്തിനു നേരെയോ തെളിഞ്ഞ ആകാശത്തിനുനേരെയോ പിടിച്ചുകൊണ്ടാണ്. വിടര്‍ന്ന അപര്‍ച്ചറില്‍ ലെന്‍സിലെ പ്രശ്‍നങ്ങള്‍ ഔട്ട് ഓഫ് ഫോക്കസ് ആയിരിക്കുമെന്നതിനാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടില്ല. അതുകൊണ്ടാണ് ചുരുങ്ങിയ അപര്‍ച്ചര്‍ ഉപയോഗിക്കാന്‍ പറയുന്നത്. ഇങ്ങനെയെടുക്കുന്ന ചിത്രത്തില്‍ ഫംഗസ് പോലുള്ള പ്രശ്‍നങ്ങള്‍ വെറുംകണ്ണുകൊണ്ടുതന്നെ കണ്ടെത്താനായേക്കും. ഇമേജ് എഡിറ്റിങ്ങ് പ്രോഗ്രാമുകളുടെ സഹായത്തോടെ ഇത് കൂടുതല്‍ കാര്യക്ഷമമായി ചെയ്യാം. നിറങ്ങള്‍ ഇന്‍വേര്‍ട്ട് ചെയ്തുനോക്കുകയാണ് ഒരു വഴി (ഗിമ്പില്‍ Colours → Invert). കോണ്‍ട്രാസ്റ്റ് വര്‍ദ്ധിപ്പിച്ചുനോക്കുകയാണ് മറ്റൊരു വഴി. ചിത്രത്തിലെ വ്യത്യാസങ്ങള്‍ എടുത്തുകാട്ടാന്‍ ഉപകരിക്കുന്ന മറ്റ് ക്രമീകരണങ്ങളും നടത്തി നോക്കാം. ചില എഡിറ്റിങ്ങ് ആപ്ലിക്കേഷനുകളില്‍ ചിത്രത്തിലെ പാടുകള്‍ എളുപ്പം കണ്ടെത്താനും നീക്കം ചെയ്യാനും പ്രത്യക സൗകര്യം ഉണ്ടായിരിക്കും. അഡോബി ലൈറ്റ് റൂമില്‍ ഹീലിംഗ് ബ്രഷ് എന്ന ടൂള്‍ എടുത്താല്‍ 'വിഷ്വലൈസ് സ്പോട്ട്സ്' എന്നൊരു ഓപ്‌ഷന്‍ ലഭിക്കുമെന്ന് വായിച്ചിട്ടുണ്ട്.
പ്രശ്നങ്ങള്‍ ഉണ്ടോ എന്നും ക്യാമറയുടെ ഏത് ഘടകത്തിലാണെന്നും വ്യക്തമായി മനസ്സിലാക്കാന്‍ തീര്‍ച്ചയായും ഒന്നിലേറെ ചിത്രങ്ങള്‍ എടുക്കണം. അതും വ്യത്യസ്ത പശ്ചാത്തലങ്ങളും ലെന്‍സുകളും ഉപയോഗിച്ച്. ചിത്രമെടുക്കുമ്പോള്‍ വ്യൂഫൈന്‍ഡറില്‍ കാണുന്ന പ്രശ്നങ്ങള്‍ ചിത്രത്തില്‍ വരുന്നില്ലെങ്കില്‍ അത് മിറര്‍ മുതല്‍ ഐപീസ് (Eyepiece) വരെയുള്ള ഏതെങ്കിലും ഭാഗത്തിന്റെ പ്രശ്നമാകാന്‍ ഇടയുണ്ട്.