ഡിജിറ്റല്‍ ക്യാമറയില്‍ നിന്നുള്ള ഫയലുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള അധികവിവരങ്ങളാണ് (മെറ്റാഡേറ്റ) 'എക്സിഫ് ഡേറ്റ' (Exif Data). ചിത്രം എന്നുപകര്‍ത്തി എന്നതുമുതല്‍ എങ്ങനെ പകര്‍ത്തി എന്നതുവരെ എക്സിഫ് ഡേറ്റയില്‍ നിന്ന് മനസ്സിലാക്കാം. സാധാരണയായി എക്സിഫ് ഡേറ്റയുടെ ഭാഗമായി ഉണ്ടാകുക ഇവയെല്ലാമാണ്:
- ചിത്രമെടുത്ത തീയ്യതിയും സമയവും
- ക്യാമറയുടെ തരം, ചിത്രമെടുക്കാനുപയോഗിച്ച മോഡ്, അപര്‍ച്ചറും ഷട്ടര്‍സ്പീഡും അടക്കമുള്ള ക്രമീകരണങ്ങള്‍ തുടങ്ങിയവ
- ഫയല്‍ മാനേജറുകളിലും മറ്റും കാണിക്കാനുള്ള തമ്പ്നെയില്‍ (ചെറുചിത്രം)
- ഫോട്ടോഗ്രാഫറോ എഡിറ്ററോ സ്വന്തം നിലയ്ക്ക് ചേര്‍ത്തിട്ടുള്ള വിവരണം, പകര്‍പ്പവകാശനിബന്ധനകള്‍ എന്നിവ.
തീയ്യതിയും ചിത്രമെടുക്കാനുപയോഗിച്ച സെറ്റിങ്സുമെല്ലാം എക്സിഫ് ഡേറ്റയില്‍ ക്യാമറ തന്നെ രേഖപ്പെടുത്തുന്നതാണ്. വിവരണം (ഡിസ്‌ക്രിപ്‌ഷന്‍) പോലുള്ളവയാകട്ടെ നാം ചേര്‍ക്കുന്നതും.
ചിത്രത്തെക്കുറിച്ചു പഠിക്കാനും ചിത്രം തരം തിരിക്കാനുമെല്ലാം ഏറെ ഉപകാരപ്രദമാണ് എക്സിഫ് ഡേറ്റ. ചിത്രം ഫലപ്രദമായി എഡിറ്റ് ചെയ്യാന്‍ പോലും ഇത് സഹായിച്ചേക്കും. എന്നാല്‍ എളുപ്പം മാറ്റം വരുത്താം എന്നതുകൊണ്ട് ഇത് ഒന്നിനുമുള്ള തെളിവല്ല എന്നോര്‍ക്കുക.
എങ്ങനെ കാണാം
മിക്ക ഫോട്ടോ വ്യൂവറുകളും എക്സിഫ് ഡേറ്റയില്‍ നിന്നുള്ള അടിസ്ഥാന വിവരങ്ങള്‍ സ്വന്തം നിലയ്ക്ക് പ്രദര്‍പ്പിക്കാറുണ്ട്. എല്ലാ ഫീല്‍ഡും കാണാനുള്ള സൗകര്യവും കണ്ടേക്കും. ഫയല്‍ മാനേജറുകളില്‍ ഒരു ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടീസ് എടുത്താലും എക്സിഫ് ഡേറ്റയില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാകാറുണ്ട്. ഒരു ഫയല്‍ അപ്പ്ലോഡ് ചെയ്തു കൊടുത്താല്‍ എക്സിഫ് ഡേറ്റ കാണിച്ചു തരുന്ന വെബ്‌സൈറ്റുകള്‍ ഉണ്ടെങ്കിലും ഓഫ്‌ലൈന്‍ ആയിത്തന്നെ ചെയ്യാവുന്ന ഈ കാര്യത്തിന് വെബ്‌സൈറ്റുകളെ ആശ്രയിക്കാതിരിക്കുകയാണ് നല്ലത്.
അഡോബി ലൈറ്റ് റൂം പോലുള്ള വലിയ ആപ്ലിക്കേഷനുകളില്‍ എക്സിഫ് ഡേറ്റ കാണാനും തിരുത്താനുമുള്ള പ്ലഗിനുകള്‍ ലഭ്യമാണ്. ഗിമ്പിലാകട്ടെ ഇത് പ്ലഗിന്‍ ഇല്ലാതെതന്നെ ചെയ്യാം. Image മെനുവിലെ Metadata സബ്‌മെനുവില്‍ View Metadata, Edit Metadata എന്നീ ഓപ്‌ഷനുകള്‍ ലഭ്യമാണ്.
എക്സിഫ് ഡേറ്റ പരിശോധിക്കാനും തിരുത്താനുമുള്ള ഒരു കമാന്‍ഡ് ലൈന്‍ ടൂള്‍ ആണ് എക്സിഫ് ടൂള്‍ (Exif Tool). ഗ്നു/ലിനക്സ്, വിന്‍ഡോസ്, മാക് ഓഎസ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ഇത് പ്രവര്‍ത്തിക്കും.
എന്തുചെയ്യണം എക്സിഫ് ഡേറ്റ
എക്സിഫ് ഡേറ്റ ചിത്രത്തില്‍ നിന്ന് എടുത്തു കളയുകയോ കളയാതിരിക്കുകയോ അതിലേയ്ക്ക് കൂട്ടിച്ചേര്‍ക്കുകയോ എല്ലാം ചെയ്യാം. ഇതിലങ്ങനെ തെറ്റും ശരിയും ഒന്നുമില്ല. എന്ത് ചെയ്യണമെന്നത് ആവശ്യത്തിനനുസരിച്ചിരിക്കും. ഒരുപാടുപേര്‍ എക്സിഫ് ഡേറ്റയില്‍ ഒന്നും ചെയ്യാത്തത് അങ്ങനെയൊന്നുണ്ട് എന്ന് അറിയാത്തതുകൊണ്ടാണ്. എക്സിഫ് ഡേറ്റയെക്കുറിച്ച് അറിയുന്നവരില്‍ത്തന്നെ വലിയൊരു വിഭാഗം ആളുകള്‍ അത് കളയാനോ പുതുക്കാനോ മെനക്കെടാറില്ല.
തന്റെ പടമെടുപ്പ് രീതി ചോര്‍ന്നു പോകുമോ, മറ്റുള്ളവര്‍ അനുകരിക്കുമോ എന്നെല്ലാം ഭയന്ന് എക്സിഫ് ഡേറ്റ കളയുന്നവരുണ്ട്. ഇത് തീര്‍ത്തും സങ്കുചിതമായ ഒരു മനോഭാവമാണ്. മറ്റുള്ളവര്‍ക്കും നമുക്കുതന്നെയും നമ്മുടെ ചിത്രങ്ങളില്‍ നിന്ന് പഠിക്കാനും ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയരാനും സഹായിക്കുന്നവയാണ് എക്സിഫ് വിവരങ്ങള്‍. ആ അര്‍ത്ഥത്തില്‍ കളയാന്‍ പാടില്ലാത്തതാണവ.
ഇന്റര്‍നെറ്റ്‌വഴി പങ്കുവയ്ക്കുമ്പോള്‍ ബാന്‍ഡ്‌വിഡ്ത്ത് ലാഭിക്കാനായി എക്സിഫ് ഡേറ്റ നീക്കം ചെയ്യുന്നവരുണ്ട്. കാര്യമായ ഗുണമുണ്ടെങ്കില്‍ മാത്രം ഇങ്ങനെ ചെയ്യുക.
നാമെടുത്ത, പ്രസിദ്ധീകരിക്കാനോ പങ്കുവയ്ക്കാനോ ഉദ്ദേശിക്കുന്ന ചിത്രങ്ങളുടെ എക്സിഫ് ഡേറ്റയില്‍ നമ്മുടെ പേരും പകര്‍പ്പവകാശ നിബന്ധനകളും രേഖപ്പെടുത്തിവയ്ക്കുന്നത് തീര്‍ച്ചയായും നല്ല ഒരാശയമാണ്. ഇതിന് കമന്റ് ഫീല്‍ഡ് ഉപയോഗിക്കാം.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
- ഇമേജ് എഡിറ്ററുകളുടെ സഹായത്തോടെ ഒരു ഫോട്ടോ ക്രോപ്പും മറ്റും ചെയ്ത് എക്സ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിലെ എക്സിഫ് ഡേറ്റ നിലനില്‍ക്കുകയോ നഷ്ടപ്പെടുകയോ ചെയ്യാം. ഇത് ഇമേജ് എഡിറ്ററിനും എക്സ്പോര്‍ട്ട് ചെയ്യുമ്പോള്‍ നാം തെരഞ്ഞെടുക്കുന്ന ഓപ്‌ഷനുകള്‍ക്കും അനുസരിച്ചിരിക്കും. ഇക്കാര്യങ്ങള്‍ വ്യക്തമല്ലെങ്കില്‍ എക്സ്പോര്‍ട്ട് ചെയ്ത ഫയല്‍ തുറന്ന് എക്സിഫ് ഡേറ്റ കാണാനാകുന്നുണ്ടോ എന്ന് പരിശോധിച്ചാല്‍ മതി.
- മൊബൈല്‍ ഫോണ്‍ പോലെ ജിപിഎസ്/ലൊക്കേഷന്‍ സേവനം ലഭ്യമായ ഉപകരണങ്ങളില്‍ ഫോട്ടോ എടുക്കുമ്പോള്‍ ഫോട്ടോയുടെ മെറ്റാഡേറ്റയില്‍ അക്ഷാംശം, രേഖാംശം തുടങ്ങിയ വിവരങ്ങള്‍ (ലൊക്കേഷന്‍ ഇന്‍ഫര്‍മേഷന്‍) പതിയാനിടയുണ്ട്. ഫോട്ടോയിലുള്‍പ്പെട്ട വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സ്വകാര്യതയ്ക്കും സ്വൈരജീവിതത്തിനും തടസ്സമാകാനിടയുണ്ട് ഇതെങ്കില്‍ ക്യാമറ ആപ്പുകളിലെ ജിയോ ലൊക്കേഷന്‍ സൗകര്യം ഓഫാക്കാന്‍ മറക്കരുത്.
എന്താണ് എക്സിഫ്
ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചുണ്ടാക്കിയ ഫയലുകള്‍ എങ്ങനെയായിരിക്കണം എന്ന് നിര്‍ദ്ദേശിക്കുന്ന ഒരു അന്താരാഷ്ട്ര സ്റ്റാന്‍ഡേര്‍ഡ് ആണ് എക്സിഫ് (Exchangeable Image File Format). ക്യാമറ വഴി പകര്‍ത്തിയ ചിത്രങ്ങള്‍ക്കും ഓഡിയോയ്ക്കും ഇത് ബാധകമാണ്. എക്സിഫ് സ്പെസിഫിക്കേഷന്റെ ഒരു ഭാഗം മാത്രമാണ് നാം ഇത്രനേരവും പറഞ്ഞ എക്സിഫ് ഡേറ്റ.
പുതിയ ഫയല്‍ ഫോര്‍മാറ്റുകള്‍ ഉണ്ടാക്കുന്നതിനു പകരം ജെപെഗ്, പിഎന്‍ജി, ടിഫ്, വേവ് എന്നീ ഫോര്‍മാറ്റുകള്‍ക്ക് അനുബന്ധമാവുകയാണ് എക്സിഫ് ചെയ്തത്. എക്സിഫിന്റെ വികസിത രൂപം എന്ന് പറയാവുന്ന ഒന്നാണ് ഡിസിഎഫ് (Design Rule for Camera File system). സ്റ്റോറേജ് ഉപകരണങ്ങളില്‍ ഉപയോഗിക്കേണ്ട ഫയല്‍ സിസ്റ്റം, ഫയലിന് പേര് കൊടുക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിന്റെ ഭാഗമാണ്.
ഫിലിം ഫോട്ടോഗ്രഫിയിലും
ഡിജിറ്റല്‍ അല്ലാത്ത ക്യാമറകള്‍ ഉപയോഗിക്കുമ്പോള്‍ ഉപയോഗിച്ച ഷട്ടര്‍സ്പീഡും മറ്റും ഒരു നോട്ട്പാഡില്‍ എഴുതി സൂക്ഷിക്കാം. ഇത് കുറേക്കൂടി എളുപ്പമാക്കുകയാണ് ചില മൊബൈല്‍ ആപ്പുകള്‍. ഫിലിം ക്യാമറയ്ക്കും ആപ്പ് പ്രവര്‍ത്തിക്കുന്ന ഫോണിനും ഇടയില്‍ യാതൊരുവിധ ആശയവിനിമയവും ഇല്ലാത്തതിനാല്‍ ഷട്ടര്‍സ്പീഡ് പോലുള്ള കാര്യങ്ങള്‍ മാന്വലായിത്തന്നെ രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ഒരു ക്യാമറയെ അനുകരിക്കുന്ന രീതിയില്‍ സ്‌ക്രീനില്‍ ഒരുക്കിയിട്ടുള്ള ഓപ്‌ഷനുകളില്‍നിന്ന് ഇവ തെരഞ്ഞെടുക്കുന്നത് എഴുത്തിനേക്കാള്‍ എളുപ്പമായി ചിലര്‍ക്കെങ്കിലും അനുഭവപ്പെടാം. പതിവായി ഉപയോഗിക്കാറുള്ള ക്യാമറ മോഡലുകളും ക്രമീകരണങ്ങളുമെല്ലാം മുന്‍കൂട്ടി ഫീഡ് ചെയ്ത് വച്ചശേഷം എളുപ്പത്തില്‍ തെരഞ്ഞെടുക്കാം എന്ന ഗുണവുമുണ്ട്. ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ക്ക് ഒരുദാഹരണമാണ് ഐഓഎസ് ആപ്പ് ആയ 'ഫോട്ടോ എക്സിഫ്' (Photo Exif). ജിപിഎസ് വിവരം രേഖപ്പെടുത്താനും ഇതില്‍ സൗകര്യം ഉണ്ട്.