Nandakumar Edamana
Share on:
@ R t f

ഫോണില്‍ ഇത് ഹൈബ്രിഡ് സൂം കാലം


ക്യാമറകളുടെ പരസ്യങ്ങളില്‍ സ്ഥിരമായി കാണാറുള്ള വാക്കുകളാണ് ഒപ്റ്റിക്കല്‍ സൂം, ഡിജിറ്റല്‍ സൂം എന്നിവ. മൊബൈല്‍ ഫോണ്‍ വാര്‍ത്തകളില്‍ ഇപ്പോള്‍ ഹൈബ്രിഡ് സൂം എന്ന വാക്കും കേള്‍ക്കാം. എന്താണിവ?

ഒട്ടും വലിച്ചുനീട്ടാതെതന്നെ ഇതിനുത്തരം പറയാം. ലെന്‍സുപയോഗിച്ച് സൂം ചെയ്യുന്നതാണ് ഒപ്റ്റിക്കല്‍ സൂം. എടുത്ത ചിത്രത്തിലെ ഒരു ഭാഗം സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ കൃത്രിമമായി വലുതാക്കുന്നതാണ് ഡിജിറ്റല്‍ സൂം. സ്വാഭാവികമായും ഡിജിറ്റല്‍ സൂം ഉപയോഗിക്കുമ്പോള്‍ ചിത്രത്തിന്റെ വ്യക്തത കുറയും. ആദ്യകാല സ്മാര്‍ട്ട്ഫോണുകളില്‍ ഡിജിറ്റല്‍ സൂം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൂര്‍ണ്ണമായും ഒപ്റ്റിക്കല്‍ സൂമിലേയ്ക്ക് മാറുന്നത് പ്രായോഗികമല്ലെങ്കിലും ഡിജിറ്റല്‍ സൂമും ഒപ്റ്റിക്കല്‍ സൂമും ഒരുമിപ്പിച്ച് മുമ്പത്തേക്കാള്‍ മികച്ച ദൃശ്യങ്ങള്‍ നല്‍കുന്നതില്‍ സ്മാര്‍ട്ട്ഫോണുകള്‍ വിജയിച്ചിട്ടുണ്ട്. ഇതാണ് ഹൈബ്രിഡ് സൂം. മിക്ക ഫോണുകളിലും ഇപ്പോള്‍ ഒന്നിലേറെ ലെന്‍സുകള്‍ കാണാറുണ്ടല്ലോ. ഇതിന്റെ ഒരുപയോഗം ഹൈബ്രിഡ് സൂം ആണ്.

ഒപ്റ്റിക്കല്‍ സൂമിന്റെ പ്രവര്‍ത്തനം

വസ്തുക്കളെ വലുതാക്കി ചിത്രീകരിക്കുകയാണല്ലോ 'സൂം ഇന്‍' ചെയ്യുന്നതിന്റെ ഉദ്ദേശ്യം. ഇതിന് സെന്‍സറില്‍ പതിയുന്ന ബിംബം വലുതാകണം. കൂടിയ ഫോക്കല്‍ ലെങ്ത് ഉള്ള ലെന്‍സ് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത് (സെന്‍സറില്‍ ബിംബം വ്യക്തമായി രൂപപ്പെടാന്‍ ലെന്‍സിനും സെന്‍സറിനും ഇടയില്‍ വേണ്ട ദൂരമാണ് ഫോക്കല്‍ ലെങ്ത്). സൂം കൂടുന്തോറും ലെന്‍സിന്റെ നീളം കൂടുന്നത് ഇതുകൊണ്ടാണ്.

പ്രൈം ലെന്‍സുകള്‍ക്ക് ഒരൊറ്റ ഫോക്കല്‍ ലെങ്തേ ഉള്ളൂ. സൂം ചെയ്യണമെങ്കില്‍ ലെന്‍സ് മാറ്റണം. സൂം ലെന്‍സുകള്‍ ഉപയോഗിക്കുമ്പോള്‍ ലെന്‍സ് മാറ്റാതെതന്നെ ഫോക്കല്‍ ലെങ്ത് മാറ്റാം. ഉള്ളിലുള്ള ചില്ലുകള്‍ നീക്കി അവയ്ക്കിടയിലെ അകലത്തില്‍ മാറ്റം വരുത്തിയാണ് സൂം ലെന്‍സ് പ്രവര്‍ത്തിക്കുന്നത്. ഡിഎസ്‌എല്‍ആര്‍ ക്യാമറകള്‍ക്കൊപ്പം സൗജന്യമായി ലഭിക്കാറുള്ള കിറ്റ് ലെന്‍സുകള്‍ സാധാരണയായി സൂം ലെന്‍സുകള്‍ ആണ്. സങ്കീര്‍ണത കുറവായതുകൊണ്ട് പ്രൈം ലെന്‍സുകള്‍ക്ക് തത്വത്തില്‍ സൂം ലെന്‍സുകളെക്കാള്‍ മികച്ച ചിത്രങ്ങള്‍ തരാന്‍ കഴിയും.

ഡിഎസ്എല്‍ആര്‍, മിറര്‍ലെസ് ക്യാമറകളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സൂം എന്നാല്‍ ഒപ്റ്റിക്കല്‍ സൂം മാത്രമാണ്. ഇവയില്‍ എടുത്ത ചിത്രങ്ങളും കംപ്യൂട്ടര്‍ ഉപയോഗിച്ച് ഡിജിറ്റല്‍ ആയി സൂം ചെയ്യാം. ക്യമറയില്‍ത്തന്നെയുള്ള ക്രോപ്പ് സംവിധാനം ഉപയോഗിക്കുകയുമാവാം. എന്നാല്‍ ലെന്‍സ് മാറ്റാനുള്ള സൗകര്യം ഉള്ളതുകൊണ്ടും ഉന്നത നിലവാരം പ്രതീക്ഷിക്കുന്നതുകൊണ്ടും ഇത്തരം ക്യാമറകളില്‍ ചിത്രീകരണത്തിന് ഡിജിറ്റല്‍ സൂം ലഭ്യമാകാറില്ല. പോയിന്റ്-ആന്‍ഡ്-ഷൂട്ട് ക്യാമറകളില്‍ ചിത്രീകരണ വേളയില്‍ ഒപ്റ്റിക്കല്‍ സൂമും ഡിജിറ്റല്‍ സൂമും ലഭ്യമാണ്. ലെന്‍സുപയോഗിച്ച് സാധ്യമായതിനപ്പുറം സൂം ചെയ്യാന്‍ ഉപയോക്താവ് ശ്രമിച്ചാല്‍ ഡിജിറ്റല്‍ സൂമിലേയ്ക്ക് മാറുകയാണ് ചെയ്യുക. ഉദാഹരണത്തിന് 5X ഒപ്റ്റിക്കല്‍ സൂം അവകാശപ്പെടുന്ന ഒരു പോയിന്റ്-ആന്‍ഡ്-ഷൂട്ട് ക്യാമറ ഉപയോഗിച്ച് അഞ്ചുമടങ്ങിനപ്പുറം സൂം ചെയ്യാന്‍ ശ്രമിച്ചാല്‍ ഡിജിറ്റല്‍ സൂമിലേയ്ക്ക് മാറും. ചിത്രത്തിന്റെ വ്യക്തതയില്‍ കാര്യമായ കുറവുണ്ടാവുകയും ചെയ്യും.

പൊന്തിനില്‍ക്കുന്ന ലെന്‍സുകള്‍ ഉള്‍പ്പെടുത്തുന്നതോ ഉപയോഗത്തിനിടെ ലെന്‍സ് മാറ്റുന്നതോ ഒന്നും പ്രായോഗികമല്ലാത്തതുകൊണ്ടാണ് ആദ്യകാല സ്മാര്‍ട്ട്ഫോണുകള്‍ ഡിജിറ്റല്‍ സൂം മാത്രം തെരഞ്ഞെടുത്തത്.

BOX ഒറ്റച്ചില്ലല്ല ക്യാമറയിലെ ലെന്‍സ്

-> ക്യാമറയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ലെന്‍സ് എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ ഒരൊറ്റ ചില്ലല്ല അതെന്നു മനസ്സിലാക്കണം. ഒന്നിലേറെ ചില്ലുകള്‍ അടങ്ങിയ ഒരു സംവിധാനമാണത്. ഓട്ടോഫോക്കസ് എല്ലാമുള്ള ലെന്‍സ് ആണെങ്കില്‍ മോട്ടോറുകളും ചിപ്പും വരെയുണ്ടാകും.

-> ഫ്രെയിമില്‍ പരമാവധി വസ്തുക്കളെ ഉള്‍ക്കൊള്ളിക്കുന്ന ലെന്‍സുകളാണ് 'വൈഡ്-ആംഗിള്‍' ലെന്‍സുകള്‍. ഇവയ്ക്ക് ഫോക്കല്‍ ലെങ്ത് കുറവായിരിക്കും (ഉദാ: 18mm). ദൂരെയുള്ള വസ്തുക്കളെ മാത്രം ഫ്രെയിമിലുള്‍പ്പെടുത്താനുള്ളതാണ് 'ടെലിഫോട്ടോ' ലെന്‍സുകള്‍. ഇവയ്ക്ക് ഫോക്കല്‍ ലെങ്ത് കൂടുതലായിരിക്കും (ഉദാ: 200mm).

ഡിജിറ്റല്‍ സൂം

സെന്‍സറില്‍നിന്നു കിട്ടിയ ചിത്രത്തിന്റെ ഒരു ഭാഗം അല്‍ഗരിതങ്ങളുടെ സഹായത്തോടെ കൃത്രിമമായി വലുതാക്കാനാണ് ഡിജിറ്റല്‍ സൂം ശ്രമിക്കുന്നത്. ഏറ്റവും ലളിതമായ രീതി ഉപയോഗിക്കുമ്പോള്‍ ആവശ്യമായ ഭാഗം ക്രോപ്പ് ചെയ്തു കിട്ടുക മാത്രമേ ഉണ്ടാകൂ. ഇത് ഫുള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ സൂമിങ് നടന്നിട്ടുണ്ടെന്ന് തോന്നും. ഒരു പടികൂടി കടന്നു പ്രവര്‍ത്തിക്കുന്ന അല്‍ഗരിതങ്ങളാകട്ടെ ക്രോപ്പ് ചെയ്ത ഭാഗം മാത്രമെടുത്ത് മുഴുവലിപ്പത്തിലുള്ള ചിത്രമുണ്ടാക്കാന്‍ ശ്രമിക്കും. കുറഞ്ഞ പിക്സലുള്ള ക്രോപ്പ് ദൃശ്യത്തില്‍നിന്നുള്ള പിക്സലുകള്‍ അവസാന ചിത്രത്തിലെ അനുയോജ്യമായ ഭാഗങ്ങളില്‍ വച്ചശേഷം ഇടയിലുള്ള പിക്സലുകള്‍ കണക്കുകൂട്ടിയെടുക്കുകയാണ് ചെയ്യുന്നത് (ഇന്റര്‍പോളേഷന്‍). ഈ കണക്കുകൂട്ടല്‍ എങ്ങനെ നടത്തുന്നു എന്നതിനനുസരിച്ചിരിക്കും ചിത്രത്തിന്റെ മികവ്. പോയിന്റ്-ആന്‍ഡ്-ഷൂട്ട് ക്യാമറകളിലും ഫോണിലെ ക്യാമറാ ആപ്പുകളിലും കാണാറുള്ള അപ്‌സ്‌കെയ്‌ലിങ് അല്‍ഗരിതങ്ങള്‍ ഏറെ ലളിതമാണ്. ഇവയ്ക്ക് മികച്ച ദൃശ്യങ്ങള്‍ രൂപപ്പെടുത്താന്‍ കഴിവില്ല. ഏറെ വൃത്തിയായി അപ്‌സ്‌കെയ്‌ലിങ് നടത്തുന്ന അല്‍ഗരിതങ്ങളും നിര്‍മിതബുദ്ധി സംവിധാനങ്ങളും ഉണ്ടെങ്കിലും ഇവയ്ക്ക് ഒരുപാട് കംപ്യൂട്ടിങ് ശേഷിയും സമയവും ആവശ്യമുണ്ട്. എത്ര ഭംഗിയുണ്ടായാലും കിട്ടുന്ന ദൃശ്യങ്ങള്‍ കൃത്രിമമാണെന്ന വസ്തുത നിലനില്‍ക്കുകയും ചെയ്യുന്നു.

ഒപ്റ്റിക്കല്‍ സൂം സ്മാര്‍ട്ട്ഫോണില്‍

ഏറെ ദുരേക്ക് സൂം ചെയ്യാന്‍ ക്യാമറയുടെ ലെന്‍സ് നീണ്ടതാകണമല്ലോ. പുറത്തേക്ക് നീളുന്ന രീതിയിലുള്ള ലെന്‍സ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഫോണിലും പരീക്ഷിക്കപ്പെട്ടിട്ടുണ്ട് (ഉദാ: സാംസങ്ങിന്റെ 'ഗാലക്സി സൂം' ശ്രേണി). ചിത്രീകരണത്തിനുശേഷം ചുരുങ്ങുന്ന രീതിയിലായിട്ടുപോലും ഇത് വിപണിയില്‍ വിജയിച്ചില്ല. ഇപ്പോള്‍ ഒന്നിലേറെ ലെന്‍സുകളുടെയും പെരിസ്കോപ്പ് സങ്കേതത്തിന്റെയും സഹായത്തോടെയാണ് ഫോണിലെ ഒപ്റ്റിക്കല്‍ സൂം പ്രവര്‍ത്തിക്കുന്നത്.

വ്യത്യസ്ത ഫോക്കല്‍ ലെങ്ത് ഉള്ളവയായിരിക്കും ഓരോ ലെന്‍സും. നാം തെരഞ്ഞെടുക്കുന്ന സൂമിനനുസരിച്ച് ഏതെങ്കിലും ഒരു ലെന്‍സില്‍നിന്നുള്ള ദൃശ്യം ഉപയോഗിക്കും. എല്ലാ ലെന്‍സിന്റേതില്‍നിന്നും വ്യത്യസ്തമായ ഒരു സൂം തെരഞ്ഞെടുത്താല്‍ ഒന്നിലേറെ ലെന്‍സുകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ച് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ സൂം ചെയ്യും. ഡിജിറ്റല്‍ സൂമിന്റെ നിലവാരത്തകര്‍ച്ച ഇതിനുണ്ടാകില്ല. ഒപ്റ്റിക്കല്‍ സൂമിന്റെയും ഡിജിറ്റല്‍ സൂമിന്റെയും ആശയങ്ങള്‍ ഒന്നിപ്പിക്കുന്ന ഇതാണ് ഹൈബ്രിഡ് സൂം.

ഇങ്ങനെ ചെയ്യുമ്പോഴും ഏറെ ദൂരേക്ക് സൂം ചെയ്യാനുപയോഗിക്കുന്ന ലെന്‍സിന് നീളം കൂടുതല്‍ വേണ്ടതുണ്ട്. അതിനുള്ള വഴിയാണ് പെരിസ്കോപ്പ് ലെന്‍സുകള്‍ (Periscope Lenses). ഒരു മറവിനപ്പുറത്തെ കാര്യങ്ങള്‍ കാണാന്‍ സഹായിക്കുന്ന ഉപകരണമാണല്ലോ പെരിസ്കോപ്പ്. നോക്കുന്ന ആളില്‍ നിന്നും ഏറെ ഉയരത്തിലോ താഴെയോ ഉള്ള കാഴ്‌ചകള്‍ കാണാമെന്നതിനാല്‍ അന്തര്‍വാഹിനികളില്‍ ഇതിന് കാര്യമായ ഉപയോഗം ഉണ്ട്. ഇതേ തത്വമാണ് പെരിസ്കോപ്പ് ലെന്‍സിലും ഉപയോഗിക്കുന്നത്. സെന്‍സറിന്റെ നേരെ മുന്നിലായി നെടുനീളന്‍ സൂം ലെന്‍സ് വയ്ക്കുന്നതിനു പകരം ഫോണിനകത്ത് വിലങ്ങനെ ലെന്‍സ് അസംബ്ലി ഒരുക്കുന്നു. ഫോണിനു പുറത്തുകാണുന്ന ചെറിയ ലെന്‍സ് വഴി എത്തുന്ന ദൃശ്യം ഒരു കണ്ണാടിയുടെയോ പ്രിസത്തിന്റെയോ സഹായത്തോടെ ഇതിലെത്തിക്കും.

പെരിസ്കോപ്പ് ലെന്‍സുള്ള ഫോണുകള്‍ വിപണിയിലെത്തിയിട്ടുണ്ടെങ്കിലും തീര്‍ത്തും ശൈശവദശയിലായതുകൊണ്ട് വേണ്ടത്ര വിവരങ്ങള്‍ ലഭ്യമല്ല. 2020 നവംബറില്‍ xda-developers.com-ല്‍ വന്ന ഒരു ലേഖനമനുസരിച്ച് പെരിസ്കോപ്പ് ലെന്‍സില്‍ ചലിക്കുന്ന ഭാഗങ്ങള്‍ അന്നുവരെയില്ല. ഇപ്പോഴും ഇതില്‍ മാറ്റമില്ലെന്നാണ് കരുതുന്നത്. വിപണിയില്‍ നിലവില്‍ ലഭ്യമായ പെരിസ്കോപ്പ് ലെന്‍സ് ഫോണുകളില്‍ ഒന്നിലേറെ ലെന്‍സുകളുണ്ടെന്നതും ഓരോന്നിനും ഒറ്റ ഫോക്കല്‍ ലെങ്ത് മാത്രമാണ് പറയുന്നത് എന്നതുമാണ് ഈ നിഗമനത്തിനാധാരം. എന്നാല്‍ ചലിക്കുന്ന ഭാഗങ്ങളുള്ള പെരിസ്കോപ്പ് ലെന്‍സ് ക്യാമറയ്ക്ക് ആപ്പിള്‍ പേറ്റന്റ് ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ഹൈബ്രിഡ് സൂം/പെരിസ്കോപ്പ് സംവിധാനമുള്ള ഫോണുകളില്‍ നിലവില്‍ 10x, 15x തുടങ്ങിയ വലിയ സൂമുകള്‍ വരെ കിട്ടുന്നുണ്ട്. എന്നാല്‍ ഇത്തരം ഫോണുകളുടെ പരസ്യങ്ങളില്‍ ഇതേക്കാള്‍ വലിയ സംഖ്യകള്‍ കൊടുക്കാറുള്ളത് ഡിജിറ്റല്‍ സൂം ആണ്.

കുറിപ്പ്: സ്മാര്‍ട്ട്ഫോണുകളില്‍ ഒപ്റ്റിക്കല്‍ സൂം കൊണ്ടുവരാനുള്ള മറ്റൊരു വഴിയാണ് ഫോണിന് പുറത്തുഘടിപ്പിക്കാവുന്ന തരം ലെന്‍സുകള്‍.

സൂം ചെയ്യലും അടുത്തുചെല്ലലും

ഒരു വസ്തു വലുതായി ചിത്രീകരിക്കാന്‍ ഒന്നുകില്‍ സൂം ചെയ്യാം, അല്ലെങ്കില്‍ അടുത്തുചെന്ന് പടമെടുക്കാം. രണ്ടും തമ്മില്‍ എന്താണ് വ്യത്യാസം?

ഡിജിറ്റല്‍ ആയാലും ശരി ഒപ്റ്റിക്കല്‍ ആയാലും ശരി സൂം ചെയ്യുമ്പോള്‍ ചിത്രത്തിലെ എല്ലാ ഭാഗവും ഒരേ തോതിലാണ് വലുതാവുക. എന്നാല്‍ അടുത്തുചെന്നു ചിത്രമെടുക്കുമ്പോള്‍ പശ്ചാത്തലത്തിലെ വസ്തുക്കള്‍ക്ക് ദൂരത്തിനനുസരിച്ച് കുറച്ചുമാത്രമേ വലിപ്പവ്യത്യാസം വരൂ. ചന്ദ്രനുള്ള ആകാശത്തിനു നേരെ ഒരാളുടെ ചിത്രമെടുക്കുന്നത് സങ്കല്‍പ്പിക്കുക. സൂം ചെയ്‌താല്‍ ആളുടെ മുഖം എത്രമാത്രം വലുതാകുമോ ചന്ദ്രനും അത്രതന്നെ വലുതാകും. എന്നാല്‍ ആളുടെ നൂറുമീറ്റര്‍ അകലെനിന്നു ചിത്രമെടുത്താലും പത്തുമീറ്റര്‍ അകലെനിന്ന് ചിത്രമെടുത്താലും തൊട്ടു മുന്നില്‍ച്ചെന്ന് ചിത്രമെടുത്താലും ഫോക്കല്‍ ലെങ്ത് ഒന്നുതന്നെയാണെങ്കില്‍ ചന്ദ്രന്റെ വലിപ്പവും ഒന്നുതന്നെയായിരിക്കും.

ചില ചിത്രങ്ങളില്‍ പശ്ചാത്തലത്തില്‍ ഏറെ വലിപ്പമുള്ള ചന്ദ്രനെക്കണ്ടിട്ടില്ലേ? ഈ രീതിയില്‍ ചിത്രമെടുക്കാന്‍ ഇതേ തത്വമാണ് ഉപയോഗിക്കുന്നത്. വിഷയമാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയില്‍നിന്നോ കെട്ടിടത്തില്‍നിന്നോ ഒക്കെ ഏറെദൂരെച്ചെന്ന് ഫോട്ടോ എടുക്കുന്നു. ദൂരം കൂടുതല്‍ ആയതുകൊണ്ട് ഇവയെല്ലാം ചെറുതായിട്ടാവും കാണുക. എന്നാല്‍ ചന്ദ്രന്റെ വലിപ്പത്തിന് അപ്പോഴും വ്യത്യാസം വരുന്നില്ല. സത്യത്തില്‍ ചന്ദ്രനെ വലുതാക്കുകയല്ല, മറ്റുവസ്തുക്കളെ ചെറുതാക്കുകയാണ് നാം ചെയ്തത്. അടുത്തുള്ള വസ്തുക്കളൊന്നും ചിത്രത്തില്‍ പെടാതെ നോക്കേണ്ടത് ഈ പ്രതീതി നിലനിറുത്താന്‍ അത്യാവശ്യമാണ്. നമുക്കും ചിത്രീകരിക്കാനുദ്ദേശിക്കുന്ന വിഷയത്തിനും ഇടയ്ക്ക് മറ്റൊന്നും ഉണ്ടാകാന്‍ പാടില്ലെന്നര്‍ത്ഥം. ഒന്നുകില്‍ തുറസ്സായ പ്രദേശത്ത് ചിത്രീകരിക്കാം. തുറസ്സായ സ്ഥലമല്ലെങ്കിലും മുന്നിലുള്ള വസ്തുക്കള്‍ ക്രോപ്പ് ചെയ്‌താല്‍ ഒഴിവാകുമെങ്കില്‍ അതും മതി.


Click here to read more like this. Click here to send a comment or query.