Nandakumar Edamana
Share on:
@ R t f

എങ്ങനെയെടുക്കണം ഒരു ഫോട്ടോ?


ഒറ്റത്തൊടലില്‍ ഫോട്ടോയെടുക്കാനും ഭംഗിയാക്കാനുമെല്ലാം സ്മാര്‍ട്ട്ഫോണ്‍ ആപ്പുകളുള്ള കാലമാണ്. എന്നിട്ടും എടുക്കുന്ന ഫോട്ടോകള്‍ക്ക് എന്തോ ചില കുറവുകളുണ്ടെന്ന് തോന്നിയിട്ടുണ്ടോ? ഫോട്ടോ നന്നാക്കാന്‍ എന്തുചെയ്യണം? ഒരു കാറിന്റെയത്ര വിലയുള്ള ക്യാമറ വാങ്ങേണ്ടിവരുമോ? സ്കൂള്‍ അസംബ്ലിക്കുപകരം ഒളിമ്പിക്സിന്റെ ഫോട്ടോയെടുക്കാന്‍ വിമാനം കയറണോ? ഒന്നും വേണ്ട. ചില തത്വങ്ങള്‍ മനസ്സിലുണ്ടായാല്‍ മതി, ഏതു ക്യാമറയിലും ഏതു ഫോണിലും മോശമല്ലാത്ത ഫോട്ടോകളെടുക്കാം.

എന്താണ് 'നല്ല' ഫോട്ടോ?

നല്ല ഫോട്ടോയെന്നാല്‍ ഭംഗിയുള്ള ആളുകളുടെയും സ്ഥലങ്ങളുടെയുമൊക്കെ ഫോട്ടോ എന്നില്ല. നല്ലൊരു വെള്ളച്ചാട്ടത്തിന്റെ മോശം ഫോട്ടോയെടുക്കാം. ഒരു പൊട്ടക്കിണറിന്റെ നല്ല ഫോട്ടോയുമെടുക്കാം. അപ്പോള്‍ വാസ്തവത്തിലെന്താണ് നല്ല ഫോട്ടോ?

ഫോട്ടോയില്‍ നമ്മളുദ്ദേശിച്ച കാര്യത്തിലേക്ക് ഒറ്റയടിക്ക് കാണികളുടെ കണ്ണെത്തണം. സ്ഥാനവും വെളിച്ചവുമെല്ലാം ഉപയോഗപ്പെടുത്തി എടുത്തുകാണിക്കണം. അധികമായി പെട്ടുപോകുന്ന കാര്യങ്ങളും ഒഴിഞ്ഞ സ്ഥലവും പോലും ഫോട്ടോയുടെ ഭംഗി അല്ലെങ്കില്‍ തീവ്രത കൂട്ടാന്‍ ഉപകരിക്കണം. ഒരു വസ്തുവിന്റെയോ ആളുടെയോ രൂപം പകര്‍ത്തുക എന്നതിനപ്പുറം ഒരു ആശയം പറയുന്ന തരം ഫോട്ടോകളും ഉണ്ടെന്നോര്‍ക്കണം.

വെളിച്ചമാണ് ഫോട്ടോ

'ഫോട്ടോഗ്രഫി' എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ വെളിച്ചം പകര്‍ത്തുക എന്നതാണ്. വെളിച്ചം പകര്‍ത്തിയാല്‍ ഫോട്ടോയായി. എന്നാല്‍ വെളിച്ചത്തിന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിയാലേ നല്ല ഫോട്ടോ ആകൂ.

സൂര്യപ്രകാശത്തിലും ട്യൂബ്‍ലൈറ്റിലും സാധാരണ ബള്‍ബിലുമെല്ലാം എടുക്കുന്ന ഫോട്ടോകള്‍ ഒരുപോലെയായിരിക്കില്ല. രാവിലെയും നട്ടുച്ചയ്ക്കും എടുക്കുന്ന ഫോട്ടോകള്‍ ഒരുപോലെയല്ല. ഉദാഹരണത്തിന്, നല്ല വെയിലത്ത് ഫോട്ടോയെടുത്താല്‍ മൂക്കിനുപോലും നിഴലുണ്ടാകും.

നിഴലും തീവ്രമായ വെളിച്ചവും ഒരേ ഫോട്ടോയില്‍ കൈകാര്യം ചെയ്യാന്‍ വില കുറഞ്ഞ ക്യാമറകള്‍ക്ക് കഴിയില്ല. ഒന്നുകില്‍ നിഴിലുള്ള ഭാഗങ്ങള്‍ വ്യക്തമാക്കാന്‍ കൂടുതല്‍ ബള്‍ബുകളോ ഫ്ലാഷോ ഉപയോഗിക്കണം. അല്ലെങ്കില്‍ അധികമുള്ള വെളിച്ചം എങ്ങനെയെങ്കിലും മറയ്ക്കണം.

എല്ലാം ഒരേപോലെ തെളിഞ്ഞിരിക്കുന്നതാണ് സാധാരണ ഫോട്ടോകള്‍ക്ക് നല്ലതെങ്കിലും നാടകീയത വേണ്ട ഫോട്ടോകളില്‍ വെളിച്ചവും നിഴലും ഒരുപോലെ ഉപയോഗപ്പെടുത്തണം.

കമ്പോസിഷന്‍

ഒരാളുടെ ഫോട്ടോ എന്നത് അയാളുടെ രൂപം മാത്രം വെട്ടിയെടുത്ത ഒന്നല്ല. അതില്‍ അയാളുണ്ടാവും, ഇരിക്കുന്ന കസേരയോ മതിലോ ഉണ്ടാകും, ചുറ്റുപാടുണ്ടാവും, വേറെയാരെങ്കിലുമുണ്ടാവും. ഒരു കെട്ടിടത്തിന്റെ ഫോട്ടോയും അങ്ങനെ തന്നെ. അതില്‍ ആകാശവും മൈതാനവും മരങ്ങളും എല്ലാമുണ്ടാവും. ഇവയെല്ലാം ഫോട്ടോയില്‍ എങ്ങനെ ക്രമീകരിക്കും?

ഒരാളുടെ തല മാത്രം ഫോട്ടോയെടുക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ ഒത്ത നടുക്കു വരുന്നതുപോലെ എടുക്കാം. എന്നാല്‍ ഇതു കാണാന്‍ ഭംഗിയുണ്ടാവില്ല. നമ്മുടെ തലയിലുള്ളതുപോലെ ഫോട്ടോയുടെയും മുകളിലെ പകുതിയുടെ നടുക്കു വേണം കണ്ണുകള്‍ വരാന്‍; അല്ലാതെ മൊത്തം ഫോട്ടോയുടെ നടുക്കല്ല.

വശത്തേക്കു ചരിഞ്ഞുനോക്കുന്ന ഒരാളുടെ ഫോട്ടോയാണ് എടുക്കുന്നതെങ്കില്‍ അയാള്‍ എങ്ങോട്ടാണോ നോക്കുന്നത്, ആ ഭാഗത്തായിരിക്കണം ഫോട്ടോയില്‍ കൂടുതല്‍ ഒഴിഞ്ഞ സ്ഥലം.

ഒരുപാടു വസ്തുക്കള്‍ ഉള്‍പ്പെട്ട ഫോട്ടോയാണെങ്കില്‍ പ്രാധാന്യം കിട്ടേണ്ട വസ്തു ഫോട്ടോയില്‍ പ്രധാനപ്പെട്ട ഒരു സ്ഥലത്തായിരിക്കണം. 'പ്രധാനപ്പെട്ട സ്ഥലം' എന്നാല്‍ ഒത്ത നടു മാത്രമല്ല. ഫോട്ടോയെ കുത്തനെ രണ്ടു പകുതിയാക്കിയാല്‍ ഓരോ പകുതിയുടെയും നടുക്കുള്ളത് പ്രധാനപ്പെട്ട സ്ഥലങ്ങളാണ്. വിലങ്ങനെ രണ്ടു പകുതിയാക്കിയാലും അങ്ങനെ തന്നെ.

ഫോട്ടോയെടുക്കാന്‍ നാം നില്‍ക്കുന്ന സ്ഥലവും ക്യാമറയുടെ ഉയരവും ചരിവുമെല്ലാം മാറ്റിയാണ് ഉദ്ദേശിച്ച കോമ്പോസിഷന്‍ കൊണ്ടുവരുന്നത്. അത്യാവശ്യമാണെങ്കില്‍ ഫോട്ടോയെടുത്തശേഷം ക്രോപ്പുചെയ്യുകയുമാവാം.

വരകള്‍ ഉപയോഗപ്പെടുത്താം

നമ്മുടെ അടുത്തുനിന്ന് ദൂരേക്ക് പോകുന്ന രീതിയില്‍ മതിലോ റോഡോ കൈവരിയോ ഒക്കെ ഫോട്ടോയിലുണ്ടെങ്കില്‍ ഉദ്ദേശിച്ച വസ്തു/ആള്‍ അതിന്റെ ഒരറ്റത്തുവരുന്നത് നന്നായിരിക്കും. ശ്രദ്ധ കൂടുതല്‍ കിട്ടുക അപ്പോഴാണ്. വളഞ്ഞുപുളഞ്ഞ റോഡിലൂടെ പോകുന്ന ഒരു സൈക്കിളുകാരന്റെ ഫോട്ടോ സങ്കല്‍പ്പിച്ചുനോക്കൂ.

ചരിയാതെ നോക്കാം

നേരെ മുന്നില്‍നിന്ന് എന്തിന്റെയെങ്കിലും ഫോട്ടോയെടുക്കുമ്പോള്‍ ക്യാമറ ഒട്ടും ചരിഞ്ഞുപോകാതെ നോക്കണം. എടുക്കുന്ന ഫോട്ടോയില്‍ അതിരുകളോ തൂണുകളോ പോലെ വല്ലതും വരുന്നുണ്ടെങ്കില്‍ അതിനൊപ്പിച്ച് ചിത്രമെടുത്താല്‍ ഇത് എളുപ്പത്തില്‍ ഉറപ്പാക്കാം. ഉദാഹരണത്തിന്, കടല്‍ത്തീരത്തുപോയി സൂര്യാസ്തമയം പകര്‍ത്തുമ്പോള്‍ ഫോട്ടോയുടെ മുകളിലും താഴെയുമുള്ള അരികുകള്‍ക്ക് സമാന്തരമായിരിക്കണം ചക്രവാളം. ഭൂമിയ്ക്കും ആകാശത്തിനും ഇടയിലുള്ള അതിരാണ് ചക്രവാളം. സ്കൂള്‍ അസംബ്ലിയില്‍ അദ്ധ്യാപകര്‍ സംസാരിക്കുന്ന ചിത്രമെടുക്കുമ്പോള്‍ വരാന്തയിലെ തൂണുകള്‍ ഫോട്ടോയുടെ ഇടത്തും വലത്തുമുള്ള അരികുകള്‍ക്ക് സമാന്തരമായിരിക്കണം.

ഇരിക്കുന്ന ഒരാളുടെ ഫോട്ടോയെടുക്കാന്‍ നമ്മളും ഒന്നു കുനിയുകയോ ഇരിക്കുകയോ ഒക്കെ ചെയ്യുന്നത് നല്ലതാണ്. ചെരിവ് ഒഴിവാക്കാന്‍ ഇത് സഹായിക്കും. അതേസമയം ഒരു കെട്ടിടത്തിന്റെ ഉയരമോ ഒരു കുഞ്ഞിന്റെ ചെറുപ്പമോ ഒക്കെ എടുത്തുകാണിക്കാന്‍ ക്യാമറ താഴ്ത്തിയും ഉയര്‍ത്തിയുമൊക്കെ ഫോട്ടോകളെടുക്കാം.

ബ്ലാക്ക് ആന്‍ഡ് വൈറ്റും മാന്വല്‍ മോഡും

പഴയ കാലത്തിന്റെ പ്രതീതി കിട്ടാന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഉപയോഗിച്ചുകണ്ടിട്ടില്ലേ? എന്നാല്‍ അതിനുമാത്രമുള്ളതല്ല ബ്ലാക്ക് ആന്‍ഡ് വൈറ്റ്. നിറങ്ങള്‍ ഇല്ലാതാകുന്നതോടെ വെളിച്ചം, നിഴല്‍, രൂപങ്ങള്‍, ഫോട്ടോയുടെ മൊത്തത്തിലുള്ള അര്‍ത്ഥം തുടങ്ങിയ കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ കൂടുതലെത്തും. അതുകൊണ്ടുതന്നെ ഫോട്ടോഗ്രഫിയെക്കുറിച്ച് പഠിക്കാന്‍ ഏറെ നല്ലതാണിത്. 'മോണോക്രോം' എന്ന പേരിലായിരിക്കും പലപ്പോഴും ക്യാമറകളിലും ഫോണുകളിലും ഇതിനുള്ള മോഡ് ഉണ്ടാവുക.

നല്ലൊരു ക്യാമറയോ ഫോണോ കിട്ടാനുണ്ടെങ്കില്‍ ശരിക്കു പഠിക്കേണ്ടത് 'മാന്വല്‍ മോഡ്' ആണ്. ക്യാമറയ്ക്കകത്ത് വെളിച്ചം പതിയുന്നതുമായി ബന്ധപ്പെട്ട പല പല കാര്യങ്ങള്‍ നിയന്ത്രിച്ച് അത്ഭുതങ്ങളുണ്ടാക്കാനാകും ഈ മോഡില്‍. ഫോണുകളില്‍ ഇതിന് ചിലപ്പോള്‍ 'പ്രോ മോഡ്' എന്നായിരിക്കും പേര്.


Click here to read more like this. Click here to send a comment or query.