Nandakumar Edamana
Share on:
@ R t f

നക്ഷത്രനൂലു നൂല്‍ക്കാന്‍ മാന്വല്‍ മോഡ്


മഴത്തുള്ളികളെ കാറ്റില്‍ നിര്‍ത്തണോ? മാനത്ത് നക്ഷത്രനൂലു നൂല്‍ക്കണോ? അതിന് 'മാന്വല്‍ മോഡി'ല്‍ ഫോട്ടോയെടുക്കണം.

ക്യാമറയായാലും ഫോണായാലും അതെല്ലാം ആദ്യമുണ്ടാവുക 'ഓട്ടോ മോഡി'ല്‍ ആയിരിക്കും. പേര് സൂചിപ്പിക്കുന്നതുപോലെ പറ്റാവുന്നത്ര കാര്യങ്ങള്‍ ക്യാമറ സ്വയം ചെയ്യുന്ന ഒരു മോഡാണിത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നയാളുടെയത്രപോലും ജോലി പടമെടുക്കുന്ന നമുക്കുണ്ടാവില്ല.

ഈ മോഡില്‍ പക്ഷേ ക്യാമറ എന്താണ് ചെയ്യുന്നത്? അതറിയാന്‍ മാന്വല്‍ മോഡിലേക്ക് മാറണം. വിലയുള്ള ക്യാമറകളില്‍ മാത്രം ഉണ്ടായിരുന്ന ഈ മോഡ് ഇന്ന് ഫോണുകളില്‍പ്പോലുമുണ്ട് ('പ്രോ മോഡ്' എന്നൊക്കെയായിരിക്കും പേര്). അത്തരമൊരു ഫോണോ നല്ല ക്യാമറയോ ഉണ്ടെങ്കില്‍ മാന്വല്‍ മോഡില്‍ ഒരു പടമെടുത്തുനോക്കൂ.

മിക്കവാറും കിട്ടിയിട്ടുണ്ടാവുക തീരെ ഇരുണ്ടതോ സോപ്പുപൊടിയുടെ പരസ്യം പോലെ അപ്പാടെ വെളുത്തതോ ആയ ഒരു ചിത്രമായിരിക്കും. അതെ, വെളിച്ചം ക്രമീകരിക്കുക എന്ന ഒരൊറ്റ ജോലിയാണ് വാസ്തവത്തില്‍ ഓട്ടോ മോഡ് ഇത്രയും കാലം നമുക്കുവേണ്ടി ചെയ്തിരുന്നത്. എന്നാല്‍ ഇത് ചെറിയൊരു കാര്യമല്ല. ഫോട്ടോഗ്രഫി എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ വെളിച്ചം രേഖപ്പെടുത്തല്‍ എന്നാണല്ലോ.

തെളിച്ചത്തിനപ്പുറം

ശരിയായ തെളിച്ചത്തില്‍ ഒരു പടമെടുക്കുന്നതിന് 'പ്രോപ്പര്‍ എക്സ്പോഷര്‍' (Proper Exposure) എന്നാണ് പറയുക. പക്ഷേ ഓട്ടോ മോഡില്‍ ക്യാമറയ്ക്ക് സ്വയം ചെയ്യാനറിയാവുന്ന ഒരു കാര്യം മാന്വല്‍ മോഡിലേക്കുമാറി നാമെന്തിന് ഏറ്റെടുക്കണം?

രണ്ടുദ്ദേശ്യങ്ങളാണ് ഇതിനുള്ളത്. ഒന്ന്, ക്യാമറയുടെ കണക്കുകൂട്ടല്‍ എപ്പോഴും ശരിയാകണമെന്നില്ല. ഒരു വശത്ത് വെയിലും മറുവശത്ത് നിഴലുമുള്ള ഒരു ഫോട്ടോയെടുക്കാന്‍ നിന്നാല്‍ ഇതു മനസ്സിലാകും. ഏതു മോഡിലായാലും ഈ രണ്ടു ഭാഗവും ഒരേപോലെ വൃത്തിയായി ഒരേ ഫോട്ടോയില്‍ കിട്ടില്ല. പക്ഷേ മാന്വല്‍ മോഡ് ഉപയോഗിച്ചാല്‍ ഉദ്ദേശിച്ച ഭാഗം തന്നെ വ്യക്തമാക്കാനാവും.

നിയന്ത്രിക്കുന്നത് വെളിച്ചം മാത്രമാണെങ്കിലും അതിന്റെ സാദ്ധ്യത പക്ഷേ ചിത്രത്തിന്റെ തെളിച്ചം മാത്രമല്ല എന്നതാണ് ഏറെ പ്രധാനപ്പെട്ട മറ്റൊരു കാര്യം. ആളുകളുടെ ഫോട്ടോയില്‍ അവരുടെ മുഖം മാത്രം തെളിഞ്ഞിരിക്കുകയും പശ്ചാത്തലമെല്ലാം ലയിച്ചുകിടക്കുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? ഭൂമിതിരിയുന്നതനുസരിച്ച് നക്ഷത്രങ്ങള്‍ക്കുണ്ടാവുന്ന സ്ഥാനമാറ്റം പകര്‍ത്തിയ 'സ്റ്റാര്‍ ട്രെയില്‍' (Star Trail) ഫോട്ടോഗ്രഫി കണ്ടിട്ടില്ലേ (നക്ഷത്രങ്ങള്‍ കുത്തുകള്‍ക്കുപകരം നീണ്ടുവളഞ്ഞ വരകളായിരിക്കും)? ഇതെല്ലാം മാന്വല്‍ മോഡിലെ കളികളാണ്.

തെളിച്ചത്രികോണം

എക്സ്പോഷര്‍ എന്നത് ഒരൊറ്റ ക്രമീകരണമല്ല. മൂന്നു ഘടകങ്ങളുണ്ടതിന്. അപര്‍ച്ചര്‍, ഷട്ടര്‍സ്പീഡ്, ഐഎസ്ഓ എന്നിവയാണവ. 'എക്സ്പോഷര്‍ ട്രയാംഗിള്‍' എന്നാണ് ഇവയറിയപ്പെടുന്നത്. ഇതിലോരോന്നും വെവ്വേറെ ക്രമീകരിക്കാന്‍ മാന്വല്‍ മോഡില്‍ സൗകര്യമുണ്ട്. (ഫോണുകളില്‍ അപര്‍ച്ചര്‍ മാറ്റാനാകണമെന്നില്ല.)

ലെന്‍സ് എത്രമാത്രം തുറന്നുകിടക്കുന്നു എന്നതാണ് അപര്‍ച്ചര്‍ (Aperture) കൊണ്ടുദ്ദേശിക്കുന്നത്. വെളിച്ചം കൂടുതലുള്ളപ്പോള്‍ ചുരുങ്ങിയ അപര്‍ച്ചറിലും കുറവുള്ളപ്പോള്‍ വിടര്‍ന്ന അപര്‍ച്ചറിലും ചിത്രീകരിക്കാം. സെന്‍സറിനെ മറയ്ക്കുന്ന ഷട്ടര്‍ ചിത്രീകരണവേളയില്‍ എത്ര വേഗം തുറന്നടയുന്നു എന്നതാണ് ഷട്ടര്‍സ്പീഡ് കൊണ്ടുദ്ദേശിക്കുന്നത്. വെളിച്ചം കൂടുതലുള്ളപ്പോള്‍ കൂടിയ ഷട്ടര്‍സ്പീഡ് ഉപയോഗിക്കാം. സെന്‍സറിലെ ആംപ്ലിഫിക്കേഷന്‍ ആണ് ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ ഐഎസ്ഓ. കുറഞ്ഞ വെളിച്ചത്തില്‍ പോലും ചിത്രമെടുക്കാന്‍ സഹായിക്കുമെങ്കിലും കൂടിയ ഐഎസ്ഓ ചിത്രത്തിലെ നോയ്‌സും (പരപരപ്പ്) കൂട്ടും.

ഇതിലേതാണ് നാം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ടത്? അത് എടുക്കാനുദ്ദേശിക്കുന്ന ഫോട്ടോയ്ക്കനുസരിച്ചിരിക്കും.

ഓരോ കോണിലും ഒരു മാജിക്

അപര്‍ച്ചര്‍ വിടരുംതോറും എന്തിലേക്കാണോ ഫോക്കസ്സു ചെയ്തത്, അതിന്റെ അപ്പുറവും ഇപ്പുറവുമുള്ളതെല്ലാം അവ്യക്തമാകും. ആളുകളുടെ മുഖം മാത്രമുള്ള ഫോട്ടോകളില്‍ പശ്ചാത്തലം ലയിപ്പിച്ചുകളഞ്ഞതു കണ്ടിട്ടില്ലേ? വിടര്‍ന്ന അപര്‍ച്ചറിലാണ് അതെടുക്കുക. അതേസമയം ഏതു ദൂരത്തിലുള്ളതും വ്യക്തമായിപ്പതിയേണ്ട പ്രകൃതിദൃശ്യങ്ങള്‍ ചുരുങ്ങിയ അപര്‍ച്ചറിലാണെടുക്കുക. f/1.8, f/4, f/16, f/22 പോലുള്ള 'എഫ് നമ്പറുകള്‍' ഉപയോഗിച്ചാണ് അപര്‍ച്ചര്‍ സൂചിപ്പിക്കുക. സംഖ്യ ചെറുതാകുമ്പോള്‍ അപര്‍ച്ചര്‍ വിടരുകയാണ് ചെയ്യുന്നത് (ഇവിടെക്കൊടുത്തതില്‍ ഏറ്റവും വിടര്‍ന്നത് f/1.8 ആണ്).

ചലനവുമായാണ് ഷട്ടര്‍സ്പീഡിന് ബന്ധം. ചലിക്കുന്ന വസ്തുക്കളെ നിശ്ചലമായി തോന്നിക്കാന്‍ കൂടിയ ഷട്ടര്‍സ്പീഡ് ഉപയോഗിക്കണം. കുറഞ്ഞ ഷട്ടര്‍സ്പീഡ് ഉപയോഗിച്ചാല്‍ ചലനം മുഴുവന്‍ സെന്‍സറില്‍ പതിഞ്ഞ് ചിത്രത്തില്‍ അത്തരം ഭാഗങ്ങള്‍ 'ബ്ലര്‍' ആകും. ചിലപ്പോള്‍ ഇത് ചിത്രത്തിന്റെ ഭംഗി കൂട്ടാം (ഉദാ: പാലുപോലെ ഒഴുകുന്ന വെള്ളച്ചാട്ടം). സെക്കന്റിലാണ് ഷട്ടര്‍സ്പീഡ് പറയുക. സെക്കന്‍ഡിന്റെ നൂറിലൊന്ന് (1/100), ഇരുനൂറിലൊന്ന് (1/200), ആയിരത്തിലൊന്ന് (1/1000) തുടങ്ങിയവയൊക്കെ സാധാരണയായി ഉപയോഗിക്കാറുള്ള ഷട്ടര്‍സ്പീഡുകളാണ്.

സെക്കന്‍ഡുകളോ മിനിറ്റുകളോ നീണ്ട ഷട്ടര്‍സ്പീഡ് ഉപയോഗിക്കുന്നതാണ് 'ലോങ് എക്സ്പോഷര്‍ ഫോട്ടോഗ്രഫി'. ഭൂമി തിരിയുന്നതുമൂലം നക്ഷത്രങ്ങള്‍ക്കുണ്ടാകുന്ന സ്ഥാനമാറ്റം വരകളായി ചിത്രീകരിക്കുന്ന 'സ്റ്റാര്‍ ട്രെയില്‍' ചിത്രങ്ങളെല്ലാം ഇങ്ങനെയെടുക്കുന്നതാണ്.

പകര്‍ത്താനുദ്ദേശിക്കുന്ന ചിത്രത്തിന്റെ സ്വഭാവത്തിനനുസരിച്ച് അപര്‍ച്ചറോ ഷട്ടര്‍സ്പീഡോ തെരഞ്ഞെടുക്കുമ്പോള്‍ അതിനനുസരിച്ച് ബാക്കി ഘടകങ്ങള്‍ ക്രമീകരിച്ച് ചിത്രത്തില്‍ ആവശ്യത്തിന് വെളിച്ചമുണ്ടെന്ന് ഉറപ്പാക്കണം. ഇതിന് സഹായിക്കുന്ന ഒരു മീറ്റര്‍ സ്ക്രീനില്‍ കാണാം.

തെളിച്ചത്രികോണത്തിലെ ഏതെങ്കിലുമൊരു ഘടകത്തിന്റെ നിയന്ത്രണം മാത്രം ഏറ്റെടുത്താല്‍ മതിയെങ്കില്‍ അതിനുള്ളതാണ് 'അപര്‍ചര്‍ പ്രയോരിറ്റി ഓട്ടോ മോഡ്', 'ഷട്ടര്‍ പ്രയോരിറ്റി ഓട്ടോ മോഡ്' പോലുള്ള മോഡുകള്‍.


Click here to read more like this. Click here to send a comment or query.