Nandakumar Edamana
Share on:
@ R t f

കാഴ്ചയ്ക്കപ്പുറം പകര്‍ത്താന്‍ റോ ഫോര്‍മാറ്റ്


മിക്ക ക്യാമറയിലും ഫയലിന്റെ ഗുണനിലവാരം തെരഞ്ഞെടുക്കാനാകും. ഫയല്‍ സൈസ് ലാഭിക്കാനും ഇന്റര്‍നെറ്റ്‌വഴി പങ്കുവയ്ക്കുമ്പോള്‍ കാര്യങ്ങള്‍ വേഗത്തിലാകാനുമാണ് കുറഞ്ഞ നിലവാരം തെരഞ്ഞെടുക്കുന്നത്. പരമാവധി നിലവാരം വേണമെങ്കിലോ?

ജെയ്പെഗ് (JPEG) ഫോര്‍മാറ്റിലാണ് സാധാരണ ക്യാമറകള്‍ ഫോട്ടോ സേവ് ചെയ്യുന്നത്. കാണാനും നേരിട്ട് പ്രിന്റെടുക്കാനുമെല്ലാം ജെയ്പെഗ്ഗിന്റെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരം തെരഞ്ഞെടുക്കുകയേ വേണ്ടൂ. എന്നാല്‍ പോസ്റ്റ് പ്രോസസിങ്ങിന് (എഡിറ്റിങ്ങിന്) ഇതു പോരാ. ക്രോപ്പ് ചെയ്യുമ്പോഴോ സൈസ് ചുരുക്കുമ്പോഴോ പ്രശ്നമില്ലെങ്കിലും നിറങ്ങള്‍, വെളിച്ചം തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചാല്‍ ജെയ്പെഗ് മതിയാകാതെവരും. കൂടുതല്‍ ബിറ്റുകളുപയോഗിച്ച് നിറങ്ങള്‍ രേഖപ്പെടുത്തുകയും അധികവിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും എല്ലാം ചെയ്ത ഫയലുകളില്‍ മാത്രമേ ഇത്തരത്തില്‍ ഗൌരവത്തിലുള്ള എഡിറ്റിങ് നടത്താനാവൂ. അതിനുള്ളതാണ് റോ (RAW) ഫോര്‍മാറ്റ്. ഡിഎസ്എല്‍ആര്‍/മിറര്‍ലെസ് ക്യാമറകളില്‍ മാത്രമേ ഈ ഫോര്‍മാറ്റ് സാധാരണയായി കാണാറുള്ളൂ. എന്നാല്‍ ചില ഉയര്‍ന്നതരം കോംപാക്റ്റ് ക്യാമറകളിലും ഫോണുകളിലും ഇപ്പോള്‍ ഈ ഫോര്‍മാറ്റ് ലഭ്യമാണ്.

ഫോട്ടോ എടുക്കുന്ന സമയത്ത് ക്യാമറയുടെ സെന്‍സറിന് കാണാനാവുന്നതത്രയും പരമാവധി ബിറ്റുകളുപയോഗിച്ച് പകര്‍ത്തിവയ്ക്കുകയാണ് റോ ഫയലുകളില്‍. ഒപ്പം ക്യാമറയുടെ മോഡല്‍, അന്തരീക്ഷത്തിന്റെ അവസ്ഥ തുടങ്ങിയ അധികവിവരങ്ങളും ഉണ്ടായിരിക്കും. ഇത്തരം ഫയലുകള്‍ എഡിറ്റ് ചെയ്തോ മാറ്റം വരുത്താതെയോ ജെയ്പെഗ് പോലുള്ള മറ്റ് ഫയലുകള്‍ ഉണ്ടാക്കിയെടുക്കാം. ഇങ്ങനെ സ്രോതസ്സായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് 'ഡിജിറ്റല്‍ നെഗറ്റീവ്' എന്നും റോ ഫയലുകള്‍ അറിയപ്പെടുന്നു.

ജെയ്പെഗ്ഗില്‍ ഒരു പിക്സല്‍ രേഖപ്പെടുത്താന്‍ 24 ബിറ്റ് ഉപയോഗിക്കുമ്പോള്‍ റോ ഫോര്‍മാറ്റില്‍ ഇത് മുപ്പതോ മുപ്പത്താറോ അതില്‍ക്കൂടുതലോ എല്ലാമാകാം. നിഴലിലും കാര്യമായ വെളിച്ചത്തിലും പെട്ടുപോയ ഭാഗങ്ങളിലെ വരെ വിശദാംശങ്ങള്‍ വീണ്ടെടുക്കാന്‍ ഇത് സഹായിക്കും.

റോ എന്നാല്‍ ഒരൊറ്റ ഫോര്‍മാറ്റല്ല. ഓരോ ക്യാമറാ നിര്‍മാതാവിനും അവരുടേതായ റോ ഫോര്‍മാറ്റ് ഉണ്ടാകാം. ഉദാഹരണത്തിന് .nef എന്നത് നിക്കോണിന്റെയും .crw എന്നത് കാനണിന്റെയും റോ ഫോര്‍മാറ്റുകളാണ്.

നിഴലുകളടക്കം കൈകാര്യം ചെയ്യാന്‍ സൗകര്യമുള്ളതിനാല്‍ വിദഗ്ധരായ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് റോ. എന്നാല്‍ കൂടിയ ഫയല്‍ സൈസും പ്രത്യേക സോഫ്റ്റ്‍വെയറിന്റെ ആവശ്യകതയും സമയച്ചെലവുമെല്ലാം റോ ഫയലുകളുടെ ന്യൂനതയാണ്.

ജെയ്പെഗ്ഗിനുപകരം റോ ആയി ചിത്രങ്ങള്‍ സൂക്ഷിക്കുക, ജെയ്പെഗ്ഗിനൊപ്പം റോ കൂടിയായി ചിത്രങ്ങള്‍ സൂക്ഷിക്കുക എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ ക്യാമറകളില്‍ ഉണ്ടാകാറുണ്ട്. ഇതില്‍ രണ്ടാമത്തേത് തിരഞ്ഞെടുക്കുകയായിരിക്കും ഉചിതം. പ്രൊസസിങ് അത്യാവശ്യമല്ലാത്ത ചിത്രങ്ങള്‍ക്കുമേല്‍ അധികസമയം ചെലവഴിക്കുന്നത് ഒഴിവാക്കാമല്ലോ.

റോ എഡിറ്ററുകള്‍

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ആയ 'ഡാര്‍ക്ക്ടേബിള്‍' (darktable), പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറായ അഡോബി ലൈറ്റ്റൂം എന്നിവ റോ എഡിറ്ററുകള്‍ക്ക് ഉദാഹരണങ്ങളാണ്. ഫോട്ടോഷോപ്പ്, ഗിമ്പ് പോലുള്ള സാധാരണ എഡിറ്ററുകളില്‍നിന്ന് ഇവയ്ക്ക് വ്യത്യാസമുണ്ട്.

ഫോട്ടോഷോപ്പ് പോലെ ബ്രഷ് കൊണ്ടുള്ള പരിപാടികളും ഫോട്ടോയിലെ ഏതെങ്കിലും ചില ഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് നടത്തുന്ന തിരുത്തലുകളും റോ ഇമേജ് എഡിറ്ററുകളുടെ രീതിയല്ല. ചിത്രത്തിലെ നിറവും വെളിച്ചവും നിഴലുമെല്ലാം മൊത്തത്തില്‍ കൈകാര്യം ചെയ്യാനാണ് അവ ഉപയോഗിക്കേണ്ടത്. ക്രോപ്പ്, റൊട്ടേറ്റ് സൗകര്യങ്ങളുമുണ്ടാകും.

റോ ഇമേജ് എഡിറ്ററുകളെല്ലാം പൊതുവെ നോണ്‍-ലീനിയര്‍ (നോണ്‍ ഡിസ്ട്രക്റ്റീവ്) ശൈലിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് മറ്റൊരു വ്യത്യാസം. അതായത്, ഇവ ശരിക്കുള്ള ഫയലിനുമേല്‍ മാറ്റങ്ങള്‍ വരുത്തുന്നില്ല. മറിച്ച്, വരുത്തിയ മാറ്റങ്ങളുടെ ഒരു പട്ടിക സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ മുന്നിലോ പിന്നിലോ ഉള്ള ഏതു ഘട്ടത്തിലേക്കും നമുക്ക് എപ്പോള്‍ വേണമെങ്കിലും പോകാം. ആ ഘട്ടത്തിലെ ഔട്ട്പുട്ട് ജെയ്പെഗ്ഗോ ടിഫ്ഫോ പിങ്ങോ ഒക്കെയായി എക്സ്പോര്‍ട്ട് ചെയ്യുകയുമാവാം.

റോ ഇമേജ് എഡിറ്ററുകളില്‍ ചിത്രത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തി എക്സ്പോര്‍ട്ട് ചെയ്ത ശേഷം പിന്നീട് ഗിമ്പിലും മറ്റുമുള്ള അധികസൗകര്യങ്ങള്‍ വേണമെങ്കില്‍ ഉപയോഗിക്കാം.

നമ്മുടെ തെറ്റ് മറയ്ക്കാനല്ല റോ

ഫോട്ടോയെടുക്കുമ്പോള്‍ നാം വരുത്തിയ തെറ്റുകള്‍ ഇല്ലാതാക്കാനുള്ളതല്ല റോ ഫയല്‍. ഔട്ട്-ഓഫ്-ഫോക്കസ് പോലുള്ള ചില തെറ്റുകള്‍ റോ ഫയലില്‍പ്പോലും ശരിയാക്കാനുമാകില്ല. സാങ്കേതികമികവോടെ ചിത്രമെടുത്ത ശേഷം മനസ്സില്‍ക്കണ്ട രീതിയില്‍ നിറങ്ങളും നിഴലുമെല്ലാം ശരിയാക്കിയെടുക്കാനുള്ളതാണ് റോ. മറ്റൊരര്‍ത്ഥത്തില്‍പ്പറഞ്ഞാല്‍ ക്യാമറയുടെ തെറ്റുകള്‍ തിരുത്താനുള്ള സംവിധാനം.

പ്രൊഫൈലുകള്‍ പ്രധാനം

ക്യാമറയുടെ സെന്‍സര്‍ കാണുന്ന വിവരങ്ങള്‍ പരമാവധി സത്യസന്ധമായി പകര്‍ത്തിയതാണ് റോ ഫയലുകള്‍. ഇതിനുമേല്‍ പല തരത്തിലുള്ള 'ശരിപ്പെടുത്തലുകള്‍' നടത്തിയശേഷമാണ് മനുഷ്യന് കാണാന്‍ പാകത്തിലുള്ള ജെയ്പെഗ്ഗും മറ്റുമുണ്ടാക്കുന്നത്. ഇങ്ങനെ റോ വിവരങ്ങളില്‍നിന്ന് നമുക്കുയോജിച്ച രീതിയിലേക്ക് നിറങ്ങള്‍ മാറ്റിയെടുക്കാനുള്ള ചില അടിസ്ഥാനനിര്‍വചനങ്ങള്‍ ഓരോ ക്യാമറയ്ക്കുമുണ്ട്. ഇതിനെ അതതുക്യാമറയുടെ പ്രൊഫൈല്‍ എന്നുപറയും. നാം ഫോട്ടോയെടുത്ത ക്യാമറയുടെ പ്രൊഫൈല്‍ ഡാര്‍ക്ക്ടേബിളിന് അറിയാമെങ്കില്‍ അത് സ്വയമേവ ഇത്തരം കണ്‍വേര്‍ഷനുകള്‍ നടത്തിവയ്ക്കും. അവിടന്നങ്ങോട്ടു മെച്ചപ്പെടുത്തിയാല്‍ മതി നാം.

എന്നാല്‍ ക്യാമറയുടെ പ്രൊഫൈല്‍ നമ്മുടെ സോഫ്റ്റ്‌വെയറിന് അറിയില്ലെങ്കില്‍ വിചിത്രമായ നിറങ്ങളോടെയാവും ചിത്രം തുറന്നുവരിക. പ്രൊഫൈല്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുകയോ സോഫ്റ്റ്‌വെയറിന്റെ പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യുകയോ ആണ് പോംവഴി.

പ്രൊഫൈലുകള്‍ കിട്ടിയാല്‍പ്പോലും ഓരോ ആപ്ലിക്കേഷനിലും ഉപയോഗിച്ചിട്ടുള്ള അല്‍ഗരിതത്തിനനുസരിച്ച് നിറങ്ങളില്‍ നേരിയ വ്യത്യാസങ്ങളുണ്ടാകും.

എല്ലാ ലോസ്‌ലെസ്സും ലോസ്‌ലെസ് അല്ല

ഫയല്‍ സൈസ് കുറയ്ക്കാനുള്ള സങ്കേതമാണല്ലോ കംപ്രഷന്‍. ഇത് രണ്ടുതരത്തില്‍ ഉണ്ട്. ലോസ്സി കംപ്രഷനും ലോസ്‌ലെസ്സ് കംപ്രഷനും.അത്യാവശ്യമല്ലാത്ത വിശദാംശങ്ങള്‍ എടുത്തുകളഞ്ഞ് ഫയല്‍സൈസ് ലാഭിക്കുന്നതാണ് ലോസ്‌ലെസ്സ് കംപ്രഷന്‍. ജെയ്പെഗ്, എംപിത്രീ എന്നിവയില്‍ ഇതാണ് ഉപയോഗിക്കുന്നത്. ഓരോ ബൈറ്റും കൃത്യമായി വീണ്ടെടുക്കാവുന്ന രീതിയിലുള്ള കംപ്രഷന്‍ ആണ് ലോസ്‌ലെസ്സ് കംപ്രഷന്‍. സിപ്പ്, പിഎന്‍ജി തുടങ്ങിയവയിലെല്ലാം ഇതാണ് ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്നുണ്ടെങ്കില്‍ത്തന്നെ ലോസ്‌ലെസ്സ് കംപ്രഷനേ ഉപയോഗിക്കൂ എന്നതാണ് റോ ഫോര്‍മാറ്റിന്റെ ഒരു പ്രധാന ഗുണമായി പറയാറുള്ളത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ല. സോണിയുടെ ഔദ്യോഗിക സൈറ്റില്‍ ആണ് ഈ വിവരം ഉള്ളത്. ചില സോണി ക്യാമറകളില്‍ റോ ഫോര്‍മാറ്റിനു പുറമെ 'ലോസ്‌ലെസ്സ് കംപ്രസ്ഡ് റോ' എന്ന ഓപ്‌ഷന്‍ കൂടി കാണാം. ശ്രദ്ധിക്കപ്പെടാനിടയില്ലാത്ത രീതിയില്‍ ചില വിശദാംശങ്ങളെല്ലാം ഒഴിവാക്കുന്നുണ്ട് ഇതെന്നാണ് സോണി പറയുന്നത്. അവലംബം: https://www.sony.co.uk/electronics/support/articles/00257081


Click here to read more like this. Click here to send a comment or query.