Nandakumar Edamana
Share on:
@ R t f

ഉറക്കിത്തരാന്‍ ഇനി നൈറ്റ് ലൈറ്റും!


കംപ്യൂട്ടറിന്റെയും ഫോണിന്റെയുമെല്ലാം ഡിസ്പ്ലേകളില്‍ നിന്നുള്ള നീലവെളിച്ചം നമ്മുടെ ഉറക്കത്തെ ബാധിക്കുന്നുണ്ടത്രേ. എന്തുചെയ്യും? ഇരുണ്ട പശ്ചാത്തലത്തില്‍ വെളുത്ത എഴുത്ത് കാണുന്ന രീതിയിലുള്ള നൈറ്റ് മോഡ് ഉപയോഗിക്കാം. എന്നാല്‍ എല്ലാ ആപ്ലിക്കേഷനുകളിലും വെബ്‌സൈറ്റുകളിലും ഡാര്‍ക്ക് തീം ഉണ്ടായെന്നുവരില്ല. സ്ക്രീന്‍മൊത്തം കറുപ്പാവുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടെന്നും വരില്ല. ഇതിനെല്ലാമുള്ള പരിഹാരമാണ് 'നൈറ്റ് ലൈറ്റ്'.

ഗ്നു/ലിനക്സിന്റെയും വിന്‍ഡോസിന്റെയും പുതിയ പതിപ്പുകളില്‍ ഈ സൗകര്യമുണ്ട്. പകല്‍സമയത്ത് ഇത് സ്ക്രീനില്‍ പ്രത്യേകിച്ചൊരു മാറ്റവും വരുത്തുന്നില്ല. രാത്രിയായാലോ, പതുക്കെ സ്ക്രീനിലെ നീലനിറം എടുത്തുമാറ്റും. നീലനിറത്തിലുള്ളതൊക്കെ കാണാതെയാകും എന്നതല്ല പറഞ്ഞതിനര്‍ഥം. ചുവപ്പും പച്ചയും നീലയും പലയളവില്‍ക്കൂടിച്ചേര്‍ന്നാണല്ലോ സ്ക്രീനിലെ ഓരോ കുത്തും ഉണ്ടാകുന്നത്. ഇതില്‍ നീലയുടെ പ്രധാന്യം കുറയും. എല്ലാം ഒരു ചുവപ്പ് കലര്‍ന്ന രീതിയിലാകും കാണുക.

ഗ്നോം ഡെസ്ക്ടോപ്പ് ഉള്ള പുതിയ ഉബുണ്ടുവിലും മറ്റും സെറ്റിങ്സ് > ഡിവൈസസ് > ഡിസ്പ്ലേ എന്ന ക്രമത്തില്‍ പോയാല്‍ നൈറ്റ് ലൈറ്റ് സൗകര്യം കാണാം. വിന്‍ഡോസ് 10-ലും ഡിസ്പ്ലേ സെറ്റിങ്സില്‍ത്തന്നെയാണ് ഈ സൗകര്യമുണ്ടാവുക. ആന്‍ഡ്രോയിഡില്‍ ഈ സൌകര്യം എളുപ്പത്തില്‍ എനേബിള്‍ ചെയ്യാറായിട്ടില്ല. എങ്കിലും ഇതിന് സഹായിക്കുന്ന ആപ്പുകള്‍ ലഭ്യമാണ്.

നൈറ്റ് ലൈറ്റ് ഉണ്ടെന്നുകരുതി ഉറങ്ങംമുമ്പ് കുറേനേരം സ്ക്രീനില്‍ ചെലവഴിക്കരുതേ!


Keywords (click to browse): night-light sleep eye-strain cvs dark-theme eyes health ergonomics screen-time kids computer tech-tips technology balabhumi mathrubhumi