Nandakumar Edamana
Share on:
@ R t f

മോഡം റൂട്ടറുകളും സാധാരണ റൂട്ടറുകളും


ഷോപ്പിങ് സൈറ്റുകളില്‍ എഡിഎസ്എല്‍ മോഡം റൂട്ടറുകളും സാധാരണ റൂട്ടറുകളും കാണുമ്പോള്‍ ബ്രോ‍ഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കുള്ള സംശയമാണ് ഇതില്‍ ഏത് വാങ്ങണമെന്നത്. മോഡം, റൂട്ടര്‍, വിവിധ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ രീതികള്‍ എന്നിവ അടുത്തറിയാനുള്ള അവസരമാണിത്.

നമ്മുടെ വീട്ടിലെ അല്ലെങ്കില്‍ ഓഫീസിലെ ഉപകരണങ്ങളുള്‍പ്പെട്ട ലോക്കല്‍ ഏരിയാ നെറ്റ്‌വര്‍ക്കിനെ ബ്രോഡ്ബാന്റ് സേവനദാതാവിന്റെ വൈഡ് ഏരിയാ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിക്കാനാണ് റൂട്ടര്‍ (Router) ഉപയോഗിക്കുന്നത്. എന്നാല്‍ ടെലിഫോണ്‍ ലൈനുകള്‍ വഴി വരുന്ന ഡിഎസ്എല്‍ (Digital Subscriber Line) കണക്ഷനുകള്‍ ഉപയോഗിക്കുമ്പോള്‍ റൂട്ടറിന് മുമ്പ് മോഡം (Modem) എന്ന ഉപകരണത്തിന്റെ കൂടി ആവശ്യമുണ്ട്. ടെലിഫോണ്‍ ലൈനുകള്‍ വഴി വരുന്ന അനലോഗ് സിഗ്നലിനെ ഡിജിറ്റലാക്കി മാറ്റുകയും തിരിച്ച് റൂട്ടറില്‍ നിന്നുള്ള ഡിജിറ്റല്‍ സിഗ്നലുകളെ ടെലിഫോണ്‍ ലൈനിന് യോജിച്ച അനലോഗ് സിഗ്നലുകളാക്കി മാറ്റുകയുമാണ് ഇതിന്റെ ധര്‍മം (മോഡം എന്ന പേര് തന്നെ മോഡുലേറ്റര്‍-ഡീമോഡുലേറ്റര്‍ എന്നതിന്റെ ചുരുക്കമാണ്).

മോഡവും റൂട്ടറും ഒരേ ഉപകരണത്തില്‍ത്തന്നെ വരുന്നതാണ് എഡിഎസ്എല്‍ മോഡം റൂട്ടറുകള്‍. എഡിഎസ്എല്ലിന്റെ പുതിയ പതിപ്പായ എഡിഎസ്എല്‍ 2+ ആണ് ഇവയില്‍ ഇപ്പോള്‍ ഉപയോഗത്തിലുള്ളത്.

ചുരുക്കിപ്പറഞ്ഞാല്‍, കോപ്പര്‍ ടെലിഫോണ്‍ ലൈനുകള്‍ വഴി വരുന്ന ഇന്റര്‍നെറ്റ് കണക്ഷനാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഒരു എഡിഎസ്എല്‍ 2+ മോഡം റൂട്ടര്‍ ആവശ്യമുണ്ട്. ഗ്രാമപ്രദേശങ്ങളിലും മറ്റും ബിഎസ്എന്‍എല്‍ തരുന്നത് ഇത്തരം കണക്ഷനാണ്. അതല്ല RJ45 നെറ്റ്‌വര്‍ക്ക് കേബിള്‍ വഴി നേരിട്ട് ബന്ധിപ്പിച്ച് ഉപയോഗിക്കാവുന്ന ഫൈബര്‍ ഇന്റര്‍നെറ്റും മറ്റുമാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ (ഇന്ത്യയില്‍ മിക്ക സ്വകാര്യ ബ്രോഡ്ബാന്‍ഡ് ഓപ്പറേറ്റര്‍മാരും തരുന്നത് ഇത്തരം കണക്ഷനാണ്) നിങ്ങള്‍ക്ക് ഒരു മോഡത്തിന്റെ ആവശ്യമില്ല. സാധാരണ റൂട്ടര്‍ തന്നെ ധാരാളം.

പോര്‍ട്ടുകളിലെ വ്യത്യാസവും സ്വിച്ച് ഉള്‍പ്പെട്ട റൂട്ടറും

മോഡം റൂട്ടറായാലും മോഡമില്ലാത്ത റൂട്ടറായാലും ലാന്‍ ഘടിപ്പിക്കാന്‍ ഇപ്പോഴുപയോഗിക്കുന്നത് RJ45 ജാക്കുകളാണ്. സാധാരണ നെറ്റ്‌വര്‍ക്ക്/ഈഥര്‍നെറ്റ് കേബിളുകളും കംപ്യൂട്ടറിലെ നെറ്റ്‌വര്‍ക്ക് പോര്‍ട്ടുമെല്ലാം ഇതിനു യോജിച്ച തരത്തിലുള്ളതാണ്.

ബ്രോഡ്ബാന്‍ഡ് സേവനദാതാവില്‍നിന്നുള്ള കണക്ഷന്‍ (വാന്‍) എങ്ങനെ കൊടുക്കുന്നു എന്നതിലാണ് വ്യത്യാസം. മോഡമില്ലാത്ത റൂട്ടറുകളില്‍ RJ45 ജാക്കുകളാണ് വാന്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. പഴയ മോഡം റൂട്ടറുകളില്‍ ഒരു RJ11 പോര്‍ട്ടും.

ഒരു എഡിഎസ്എല്‍ 2+ മോഡം റൂട്ടറിന്റെ കണക്ഷന്‍ പാനല്‍. വാന്‍ ഘടപ്പിക്കാവുന്ന ഒരു RJ11 പോര്‍ട്ട്, വാനോ ലാനോ ഘടിപ്പിക്കാവുന്ന ഒരു RJ45 പോര്‍ട്ട്, ലാന്‍ ഘടിപ്പിക്കാവുന്ന മൂന്ന് RJ45 പോര്‍ട്ടുകള്‍ എന്നിവ കാണാം.
ഒരു എഡിഎസ്എല്‍ 2+ മോഡം റൂട്ടറിന്റെ കണക്ഷന്‍ പാനല്‍. വാന്‍ ഘടപ്പിക്കാവുന്ന ഒരു RJ11 പോര്‍ട്ട്, വാനോ ലാനോ ഘടിപ്പിക്കാവുന്ന ഒരു RJ45 പോര്‍ട്ട്, ലാന്‍ ഘടിപ്പിക്കാവുന്ന മൂന്ന് RJ45 പോര്‍ട്ടുകള്‍ എന്നിവ കാണാം.

ലാന്‍ കണക്ഷന് ഒന്നിലേറെ RJ45 പോര്‍ട്ടുകളുണ്ടെങ്കില്‍ റൂട്ടര്‍ ഒരു സ്വിച്ചിന്റെ ധര്‍മം കൂടി നിര്‍വഹിക്കും. ഇതാണ് സ്വിച്ച് ഉള്‍പ്പെട്ട റൂട്ടര്‍ എന്നതിന്റെ പൊരുള്‍. ഒന്നിലേറെ ഉപകരണങ്ങള്‍ വയര്‍ വഴിതന്നെ ബന്ധിപ്പിക്കാമെന്നതാണ് ഇതിന്റെ മെച്ചം. വൈഫെയ്ക്ക് വയേഡ് ഈഥര്‍നെറ്റിന്റെ വേഗം തരാനാവില്ലല്ലോ.


- മോഡം റൂട്ടര്‍ വാങ്ങിയാല്‍ അത് സാധാരണ റൂട്ടറായി ഉപയോഗിക്കാനാകുമോ?

പുതിയ മോഡം റൂട്ടറുകളില്‍ RJ11 വാന്‍ പോര്‍ട്ടിനുപുറമെ RJ45 വാന്‍ പോര്‍ട്ടുകൂടി ഉണ്ടാവാറുണ്ട്. അതുകൊണ്ട് ഇത് രണ്ടുതരം കണക്ഷനും ഉപയോഗിക്കാം.

- എന്റെ കയ്യില്‍ നിലവില്‍ ഒരു എഡിഎസ്എല്‍ 2+ മോഡം റൂട്ടര്‍ ഉണ്ട്. ഇത് നന്നായി പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ ഇതില്‍ ഒന്നിലേറെ ഈഥര്‍നെറ്റ് പോര്‍ട്ടുകളോ വൈഫൈ സൗകര്യമോ ഇല്ല. അതുകൊണ്ട് ഇത് മൊത്തത്തില്‍ മാറ്റി പുതിയൊരു എഡിഎസ്എല്‍ 2+ മോഡം+വയര്‍ലെസ് റൂട്ടര്‍ വാങ്ങുകയാണോ വേണ്ടത്? അതോ ഒരു സാധാരണ വയര്‍ലെസ്സ് റൂട്ടര്‍ ഇതുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാനാകുമോ?

എഡിഎസ്എല്‍ 2+ റൂട്ടറുകള്‍ക്ക് വില കൂടുതലാണ് എന്നതുകൊണ്ടും ഇനിയുള്ള ബ്രോഡ്ബാന്റ് കണക്ഷനുകള്‍ RJ45 അധിഷ്ഠിതമായിരിക്കാം എന്നതുകൊണ്ടും ആണ് പലരും ഇങ്ങനെ ചോദിക്കുന്നത്. മിക്കപ്പോഴും ഇത് സാധ്യമാകേണ്ടതാണ്. പഴയ മോഡം റൂട്ടറില്‍ നിന്നുള്ള ഈഥര്‍നെറ്റ് കണക്ഷന്‍ മോഡമില്ലാത്ത പുതിയ റൂട്ടറിന്റെ വാന്‍ പോര്‍ട്ടിലേക്ക് ഘടിപ്പിക്കുകയാണ് വേണ്ടത്. ഒപ്പം ഒരല്‍പം ഐ‌പി ക്രമീകരണങ്ങളും ആവശ്യമായി വരാം.


Click here to read more like this. Click here to send a comment or query.