Nandakumar Edamana
Share on:
@ R t f

അടിസ്ഥാനമാണ് എക്സ്പോഷര്‍


അളവുകള്‍ക്കതീതമാണ് ഒരു ചിത്രത്തിന്റെ സര്‍ഗഭാവങ്ങള്‍. 'റൂള്‍ ഓഫ് തേഡ്സ്' പോലെ ചിത്രത്തിന്റെ ഭംഗി ഉറപ്പാക്കാന്‍ ചില മാര്‍ഗനിര്‍ദേശങ്ങളൊക്കെയുണ്ടെങ്കിലും, ഇന്ന വികാരം കൊണ്ടുവരാന്‍ ഇന്ന തരം ലൈറ്റിങ് എന്നൊക്കെ പറയാറുണ്ടെങ്കിലും, അതെല്ലാം ഭേദിച്ചായിരിക്കും നാളെയൊരുപക്ഷേ ഒരു മനോഹരചിത്രം പുറത്തെത്തുക. എന്നാല്‍ ഭാവനയെ നൂലുപൊട്ടിച്ചുവിടുമ്പോഴും സാങ്കേതികമായ ചിലതെല്ലാം ഓര്‍ക്കാനുണ്ട്. മനസ്സില്‍ക്കണ്ട അതേ രീതിയില്‍ ചിത്രമെടുക്കാന്‍ അതത്യാവശ്യമാണ്.

എക്സ്പോഷറിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ചിത്രത്തില്‍ എല്ലാം ഉദ്ദേശിച്ച തെളിച്ചത്തില്‍ പതിഞ്ഞിട്ടുള്ള അവസ്ഥയാണ് 'ശരിയായ എക്സ്പോഷര്‍' (Proper Exposure). ക്യാമറയുടെ മൂന്ന് ക്രമീകരണങ്ങളില്‍ മാറ്റം വരുത്തി ഇത് ചെയ്യാം. അപര്‍ച്ചര്‍, ഷട്ടര്‍സ്പീഡ്, ഐഎസ്ഓ എന്നിവയാണവ.

ഇതെല്ലാം താനേ ക്രമീകരിക്കാന്‍ ഏത് ഫോണിലും ക്യാമറയിലും സൗകര്യമുണ്ട്. എന്നാല്‍ നിയന്ത്രണം നാമേറ്റെടുക്കുന്നതോടെ സാദ്ധ്യതകള്‍ മറ്റൊരു തലത്തിലേക്ക് ഉയരുന്നു. കേവലം വെളിച്ചം ക്രമീകരിക്കുന്നതിനപ്പുറം മഴത്തുള്ളികളെ കാറ്റില്‍ നിര്‍ത്താനും മുഖങ്ങള്‍ക്കപ്പുറമുള്ളതെല്ലാം അന്തരീക്ഷത്തില്‍ ലയിപ്പിക്കാനുമുള്ള മാന്ത്രികസങ്കേതങ്ങളാണിവ.

അപര്‍ച്ചറും ഷട്ടര്‍സ്പീഡും

ലെന്‍സ് എത്രമാത്രം തുറന്നുകിടക്കുന്നു എന്നതാണ് അപര്‍ച്ചര്‍ (Aperture) കൊണ്ടുദ്ദേശിക്കുന്നത്. വെളിച്ചം കൂടുതലുള്ളപ്പോള്‍ ചുരുങ്ങിയ അപര്‍ച്ചറിലും കുറവുള്ളപ്പോള്‍ വിടര്‍ന്ന അപര്‍ച്ചറിലും ചിത്രീകരിക്കാം. സെന്‍സറിനെ മറയ്ക്കുന്ന ഷട്ടര്‍ ചിത്രീകരണവേളയില്‍ എത്ര വേഗം തുറന്നടയുന്നു എന്നതാണ് ഷട്ടര്‍സ്പീഡ് കൊണ്ടുദ്ദേശിക്കുന്നത്. വെളിച്ചം കൂടുതലുള്ളപ്പോള്‍ കൂടിയ ഷട്ടര്‍സ്പീഡ് ഉപയോഗിക്കാം.

എന്നാല്‍ വെളിച്ചം മാത്രമല്ല ഇവ മാറ്റുമ്പോള്‍ മാറുന്നതെന്ന് പറഞ്ഞല്ലോ. അപര്‍ച്ചര്‍ വിടരുംതോറും ചിത്രത്തിന്റെ 'ഡെപ്ത് ഓഫ് ഫീല്‍ഡ്' കുറയും. അതായത്, ഫോക്കസ്സു ചെയ്ത ദൂരത്തിന്റെ അപ്പുറവും ഇപ്പുറവുമുള്ളതെല്ലാം അവ്യക്തമാകും. പശ്ചാത്തലം ലയിപ്പിച്ചുകളഞ്ഞ പോലുള്ള ഛായാചിത്രങ്ങള്‍ (Portraits) കണ്ടിട്ടില്ലേ? വിടര്‍ന്ന അപര്‍ച്ചറിലാണ് അതെടുക്കുക. അതേസമയം ഏതു ദൂരത്തിലുള്ളതും വ്യക്തമായിപ്പതിയേണ്ട പ്രകൃതിദൃശ്യങ്ങള്‍ ചുരുങ്ങിയ അപര്‍ച്ചറിലാണെടുക്കുക. f/1.8, f/4, f/16, f/22 പോലുള്ള 'എഫ് നമ്പറുകള്‍' ഉപയോഗിച്ചാണ് അപര്‍ച്ചര്‍ സൂചിപ്പിക്കുക. സംഖ്യ ചെറുതാകുമ്പോള്‍ അപര്‍ച്ചര്‍ വിടരുകയാണ് ചെയ്യുന്നത് (ഇവിടെക്കൊടുത്തതില്‍ ഏറ്റവും വിടര്‍ന്നത് f/1.8 ആണ്).

ചലനവുമായാണ് ഷട്ടര്‍സ്പീഡിന് ബന്ധം. ചലിക്കുന്ന വസ്തുക്കളെ നിശ്ചലമായി തോന്നിക്കാന്‍ കൂടിയ ഷട്ടര്‍സ്പീഡ് ഉപയോഗിക്കണം. കുറഞ്ഞ ഷട്ടര്‍സ്പീഡ് ഉപയോഗിച്ചാല്‍ ചലനം മുഴുവന്‍ സെന്‍സറില്‍ പതിഞ്ഞ് ചിത്രത്തില്‍ അത്തരം ഭാഗങ്ങള്‍ 'ബ്ലര്‍' ആകും. ചിലപ്പോള്‍ ഇത് ചിത്രത്തിന്റെ ഭംഗി കൂട്ടാം (ഉദാ: വെള്ളച്ചാട്ടത്തെ പാലൊഴുകുന്ന പോലെ കാണിക്കാന്‍, നഗരജീവിതം എത്ര വേഗത്തിലോടുന്നു എന്ന് തോന്നിക്കാന്‍, ...). സെക്കന്റിലാണ് ഷട്ടര്‍സ്പീഡ് പറയുക. സെക്കന്‍ഡിന്റെ നൂറിലൊന്ന് (1/100), ഇരുനൂറിലൊന്ന് (1/200), ആയിരത്തിലൊന്ന് (1/1000) തുടങ്ങിയവയൊക്കെ സാധാരണയായി ഉപയോഗിക്കാറുള്ള ഷട്ടര്‍സ്പീഡുകളാണ്.

സെക്കന്‍ഡുകളോ മിനിറ്റുകളോ നീണ്ട ഷട്ടര്‍സ്പീഡ് ഉപയോഗിക്കുന്നതാണ് 'ലോങ് എക്സ്പോഷര്‍ ഫോട്ടോഗ്രഫി'. ഭൂമി തിരിയുന്നതുമൂലം നക്ഷത്രങ്ങള്‍ക്കുണ്ടാകുന്ന സ്ഥാനമാറ്റം വരകളായി ചിത്രീകരിക്കുന്ന 'സ്റ്റാര്‍ ട്രെയില്‍' ചിത്രങ്ങളെല്ലാം ഇങ്ങനെയെടുക്കുന്നതാണ്.

പകര്‍ത്താനുദ്ദേശിക്കുന്ന ചിത്രത്തിന്റെ സ്വഭാവത്തിനനുസരിച്ച് അപര്‍ച്ചറോ ഷട്ടര്‍സ്പീഡോ തെരഞ്ഞെടുക്കുമ്പോള്‍ അതിനനുസരിച്ച് ബാക്കി ഘടകങ്ങള്‍ ക്രമീകരിച്ച് ചിത്രത്തില്‍ ആവശ്യത്തിന് വെളിച്ചമുണ്ടെന്ന് ഉറപ്പാക്കണം. ഇത് പരിശോധിക്കാന്‍ ക്യാമറയിലെ എല്‍സിഡി സ്ക്രീനില്‍ കാണുന്ന പ്രിവ്യൂവോ ലൈറ്റ് മീറ്ററോ ഉപയോഗിക്കാം.

ഐഎസ്ഓ

ചലനം, ഡെപ്ത് ഓഫ് ഫീല്‍ഡ് തുടങ്ങിയ കാര്യങ്ങളെയൊന്നും ബാധിക്കാത്ത രീതിയില്‍ ചിത്രത്തിന്റെ തെളിച്ചം ക്രമീകരിക്കാന്‍ ഉപയോഗിക്കാവുന്നതാണ് ഐഎസ്ഓ (ISO). ക്യാമറ വെളിച്ചത്തോട് എത്രമാത്രം പ്രതികരിക്കുന്നു എന്നതാണ് ഐഎസ്ഓ കൊണ്ടുദ്ദേശിക്കുന്നത്. കൂടിയ വെളിച്ചമുള്ളപ്പോള്‍ കുറഞ്ഞ ഐഎസ്ഓയിലും കുറഞ്ഞ വെളിച്ചമുള്ളപ്പോള്‍ കൂടിയ ഐഎസ്ഓയിലും ചിത്രമെടുക്കാം. കുറഞ്ഞ വെളിച്ചം, കൂടിയ വെളിച്ചം എന്നെല്ലാം പറയുമ്പോള്‍ രംഗത്തിലെ വെളിച്ചക്കുറവോ കൂടുതലോ മാത്രമല്ല, തെരഞ്ഞെടുത്ത അപര്‍ച്ചറിനും ഷട്ടര്‍സ്പീഡിനും അനുസരിച്ചു വന്ന വെളിച്ചക്കുറവോ കൂടുതലോ കൂടി ആണെന്നോര്‍ക്കണം.

ഫിലിമിന്റെ സംവേദനക്ഷമത (Sensitivity) ആണ് ഫിലിം ഫോട്ടോഗ്രഫിയില്‍ ഐഎസ്ഓ കൊണ്ടുദ്ദേശിക്കുന്നത്. ഐഎസ്ഓ മാറ്റണമെങ്കില്‍ ഫിലിമും മാറ്റണം. എന്നാല്‍ സെന്‍സറിലെ ആംപ്ലിഫിക്കേഷന്‍ ആണ് ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ ഐഎസ്ഓ. ചിത്രീകരണത്തിനുശേഷം സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ കൃത്രിമമായി എക്സ്‌പോഷര്‍ വര്‍ദ്ധിപ്പിക്കാമെങ്കിലും സെന്‍സറില്‍ത്തന്നെയുള്ള ആംപ്ലിഫിക്കേഷന്റെ മിഴിവ് ഇതിനുണ്ടാകില്ല. അതുകൊണ്ടാണ് ഉയര്‍ന്ന ഐഎസ്ഓയില്‍ ചിത്രമെടുക്കുന്നതും ചിത്രമെടുത്തശേഷം സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഐഎസ്ഓ വര്‍ദ്ധിപ്പിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നു പറയുന്നത് (ഇങ്ങനെയൊരു വ്യത്യാസം അനുഭവപ്പെടാനില്ലെങ്കില്‍ ക്യാമറ 'ഐഎസ്ഓ ഇന്‍വേരിയന്റ്' ആണെന്നുപറയും).

കുറഞ്ഞ വെളിച്ചത്തില്‍ പോലും ചിത്രമെടുക്കാന്‍ സഹായിക്കുമെങ്കിലും കൂടിയ ഐഎസ്ഓ ചിത്രത്തിലെ നോയ്‌സും (പരപരപ്പ്) കൂട്ടും. എത്രമാത്രമെന്നത് സെന്‍സറിന്റെയും പിക്സലുകളുടെയും വലിപ്പത്തിനും നിലവാരത്തിനും അനുസരിച്ചിരിക്കും. നിവൃത്തിയുണ്ടെങ്കില്‍ നാനൂറില്‍താഴെയുള്ള ഐഎസ്ഓ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

നോയ്സ് എത്രമാത്രം

ഐഎസ്ഒ കൂടുമ്പോള്‍ എത്രമാത്രം നോയ്‌സ് ഉണ്ടാകുമെന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. സെന്‍സറിലെ ഓരോ പിക്സലിനും (കൃ‌ത്യമായിപ്പറഞ്ഞാല്‍ ഫോട്ടോസൈറ്റുകള്‍) എത്രമാത്രം വെളിച്ചം സ്വീകരിക്കാനാകുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. സെന്‍സറിന്റെ വലിപ്പം കൂടുകയും മെഗാപിക്സല്‍ കുറയുകയും ചെയ്യുമ്പോള്‍ നോയ്‌സും കുറയും. ചെറുക്യാമറകളെക്കാള്‍ നന്നായി ഡിഎസ്എല്‍ആര്‍ ഉപയോഗിച്ച് ഇരുട്ടത്ത് ചിത്രമെടുക്കാനാകുന്നത് പ്രധാനമായും സെന്‍സറിന്റെയും അതിലെ ഓരോ ഫോട്ടോസൈറ്റിന്റെയും വലിപ്പക്കൂടുതല്‍ കൊണ്ടാണ്.

എന്നാല്‍ ഈ ധാരണകളെ വെല്ലുന്ന രീതിയില്‍ ചില ക്യാമറകള്‍ കൂടിയ ഐഎസ്ഓയില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കാം. സെന്‍സറിലെ ആംപ്ലിഫിക്കേഷന്റെ മികവും ക്യാമറയില്‍ത്തന്നെയുള്ള നോയ്സ് റിഡക്ഷന്‍ സംവിധാനവുമായിരിക്കും ഇതിനു കാരണം.

മോഡുകള്‍

എക്സ്പോഷര്‍ സ്വയം ക്രമീകരിക്കുന്ന 'ഓട്ടോ മോഡ്' ആണ് ഫോണുകളിലും പോയിന്റ്-ആന്റ്-ഷൂട്ട് ക്യാമറകളിലും സാധാരണയായുള്ളത്. എക്സ്പോഷറിന്റെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുക്കാവുന്നതാണ് 'മാന്വല്‍ മോഡ്'. ഒരു ഘടകം മാത്രം ക്രമീകരിച്ച ശേഷം മറ്റെല്ലാം ക്യാമറയ്ക്ക് വിട്ടുനല്‍കാനാണ് 'അപര്‍ചര്‍ പ്രയോരിറ്റി ഓട്ടോ മോഡ്', 'ഷട്ടര്‍ പ്രയോരിറ്റി ഓട്ടോ മോഡ്' പോലുള്ള മോഡുകള്‍.

വില കൂടിയ ക്യാമറകളില്‍ മാത്രമാണ് മാന്വല്‍ മോഡും പ്രയോരിറ്റി മോഡുകളുമെല്ലാം ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് പല ഫോണ്‍ ക്യാമറകളിലും പരിമിതമായ രീതിയിലെങ്കിലും മാന്വല്‍ മോഡ് കാണാറുണ്ട് ('പ്രോ മോഡ്' എന്നൊക്കെയായിരിക്കും പേര്). ഷട്ടര്‍സ്പീഡും ഐഎസ്ഓയും ക്രമീകരിക്കാം. എന്നാല്‍ അപര്‍ച്ചര്‍ മാറ്റാനാകില്ല.


Click here to read more like this. Click here to send a comment or query.