Nandakumar Edamana
English
Share on:
@ R t f

വിരല്‍ ഫോണില്‍, ചിത്രം ക്യാമറയില്‍


ക്യാമറ, കംപ്യൂട്ടറുമായോ ഫോണുമായോ ബന്ധിപ്പിച്ച് ചിത്രങ്ങള്‍ എടുക്കുന്നതാണ് 'ടെതേഡ് ഷൂട്ടിങ്'. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍?

  • ക്യാമറ അനക്കാതെ ചിത്രങ്ങള്‍ എടുക്കാം. കുറഞ്ഞ ഷട്ടര്‍സ്പീഡില്‍ പോലും ചിത്രം വ്യക്തമായിരിക്കാന്‍ (ഷാര്‍പ്പ്) ഇത് സഹായിക്കും.
  • ക്യാമറയില്‍നിന്ന് അല്പം വിട്ടുനിന്ന് ചിത്രങ്ങള്‍ എടുക്കാം (പ്രത്യകിച്ച് മൃഗങ്ങളുടെ ചിത്രമെടുക്കുമ്പോള്‍).
  • വലിയ സ്‌ക്രീനില്‍ പ്രിവ്യൂ കാണാം.
  • ടൈംലാപ്‌സ് ചിത്രീകരിക്കാന്‍ ക്യാമറയില്‍ സൗകര്യമില്ലെങ്കില്‍ കംപ്യൂട്ടറിലെയോ ഫോണിലെയോ ആപ്പുവഴി അത് ചെയ്യാം (നിശ്ചിത ഇടവേളയില്‍ ചിത്രങ്ങളെടുത്ത് വീഡിയോ ആക്കി മാറ്റുന്നതാണ് ടൈംലാപ്‌സ്).

വിലകൂടിയ ക്യാമറകളിലെല്ലാം യുഎസ്‌ബി ടെതറിംഗ് സൗകര്യമുണ്ട്. അടുത്തകാലത്തിറങ്ങിയ മോഡലുകളില്‍ ബ്ലൂടൂത്ത് അല്ലെങ്കില്‍ വൈഫൈ ടെതറിങ്ങും കാണാം. പഴയ മോഡലുകളില്‍ അഡാപ്റ്ററുകളുടെ സഹായത്തോടെ വൈഫൈ കൊണ്ടുവരാനായേക്കും. ക്യാമറയില്‍ത്തന്നെ ഉള്ളതായാലും അഡാപ്‌റ്റര്‍ വഴി കൊണ്ടുവന്നതായാലും ബ്ലൂടൂത്തിനും വൈഫൈയ്ക്കും യുഎസ്‌ബിയെക്കാള്‍ വേഗം കുറവാണ്. സോഫ്റ്റ്‌വെയര്‍ പക്വതയാര്‍ജ്ജിക്കാത്തതുകൊണ്ടുള്ള പ്രശ്നങ്ങളും കണ്ടേക്കാം.

ക്യമറയുടെ നിര്‍മാതാക്കള്‍തന്നെ തരുന്ന ആപ്പുകളോ അന്യ ആപ്പുകളോ ടെതറിംഗിന് ഉപയോഗിക്കാം. ഔദ്യോഗിക ടെതറിംഗ് ആപ്പുകള്‍ക്ക് ഉദാഹരണങ്ങളാണ് നിക്കോന്‍ സ്നാപ്ബ്രിജ് (Nikon SnapBridge), പാനസോണിക് ലൂമിക്സ് ടെതര്‍ (LUMIX Tether) എന്നിവ. മറ്റുള്ളവരില്‍ നിന്നുള്ള ടെതറിംഗ് ആപ്പുകള്‍ക്ക് ഒരുദാഹരണമാണ് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ആയ 'എന്‍ടാംഗിള്‍' (entangle-photo.org). ഗ്നു/ലിനക്സ് ഔദ്യോഗിക റെപ്പോസിറ്ററികളില്‍ ഇത് ലഭ്യമാണ്. അഡോബി ലൈറ്റ്റൂം പോലുള്ള വലിയ ആപ്ലിക്കേഷനുകളുടെ ഭാഗമായും ടെതറിംഗ് കാണാം. വ്യത്യസ്ത നിര്‍മാതാക്കളുടെ ക്യാമറകള്‍ കൈകാര്യം ചെയ്യാനാകും എന്നതാണ് തേര്‍ഡ് പാര്‍ട്ടി ടെതറിംഗ് ആപ്പുകളുടെയും പ്ലഗ്ഗിന്നുകളുടെയും സവിശേഷത.

ലൈവ് വ്യൂ, ചിത്രമെടുക്കല്‍, ഡൗണ്‍ലോഡ് ചെയ്യല്‍ എന്നീ സൗകര്യങ്ങള്‍ ഏത് ആപ്പിലും ലഭ്യമായിരിക്കും. ലെന്‍സിന് കഴിവുണ്ടെങ്കില്‍ ഫോക്കസ് ചെയ്യാനും പറ്റും. ലെന്‍സുകളില്‍ സംവിധാനമില്ലാത്തതിനാല്‍ റിമോട്ട് ആയി സൂം ചെയ്യാനുള്ള സൗകര്യം കണ്ടിട്ടില്ല. അതേസമയം ദൃശ്യം പരിശോധിക്കാനും ഫോക്കസിങ് കൃ‌ത്യമാക്കാനും വേണ്ടി പ്രിവ്യൂ ആയി കാണിക്കുന്ന ദൃശ്യം സൂം ചെയ്തുനോക്കാനാകും.


Click here to read more like this. Click here to send a comment or query.